Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലോക്പാലിനെ അട്ടിമറിക്കാൻ ഐഎഎസ്-ഐപിഎസ് ലോബി? നാലുതവണ കാലവധി നീട്ടിയിട്ടും സ്വത്ത് വിവരം നൽകാതെ ഉന്നത ഉദ്യോഗസ്ഥർ; ആറുമാസത്തിനുള്ളിൽ വിശദവിവരം നൽകണമെന്ന അന്ത്യാശാസനവുമായി കേന്ദ്ര സർക്കാർ

ലോക്പാലിനെ അട്ടിമറിക്കാൻ ഐഎഎസ്-ഐപിഎസ് ലോബി? നാലുതവണ കാലവധി നീട്ടിയിട്ടും സ്വത്ത് വിവരം നൽകാതെ ഉന്നത ഉദ്യോഗസ്ഥർ; ആറുമാസത്തിനുള്ളിൽ വിശദവിവരം നൽകണമെന്ന അന്ത്യാശാസനവുമായി കേന്ദ്ര സർക്കാർ

തിരുവനന്തപുരം: രാജ്യത്ത് ഏറെ ചർച്ചയ്ക്കും വൻസമരത്തിനും കാരണമായ ജൻ ലോക്പാൽ ബില്ലിനെ അട്ടിമറിക്കാൻ രാജ്യത്തെ ഐഎഎസ്-ഐപിഎസ് ലോബിയുടെ ശ്രമം. ലോക്പാൽ നിയമപ്രകാരം സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തണമെന്ന നിർദ്ദേശം തുടർച്ചയായി നാലാം തവണയും കേന്ദ്രസർക്കാർ ജീവനക്കാരിൽ ഭൂരിഭാഗവും അവഗണിച്ച മട്ടാണ്.

ഉദ്യോഗത്തിൽ പ്രവേശിക്കുമ്പോൾ തന്നെ തങ്ങളുടെ സ്വത്ത് വെളിപ്പെടുത്തണമെന്നാണ് നിയമം. ലോക്പാൽ ബിൽ നിയമമാകുന്നതിനു മുൻപ് എല്ലാ വർഷവും ഉദ്യോഗസ്ഥർ അവരുടേയും ഭാര്യയുടേയും സ്വത്ത് വിവരങ്ങൾ ജനുവരി 30ന് മുമ്പ് വെളിപ്പെടുത്തണമെന്നാണ് ചട്ടം. ഈ നിയമം പോലും അംഗീകരിക്കാത്ത ഉദ്യോഗസ്ഥ ലോബിയാണ് ലോക്പാൽ ബില്ലിനെ അട്ടിമറിക്കാനുള്ള ശ്രമം ഊർജിതമാക്കിയത്. 2013ൽ പാർലമെന്റ് അംഗീകരിച്ച ലോക്പാൽ നിയമപ്രകാരം സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത് വളരെ കുറച്ച് ശതമാനം ഉദ്യോഗസ്ഥർ മാത്രമാണ്. രാജ്യത്തെ ഐഎഎസ്-ഐപിഎസ് ലോബികളുടെ സമ്മർദം മൂലം സ്വത്ത് വിവരങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി പലതവണ കേന്ദ്രസർക്കാരിന് മാറ്റേണ്ടി വന്നത്. ഈ നിയമത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് കാണാൻ കഴിയുക.

2013ലെ ലോക്പാൽ നിയമത്തിലെ 44ആം വകുപ്പ് പ്രകാരം കേന്ദ്രസർക്കാർ ജീവനക്കാർ അവരുടേയും, പങ്കാളിയുടേയും ആശ്രിതരായ മക്കൾ, മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവരുടെയടക്കുള്ള സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തണമെന്നാണ് നിർദ്ദേശം. വാങ്ങിയതും കുടുംബത്തിൽ നിന്ന് ലഭിച്ചതുമായ ഭൂമിയുടെ വിവരങ്ങൾ, കെട്ടിടങ്ങൾ, വാഹനങ്ങൾ, ബാങ്ക് നിക്ഷേപം, സ്വർണ സമ്പാദ്യം, ഓഹരികൾ, ഇൻഷ്വറൻസ്, മറ്റ് ദീർഘകാല നിക്ഷേപങ്ങൾ എന്നിവയുടെ വിവരങ്ങൾ ലോക്പാൽ നിയമപ്രകാരം സർക്കാരിനെ അറിയിക്കണമെന്നാണ് ചട്ടം. സർവീസ് ചട്ടപ്രകാരം സ്വത്ത് വിവരങ്ങൾ സമർപ്പിക്കുന്നത് കൂടാതെയാണിത്.

സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31ന് മുമ്പ് ഇക്കാര്യങ്ങൾ രേഖാമൂലം അറിയക്കണമെന്ന നിയമം ഇന്നും നിയമമായി തന്നെ നിൽക്കുന്നു. രാജ്യത്തെ ഭരണസംവിധാനത്തിലെ നെടുതൂണുകളായ ഐഎഎസ്-ഐപിഎസ്ഉദ്യോഗസ്ഥർ പോലും ഈ നിയമത്തിനെ മുഖവിലയ്‌ക്കെടുക്കുന്നില്ല എന്നത് വസ്തുതയാണ്. ലോക്പാൽ നിയമപ്രകാരം രാജ്യത്തെ വളരെ കുറച്ച് ശതമാനം ഉദ്യോഗസ്ഥർ മാത്രമാണ് പൂർണമായ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്. സർവീസ് ചട്ടപ്രകാരം പോലും സ്വത്ത് വിവരം വെളിപ്പെടുത്താൻ മടിയുള്ളവരാണ് ലോക്പാൽ ബില്ലിനെ എതിർക്കുകയും ഭയപ്പെടുകയും ചെയ്യുന്നത്.

ഉന്നത ഉദ്യോഗസ്ഥരിൽ നിന്നുള്ള കടുത്ത സമ്മർദ്ദത്തെ തുടർന്ന് ലോക്പാൽ നിയമപ്രകാരം സ്വത്ത് വിവരം സമർപ്പിക്കേണ്ട തീയതി നാലു തവണയാണ് മാറ്റേണ്ടി വന്നത്. ഒടുവിൽ അടുത്ത ഏപ്രിൽ 16ന് മുമ്പ് പൂർണമായ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തണമെന്നാണ് അന്ത്യശാസനം. ഏറ്റവും ഒടുവിൽ ഈ മാസം 15നാണ് സമയം ദീർഘിപ്പിച്ച് നൽകിയത്. ലോക്പാൽ നിമയപ്രകാരം എല്ലാ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരും എല്ലാ വർഷം ജൂലൈ 31ന് മുമ്പ് സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തുകയും ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങൾ വകുപ്പ് തലവൻ ഓഗസ്റ്റ് 31ന് മുമ്പ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം. എന്നാൽ രാജ്യത്തെ 358 ഐഎഎസുകാരും 348 ഐപിഎസുകാരും സർവീസ് ചട്ടം അനുസരിച്ച് പോലും വിവരങ്ങൾ നൽകിയിട്ടില്ല.

കേരളത്തിൽ 413 ഐപിഎസുകാരും 149 ഐഎഎസുകാരുമാണ് ജോലി ചെയ്യുന്നത്. ഇതിൽ 27 ഐപിഎസ് ഉദ്യോഗസ്ഥരും രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരും നിയമത്തിന് പുല്ലുവിലയാണ് നൽകിയിരിക്കുന്നത്. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ ഐഎഎസ് ഉദ്യോഗസ്ഥർ നിയമപ്രകാരം വിവരങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ളത്. ഉത്തർപ്രദേശിൽ 413 ഉദ്യോഗസ്ഥരാണ് ഇക്കൂട്ടത്തിലുള്ളത്. നിയമം ലംഘിക്കുന്നവർക്ക് വിജിലൻസ് ക്ലിയറൻസ് നൽകുകയോ സ്ഥാനക്കയറ്റം നൽകുകയോ പാടില്ലെന്നാണ് നിയമത്തിൽ പറയുന്നത്. ട്രെയിനിങ്, എംപാനൽമെന്റ്, അവാർഡുകൾ എന്നിവയ്ക്ക് ഇത്തരക്കാരെ പരിഗണിക്കരുതെന്നും കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇതൊന്നും ഐഎഎസ്-ഐപിഎസ് ലോബികളുടെ ഏഴയലത്ത് അടുക്കില്ല.

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച ഉദ്യോഗസ്ഥരാണ് ഇപ്പോൾ നിയമത്തെ അട്ടിമറിക്കാൻ അമരത്ത് നിൽക്കുന്നത്. തന്റെ പേരിലുള്ള സ്വത്തുക്കൾ മക്കളുടേയോ, സഹോരങ്ങളുടേയോ, മാതാപിതാക്കളുടെയോ പേരിലേക്ക് മാറ്റിയും ബിനാമി പേരുകളിൽ നിക്ഷേപിച്ചുമാണ് ഇത്രയും നാൾ ഇത്തരക്കാർ സർക്കാരിന്റെ കണ്ണിൽ പൊടിയിട്ടിരുന്നത്. തങ്ങളുടെ കുടുംബാംഗങ്ങളുടെ സ്വത്ത് വിവരങ്ങൾ ശേഖരിച്ച് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത് കുടുംബത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന മുടന്തൻ ന്യായമാണ് ഈ ലോബി ഉയർത്തുന്നത്. കൂടാതെ സംസ്ഥാന സർക്കാരിന് സമർപ്പിക്കുന്ന രേഖകൾ മിക്കപ്പോഴും കേന്ദ്രആഭ്യന്തര മന്ത്രാലയത്തിൽ എത്താതയതോടെ സംസ്ഥാനസർക്കാരിന് വിവരങ്ങൾ നൽകുന്നതിനോടൊപ്പം സ്വത്ത് വിവരങ്ങൾ സംബന്ധിച്ച് രേഖകളുടെ പകർപ്പ് കേന്ദ്രസർക്കാരിനും സമർപ്പിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. 2013ൽ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെട്ട 650 ഓളം കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തത്. 2013-14 വർഷങ്ങളിൽ ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്രവിജിലൻസ് കമ്മീഷന് ലഭിച്ച പരാതികളിൽ 90 ശതമാനവും യഥാർഥമായിരുന്നുവെന്ന് തെളിഞ്ഞിരുന്നു.

കേരളത്തിലും ഈ നിയമത്തിനനുസരിച്ച് വിവരങ്ങൾ സമർപ്പിക്കുന്നവരുടെ ഉദ്യോഗസ്ഥരുടെ വിരലിൽ എണ്ണാവുന്നവർ മാത്രമാണ്. പല ഉദ്യോഗസ്ഥരും തങ്ങളുടെ പേരിൽ സ്വത്തുക്കളില്ലെന്ന വിശദീകരണമാണ് നൽകുന്നത്. ഭാര്യയുടേയോ മക്കളുടേയോ പേരിലുള്ളതും പാരമ്പര്യമായി ലഭിച്ച സമ്പാദ്യങ്ങളും ബാങ്ക് നിക്ഷേപങ്ങൾ പോലും ഉൾപ്പെടുത്താതെയാണ് സംസ്ഥാനത്തെ പല ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരും വിവരം നൽകിയിട്ടുള്ളത്. ലോക്പാൽ നിയമപ്രകാരം സർക്കാരിന് നൽകേണ്ട സ്വത്ത് വിവരങ്ങൾ ഇങ്ങനെയാണ്. ഇൻഷുറൻസ്, ബാങ്ക് നിക്ഷേപങ്ങൾ, മ്യൂച്ചൽ ഫണ്ടുകൾ, ഓഹരികൾ, പെൻഷൻ പദ്ധതികൾ എന്നിവയും വ്യക്തിഗത വായ്പ, മറ്റുള്ള വായ്പകൾ, സ്വർണം-വെള്ളി ആഭരണങ്ങൾ, സ്വന്തം പേരിലോ ആശ്രിതരുടെ പേരിലോ ഉള്ള വാഹനങ്ങൾ ( കമ്പനിയുടെ പേര്, നിർമ്മിച്ച വർഷം, വാങ്ങിയപ്പോൾ നൽകിയ തുക, രജിസ്‌ട്രേഷൻ നമ്പർ എന്നിയവയടക്കം ) ഒരു ലക്ഷം രൂപയിൽ കൂടുതൽ മൂല്യമുള്ള ഗൃഹോപകരണങ്ങൾ, ഇല്‌ക്ട്രോണിക് സാധനങ്ങൾ എന്നിവയും പ്രത്യേക ഫോറം വഴി നൽകണം.

സർവീസിൽ പ്രവേശിച്ചതിനു ശേഷമുള്ള സമ്പാദ്യങ്ങൾക്കൊപ്പം വായ്പകളും കാണിക്കണം. ഇത്രയും വിശദമായി സ്വത്ത് വിവിരം വെളിപ്പെടുത്തേണ്ട സാഹചര്യമാണ് ഉദ്യോഗസ്ഥരെ നിയമത്തിനെതിരെ നീങ്ങാൻ പ്രേരിപ്പിക്കുന്നതും. മുൻകാലങ്ങളെക്കാൾ ഉദ്യോഗസ്ഥരിൽ വരവിൽ കവിഞ്ഞ സ്വത്ത് കണ്ടെത്തിയതോടെയാണ് നിയമം കർശനമായി നടപ്പാക്കാൻ തീരുമാനിച്ചത്. എന്നാൽ ഏതുവിധേനെയും ഈ നിയമത്തിന് തടയിടുക എന്ന ലക്ഷ്യമാണ് ലോക്പാൽ ബില്ലിനെ ഭയക്കുന്ന ഐഎഎസ്-ഐപിഎസ് ലോബികൾക്ക്.

മഹാനവമി പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ (വ്യാഴം) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP