Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രാജ്യത്തെ അച്ചടി മാധ്യമങ്ങൾ വളർച്ച കുറഞ്ഞ് കിതയ്ക്കുമ്പോൾ അതിവേഗം കുതിച്ച് ഡിജിറ്റൽ മീഡിയ; ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ വായിക്കുന്ന പത്രമായി ദൈനിക് ജാഗരൺ; മലയാള മനോരമയ്ക്ക് ദേശീയ തലത്തിൽ അഞ്ചാം സ്ഥാനം ലഭിക്കുമ്പോഴും വായനക്കാരുടെ എണ്ണത്തിൽ ഇടിവ്; മലയാളത്തിൽ രണ്ടാം സ്ഥാനത്തുള്ള മാതൃഭൂമിക്കും വളർച്ച കുറയുമ്പോൾ വായനക്കാരുടെ എണ്ണത്തിൽ വർദ്ധനവുമായി ദേശാഭിമാനി മൂന്നാം സ്ഥാനത്ത്; മാധ്യമവും കേരളാ കൗമുദിയും നാലും അഞ്ചും സ്ഥാനങ്ങളിൽ

രാജ്യത്തെ അച്ചടി മാധ്യമങ്ങൾ വളർച്ച കുറഞ്ഞ് കിതയ്ക്കുമ്പോൾ അതിവേഗം കുതിച്ച് ഡിജിറ്റൽ മീഡിയ; ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ വായിക്കുന്ന പത്രമായി ദൈനിക് ജാഗരൺ; മലയാള മനോരമയ്ക്ക് ദേശീയ തലത്തിൽ അഞ്ചാം സ്ഥാനം ലഭിക്കുമ്പോഴും വായനക്കാരുടെ എണ്ണത്തിൽ ഇടിവ്; മലയാളത്തിൽ രണ്ടാം സ്ഥാനത്തുള്ള മാതൃഭൂമിക്കും വളർച്ച കുറയുമ്പോൾ വായനക്കാരുടെ എണ്ണത്തിൽ വർദ്ധനവുമായി ദേശാഭിമാനി മൂന്നാം സ്ഥാനത്ത്; മാധ്യമവും കേരളാ കൗമുദിയും നാലും അഞ്ചും സ്ഥാനങ്ങളിൽ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ലോകമെമ്പാടുമുള്ള പത്രസ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം അതീവ ദുഷ്‌ക്കരമായ കാലത്തിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. കോവിഡ് എന്ന മഹാമാരിയോട് ലോകം പടവെട്ടുമ്പോൾ മാധ്യമ ലോകത്തു നിന്നും വരുന്നത് വമ്പൻ വരുമാന നഷ്ടത്തിന്റെ കണക്കുകളാണ്. ഇന്റർനെറ്റ് ലോകം അതിവേഗം മുന്നേറുന്ന കാലത്ത് പത്രവായനോടുള്ള തീർപ്പര്യം കുറഞ്ഞു വരുന്ന കാഴ്‌ച്ചയാണ് ഇപ്പോൾ കാണുന്നത്. രാജ്യത്ത് അച്ചടി മാധ്യമങ്ങൾ കിതപ്പിന്റെ വഴിയേ നീങ്ങുമ്പോൾ ഡിജിറ്റൽ മീഡിയ അതിവേഗം കുതിക്കുകയാണ്. റേഡിയോ, ടെലിവിഷൻ രംഗത്തും വളർച്ച ഉണ്ടെങ്കിലും ഇന്റർനെറ്റിനെ വെല്ലുന്ന വിധത്തിൽ അതില്ലെന്നതാണ് ശ്രദ്ധേയം.

ദേശീയ തലത്തിൽ അടക്കം പത്രങ്ങൾ വായിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായി എന്നാണ് ഇന്ത്യൻ റീഡർഷിപ്പ് സർവേയുടെ നാലാം പാദത്തിലെ റിപ്പോർട്ടു പുറത്തുവരുമ്പോഴും വ്യക്തമാകുന്ന കാര്യം. 2019 ഡിസംബർ മുതൽ 2020 മാർച്ച് മാസം വരെയാണ് ഇന്ത്യൻ റീഡർഷിപ്പ് സർവേയുടെ നാലാം പാതത്തിലെ സാംപിൾ ശേഖരണം നടന്നത്. ഈ സർവേ റിപ്പോർട്ട് പ്രകാരം ഇന്ത്യയയിൽ ഏറ്റവും കൂടുതൽ ആളുകൾ വായിക്കുന്ന ദിനപത്രം ഹിന്ദിയിലെ ദൈനിക് ജാഗരൺ ആണ്. രണ്ടാം സ്ഥാനത്തായി ദൈനിക ഭാസ്‌ക്കറും, മൂന്നാം സ്ഥാനത്ത് ഹിന്ദുസ്ഥാനും, നാലാം സ്ഥാനത്ത് അമർ ഉജലയും അഞ്ചാം സ്ഥാനത്ത് മലയാള മനോരമയും നിലകൊള്ളുന്നു. ദേശീയ തലത്തിൽ ഒമ്പതാം സ്ഥാനത്താണ് ടൈംസ് ഓഫ് ഇന്ത്യ ദിനപത്രം. പത്താം സ്ഥാനത്ത് മാതൃഭൂമിയും നിലകൊള്ളുന്നു.

അതേസമയം ഈ പത്രങ്ങളിൽ ടൈംസ് ഓഫ് ഇന്ത്യ വളർച്ച കാണിക്കുമ്പോഴും മറ്റു പത്രങ്ങളുടെ വളർച്ചയിൽ പിന്നോട്ടാണ്. കേരളത്തിലേക്ക് വന്നാൽ മലയാള മനോരമ തന്നെയാണ് സർവേയിൽ ഒന്നാം സ്ഥാനത്തുള്ളത്. അതേസമയം വളർച്ചാ നിരക്കിൽ ഇടിവാണ് പത്രത്തിന് സംഭവിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ളത് മാതൃഭൂമി ദിനപത്രമാണ്. മാതൃഭൂമിയുടെയും വളർച്ച താഴേക്കാണ്. അതേസമയം ഇന്ത്യൻ റീഡർഷിപ്പ് സർവേയിൽ എല്ലാ ഘട്ടത്തിലും മുന്നിലേക്ക് നിൽക്കുന്നത് സിപിഎം മുഖപത്രമായ ദേശാഭിമാനിയാണ്. ദേശാഭിമാനിക്ക് വളർച്ച ഉണ്ടാക്കാൻ തന്നെ സാധിച്ചു. അതേസമയം കോപ്പികളുടെ എണ്ണത്തിൽ ആദ്യ രണ്ട് കൂട്ടരേക്കാൾ ഏറെ പിന്നിലാണ് താനും.

മലയാളം പത്രങ്ങളിൽ നാലാം സ്ഥാനത്താണ് മാധ്യമം ദിനപത്രം. മുൻകാലങ്ങളിൽ മികച്ച സർക്കുലേഷനുമായി മുന്നേറിയിരുന്ന ദിനപത്രം ഇന്ന് അതിന്റെ നിഴൽ മാത്രമാണ്. അഞ്ചാം സ്ഥാനത്തായി കേരളാ കൗമുദി ദിനപത്രമാണ് നിലനിൽക്കുന്നത്. മാഗസിനുകളുടെ കാര്യത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ സർക്കുലേഷനുള്ളത് ഇന്ത്യാ ടുഡേക്കാണ്. ഇന്ത്യാ ടുഡേ ഇംഗ്ലീഷ് സർക്കുലേഷനിൽ മുന്നിൽ നിൽക്കുമ്പോൾ തന്നെ രണ്ടാം സ്ഥാനത്തായി ഇവരുടെ ഹിന്ദി എഡിഷനും നിലകൊള്ളുന്നു. മലയാളത്തിലെ മാഗസിനുകളിൽ ഏറ്റവും പ്രചാരമുള്ളത് വനിതയ്ക്കാണ്. ദേശീയ തലത്തിൽ നാലാം സ്ഥാനത്താണ് ഇന്ത്യാ ടുഡേ നില കൊള്ളുന്നത്.

അതേസമയും കോവിഡ് കാല ലോക്ക് ഡൗണിൽ ചില പത്രങ്ങൾ പ്രിന്റിങ് പോലും നിർത്തിയ അവസ്ഥയിലാണ്. ഈ കണക്കുകൾ അടുത്ത റീഡർഷിപ്പ് സർവേയിൽ മാത്രമേ പുറത്തു വരികയുള്ളൂ. ഈ കണക്ക് ഇന്ത്യൻ മാധ്യമ ലോകത്തിന്റെ തുടർന്നുള്ള വളർച്ചയിൽ നിർണായകമാകുമെന്നാണ് കരുതുന്നത്. കോവിഡ് കാലത്ത് പരസ്യങ്ങൾ ഇല്ലാതായതോടെ മലയാളത്തിലെ മിക്ക പത്രങ്ങളും കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്. കഷ്ടിച്ചു കടന്നു പോകാനുള്ള വരുമാനം പോലും ലഭിക്കാത്ത അവസ്ഥയിലാണ് മലയാളം പത്രങ്ങൾ. കോവിഡ് കാലത്തിന് ശേഷവും പത്രവ്യവസായം എത്രകണ്ട് ശോഭിക്കുമന്ന കടുത്ത ആശങ്ക നിലനിൽക്കുകയാണ്.

അതേസമയം സർവേയിൽ പൊതുവേ വ്യക്തമാകുന്ന കാര്യം ടെലിവിഷൻ മീഡിയയുടെ വളർച്ചക്കൊപ്പം തന്നെ ഡിജിറ്റൽമീഡിയയും വളരുന്നു എന്നാണ്. നഗരങ്ങളിലെ വളർച്ചക്കൊപ്പം ഗ്രാമങ്ങളിലും അതിവേഗം ഇന്റർനെറ്റ് മാധ്യമം കടന്നു വരുന്നതായാണ് സൂചിപ്പിക്കുന്നത്. ഇനിയുള്ള നാളുകൾ ഡിജിറ്റൽ മാധ്യമങ്ങളുടേതാണ് എന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഇന്ത്യൻ റീഡർഷിപ്പ് സർവേ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP