Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇത് കടുവയെ പിടിച്ച കിടുവ! റൈസ് പുള്ളർ നാസയ്ക്ക് വിറ്റ് കോടീശ്വരനാകാമെന്നു വിശ്വസിപ്പിച്ച് ക്രൈം നന്ദകുമാറിൽനിന്ന് 80 ലക്ഷം രൂപയിലധികം തട്ടിയ വിരുതൻ പടിയിൽ; തട്ടിപ്പ് നടത്തിയത് വാഷിങ്ടൻ കേന്ദ്രമായ ഗ്ലോബൽ സ്‌പേസ് മെറ്റൽസ് എന്ന സ്ഥാപനത്തിലെ മെറ്റലർജിസ്റ്റ് ആണെന്നും ഭാഭാ അറ്റോമിക് റിസർച് സെന്ററിന്റെ അംഗീകാരം ഉണ്ടെന്നും വിശ്വസിപ്പിച്ച്; നന്ദകുമാർ പരാതി നൽകിയത് അഡ്വാൻസ് തുക തിരിച്ചുകിട്ടാത്തതിനാൽ; ജേക്കബ് അരുമൈരാജ് ഒരു ചെറിയ മീനല്ല

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: പണത്തോടുള്ള മലയാളിയുടെ ആർത്തിക്ക് മലയാളിയോളം തന്നെ പഴക്കമുണ്ട്. പണം കൂടുതൽ കിട്ടുമെന്ന പേരിൽ പല കെണികളിലും മലയാളികൾ സ്വയം തലവെച്ച് കൊടുക്കാറുമുണ്ട്. ആട് തേക്ക് മാഞ്ചിയം മുതൽ നക്ഷത്ര ആമയും വലംപിരിശംഖും ധന ആകർഷണ യന്ത്രവും തുടങ്ങി മണിച്ചെയിൻ തട്ടിപ്പിന്റെ ആധുനിക സംവിധാനങ്ങളിൽ വരെ പണം നഷ്ടമായവർ അനവധിയാണ്.

ഇന്നാൽ ബെംഗളുരുവിൽ നിന്നും ഇപ്പോൾ അറസ്റ്റിലായ ബൻജാര ലേ ഔട്ടിൽ താമസിക്കുന്ന ജേക്കബ് അരുമൈരാജ് എന്ന അമ്പത്തഞ്ചുകാരൻ ശ്രദ്ധേയമാകുന്നത് കുടവയെ പിടിച്ച കിടുവ എന്ന നിലയിലാണ്. ക്രൈം മാസിക ഉടമ നന്ദകുമാറിനെ പറ്റിച്ചാണ് ഇയാൾ 80 ലക്ഷം രൂപ തട്ടിയെടുത്തത്. എറണാകുളം നോർത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇറിഡിയം അടങ്ങിയ റൈസ് പുള്ളർ നാസയ്ക്ക് വിറ്റ് കോടീശ്വരനാകാമെന്നു വിശ്വസിപ്പിച്ചാണ് 80 ലക്ഷം രൂപയിലധികം രൂപ ഇയാൾ തട്ടിയെടുത്തത്. വാഷിങ്ടൻ കേന്ദ്രമായ ഗ്ലോബൽ സ്‌പേസ് മെറ്റൽസ് എന്ന സ്ഥാപനത്തിലെ മെറ്റലർജിസ്റ്റ് ആണെന്നും ഭാഭാ അറ്റോമിക് റിസർച് സെന്ററിന്റെ അംഗീകാരം ഉണ്ടെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. വർഷങ്ങളായി രാജ്യത്ത് പലരിൽ നിന്നും ഇയാൾ ഈ രീതിയിൽ പണം തട്ടിയതായി പൊലീസ് പറഞ്ഞു.

2016 ലാണ് ഇടനിലക്കാർ വഴി, നന്ദകുമാറിന് റൈസ് പുള്ളർ നൽകാമെന്ന് പറഞ്ഞ് ആദ്യം കബളിപ്പിച്ചത്. കോയമ്പത്തൂരിലെ ഒരു വീട്ടിൽ കോടികൾ വില വരുന്ന, ആണവ ശേഷിയുള്ള ഇറിഡിയം റൈസ് പുള്ളറുണ്ടെന്നും അത് പരിശോധിച്ച് സർട്ടിഫിക്കറ്റ് ലഭിച്ചാൽ സർക്കാരിന്റെ സഹായത്തോടെ നാസയ്ക്കു വിൽക്കാമെന്നുമായിരുന്നു വാഗ്ദാനം. ഇടനിലക്കാർ ഇത് പരിശോധിക്കാൻ നന്ദകുമാറുമായി സ്ഥലത്തെത്തി അവിടേക്ക് ജേക്കബിനെ വിളിച്ചു വരുത്തുകയായിരുന്നു.

സ്ഥലത്തെത്തിയ ജേക്കബ് റൈസ് പുള്ളർ പരിശോധിക്കാൻ ആന്റി റേഡിയേഷൻ കിറ്റ് വേണമെന്നും അതുമായി വരാമെന്നും ടെസ്റ്റ് ചെയ്യാനായി 25 ലക്ഷം രൂപ വേണമെന്നും പറഞ്ഞ് ആദ്യ ഗഡു തുക സ്വന്തമാക്കി. പരിശോധിച്ച് സർട്ടിഫിക്കറ്റ് കിട്ടിയാൽ നാസയ്ക്കു ഒരു ലക്ഷം കോടി രൂപയ്ക്കു വിൽക്കാമെന്നാണ് വിശ്വസിപ്പിച്ചത്. എന്നാൽ പരിശോധനയ്ക്കു ശേഷം ആ റൈസ് പുള്ളറിന് പവർ ഇല്ലെന്നു പറഞ്ഞു വീണ്ടും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ റൈസ് പുള്ളർ കാണിക്കാനായി കൊണ്ടു പോയി. ഓരോ തവണയും പരിശോധനാ ചാർജായി വൻതുക കൈക്കലാക്കി.

തട്ടിപ്പിന് വീടിന്റെ ഉടമസ്ഥർ ഉൾപ്പെടെ പലരും കൂട്ടുനിന്നതായി പൊലീസ് കണ്ടെത്തി. ഒടുവിൽ തട്ടിപ്പ് മനസ്സിലായതോടെയാണ് പൊലീസിൽ പരാതി നൽകിയത്. എറണാകുളത്ത് ഒരു പഴയ വീട്ടിൽ റൈസ് പുള്ളർ ഉണ്ടെന്നും അതു പരിശോധിച്ചു സർട്ടിഫിക്കറ്റ് തന്നാൽ 25 ലക്ഷം രൂപ തരാമെന്നും പറഞ്ഞ് പൊലീസ് വിരിച്ച വലയിൽ ഇയാൾ വീഴുകയായിരുന്നു. ഇതു വിശ്വസിച്ച് പ്രതി ബെംഗളൂരുവിൽനിന്ന് എറണാകുളത്ത് എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇയാളിൽനിന്നു വ്യാജ തിരിച്ചറിയൽ കാർഡുകളും ആന്റി റേഡിയേഷൻ കിറ്റ് ആണെന്ന് പറഞ്ഞു കൊണ്ടുവന്ന, ഫയർ സർവീസുകാർ ഉപയോഗിക്കുന്ന മേൽവസ്ത്രവും കണ്ടെത്തി. ഇയാളുടെ കൂട്ടാളികൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

എന്താണ് ഈ റൈസ് പുള്ളർ

അത്യാഗ്രഹികളായ ആളുകളെ കബളിപ്പിച്ച് പണം തട്ടിക്കാൻ വിരുതന്മാർ കാലങ്ങളായി ഉപയോഗിക്കുന്ന അത്ഭുതശേഷികളുണ്ടെന്ന് അവകാശപ്പെടുന്ന ചെമ്പുകുടമാണ് റൈസ് പുള്ളർ. ഇറിഡിയം കോപ്പർ എന്ന അത്ഭുതലോഹം കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഇതിന് അരിമണികളെ ആകർഷിക്കാനുള്ള കഴിവ് ഉണ്ടെന്നാണ് അവകാശവാദം.

അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലയുള്ള ലോഹമാണ് ഇറിഡിയം കോപ്പർ എന്നാണ് തട്ടിപ്പുകാരുടെ അവകാശവാദം. ഇതിന്റെ അത്ഭുതസിദ്ധികൾ വിശദീകരിക്കാൻ അവർ മന്ത്രവാദത്തേയും ഇന്ദ്രജാലത്തേയും മുതൽ ശാസ്ത്രത്തേയും വരെ കൂട്ടുപിടിക്കും. ക്ഷേത്രങ്ങളുടെ ചെമ്പ് താഴികക്കുടങ്ങളിലും പള്ളികളുടെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന ലോഹക്കുരിശുകളിലും ചില പ്രത്യേക സമയത്ത് ഇടിമിന്നലേറ്റാൽ അത് ഇറിഡിയം കോപ്പർ എന്ന അത്ഭുത ലോഹമായി മാറുമെന്ന് ഇരകളെ തട്ടിപ്പുകാർ പറഞ്ഞു വിശ്വസിപ്പിക്കും.

ഈ ലോഹം ബഹിരാകാശ പേടികങ്ങളുടെ ഭാഗങ്ങൾ നിർമ്മിക്കാനും റോക്കറ്റുകളും മിസൈലുകളും അത്യാധുനിക ആയുധങ്ങൾ നിർമ്മിക്കാനുമാണ് ഉപയോഗിക്കുന്നതെന്ന് വിശദീകരിക്കും. നാസയും ഐഎസ്ആർഒയും അടക്കമുള്ള ബഹിരാകാശ ഏജൻസികളും ഇസ്രയേലിലെ ആയുധ നിർമ്മാണ കമ്പനികളുമാണ് നിലവിൽ ഈ ലോഹത്തിന്റെ ആവശ്യക്കാരെന്ന ഇവരുടെ വാചകത്തിൽ വീഴുന്ന ഇരകളെ റൈസ് പുള്ളർ കാട്ടിക്കൊടുക്കാം എന്ന് വിശ്വസിപ്പിച്ച് അഡ്വാൻസ് തുക വാങ്ങും. ഇടിമിന്നലേറ്റാൽ ഒരു ലോഹവും മറ്റൊരു ലോഹമായി മാറില്ല എന്നതൊന്നും അത്യാഗ്രഹികളുടെ യുക്തിക്ക് നിരക്കില്ല. ഇതിനായി ഈ വിരുതന്മാർ തന്നെ ചില കഥകൾ ഉണ്ടാക്കി വെച്ചിട്ടുമുണ്ട്.

ഇറിഡിയം കോപ്പറിന്റെ അത്ഭുതശേഷി തിരിച്ചറിഞ്ഞ പൂർവികർ ചില കുടുംബങ്ങളിൽ ഇത് ലോഹപാത്രങ്ങളുടെയും നാണയങ്ങളുടെയും മറ്റും രൂപത്തിലാക്കി സൂക്ഷിച്ചിട്ടുണ്ട്. ഇത് കൈവശം വച്ചാൽ സമ്പത്ത് വന്ന് കുമിയും. പക്ഷേ കോപ്പർ ഇറിഡിയം (റൈസ് പുള്ളർ) വിറ്റാൽ അതിലും പണം കിട്ടും എന്നാണ് കള്ളക്കഥ.

'വിദേശത്തുനിന്ന് റൈസ് പുള്ളർ പരിശോധിക്കാൻ വരുന്ന വിദഗ്ദ്ധർക്ക്' ലക്ഷങ്ങൾ പ്രതിഫലം കൊടുക്കണം. പക്ഷേ നിലവിൽ റൈസ് പുള്ളർ കൈവശമിരിക്കുന്ന ആൾക്ക് പണം മുടക്കാനില്ല. ആ പണം മുടക്കിയാൽ നിങ്ങൾ മുഖേന കച്ചവടം നടക്കുമെന്ന് തട്ടിപ്പുകാർ ഇരയെ പറഞ്ഞ് വിശ്വസിപ്പിക്കും. വിദഗ്ധരുടെ വേഷത്തിൽ വരുന്ന ആൾമാറാട്ടക്കാരുടെ പ്രൊഫഷണൽ സമീപനം കൂടി കാണുമ്പോഴേക്ക് പിന്നെ സംശയം ഒന്നുമുണ്ടാകില്ല. ഇരട്ടിയായി തിരിച്ചുകിട്ടും എന്ന വിശ്വാസത്തിൽ കോടികൾ സ്വപ്നം കണ്ട് ഇവർ ലക്ഷങ്ങൾ എടുത്ത് വീശും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP