Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇറാൻ പിടിച്ചെടുത്ത എണ്ണക്കപ്പലിൽ നിന്നും മോചിപ്പിച്ച ഏഴുപേരിൽ അഞ്ച് ഇന്ത്യക്കാരും; മോചിപ്പിക്കുന്നവരിൽ മലയാളികളില്ലെന്ന് കപ്പൽ അധികൃതർ; കപ്പലിൽ നിന്നും കരയിലെത്തിയ നാവികർക്ക് വൈകാതെ സ്വദേശത്തേക്ക് മടങ്ങാം; മോചനം മാനുഷിക പരിഗണന നൽകിയെന്നും ഇറാൻ

ഇറാൻ പിടിച്ചെടുത്ത എണ്ണക്കപ്പലിൽ നിന്നും മോചിപ്പിച്ച ഏഴുപേരിൽ അഞ്ച് ഇന്ത്യക്കാരും; മോചിപ്പിക്കുന്നവരിൽ മലയാളികളില്ലെന്ന് കപ്പൽ അധികൃതർ; കപ്പലിൽ നിന്നും കരയിലെത്തിയ നാവികർക്ക് വൈകാതെ സ്വദേശത്തേക്ക് മടങ്ങാം; മോചനം മാനുഷിക പരിഗണന നൽകിയെന്നും ഇറാൻ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ഇറാൻ പിടിച്ചെടുത്ത സ്റ്റെന ഇംപറോ എന്ന ബ്രിട്ടിഷ് എണ്ണക്കപ്പലിലെ ഏഴു ജീവനക്കാർക്ക് മോചനം. ഇവരെ മനുഷ്യത്വപരമായ പരിഗണന നൽകിയാണ് വിട്ടയക്കുന്നതെന്നും ഇവർക്ക് വൈകാതെ ഇറാൻ വിട്ട് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാമെന്നും ഇറാൻ ടെലിവിഷൻ റിപ്പോർട്ട് ചെയ്യുന്നു. എണ്ണക്കപ്പലിൽ നിന്നുള്ള വിഡിയോയും ഇറാന്റെ ദേശീയ ടെലിവിഷൻ പുറത്തുവിട്ടു.

5 ഇന്ത്യക്കാരെയും ഒരു ലാത്വിയ സ്വദേശിയെയും ഒരു റഷ്യൻ സ്വദേശിയെയുമാണ് മോചിപ്പിച്ചത്.കപ്പലിൽ നിന്നും വിട്ടയക്കുന്നവരിൽ മലയാളികളില്ല. കപ്പൽ കമ്പനി അധികൃതരാണ് ഇക്കാര്യം ബന്ധുക്കളെ അറിയിച്ചത്. 

ഇവർ കപ്പലിൽ നിന്നിറങ്ങി. ഇറാനിലെ ബന്തർ അബ്ബാസ് തുറമുഖത്ത് തടവിലാക്കപ്പെട്ട എണ്ണക്കപ്പലിൽ 23 നാവികരാണുള്ളത്. ഇതിൽ 3 മലയാളികളടക്കം 18 പേർ ഇന്ത്യക്കാരാണ്. മോചിക്കപ്പെട്ടവരിൽ മലയാളികൾ ഉള്ളതായി സ്ഥിരീകരണമില്ല. കളമശേരി തേക്കാനത്തു വീട്ടിൽ ഡിജോ പാപ്പച്ചൻ, ഇരുമ്പനം സ്വദേശി സിജു വി. ഷേണായി, കാസർകോട് സ്വദേശി പ്രീജിത് എന്നിവരാണ് എണ്ണക്കപ്പലിലുള്ള മലയാളികൾ.

ജൂലായ് 19 നാണ് സമുദ്രാതിർത്തി ലംഘിച്ചു എന്നാരോപിച്ച് ഇറാന്റെ റവല്യൂഷണറി ഗാർഡുകൾ ഹോർമൂസ് കടലിടുക്കിൽ വെച്ച് ബ്രിട്ടീഷ് എണ്ണക്കപ്പൽ പിടിച്ചെടുക്കുന്നത്. രണ്ടാഴ്ചയ്ക്ക് ശേഷം ഇറാന്റെ എണ്ണക്കപ്പൽ ബ്രിട്ടണും പിടിച്ചെടുത്തിരുന്നു. അമേരിക്കയുടെയും ബ്രിട്ടന്റെയും തുടർച്ചയായ മുന്നറിയിപ്പുകൾ അവഗണിച്ചുകൊണ്ടാണ് കപ്പൽ ഇറാന്റെ മറീനുകൾ സ്വന്തമാക്കിയതെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖയും ഇതിനിടെ പുറത്തുവന്നു. സ്റ്റെന ഇംപേരോ പിടിയിലാകുന്നതിന് തൊട്ടുമുമ്പ് ബ്രിട്ടീഷ് യുദ്ധക്കപ്പലിൽനിന്ന് ഇറാന് നൽകിയ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. സ്റ്റെന ഇംപേരോയിൽ ഇറങ്ങരുതെന്ന് ആവശ്യപ്പെടുന്നതായിരുന്നു ഈ സന്ദേശം. എന്നാൽ, ചെറിയ കപ്പലുകൾ ഉപയോഗിച്ച് വളയുകയും ഹെലിക്കോപ്ടറിലെത്തി കപ്പലിലേക്കിറങ്ങി അത് കീഴടക്കുകയാണ് ഇറാൻ ചെയ്തത്.

സ്റ്റെന ഇംപേരോയുടെ ക്യാപ്റ്റന് ഇറാനിയൻ കപ്പലിൽനിന്നുള്ള സന്ദേശമാണ് ആദ്യം. കപ്പലിന്റെ ദിശ എത്രയും പെട്ടെന്ന് മാറ്റണമെന്നും അനുസരിച്ചാൽ സുരക്ഷിതരായി മുന്നോട്ടുപോകാമെന്നും ഇറാൻ വ്യക്തമാക്കി. ഇതിന് മറുപടിയെന്നോണം ബ്രിട്ടീഷ് യുദ്ധക്കപ്പലായ എച്ച്എംഎസ് മോൺട്റോസിൽനിന്ന് സ്റ്റെന ഇംപേരോയ്ക്ക് സന്ദേശം ലഭിക്കുന്നു. അന്താരാഷ്ട്ര സമുദ്ര ഗതാഗത മേഖലയിൽക്കൂടിയാണ് നിങ്ങൾ പോകുന്നതെങ്കിൽ, നിങ്ങളുടെ യാത്ര ആരും തടയില്ലെന്ന് യുദ്ധക്കപ്പലിൽനിന്ന് വ്യക്തമാക്കിയിരുന്നു.

ഇതിന് മറുപടിയായി ഇറാനിയൻ കപ്പൽ സന്ദേശം നൽകുന്നു. കപ്പലിന് യാതൊരു വെല്ലുവിളിയുമില്ല. സുരക്ഷാകാരണങ്ങളാൽ അതിൽ പരിശോധന നടത്തേണ്ടതുണ്ടെന്നാണ് സന്ദേശം. എന്നാൽ, ഇത് അംഗീകരിക്കനാവില്ലെന്നും അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കില്ലെന്ന് എന്താണ് ഉറപ്പെന്നും മോൺട്റോസിൽനിന്ന് സന്ദേശം പോകുന്നു. സ്റ്റെന ഇംപേരോയിൽ നിയമവിരുദ്ധമായി ഇറങ്ങാനുള്ള ശ്രമങ്ങളിൽനിന്ന് പിന്മാറണമെന്നും യുദ്ധക്കപ്പൽ ആവശ്യപ്പെടുന്നു.

എന്നാൽ, നിമിഷങ്ങൾക്കകം ഹെലിക്കോപ്ടർ കപ്പലിനെ സമീപിക്കുകയും അതിൽനിന്ന് സൈനികർ താഴേക്കിറങ്ങുകയുമാണ് ചെയ്തത്. പിന്നീട് കപ്പലിലെ ഇറാൻ തീരത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. മേഖലയിലുള്ള ഏക ബ്രിട്ടീഷ് യുദ്ധക്കപ്പലാണ് മോൺട്റോസ്. സംഭവം നടക്കുമ്പോൾ സ്റ്റെന ഇംപേരോയിൽനിന്ന് ഒരുമണിക്കൂർ അകലെയായിരുന്നു യുദ്ധക്കപ്പലെന്നും അതുകൊണ്ടാണ് ഇടെപടെനാവാതിരുന്നതെന്നും പ്രതിരോധ സെക്രട്ടറി പെന്നി മൗർഡന്റ് പിന്നീട് വ്യക്തമാക്കിയിരുന്നു.

പ്രശ്നത്തിൽ നിയമപരമായാണ് ഇറാൻ ഇടപെട്ടതെന്നും സമുദ്രാതിർത്തി ലംഘിച്ചതുകൊണ്ടാണ് സ്റ്റെന ഇംപേരോ കീഴടക്കിയതെന്നുമാണ് ഇറാന്റെ വിശദീകരണം. നാവികരെ വിട്ടയയ്ക്കാൻ ടാങ്കർ ഉടമകളായ സ്റ്റെന ബൾക് ഇന്ത്യ, റഷ്യ, ഫിലിപ്പീൻസ്, ലാത്വിയ എന്നീ രാജ്യങ്ങളുടെ സഹായം തേടിയിരുന്നു.

ഇറാന്റെ എണ്ണ ടാങ്കറായ ആഡ്രിയൻ ഡാര്യ 1 (ഗ്രേസ് 1) ജിബ്രാൾട്ടറിൽ പിടികൂടിയതിനു പകരമായാണ് ഈ ടാങ്കർ ഇറാൻ ജൂലൈയിൽ പിടികൂടിയത്. യൂറോപ്യൻ യൂണിയന്റെ നിയമങ്ങൾ ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്നാരോപിച്ചായിരുന്നു അന്ന് ഇറാൻ കപ്പൽ പിടികൂടിയത്. ആഡ്രിയൻ ഡാര്യ കഴിഞ്ഞ ഓഗസ്റ്റ് 15നു വിട്ടയച്ചിരുന്നു.

സിറിയയിലേക്ക് പോകില്ലെന്നും ഗ്രീസിലേക്കാണ് എണ്ണ കൊണ്ടുപോവുകയെന്നും ഇറാൻ ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു കപ്പൽ വിട്ടയച്ചത്. എന്നാൽ സിറിയയ്ക്കു സമീപമെത്തിയപ്പോൾ കപ്പലിന്റെ ഗതിയെക്കുറിച്ചു വിവരമൊന്നും ലഭിക്കുന്നില്ലെന്ന് രാജ്യാന്തര ഏജൻസികൾ പറയുന്നു. ആഡ്രിയൻ ഡാര്യ കപ്പലിന്റെ പുതിയ ക്യാപ്റ്റൻ അഖിലേഷ് കുമാർ എന്ന ഇന്ത്യക്കാരനെ ഇറാനിയൻ ഭീകരരെ സഹായിക്കുന്നയാളെന്ന രീതിയിലാണ് പരിഗണിക്കുകയെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. ഈ കപ്പലിനെയും സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്നാരോപിച്ച് യുഎസ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP