Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെല്ലുവിളിച്ച് ഇറാൻ വീണ്ടും; ഫോർദോയിലെ പർവതങ്ങൾക്കുതാഴെയുള്ള നിലയത്തിൽ ആണവസമ്പുഷ്ടീകരണത്തിനു തുടക്കമിട്ടത് അമേരിക്കയടക്കമുള്ള പാശ്ചാത്യ ശക്തികളെ ഞെട്ടിച്ചു; രാജ്യാന്തര തലത്തിൽ ഇറാനെതിരെ സമ്മർദമുണ്ടാകണമെന്ന ആവശ്യവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി; മര്യാദകൾ ലംഘിച്ചുള്ള പ്രകോപനമാണ് ഇതെന്നും തിരിച്ചടികളുണ്ടാകുമെന്ന് ബോധ്യമാകുമെന്നും അമേരിക്ക; പ്രകോപനം നീങ്ങുന്നത് അമേരിക്ക- ഇറാൻ യുദ്ധത്തിലേക്കോ?

വെല്ലുവിളിച്ച് ഇറാൻ വീണ്ടും; ഫോർദോയിലെ പർവതങ്ങൾക്കുതാഴെയുള്ള നിലയത്തിൽ ആണവസമ്പുഷ്ടീകരണത്തിനു തുടക്കമിട്ടത് അമേരിക്കയടക്കമുള്ള പാശ്ചാത്യ ശക്തികളെ ഞെട്ടിച്ചു; രാജ്യാന്തര തലത്തിൽ ഇറാനെതിരെ സമ്മർദമുണ്ടാകണമെന്ന ആവശ്യവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി; മര്യാദകൾ ലംഘിച്ചുള്ള പ്രകോപനമാണ് ഇതെന്നും  തിരിച്ചടികളുണ്ടാകുമെന്ന് ബോധ്യമാകുമെന്നും അമേരിക്ക; പ്രകോപനം നീങ്ങുന്നത് അമേരിക്ക- ഇറാൻ യുദ്ധത്തിലേക്കോ?

മറുനാടൻ ഡെസ്‌ക്‌

ടെഹ്റാൻ: സൗദിയുടെ ഏണ്ണക്കപ്പലുകൾ ആക്രമിക്കുന്ന ഹൂതി വിമതരെ സഹായിക്കുന്നതിന്റെയും, അന്താരാഷ്ട്ര ഭീകരവാദത്തെ പ്രോൽസാഹിപ്പിക്കുന്നതിന്റെ പേരിലും വഷളായ ഇറാൻ -അമേരിക്ക ബന്ധത്തിൽ വീണ്ടും വിള്ളൽ വീഴ്‌ത്തിക്കൊണ്ട് ഇറാന്റെ പ്രകോപനം. യുഎസ് ഉൾപ്പെടെയുള്ള ലോകശക്തികളെ വെല്ലുവിളിച്ച് ഇറാൻ ആണവസമ്പുഷ്ടീകരണത്തിനു തുടക്കമിട്ടത് ഫലത്തിൽ മറ്റൊരു യുദ്ധത്തിന്റെ തുടക്കമായിട്ടാണ് പാശ്ചാത്യലോകം കാണുന്നത്. ട്രംപ് ഭരണകൂടം ഭരണകൂടം ഏകപക്ഷീയമായി ആണവകരാറിൽ നിന്നു പിന്മാറി ഉപരോധം ഏർപ്പെടുത്തിയതിനുശേഷം ഇത്് ആദ്യമായാണ് ഇറാൻ ആണവസമ്പുഷ്ടീകരണത്തിന് ഒരുങ്ങുന്നത്.

ഇതിനിടെ രാജ്യാന്തര തലത്തിൽ ഇറാനെതിരെ സമ്മർദമുണ്ടാകണമെന്ന ആവശ്യവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ രംഗത്തെത്തി. അടിയന്തരമായി വിളിച്ചു ചേർത്ത ആണവോർജ ഏജൻസിയുടെ ബോർഡ് ഓഫ് ഗവർണേഴ്സ് യോഗത്തിലാണ് പോംപെയോയുടെ വിമർശനം. മര്യാദകൾ ലംഘിച്ചുള്ള പ്രകോപനമാണ് ഇറാന്റേത്. ഇത് അംഗീകരിക്കാനും വച്ചുപൊറുപ്പിക്കാനാവില്ല. തിരിച്ചടികളുണ്ടാകുമെന്ന് ഇറാനു ബോധ്യമാകും. ബോർഡ് അംഗങ്ങൾ ഇക്കാര്യത്തിൽ ഉചിത തീരുമാനമെടുക്കണമെന്നും പോംപെയോ ആവശ്യപ്പെട്ടു.

ഫോർദോ ആണവ നിലയത്തിലെ സെൻട്രിഫ്യൂജുകളിലേക്ക് ബുധനാഴ്ച അർധരാത്രി യൂറേനിയം വാതകം കടത്തിവിട്ടാണ് ഇറാന്റെ പ്രകോപനപരമായ നീക്കം. സമ്പുഷ്ടീകരണം സംബന്ധിച്ച പരിശോധനയ്ക്കായി കഴിഞ്ഞയാഴ്ച ഇറാനിലെത്തിയ യുഎൻ പ്രതിനിധിയെ തടഞ്ഞുവച്ചതും മേഖലയിലെ സംഘർഷം ശക്തമാക്കി.നെയ്തൻസ് ആണവനിലയത്തിൽ കഴിഞ്ഞാഴ്ച പരിശോധനയ്ക്കെത്തിയ യുഎൻ ആണവോർജ ഏജൻസി ഉദ്യോഗസ്ഥയെ തടഞ്ഞ കാര്യം ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. നെയ്തൻസ് നിലയത്തിലും യുറേനിയം സമ്പുഷ്ടീകരണം നടക്കുന്നുണ്ട്. വനിതാ ഉദ്യോഗസ്ഥ നിലയത്തിലേക്കു കടന്നപ്പോൾ അലാം അടിച്ചതിനെത്തുടർന്നാണ് തടഞ്ഞത്. സംശയകരമായ എന്തെങ്കിലും വസ്തുക്കൾ കയ്യിൽ കരുതിയിട്ടുണ്ടെന്ന സംശയത്തെത്തുടർന്നായിരുന്നു അലാം.

പരിശോധനയിൽ ഇവരുടെ ദേഹത്ത് സ്ഫോടന സ്വഭാവമുള്ള വസ്തുക്കളുടെ അംശം കണ്ടെത്തുകയും ചെയ്തു. എന്നാൽ ഇവർ ശുചിമുറിയിൽ പോയി തിരികെയെത്തിയതിനു ശേഷം നടത്തിയ പരിശോധനയിൽ ആ തെളിവുകൾ നഷ്ടപ്പെട്ടെന്നും രാജ്യാന്തര ആണവോർജ ഏജൻസിയിലെ ഇറാന്റെ പ്രതിനിധി മാധ്യമപ്രവർത്തകരോടു പറഞ്ഞു. സന്ദർശനം പൂർത്തിയാക്കാതെ ഉദ്യോഗസ്ഥ രാജ്യം വിടുകയും ചെയ്തു. സംഭവത്തെ യൂറോപ്യൻ യൂണിയനും അപലപിച്ചിട്ടുണ്ട്.

യുഎസ് ഉപരോധത്തെത്തുടർന്ന് ഇറാന്റെ ക്രൂഡ് ഓയിൽ വിൽപന രാജ്യാന്തര തലത്തിൽ തടസ്സപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഉപരോധത്തിൽ നിന്നു സംരക്ഷണം ഏർപ്പെടുത്താൻ യൂറോപ്യൻ രാജ്യങ്ങൾക്കു മേൽ സമ്മർദമേറ്റുന്നതാണ് ഇറാന്റെ സമ്പൂഷ്ടീകരണ നീക്കം. ഫോർദോയിൽ തികച്ചും രഹസ്യാത്മകമായിട്ടായിരുന്നു ബുധനാഴ്ച അർധരാത്രിയോടെ യുറേനിയം സമ്പുഷ്ടീകരണം ആരംഭിച്ചത്. ഇറാനിലെ ക്വാം നഗരത്തിനു വടക്കുള്ള ഫോർദോയിലെ പർവതത്തിന്റെ താഴെയുള്ള നിലയമാണിത്. വ്യോമാക്രമണങ്ങളിൽ നിന്നു സംരക്ഷണം തേടിയാണ് പർവതത്തിനു താഴെ ആണവനിലയം നിർമ്മിച്ചിരിക്കുന്നത്.

രാജ്യത്തെ സുപ്രധാന ആണവനിലയം പക്ഷേ നെയ്തൻസിലെയാണ്. അവിടെയും സമ്പുഷ്ടീകരണം തുടരുന്നുണ്ട്. നെയ്തെൻസിൽ തടഞ്ഞെങ്കിലും രാജ്യാന്തര ആണവോർജ ഏജൻസി പ്രതിനിധി ഫോർദോയിലെ സമ്പുഷ്ടീകരണത്തിനു സാക്ഷിയായിരുന്നുവെന്ന് ഇറാന്റെ ആറ്റമിക് എനർജി ഓർഗനൈസേഷൻ വ്യക്തമാക്കി. 4.5% വരെയായിരിക്കും ഇപ്പോൾ സമ്പുഷ്ടീകരണം നടക്കുക. ഇത് ഉപയോഗിക്കുന്നതാകട്ടെ വൈദ്യുതി ഉൽപാദനത്തിനും. സമാധാനപരമായ ആവശ്യങ്ങൾക്കേ തങ്ങൾ ആണവോർജ്ജം ഉപയോഗിക്കുള്ളൂവെന്ന് ഇറാൻ പറയുമ്പോളും അമേരിക്കയടക്കമുള്ള രാജ്യങ്ങൾ ഇത് കണക്കിലെടുക്കുന്നില്ല. ലോക സമാധാനത്തിന് ഇത് ഭീഷണിയാവുമെന്ന നിലപാടാണ് യൂറോപ്യൻ യൂണിയനും ഉള്ളത്. മാത്രമല്ല പുതിയ സാഹചര്യം വഷളായി മറ്റൊരു യുദ്ധത്തിലേക്ക് നീങ്ങുമോ എന്നും ആശങ്കയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP