Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഖാസിം സുലൈമാനി വധത്തിന് ഇറാന്റെ പ്രതികാരം ആണവാഭിഷേകം ആകുമോ? ടെഹ്‌റാനു കിഴക്ക് ആകാശത്തേക്ക് ഉയർന്നു കത്തിയത് വൻ തീഗോളം; ആൽബോർസ് മലനിരകളിൽ സംഭവിച്ച അജ്ഞാത സ്‌ഫോടനത്തിന്റെ ഉറവിടം തേടി ലോകം; ആണവ ബോംബ് നിർമ്മാണം പാളിയതാണോ എന്ന സംശയവും ശക്തം; തീഗോളം കണ്ട പ്രദേശം ഖോജിർ ആണവ പരീക്ഷണ കേന്ദ്രത്തിന് സമീപമെന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു; വാതക ചോർച്ചയെന്ന് വിശദീകരിച്ചു ഇറാൻ പ്രതിരോധ മന്ത്രാലയവും

ഖാസിം സുലൈമാനി വധത്തിന് ഇറാന്റെ പ്രതികാരം ആണവാഭിഷേകം ആകുമോ? ടെഹ്‌റാനു കിഴക്ക് ആകാശത്തേക്ക് ഉയർന്നു കത്തിയത് വൻ തീഗോളം; ആൽബോർസ് മലനിരകളിൽ സംഭവിച്ച അജ്ഞാത സ്‌ഫോടനത്തിന്റെ ഉറവിടം തേടി ലോകം; ആണവ ബോംബ് നിർമ്മാണം പാളിയതാണോ എന്ന സംശയവും ശക്തം; തീഗോളം കണ്ട പ്രദേശം ഖോജിർ ആണവ പരീക്ഷണ കേന്ദ്രത്തിന് സമീപമെന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു; വാതക ചോർച്ചയെന്ന് വിശദീകരിച്ചു ഇറാൻ പ്രതിരോധ മന്ത്രാലയവും

മറുനാടൻ ഡെസ്‌ക്‌

ടെഹ്റാൻ: ആണവ ശക്തികളായ ഇന്ത്യയും ചൈനയും നേർക്കുനേർ ഒരുവശത്ത്. തുടർച്ചയായി ആണവ മിസൈൽ പരീക്ഷണങ്ങളുമായി ഉത്തരകൊറിയ മറുവശത്ത്. ഇതിനിടെ അമേരിക്കയുടെ കടുംകൈയ്ക്ക് പ്രതികാരം ചെയ്‌തേ അടങ്ങൂവെന്ന വാശിയിൽ ഇറാൻ മറ്റൊരു വശത്തും. ലോകം മുഴുവൻ ആണവയുദ്ധഭീതി നിലനിൽക്കുകയാണ്. ഇതിനിടെ ഇറാൻ ആണവ ബോംബ് നിർമ്മാണം വീണ്ടും തുടങ്ങിയോ എന്ന ആശങ്കയും ശക്തമാകുന്നു. ടെഹ്‌റാന് സമീപം ആകാശത്തേക്ക് വൻ തീഗോളവും പ്രകമ്പനവും ശ്രദ്ധയിൽ പെട്ടതാണ് ഇറാന്റെ ആണവബോംബ് നിർമ്മാണം പാളിയതാണോ എന്ന ആശങ്ക ശക്തമാക്കുന്നത്.

കൊല്ലപ്പെട്ട ഖുദ്സ് ഫോഴ്സ് കമാൻഡറായിരുന്ന ഖാസിം സുലൈമാനിയുടെ വിവരങ്ങൾ അമേരിക്കക്കും ഇസ്രാഈൽ ഇന്റലിജൻസിനും കൈമാറിയ ഇറാനിയൻ പൗരനെ ഉടൻ വധിക്കുമെന്ന് ഇറാൻ നിയമകാര്യ വക്താവ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. അമേരിക്കയോട് പകരം ചോദിക്കുമെന്ന് ഇറാൻ ഭരണകൂടവും അറിയിക്കുകയുണ്ടായി. ഇതിനിടെയാണ് ഇറാൻ ആണവ പരീക്ഷണത്തിലേക്ക് കടന്നോ എന്ന ആക്ഷേപം ശക്തമാകുന്നത്.

ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനു കിഴക്ക് ഏകദേശം 20 കിലോമീറ്റർ മാറിയുള്ള ആൽബോർസ് മലനിരകളിൽ സംഭവിച്ച അജ്ഞാത സ്‌ഫോടനത്തിന്റെ ഉറവിടം തേടുകയാണ് ലോകം. സ്‌ഫോടനത്തിൽ താഴ്‌വരയിലെ വീടുകൾ വിറകൊണ്ടെന്നും ജനൽച്ചില്ലുകൾ പൊട്ടിവീണെന്നുമാണ് റിപ്പോർട്ടുകൾ. ജൂൺ 26നു പുലർച്ചെയുണ്ടായ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങളാണ് ആദ്യം പുറത്തുവിട്ടത്. വൈകാതെ സമൂഹമാധ്യമങ്ങളിലും ഇതിന്റെ ചിത്രങ്ങളും വിഡിയോകളും നിറഞ്ഞു. ആണവ ബോംബ് നിർമ്മാണം പാളിയതാണ് ഇതെന്നാണ് ലോകം സംശയിക്കുന്നത്.

പാർചിൻ പ്രദേശത്തെ വാതക സംഭരണ പ്ലാന്റിലെ ടാങ്കുകളിലൊന്നിലെ ചോർച്ചയെത്തുടർന്നാണു പൊട്ടിത്തെറിയെന്നായിരുന്നു ആദ്യഘട്ട വിശദീകരണം. ഇറാന്റെ കുപ്രസിദ്ധ സൈനിക കേന്ദ്രങ്ങളിലൊന്നായ ഖോജിറിനു സമീപമായിരുന്നു സ്‌ഫോടനമെന്നതും പ്രശ്‌നത്തിന്റെ ഗൗരവം വർധിപ്പിച്ചു. രണ്ടു ദശാബ്ദക്കാലമായി ആണവബോബുകളുടെ നിർമ്മാണത്തിന് ഇറാൻ ഉപയോഗപ്പെടുത്തുന്ന കേന്ദ്രമാണതെന്നാണ് യുഎസ് ഉൾപ്പെടെ ആരോപിക്കുന്നത്. എന്നാൽ വാതക ചോർച്ചയാണുണ്ടായതെന്ന വാദത്തിൽ പ്രതിരോധ മന്ത്രാലയം ഉറച്ചുനിന്നു.

കുന്നിൻപുറത്താണു സ്‌ഫോടനമുണ്ടായത്. സമീപ പ്രദേശത്ത് താമസക്കാരൊന്നുമില്ലാത്തതിനാൽ ആർക്കും ജീവഹാനിയുണ്ടായില്ല. തീപിടിത്തം നിയന്ത്രണ വിധേയമാക്കിയെന്നും പ്രതിരോധ വകുപ്പ് വക്താവ് അറിയിച്ചു. ഔദ്യോഗിക ടിവി തീപിടിത്തമുണ്ടായെന്നു പറയുന്ന ഭാഗത്തിന്റെ വിഡിയോയും പുറത്തുവിട്ടു. അപ്പോഴും തീപിടിത്തത്തിനു കാരണമായതെന്താണെന്നു വ്യക്തമായിട്ടില്ല. സ്‌ഫോടനത്തിന്റെ ദൃശ്യങ്ങൾ പകർത്താനെത്തിയ ഔദ്യോഗിക ചാനൽ സംഘത്തിനു പോലും കനത്ത നിയന്ത്രണങ്ങളായിരുന്നു. തീപിടിത്തത്തിൽ നശിച്ച വാതക സിലിണ്ടറുകളുടെ വിഡിയോ ദൃശ്യങ്ങളിൽ പരിസരത്തെ മറ്റു കാഴ്ചകളൊന്നുമുണ്ടായിരുന്നില്ല. സിലിണ്ടറുകളുടെ ക്ലോസ്അപ് ഷോട്ടുകളായിരുന്നു എല്ലാം. അതിനാൽത്തന്നെ സ്‌ഫോടനം നടന്നത് യഥാർഥത്തിൽ എവിടെയാണെന്ന് അറിയാനാകാത്ത അവസ്ഥയും.

മാത്രവുമല്ല, പൊതുഇടത്തിലാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രതിരോധ വകുപ്പ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ തീയണയ്ക്കാൻ എത്തേണ്ടത് അഗ്‌നിശമന സേനാംഗങ്ങളാണ്. പക്ഷേ ദൃശ്യങ്ങളിൽ കാണുന്നത് സൈനികർ തീയണയ്ക്കുന്നതാണ്. ഇത് എന്തുകൊണ്ടാണെന്നതിന് ചാനൽ റിപ്പോർട്ടിലും ഉത്തരമില്ല. അതിനിടെ പുറത്തുവന്ന സാറ്റലൈറ്റ് ദൃശ്യങ്ങളാണ് സ്‌ഫോടനം സംബന്ധിച്ച കൂടുതൽ ദുരൂഹതയ്ക്കു വഴിമരുന്നിട്ടത്. അധികമാർക്കും പ്രവേശനമില്ലാത്ത തുരങ്കങ്ങൾ നിറഞ്ഞതാണ് പാർചിൻ മേഖലയിലെ ഖോജിർ ആണവ പരീക്ഷണ കേന്ദ്രം. ഇവിടെ ആണവ മിസൈൽ പരീക്ഷണങ്ങളും ആണവ ബോംബ് നിർമ്മാണവും നടക്കുന്നുണ്ടെന്നാണു വിവരം.

20 വർഷം മുൻപ് ഇവിടെ തുടർ സ്‌ഫോടന പരീക്ഷണം നടന്നതായി പാശ്ചാത്യ രാജ്യങ്ങൾ ആരോപിച്ചിരുന്നു. അന്നുമുതൽ ഉപഗ്രഹ ചാരക്കണ്ണുകളുടെ നിരീക്ഷണത്തിലാണ് ഖോജിർ. ഇതിന് എതിർവശത്താണ് സ്‌ഫോടനമുണ്ടായ കെട്ടിടമെന്നാണു സൂചന. ഇവിടെ നൂറുകണക്കിന് മീറ്റർ ദൂരത്തിൽ പുല്ലും ചെടികളും കത്തിനശിച്ചതായി സാറ്റലൈറ്റ് ദൃശ്യങ്ങളിലുണ്ട്. ഏതാനും ആഴ്ച മുൻപ് ഇതേ പ്രദേശത്തുനിന്നെടുത്ത ചിത്രങ്ങളിൽ ഈ കരിഞ്ഞ അടയാളങ്ങളുണ്ടായിരുന്നതുമില്ല. ഔദ്യോഗിക ടിവി റിപ്പോർട്ടിലെ ദൃശ്യങ്ങൾക്കു സമാനമായ ചില കാഴ്ചകളും ഈ കരിഞ്ഞ പ്രദേശത്തിനോടു ചേർന്നുള്ള കെട്ടിടത്തിൽ കാണാമായിരുന്നു.

എന്നാൽ ഇറാനിൽ റോക്കറ്റുകൾ നിർമ്മിക്കുന്ന ഷാഹിദ് ബക്കേറി ഇൻഡസ്ട്രിയൽ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രദേശമാണിത്. ഒട്ടേറെ വ്യവസായ കേന്ദ്രങ്ങളുടെ ചിത്രങ്ങളും സാറ്റലൈറ്റ് ദൃശ്യത്തിൽ കാണാം. ഇവ മിസൈൽ ഘടകങ്ങളുടെ നിർമ്മാണത്തിനുള്ളതാണെന്നാണു സൂചന. ഖോജിറിലെ അജ്ഞാത തുരങ്കങ്ങളിലാണ് ഈ ഘടകങ്ങൾ യോജിപ്പിക്കുന്നതും സ്‌ഫോടന പരീക്ഷണങ്ങൾ 'ട്രിഗർ' ചെയ്യുന്നതും. മധ്യ പൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ ഭൂഗർഭ പരീക്ഷണശാല ഇറാന്റെയാണെന്ന് നേരത്തേ യുഎസ് പ്രതിരോധ രഹസ്യാന്വേഷണ ഏജൻസി (ഡിഐഎ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളിലാണ് ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങളിലേറെയും നടക്കുന്നത്.

ആണവ വിദഗ്ദ്ധർ, സുരക്ഷാ സേന എന്നിവരുടെ നേതൃത്വത്തിൽ മിസൈൽ വികസന പദ്ധതികളും നിർമ്മാണവും നടക്കുന്നതും ഇവിടെയാണെന്നും 2019ലെ റിപ്പോർട്ടിൽ ഡിഐഎ വ്യക്തമാക്കുന്നു. ഇറാന്റെ അണ്വായുധ പരീക്ഷണങ്ങളിലേറെയും നടക്കുന്നത് ഖോജിറിലാണെന്ന് നേരത്തേ രാജ്യാന്തര ആണവോർജ ഏജൻസിയും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇതെല്ലാം ഇറാൻ നിരാസിക്കുകയാണുണ്ടായത്. ഇറാന്റെ ആണവ പരീക്ഷണങ്ങൾക്കു തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് യുഎസ് ഉൾപ്പെടെയുള്ള ലോകശക്തികൾ 2015ൽ മുൻകയ്യെടുത്ത് കരാറുണ്ടാക്കിയത്. ഈ ആണവ കരാറിൽനിന്ന് 2018 മേയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്മാറിയതോടെയാണ് ഖോജിർ വീണ്ടും ചർച്ചാവിഷയമായത്.

ഖോജിറിൽ അടുത്തകാലത്തു പലപ്പോഴായി സ്‌ഫോടനങ്ങളുണ്ടായിട്ടുണ്ട്. മിസൈൽ പദ്ധതികൾക്കു ചുക്കാൻ പിടിച്ചിരുന്ന റവല്യൂഷനറി ഗാർഡ് കമാൻഡർ ഹസ്സൻ ടെഹ്‌റാനി 2011ൽ അത്തരമൊരു സ്‌ഫോടനത്തിലാണു കൊല്ലപ്പെട്ടത്. ടെഹ്‌റാനു സമീപത്തെ ഒരു മിസൈൽ വിക്ഷേപണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തിൽ അന്ന് 16 പേർ കൊല്ലപ്പെട്ടിരുന്നു. ഈ സ്‌ഫോടനവും തുടക്കത്തിൽ വെറുമൊരു അപകടമായാണ് അധികൃതർ വിശദീകരിച്ചത്. എന്നാൽ ഇറാനിൽ ജയിൽമോചിതനായ ഒരു വ്യക്തി പിന്നീട് പുറത്തുവിട്ട വിവരങ്ങളാണ് സംഭവത്തിനു പിന്നിൽ വിദേശ ശക്തികളാണെന്ന് ഇറാൻ സംശയിച്ചിരുന്നതായ കാര്യം വ്യക്തമാക്കിയത്. ഇസ്രയേലിന് സ്‌ഫോടനവുമായി ബന്ധമുണ്ടോയെന്ന അന്വേഷണത്തിന്റെ ഭാഗമായി ഈ തടവുകാരനെ ചോദ്യം ചെയ്തിരുന്നു.

ഖാസിം സുലൈമാന്റെ ജീവന് പകരം ചോദിക്കുമെന്നാണ് ഇറാൻ പറയുന്നത്. ഇതിനിടെയാണ് ആണവ പരീക്ഷണം നടത്തിയെന്ന വാർത്തയും പുറത്തുവരുന്നത്. സംഭവത്തിൽ യുഎസ് ചാരനായ സിഐഎ ചാരനായ മുഹമ്മൂദ് മൗസവി മജ്ദിനെ വധശിക്ഷയ്ക്ക് വിധിക്കുമെന്നും അടുത്തിടെ ഇറാൻ അറഇയിച്ചിരുന്നു. 2020 ജനുവരി മൂന്നിനാണ് ഇറാനിയൻ രഹസ്യ സേനാ കമാൻഡറായ ഖാസിം സുലൈമാനി കൊല്ലപ്പെടുന്നത്. ബാഗ്ദാദിലെ എയർപോർട്ടിലേക്ക് യു.എസ് നടത്തിയ വ്യോമാക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെടുന്നത്.

സുലൈമാനിയുടെ കൊലപാതകത്തിന് പിന്നാലെ ഇറാൻ ഇറാഖിലെ അമേരിക്കൻ സൈനിക താവളത്തിനു നേരെ ആക്രമണം നടത്തിയിരുന്നു.
ഇറാന്റെ സൈനിക വളർച്ചയിൽ നിർണായ പങ്കു വഹിച്ചയാളായിരുന്നു കൊല്ലപ്പെട്ട കമാൻഡർ സുലൈമാനി. 2011 ൽ സിറിയൻ ഭരണാധികാരി ബാഷർ അൽ അസദിന് സൈനിക പിന്തുണ നൽകൽ, ഇറാഖിലെ ഷിയ സഖ്യവുമായി കൈകോർക്കൽ, ലെബനനിലെ ഹിസ്‌ബൊള്ള സേനയുമായുള്ള സൗഹൃദം തുടങ്ങി തന്ത്രപ്രധാനമായ സൈനിക നീക്കങ്ങളുടെ അമരക്കാരനുമായിരുന്നു സുലൈമാനി. ഇറാൻ സേനയായ ഖുദ്‌സ് ഫോഴ്‌സിന്റെ തലപ്പത്തേക്ക് 1998 ലാണ് സുലൈമാനി വരുന്നത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇറാന്റെ പശ്ചിമേഷ്യയിലുള്ള ദ്രുത വളർച്ചയിൽ ഇസ്രഈലും സൗദി അറേബ്യയും ആശങ്കയിലായിരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഇദ്ദേഹത്തെ വകവരുത്താൻ നിരവധി തവണ ശ്രമങ്ങൾ നടന്നിട്ടുണ്ട്.

അതിനിടെ സമുദ്രാതിർത്തി ലംഘിച്ച മൂന്ന് ഇറാൻ ബോട്ടുകൾ സൗദിയിൽ പ്രവേശിച്ചതായി അതിർത്തി സേന അറിയിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം 6.30 നാണ് ഇറാൻ ബോട്ടുകൾ സൗദി കടലിലെത്തിയത്. ഇറാൻ ബോട്ടുകൾ സമുദ്രാതിർത്തിയിൽ കടന്നയുടൻ അതിർത്തി സേനാ വിഭാഗം അവരെ പിന്തുടർന്ന് ബോട്ടുകൾ നിർത്തുവാൻ ആവശ്യപ്പെട്ടു. നിരന്തരം അറിയിപ്പുകൾ നൽകിയിട്ടും ഇറാൻ ബോട്ടുകൾ നിരസിച്ചപ്പോൾ സൗദി അതിർത്തി സേനക്ക് മുന്നറിയിപ്പ് വെടി വെക്കേണ്ടി വന്നു. ഇതോടെ മൂന്നു ബോട്ടുകളും പിന്തിരിഞ്ഞു പോയതായി അതിർത്തി സേന അറിയിച്ചു. സൗദിയുടെ അതിർത്തിയിൽ അതിക്രമം നടത്തുവാൻ ആരെയും അനുവദിക്കില്ലെന്ന് അതിർത്തി സേന വ്യക്തമാക്കി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP