Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

ഊണും ഉറക്കവും കളഞ്ഞ് അയ്യപ്പന് മുന്നിൽ ഭക്തർക്കായി സേവനമർപ്പിച്ച ധീരജവാനോട് നാലാംകിട കുശുമ്പ്; ഡൽഹിയിൽ പോയി ഐപിഎസ് ഉന്നതർ ഉപജാപം നടത്തി പുറത്താക്കിയത് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡൽ നേടിയ ദ്രുതകർമസേനാ ഉദ്യോഗസ്ഥനെ; ശബരിമലയുടെ സുരക്ഷാചുമതലയിൽ നിന്ന് ഡപ്യൂട്ടി കമാൻഡന്റ് മധു.ജി.നായരെ നീക്കിയത് പൊലീസ് തലപ്പത്തെ കരുനീക്കങ്ങളിലൂടെ

ഊണും ഉറക്കവും കളഞ്ഞ് അയ്യപ്പന് മുന്നിൽ ഭക്തർക്കായി സേവനമർപ്പിച്ച ധീരജവാനോട് നാലാംകിട കുശുമ്പ്; ഡൽഹിയിൽ പോയി ഐപിഎസ് ഉന്നതർ ഉപജാപം നടത്തി പുറത്താക്കിയത് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡൽ നേടിയ ദ്രുതകർമസേനാ ഉദ്യോഗസ്ഥനെ; ശബരിമലയുടെ സുരക്ഷാചുമതലയിൽ നിന്ന് ഡപ്യൂട്ടി കമാൻഡന്റ് മധു.ജി.നായരെ നീക്കിയത് പൊലീസ് തലപ്പത്തെ കരുനീക്കങ്ങളിലൂടെ

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡൽ നേടിയ മലയാളിയായ ആർഎഎഫ് (ദ്രുതകർമസേന) ഉദ്യോഗസ്ഥനെ ശബരിമലയുടെ സുരക്ഷാ ചുമതലയിൽ നിന്ന് നീക്കിയത് വിവാദമാകുന്നു. കഴിഞ്ഞ മണ്ഡല-മകരവിളക്ക് കാലത്ത് സുരക്ഷാവിഭാഗം തലവനായിരുന്ന ആർഎഎഫ് ഡപ്യൂട്ടി കമാൻഡന്റ് മധു.ജി.നായരെയാണ് ഇത്തവണ ഒഴിവാക്കിയത്.ഐപിഎസ് തലത്തിലെ ഗൂഢാലോചനയാണ് മധുവിനെ നീക്കിയതിന് പിന്നിലെന്നാണ് ആരോപണം. തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മധു കേന്ദ്ര ആഭ്യന്തര മന്ത്രിക്കും മുഖ്യമന്ത്രിക്കും
മധു പരാതി നൽകി.

കഴിഞ്ഞ മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയിൽ സോപാനത്തെ സുരക്ഷാചുമതലയെ ചൊല്ലി ആർഎഎഫും പൊലീസും തമ്മിൽ തർക്കം നിലനിന്നിരുന്നു.സോപാനത്തിന്റെ സുരക്ഷയിൽ നിന്ന് ആർഎഎഫിനെ ഒഴിവാക്കിയതാണ് തർക്കത്തിന് കാരണം.

പതിനെട്ടാം പടിക്ക് താഴെ മാത്രം ആർഎഎഫ് സുരക്ഷ ഒരുക്കിയാൽ മതിയെന്നായിരുന്നു പൊലീസ് നിലപാട്. ഇതിനെ ഡപ്യൂട്ടി കമാൻഡന്റായ മധു.ജി.നായർ ശക്തമായി എതിർത്തത് പൊലീസിന് അസ്വാരസ്യമുണ്ടാക്കി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പ്രശ്‌നത്തിൽ ഇടപെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി.ഇതിനെ തുടർന്ന് സോപാനത്തിന്റെ സുരക്ഷാചുമതല ആർഎഎഫിനെ തന്നെ തിരികെ ഏൽപിച്ചു.

സുരക്ഷാ ചുമതലയെ ചൊല്ലിയുള്ള തർക്കം മധുവിനെ പൊലീസിന്റെ തലപ്പത്തെ പലരുടെയും കണ്ണിലെ കരടാക്കി. മധുവിനെ സുരക്ഷാചുമതലയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥൻ ആർഎഎഫ് മേധാവിക്ക് കത്തെഴുതി.ഇതോടെ ഇത്തവണ മറ്റൊരു ഉദ്യോഗസ്ഥന് ശബരിമലയിലെ സുരക്ഷാചുമതല നൽകുകയും മധു.ജി.നായരെ ഒഴിവാക്കുകയും ചെയ്തു. എന്നാൽ, ഐപിഎസ് തലത്തിലെ രണ്ട് ഉത്തരേന്ത്യൻ ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും, തന്നെ ഒഴിവാക്കിയത് വ്യക്തിവൈരാഗ്യം മൂലമാണെന്നുമാണ് മധുവിന്റെ നിലപാട്.

കേന്ദ്ര ആഭ്യന്തര മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയ മധു അനുകൂല നടപടിയുണ്ടായില്ലെങ്കിൽ തനിക്ക് കിട്ടിയ മെഡലുകൾ തിരികെ നൽകുമെന്ന ഉറച്ച നിലപാടിലാണ്.23 വർഷത്തെ മികച്ച സേവന റെക്കോഡുള്ള മധു ശബരിമലയിലെ സേവനം ജന്മസാഫല്യമായാമ് കാണുന്നത്. മധുവിനോടുള്ള അനീതിക്കെതിരെ സോഷ്യൽ മീഡിയിലും ശക്തമായ പ്രചാരണം നടക്കുന്നുണ്ട്.ഏതായാലും സോപാനത്തെ സുരക്ഷാചുമതലയിൽ നിന്ന് ആർഎഫിനെ മാറ്റാൻ പൊലീസ് പഠിച്ച പണി പതിനെട്ടും നോക്കിയിട്ട് നടന്നിട്ടില്ല.

പാർലമെന്റിന്റേതടക്കം തന്ത്രപ്രധാന കേന്ദ്രങ്ങളുടെയും മുൻ പ്രധാനമന്ത്രിമാരുടെയും സുരക്ഷ മികച്ച രീതിയിൽ നിർവഹിച്ചിട്ടുള്ള മധു.ജി.നായരെ കഴിഞ്ഞ കുറെ വർഷങ്ങളായി മണ്ഡല കാലത്തു ശബരിമലയുടെ സുരക്ഷാ ചുമതല ഏൽപിച്ചത് ഈ ഉദ്യോഗസ്ഥന്റെ വിശ്വാസ്യത ഒന്നുകൊണ്ടുമാത്രമാണ്. നാട്ടിൽ പോസ്റ്റിങ് കിട്ടിയതിന്റെ സന്തോഷത്തിൽ ഉഷാറായി ജോലി ചെയ്തിരുന്ന മധുവിന് പുതിയ തീരുമാനം ഇരുട്ടടി പോലെയായി. എന്നാൽ അതിനെതിരെ പോരാടാൻ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം.

സന്നിധാനത്തെയും പമ്പയിലെയും തന്ത്രപ്രധാന കേന്ദ്രങ്ങളിൽ സുരക്ഷ ഒരുക്കാനാണ് ദ്രുതകർമസേനയെ നിയോഗിച്ചത്.അടിയന്തര ഘട്ടങ്ങളെ നേരിടുകയും തിരക്ക് നിയന്ത്രിക്കുന്നതിൽ പൊലീസിനെ സഹായിക്കുകയുമാണ് ആർഎഎഫിന്റെ ചുമതല.സേനയുടെ 105 ബറ്റാലിയന്റെ രണ്ടുകമ്പനികളെയാണ് സുരക്ഷാദൗത്യം ഏൽപിച്ചിരിക്കുന്നത്.

ഛത്തീസ്‌ഗഡിൽ നക്‌സലൈറ്റുകളെ വെടിവച്ചിട്ട സിആർപിഎഫ് അസിസ്റ്റന്റ് കമാൻഡന്റ് മധു ജി.നായർക്ക് ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ രണ്ടുമെഡലുകൾ ലഭിച്ചിട്ടുണ്ട്.മാവേലിക്കര താലൂക്കിലെ കറ്റാനം ശബരിക്കൽ സ്വദേശിയാണ്.ഛത്തീസ്‌ഗഡിലെ നക്‌സൽ ഭീഷണിയുള്ള ജില്ലയായ ബിജയപൂരിൽ സിആർപിഎഫിന്റെയും, സംസ്ഥാന പൊലീസ് സേനയുടെയും സംയുക്തസേനയെ നയിച്ചിരുന്നു.

ദണ്ഡകാരണ്യ വനമേഖലയിലെ ഏറ്റുമുട്ടലിൽ, ഏഴുനക്‌സലുകളെയും, നക്‌സൽ നേതാവ് സച്ചി റെഡ്ഡിയെയും സംഘം വധിച്ചിരുന്നു.സംഘത്തിലെ 15 പേർക്കാണ് ധീരതയ്ക്കുള്ള മെഡലുകൾ കിട്ടിയത്.ഭരണിക്കാവ് മുൻ പഞ്ചായത്ത് പ്രസിഡന്റും റിട്ട.അദ്ധ്യാപകനുമായ കെ.ഗോപിനാഥൻ നായരുടെയും ശാരദാമ്മയുടെയും മകനാണ് മധു.ജി.നായർ.

1993 ലാണ് മധു സിആർപിഎഫിൽ ചേർന്നത്. 1995 മുതൽ 2002 വരെയുള്ള കാലഘട്ടത്തിൽ ബ്ലാക്ക് ക്യാറ്റ് കമാൻഡോയായി ജോലി ചെയ്തിട്ടുണ്ട്.മുൻ പ്രധാനമന്ത്രിമാരായി എ.ബി.വാജ്‌പേയി,മന്മോഹൻ സിങ് എന്നിവരുടെ സ്‌പെഷ്യൽ പ്രൊട്ടക്ഷൻ കമാൻഡോ ഗ്രൂപ്പിലുണ്ടായിരുന്നു.തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിത അടക്കം മറ്റുനിരവധി പ്രമുഖരുടെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നു.

പരാക്രം പുരസ്‌കാരം, 8 ഡിജി അംഗീകാരങ്ങൾ, ഏഴ് ആഭ്യന്തര സുരക്ഷാ പുരസ്‌കാരങ്ങൾ എന്നിവ നേടിയിട്ടുണ്ട്.ദണ്ഡേവാഡയിൽ മാവോയിസ്റ്റുകളെ 70 ലേറെ തവണ നേരിടുകയും 21 പേരെ വധിക്കുകയും ചെയ്തത് കരിയറിലെ സുപ്രധാന നേട്ടമായി മധു കരുതുന്നു.ശബരിമലയിലെ സേവനം വലിയ അനുഗ്രഹമായാണ് അദ്ദേഹം കണക്കാക്കുന്നത്. എന്നാൽ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരുടെ ഈഗോ പ്രശനത്തിൽ തട്ടി ഈ ഓണാട്ടുകരക്കാരന്റെ അവസരം നഷ്ടമായിരിക്കുകയാണ്.

മധു.ജി.നായരുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ നിന്ന്...
23 വർഷം ഈ രാജ്യത്ത് മുഴുവൻ നടത്തിയ സേവനത്തിനു എനിക്കുകിട്ടിയ പ്രതിഫലമായിരുന്നു നാടിനടുത്തു കിട്ടിയ ഈ പോസ്റ്റിംഗും ഡ്യൂട്ടിയും,അത് ഇല്ലാതാക്കിയതിൽ അകൈതവമായ നന്ദി അറിയിക്കുന്നു.

ശബരിമല ഡ്യൂട്ടി വേണ്ട, ഞാനീ യൂണിഫോം തത്കാലം അങ്ങ് ഊരി വച്ചു
ഇനി ദർശനം, അയ്യപ്പൻ അനുഗ്രഹിച്ചാൽ തിരുവനന്തപുരത്തെ ജനാധിപത്യത്തിന്റെ ശ്രീകോവിലിനു മുന്നിൽ നിന്ന് കെട്ടുനിറച്ച് കലിയുഗവരദനേ ദർശിക്കാൻ ഞാനും ഒന്നു പോകും.
ആദരവോടെ,
സ്‌നേഹത്തോടെ,
മധു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP