Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇത്രയും വെള്ള ഷർട്ടുകാരിൽ നിന്ന് യഥാർഥ അണ്ണനെ എവിടെന്ന് തപ്പും? `അണ്ണനെ` തപ്പുമ്പോൾ വേറൊരു സംഘം ചുട്ടുവെച്ച പലഹാരങ്ങൾ കാലിയാക്കും; കച്ചവടം പൂട്ടുമെന്നായപ്പോൾ ഷട്ടറിട്ട് പോയി; ഊണ് സമയത്ത് സമരം കഴിഞ്ഞ് വന്നപ്പോൾ പേടിച്ച് പിന്നെയും ഷട്ടറിട്ടു; കാശ് തരാതെ 130 മോദകങ്ങൾ യൂത്തന്മാർ കൊണ്ട് പോയ കഥ മറുനാടനോട് വിശദീകരിച്ച് ദിലീപ്; പ്രാരാബ്ദക്കാരന്റെ കഥ കേട്ട് കാശുമായി സഹായിക്കാൻ എത്തിയത് ഡിവൈഎഫ്‌ഐക്കാരുടെ `ഐപി അണ്ണൻ`

ഇത്രയും വെള്ള ഷർട്ടുകാരിൽ നിന്ന് യഥാർഥ അണ്ണനെ എവിടെന്ന് തപ്പും? `അണ്ണനെ` തപ്പുമ്പോൾ വേറൊരു സംഘം ചുട്ടുവെച്ച പലഹാരങ്ങൾ കാലിയാക്കും; കച്ചവടം പൂട്ടുമെന്നായപ്പോൾ ഷട്ടറിട്ട് പോയി; ഊണ് സമയത്ത് സമരം കഴിഞ്ഞ് വന്നപ്പോൾ പേടിച്ച് പിന്നെയും ഷട്ടറിട്ടു; കാശ് തരാതെ 130 മോദകങ്ങൾ യൂത്തന്മാർ കൊണ്ട് പോയ കഥ മറുനാടനോട് വിശദീകരിച്ച് ദിലീപ്; പ്രാരാബ്ദക്കാരന്റെ കഥ കേട്ട് കാശുമായി സഹായിക്കാൻ എത്തിയത് ഡിവൈഎഫ്‌ഐക്കാരുടെ `ഐപി അണ്ണൻ`

എം മനോജ് കുമാർ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം നടന്ന കെഎസ് യു-യൂത്ത് കോൺഗ്രസ് മാർച്ച് സർക്കാരിനെതിരെയുള്ള പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ ശക്തിപ്രകടനമാകും എന്നാണ് വിലയിരുത്തപ്പെട്ടത്. ഈ ശക്തിപ്രകടനം തന്റെ അന്നത്തെ കച്ചവടം മുടക്കുമെന്നും നഷ്ടം വരുത്തുമെന്നും ഒരു കച്ചവടക്കാരും കരുതുന്നതുമല്ല.പക്ഷെ യൂത്ത് കോൺഗ്രസ്-കെഎസ് യു മാർച്ച് പ്രസ് ക്ലബിനോട് ചേർന്ന് ചായക്കച്ചവടം നടത്തുന്ന എ.ദിലീപ് ഖാന് നഷ്ടം മാത്രമാണ് വരുത്തിവെച്ചത്. മാർച്ചിന് തുടക്കം കുറിക്കാൻ യൂത്തന്മാർ ഒത്തുകൂടിയത് തിരുവനന്തപുരം പ്രസ് ക്ലബിന് മുന്നിലും പ്രസ് ക്ലബിനോട് ചേർന്ന് ചായക്കച്ചവടം നടത്തുന്ന എ.ദിലീപ് ഖാന്റെ ഷോപ്പിനു മുന്നിലുമായിരുന്നു.

വരിവരിയായി അവിടെ നിരന്ന യൂത്തന്മാർ വെള്ള ഷർട്ടും വെള്ള മുണ്ടും ധരിച്ച് ഗ്രൂപ്പ് ഗ്രൂപ്പായി തന്റെ ചായക്കടയ്ക്ക് മുന്നിലേക്ക് വന്നപ്പോൾ ഇന്നത്തെ കച്ചവടം പൊടിപൊടിക്കും എന്നാണ് ദിലീപ്ഖാൻ കരുതിയത്. മോദകവും ചായയും വടയും ഉണ്ണിയപ്പവും എല്ലാം യൂത്തന്മാർ വെട്ടിവിഴുങ്ങി. ഒരു ഗ്രൂപ്പ് പോകുമ്പോൾ അടുത്ത ഗ്രൂപ്പ് വരും. യൂത്തന്മാർ അധികമായപ്പോൾ ചായ നൽകാൻ ഡിസ്‌പോസിബിൾ ഗ്ലാസ്സും വാങ്ങി നൽകി. പക്ഷെ ഒരു ഗ്രൂപ്പും കാശ് നൽകിയില്ല. കാശ് ചോദിച്ചപ്പോൾ അണ്ണൻ തരും എന്ന് പറഞ്ഞു പിന്നിലേക്ക് വിരൽ ചൂണ്ടും.

ചായ കൊടുത്ത് കഴിഞ്ഞു പിന്നിലേക്ക് നോക്കിയപ്പോൾ കണ്ടത് യൂത്തന്മാരുടെ ഗ്രൂപ്പുകളെ. ഏത് അണ്ണൻ ആര് അണ്ണൻ എന്നൊക്കെ കരുത്തുമ്പോഴേക്കും യൂത്തന്മാരുടെ ഗ്രൂപ്പ് ചായ കഴിച്ചു അടുത്ത ഗ്രൂപ്പ് വന്നിട്ടുണ്ടാകും. ഒരു ഗ്രൂപ്പ് വന്നാൽ തൊട്ടു മുൻപ് വന്ന ഗ്രൂപ്പിലെ കാണാനും കിട്ടില്ല. ഒടുവിൽ ഏത് അണ്ണൻ എന്ന് എടുത്ത് ചോദിച്ചപ്പോൾ അണ്ണൻ വരും. എല്ലാം അണ്ണൻ തന്നെ സെറ്റിൽ ചെയ്യും എന്ന് ഉറപ്പും. പക്ഷെ ചായയും മോദകവും വടയും ഉണ്ണിയപ്പവും വിട്ടുപോയതല്ലാതെ ഒരു അണ്ണനും വന്നു ദിലീപ് ഖാന് കാശ് നൽകിയില്ല.

കളിപ്പിക്കൽ ആണെന്ന് മനസിലായപ്പോൾ ഷട്ടർ താഴ്‌ത്തി. ബാക്കിയുള്ള ഐറ്റംസ് എടുത്ത് അകത്ത് വെച്ചു. അപ്പോഴേക്കും അധികം ഒന്നും ബാക്കിയും വന്നിരുന്നില്ല. യൂത്തന്മാരുടെ തട്ടിപ്പ് പുറത്തു പറഞ്ഞപ്പോൾ അത് വാർത്തയായി മാറി. എന്നിട്ടും യൂത്ത് കോൺഗ്രസുകാർ ആരെങ്കിലും തിരക്കി വരുകയോ കാശ് നൽകുകയോ ചെയ്തില്ല. അപ്പോഴാണ് ഉച്ചയ്ക്ക് വേറൊരു ട്വിസ്‌റ് വരുന്നത്. യൂണിവേഴിസിറ്റി കോളേജിലെ എസ്എഫ്‌ഐ പൂർവ വിദ്യാർത്ഥികൾ സിപിഎം വാർഡ് കൗൺസിലറായ ഐ.പി.ബിനുവിന്റെ നേതൃത്വത്തിൽ ഒത്തുകൂടിയിരുന്നു. യൂത്തന്മാർ ദിലീപ് ഖാനെ പറ്റിച്ചുപോയ കാര്യം ഇവരുടെ കൂടിച്ചേരലിൽ ചർച്ചയായി.

എന്തായാലും യൂണിവേഴ്സിറ്റി കോളേജുമായി ബന്ധപ്പെട്ടു നടന്ന സംഭവമല്ലേ... യൂത്തന്മാർ പറ്റിച്ചു പോയെങ്കിലും കാശ് നമുക്ക് നൽകാം എന്ന് സിപിഎം സംഘം തീരുമാനിക്കുകയായിരുന്നു. ഐപിബിനുവിനെ അറിയുന്നവർ വിളിക്കുന്നത് ഐപിഅണ്ണൻ എന്നും. യൂത്ത് കോൺഗ്രസിന്റെ അണ്ണൻ പറ്റിച്ചു പോയെങ്കിൽ ഐപിഅണ്ണാ കാശ് നമുക്ക് നൽകാം എന്ന് തീരുമാനിച്ച സംഘം ഉച്ചയോടെ ദിലീപ് ഖാന്റെ ഷോപ്പിൽ ചെന്ന് കാശ് നൽകുകയായിരുന്നു. സിപിഎം സംഘത്തിന്റെ കടം വീട്ടിൽ ചർച്ചയാവുകയും ചെയ്തു. യൂത്ത് കോൺഗ്രസുകാർ വരുത്തിവെച്ച നഷ്ടം എന്തിനു സിപിഎം സംഘം വന്നു നൽകി എന്ന ചോദ്യത്തിന് ദിലീപ് ഖാനും ഉത്തരമില്ല. പക്ഷെ കാശ് തിരികെ ലഭിച്ചതിൽ ദിലീപ് ഖാൻ സന്തുഷ്ടനാണ്. കളഞ്ഞുപോയ പണം തിരികെ ലഭിക്കുമ്പോൾ ഒരാൾക്ക് എന്ത് സന്തോഷം വരും ആ സന്തോഷമാണ് ഐ.പി.ബിനുവും സംഘവും കാശ് നൽകിയപ്പോൾ തനിക്ക് ഉണ്ടായത് എന്ന് ദിലീപ് ഖാൻ പറയുന്നു. ദിലീപ്ഖാനുമായി നടത്തിയ അഭിമുഖം ചുവടെ


യൂത്ത് കോൺഗ്രസിന്റെ സെക്രട്ടറിയേറ്റ് മാർച്ചിൽ എന്താണ് സംഭവിച്ചത്?

കഴിഞ്ഞ ദിവസത്തെ യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച് ആരംഭിക്കുന്നത് പ്രസ് ക്ലബിന് മുന്നിലാണ്. അതായത് ഈ എന്റെ കടയുടെ മുന്നിൽ നിന്ന് കൂടി. നല്ല വെള്ളയും വെള്ളയും ഇട്ട യൂത്ത് കോൺഗ്രസ് നേതാക്കൾ നിരന്നു നിൽക്കുകയാണ്. അതിൽ സംഘം സംഘമായി യൂത്ത് കോൺഗ്രസുകാർ എന്റെ കടയിലേക്ക് വന്നുകൊണ്ടിരുന്നു. പത്ത് പതിനഞ്ചു പേർ ഉള്ള സംഘം. ചായയും വടയും വാങ്ങുന്നുണ്ട്, മോദകം വാങ്ങുന്നുണ്ട്. എല്ലാവരും പൈസ തരും എന്ന് പറയുന്നുണ്ട്. സമയമില്ല. ചായ കഴിച്ചവർ സംഘം സംഘമായി തന്നെ പോകുന്നു. എല്ലാവരും പൈസ തരും എന്ന് പറയുന്നുണ്ട്. ആരും പക്ഷെ പൈസ തരുന്നുമില്ല.

എല്ലാവരും പത്ത് പേരായി പതിനഞ്ച് പേരായി ചായയും വടയും മോദകവും വാങ്ങിക്കൊണ്ടിരിക്കുകയാണ്. ഒരു ഗ്രൂപ്പ് ചായ കഴിച്ചാൽ വരുന്നത് അടുത്ത ഗ്രൂപ്പ് ആണ്. ഒരു ഗ്രൂപ്പ് വന്നാൽ പിന്നെ ആദ്യത്തെ ഗ്രൂപ്പിനെ കാണാനുണ്ടാകില്ല. യൂത്ത് കോൺഗ്രസുകാർ ധാരാളം പേർ ഉള്ളതിനാൽ എനിക്ക് ഒരു എത്തും പിടിയും കിട്ടിയതുമില്ല. പൈസ ചോദിച്ചപ്പോൾ പറഞ്ഞു. ഞങ്ങൾ പോകുന്നില്ലല്ലോ എവിടുത്തന്നെ ഉണ്ടല്ലോ എന്നൊക്കെ പറഞ്ഞു. പൈസ കൂടുതൽ ആയി. അപ്പോൾ അണ്ണൻ തരും എന്ന് പറഞ്ഞുകൊണ്ടിരുന്നു. എന്നിട്ടു ബാക്കിലേക്ക് ചൂണ്ടികാണിക്കും. അങ്ങോട്ടു നോക്കിയാൽ കാണുന്നത് ഖദർധാരികളുടെ ഒരു സെറ്റ്. ഞാൻ ഒരെണ്ണനെയും കണ്ടില്ല. ഉത്തരവാദപ്പെട്ട ആരും കാശ് തരാൻ വന്നതുമില്ല. നഷ്ടം ഒരുപാട് ആയപ്പോൾ ഞാൻ എല്ലാം അകത്തു വെച്ച് ഷട്ടർ താഴ്‌ത്തി. കട അടച്ചു. ഇതാണ് അവിടെ സംഭവിച്ചത്.

100-120 മോദകം എന്റെ കയ്യിൽ ഉണ്ടായിരുന്നു. പക്ഷെ അതിൽ പത്ത് നാല്പത് എണ്ണം ഞാൻ വിറ്റിട്ടുണ്ട്. ഉഴുന്നുവടയും ഉണ്ണിയപ്പയവും വേറെ ഉണ്ടായിരുന്നു. എല്ലാം ഏകദേശം മുഴുവനായി തീർന്നിട്ടുണ്ട്. ഗ്‌ളാസ് തികയാതെ വന്നപ്പോൾ ഡിസ്‌പോസിബിൾ ഗ്ലാസ്സിൽ ആണ് ചായ നൽകിയത്. ആ പൈസ അങ്ങിനെയും പോയിട്ടുണ്ട്.

എത്ര രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്?

ആ നിമിഷങ്ങളിൽ മാത്രം 1500 രൂപയോളം നഷ്ടം പറ്റിയിട്ടുണ്ട്.

അണ്ണൻ തരും എന്ന് പറയുമ്പോൾ എന്തുകൊണ്ട് അണ്ണനെ കണ്ടുപിടിച്ചില്ല?

അണ്ണനെ കണ്ടുപിടിക്കാൻ എനിക്ക് കഴിഞ്ഞില്ല. എല്ലാവരും തൂവെള്ള ഡ്രസ്. എല്ലാം അണ്ണന്മാർ. അവർ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചുകൊണ്ടിരുന്നു. ഞാൻ തരും എന്ന് ആരും പറഞ്ഞില്ല. അണ്ണനെ എനിക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞതുമില്ല. അണ്ണൻ ആരെന്നു ചോദിച്ചാൽ അങ്ങോട്ട് ചൂണ്ടിക്കാണിക്കും. ഏത് അണ്ണൻ എന്ന് ചോദിച്ചപ്പോൾ ആ അണ്ണൻ എന്ന് പറയും.

അണ്ണൻ പ്രയോഗം ഒരു കളിപ്പിക്കൽ ആയി തോന്നിയോ?

കളിപ്പിക്കൽ ആയെന്നു അവസാനം തിരിച്ചറിഞ്ഞപ്പോൾ ആണ് ഞാൻ കടയ്ക്ക് ഷട്ടർ ഇട്ടത്.

ആരാണ് പണം തിരികെ നൽകിയത്?

കുന്നുകുഴി വാർഡ് കൗൺസിലർ ഐ.പി.ബിനുവും സംഘവുമാണ് എനിക്ക് കാശ് തിരികെ തന്നത്. യൂണിവേഴ്സിറ്റി കോളേജിലെ പൂർവ വിദ്യാർത്ഥികൾ ആണ് ഞങ്ങൾ. യൂണിവേഴ്സിറ്റി കോളെജിന്റെ ഒരു വിഷയമായി നടന്ന പ്രശ്‌നത്തിൽ താങ്കൾക്ക് നഷ്ടം വരേണ്ട എന്ന് പറഞ്ഞു. അവർ തമ്മിൽ തമ്മിൽ കുറച്ചു കാശ് എടുത്ത് എനിക്ക് നൽകി.

യൂത്ത് കോൺഗ്രസുകാർ നൽകേണ്ട കാശ് എങ്ങിനെയാണ് സിപിഎം കൗൺസിലറുടെ നേതൃത്വത്തിലുള്ള സംഘം നൽകുന്നത്?

അതിൽ എന്താണ് കാര്യം എന്ന് എനിക്ക് അറിയില്ല. ഇന്നു ഉച്ചയ്ക്ക് ആണ് ബിനുവും സംഘവും കാശ് നൽകിയത്.

രാഷ്ട്രീയ പാർട്ടികൾ ഈ രീതിയിൽ പെരുമാറുന്നത് ശരിയാണോ ?

ഞാൻ ഒരു കടക്കാരനാണ്. എനിക്ക് യൂത്ത് കോൺഗ്രസുകാർ കാരണം കുറച്ച് കാശ് നഷ്ടം വന്നു. അത് ഞാൻ പറഞ്ഞു എന്ന് മാത്രമേയുള്ളൂ. വ്യക്തിപരമായി എനിക്ക് ഏത് രാഷ്ട്രീയ പാർട്ടികൾ എന്നൊന്നുമില്ല. ഒരു കച്ചവടക്കാരൻ ആയതിനാൽ എനിക്ക് കാശം നഷ്ടം വന്നപ്പോൾ ഞാൻ പറഞ്ഞു.

കാശ് തിരികെ ലഭിക്കും എന്ന് തോന്നിയിരുന്നോ?

ഒരിക്കലുമില്ല. കാരണം എനിക്ക് ഈ അണ്ണൻ ആരെന്നു അറിയില്ല. അറിയാത്ത അണ്ണനോട് എങ്ങിനെ കാശ് വാങ്ങിക്കും. അണ്ണൻ ആരെന്നു എനിക്കും അണ്ണൻ എന്ന് പറയുന്ന ആളുകൾക്കും അറിയാമായിരുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. കാശ് തിരികെ കിട്ടിയപ്പോൾ ഒന്നും തോന്നിയില്ല. നഷ്ടമായ ഒരു കാശ് തിരികെ ലഭിച്ചു എന്ന് തോന്നി. ആ ഒരു ഫീലിങ് എനിക്കുണ്ടായി.കാരണം അന്ന് വേറെ കച്ചവടം നടന്നില്ല. നടന്ന കച്ചവടത്തിന്റെ കാശ് നഷ്ടമാവുകയും ചെയ്തു. റെഗുലർ കസ്റ്റമേഴ്‌സ് ആരും തിരക്ക് കാരണം വന്നില്ല. ഉള്ള കച്ചവടം പോയി. വരുന്നവർ വന്നതുമില്ല എന്ന സ്ഥിതിയായിരുന്നു അന്ന്.

രാഷ്ട്രീയ പാർട്ടികൾ കുറേക്കൂടി മാന്യതയോട് പെരുമാറണം എന്ന് തോന്നുന്നുണ്ടോ?

രാഷ്ട്രീയ പാർട്ടികൾ അല്ല. പ്രവർത്തകരിൽ ചിലർ അവരാണ് കുഴപ്പക്കാർ. യൂത്ത് കോൺഗ്രസുകാർ അങ്ങിനെ മോശമാണ് എന്ന് ഞാൻ ഒരിക്കലൂം പറയില്ല. ചിലർ കുഴപ്പമുണ്ടാക്കുന്നു എന്ന് മാത്രം. എവിടോന്നൊക്കെയോ വന്ന അണികളിൽ ചിലർ ആണ് കുഴപ്പം സൃഷ്ടിച്ചത്. അവർ മാന്യമായി പെരുമാറിയിരുന്നെങ്കിൽ എനിക്ക് നഷ്ടം ഉണ്ടാകില്ല എന്ന് ഉറപ്പായിരുന്നു. പക്ഷെ ഈ സംഭവത്തിന്റെ പേരിൽ കോൺഗ്രസിനെയോ യൂത്ത് കോൺഗ്രസിനെയോ കുറ്റം പറയുന്നില്ല. നേതൃത്വം അറിഞ്ഞ കാര്യമാകില്ല ഇത്.

കാര്യങ്ങൾക്ക് ശുഭപര്യവസായിയായ അന്ത്യം?

മുഴുവൻ കാശ് അല്ലെങ്കിലും കുറെ കാശ് സമാഹരിച്ച് അവർ തന്നതിൽ എനിക്ക് സന്തോഷമുണ്ട്. അതുകൊണ്ട് തന്നെ നഷ്ടം ഞാൻ കണക്കാക്കുന്നില്ല. കുറച്ച് കാശ് കിട്ടിയല്ലോ..അത് തന്നെ സന്തോഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP