Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പി ചിദംബരത്തിന്റെ മുൻകൂർ ജാമ്യഹർജി സുപ്രീംകോടതി പരിഗണിക്കുക വെള്ളിയാഴ്‌ച്ച; സുപ്രീംകോടതി രജിസ്ട്രാറുടെ ഉത്തരവ് വന്നതോടെ മുൻ ധനമന്ത്രിയെ സിബിഐ ഉടൻ അറസ്റ്റ് ചെയ്‌തേക്കില്ലെന്നും സൂചനകൾ; ഐഎൻഎക്‌സ് മീഡിയ കേസിൽ മുൻകൂർ ജാമ്യം തേടിയ കോൺഗ്രസ് നേതാവിന് ഇന്ന് വിനയായത് ഹർജിയിലെ പിഴവുകൾ; കേസ് ലിസ്റ്റ് ചെയ്തത് ഇന്ന് വൈകുന്നേരത്തോടെ

പി ചിദംബരത്തിന്റെ മുൻകൂർ ജാമ്യഹർജി സുപ്രീംകോടതി പരിഗണിക്കുക വെള്ളിയാഴ്‌ച്ച; സുപ്രീംകോടതി രജിസ്ട്രാറുടെ ഉത്തരവ് വന്നതോടെ മുൻ ധനമന്ത്രിയെ സിബിഐ ഉടൻ അറസ്റ്റ് ചെയ്‌തേക്കില്ലെന്നും സൂചനകൾ; ഐഎൻഎക്‌സ് മീഡിയ കേസിൽ മുൻകൂർ ജാമ്യം തേടിയ കോൺഗ്രസ് നേതാവിന് ഇന്ന് വിനയായത് ഹർജിയിലെ പിഴവുകൾ; കേസ് ലിസ്റ്റ് ചെയ്തത് ഇന്ന് വൈകുന്നേരത്തോടെ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മുൻകൂർ ജാമ്യഹർജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന നടപടിക്രമങ്ങൾക്ക് ഒടുവിലാണ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് സുപ്രീം കോടതി രജിസ്ട്രാറുടെ ഉത്തരവ് പുറത്തുവന്നത്. ഇതോടെ ഐഎൻഎക്സ് മീഡിയ കേസിൽ ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള സിബിഐ നീക്കം തൽകാലം ഉണ്ടാവില്ലെന്നാണ് സൂചന. മുൻകൂർ ജാമ്യം തേടിയുള്ള ചിദംബരത്തിന്റെ ഹർജിയിൽ പിഴവുള്ളതിനാൽ കേസ് ഇന്ന് പരിഗണിക്കാനാവില്ലെന്ന് നേരത്തെ ജസ്റ്റിസ് എ കെ രമണ വ്യക്തമാക്കിയിരുന്നു. പിന്നീട് പിഴവ് തിരുത്തി നൽകിയ ഹർജി ലിസ്റ്റ് ചെയ്യുന്നതിനും പരിഗണിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനും മാറ്റിവെക്കുകയായിരുന്നു. തുടർന്നാണ് വൈകുന്നേരത്തോടെ കേസ് ലിസ്റ്റ് ചെയ്തത്.

അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ചിദംബരം നൽകിയ ഹർജി പരിഗണിച്ച ജസ്റ്റിസ് രമണ കേസ് നേരത്തെ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് വിട്ടിരുന്നു. എന്നാൽ ചീഫ് ജസ്റ്റിസ് ഇത് തിരികെ രമണയുടെ ബെഞ്ചിലേയ്ക്ക് മടക്കി. തുടർന്ന് ഉച്ച കഴിഞ്ഞാണ് കേസ് സംബന്ധിച്ച് അഭിഭാഷകരുടെ ചോദ്യത്തിന് മറുപടിയായി കേസ് ചൊവ്വാഴ്ച പരിഗണിക്കാനാവില്ലെന്ന് ജസ്റ്റിസ് രമണ വ്യക്തമാക്കിയത്. ഇതിനിടെ ചിദംബരത്തെ തേടി സിബിഐ സംഘം നിരവധി തവണ അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. എന്നാൽ അദ്ദേഹം എവിടെയാണുള്ളതെന്ന് കണ്ടെത്താനായിരുന്നില്ല. ചിദംബരം ഒളിവിൽ പോയെന്ന നിഗമനത്തിലാണ് അന്വേഷണ ഏജൻസികൾ. സ്ഥിരം സ്ഥലങ്ങൾ ഒഴിവാക്കിയെങ്കിലും അദ്ദേഹം ഡൽഹി വിട്ട് പുറത്തുപോകാൻ സാധ്യതയില്ലെന്നാണ് കരുതുന്നത്. ഇപ്പോൾ മുൻകൂർ ജാമ്യഹർജി ലിസ്റ്റ് ചെയ്യുകയും വെള്ളിയാഴ്ച ഹർജി പരിഗണിക്കുമെന്ന് ഔദ്യോഗികമായി വ്യക്തമാക്കുകയും ചെയ്ത സാഹചര്യത്തിൽ സിബിഐ അറസ്റ്റിലേയ്ക്ക് നീങ്ങിയേക്കില്ലെന്നാണ് സൂചന.

അറസ്റ്റ് തടയണമെന്ന മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ ആവശ്യം പരിഗണിക്കുന്നതു സുപ്രീംകോടതി മാറ്റിവച്ചതിനു പിന്നാലെ എൻഫോഴ്‌സ്‌മെന്റ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. ചിദംബരം രാജ്യം വിടരുതെന്നും നിർദ്ദേശം നൽകിയിുരുന്നു. അതേസമയം ചിദംബരം എവിടെയെന്ന് സൂചനയില്ല. ഇന്നലെയും ഇന്നുമായി മൂന്നു തവണയാണ് സിബിഐയുടെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും സംഘങ്ങൾ ചിദംബരത്തിന്റെ വസതിയിലെത്തിയത്. അതിനിടെ ചിദംബരത്തിന്റെ ജാമ്യഹർജിക്കെതിരെ സുപ്രീംകോടതിയിൽ സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും തടസഹർജി നൽകുകയും ചെയ്തു. എന്നാൽ അദ്ദേഹം എങ്ങും ഒളിച്ചോടിയിട്ടില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. നിയമത്തിന്റെ മുന്നിൽ നിന്ന് ആരും ഒളിച്ചോടിയിട്ടില്ലെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ സൽമാൻ ഖുർഷിദ് പ്രതികരിച്ചു. ഈ സാഹചര്യം ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ഐഎൻഎക്സ് മീഡിയ കേസിൽ ചിദംബരത്തിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് രംഗത്തെത്തി. അഴിമതിപ്പണം കൊണ്ട് ചിദംബരം സ്പെയിനിൽ ടെന്നീസ് ക്ലബ്ബും ബ്രിട്ടനിൽ കോട്ടേജുകളും വാങ്ങിയെന്ന് ഇഡി വെളിപ്പെടുത്തി. ഇതുകൂടാതെ ഇന്ത്യയിലും വിദേശത്തും 54 കോടിയിലേറെ മൂല്യമുള്ള സ്വത്തുക്കൾ വാങ്ങിക്കൂട്ടിയതായും ഇഡി ആരോപിക്കുന്നു. ഐഎൻഎക്സ് മീഡിയ കേസിൽ, ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് കോഴയായി കിട്ടിയ പണമാണ് വസ്തുവകകൾ വാങ്ങാൻ ഉപയോഗിച്ചത്.

ബാഴ്സലോണയിലുള്ള ഭൂമിക്കും ടെന്നീസ് ക്ലബ്ബിനുമായി ഏകദേശം 15 കോടിയുടെ വിലയാണ് കണക്കാക്കുന്നത്. നേരത്തെ ചിദംബരം താമസിക്കുന്ന ഡൽഹിയിലെ 16 കോടി വിലമതിക്കുന്ന ജോർ ബാഗ് ബംഗ്ലാവ് അടക്കം കണ്ടുകെട്ടിയിരുന്നു. കാർത്തിയുടെ നുങ്കബാക്കം ബ്രാഞ്ചിലെ സ്്ഥിരനിക്ഷേപമായ 9.23 കോടിയുംം മറ്റൊരുസ്ഥിര നിക്ഷേപമായ 90 ലക്ഷവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറ്റാച്ച് ചെയ്തിരുന്നു. കാർത്തി ചിദംബരത്തിന് പിറകെ ഐഎൻഎക്സ് മീഡിയ കേസിൽ പി ചിദംബരത്തിനും നിൽക്കക്കള്ളിയില്ലാതായിരിക്കുകയാണ്. കേസിൽ കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ധനമന്ത്രിയുമായ ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളിയതോടെ എപ്പോൾ വേണമെങ്കിലും അദ്ദേഹം അറസ്റ്റിലാവുന്ന സ്ഥിതിയാണ്. സിബിഐയുടെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും ഉദ്യോഗസ്ഥർ ഡൽഹി ജോർബാഗിലെ വീട്ടിൽ ഇന്നലെ തന്നെ എത്തിയെങ്കിലും അവിടെയില്ലാതിരുന്നതിനാൽ അറസ്റ്റ് ചെയ്യാനായില്ല. ചിദംബരം ധനമന്ത്രിയായിരിക്കേ ഐഎൻഎക്സ് മീഡിയ കമ്പനിക്ക് വിദേശത്തുനിന്ന് മുതൽമുടക്കായി 305 കോടി രൂപ കൊണ്ടുവരാൻ വിദേശനിക്ഷേപ പ്രോൽസാഹന ബോർഡിന്റെ അനുമതി ലഭിച്ചതിൽ ക്രമക്കേടുണ്ടെന്നാണ് കേസ്.

മകന്റെ വഴിയെ പിതാവും

സ്റ്റാർ ഇന്ത്യ മുൻ സിഇഒ പീറ്റർ മുഖർജി, ഭാര്യ ഇന്ദ്രാണി മുഖർജി എന്നിവരുടെ കമ്പനിയായ ഐഎൻഎക്‌സ് മീഡിയയ്ക്കു വഴിവിട്ടു വിദേശനിക്ഷേപം സ്വീകരിക്കാൻ ഇടനിലനിന്നെന്ന് ആരോപിക്കപ്പെട്ട് അറസ്റ്റിലായ കാർത്തി ഇപ്പോൾ ജാമ്യത്തിലാണ്. അഴിമതിപ്പണം ഐഎൻഎക്‌സ് മീഡിയ വഴി കാർത്തിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾക്കു ലഭിച്ചെന്നാണ് ആരോപണം. മകൾ ഷീന ബോറയെ കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ ഇന്ദ്രാണി മുഖർജി ഈ കേസിൽ മാപ്പുസാക്ഷിയാകുകയും ചെയ്തു. 2017 മെയ് 15നാണു സിബിഐ കേസെടുത്തത്. കള്ളപ്പണം വെളുപ്പിച്ചതായി ആരോപിച്ചു കഴിഞ്ഞ വർഷം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്തു.

ഒന്നാം യുപിഎ സർക്കാരിന്റെ കാലത്താണ് ഐഎൻഎക്സ് മീഡിയ കേസും വിവാദങ്ങളും പുറത്ത് വരുന്നത്. ഐഎൻഎക്സ് മീഡിയയ്ക്ക് വിദേശനിക്ഷേപ പ്രോൽസാഹന ബോർഡിന്റെ അനുമതി ലഭിച്ചത് അനധികൃതമായാണെന്നും ഇതിൽ അഴിമതി നടന്നിട്ടുണ്ടെന്നും ആരോപണം ്ആദ്യം പുറത്ത്വന്നത് പാർട്ടി വൃത്തങ്ങളിൽനിന്ന് തന്നെയാണ്. 4.62 കോടി രൂപയുടെ വിദേശ നിക്ഷേപത്തിനാണ് എഫ്ഐപിബി അനുമതി നൽകിയത്. എന്നാൽ ഐഎൻഎക്സ് മീഡിയ ഐഎൻഎക്സ് ന്യൂസിലേക്ക് ഡൗൺസ്ട്രീം ഇൻവെസ്റ്റ്മെന്റ് നടത്തുന്നതിന് അനുമതി നൽകിയിരുന്നില്ല. പക്ഷേ വ്യവസ്ഥകൾ ലംഘിച്ച് ഐഎൻഎക്സ് ന്യൂസിൽ നിക്ഷേപം കൊണ്ടുവന്നതാണ് വിവാദത്തിന് കാരണമായത്. ഇതിലൂടെ 305 കോടിയിലധികം രൂപ സമാഹരിക്കുകയും ചെയ്തു.

കാർത്തിയുമായി ചേർന്നാണ് ഐഎൻഎക്സ് മീഡിയ ഈ തട്ടിപ്പ് നടത്തിയതെന്നും ആരോപണം ഉയർന്നു. എന്നാൽ കാർത്തിയുടെ സ്വാധീനം ഉപയോഗിച്ച് ഐഎൻഎക്സ് മീഡിയ തങ്ങൾക്കെതിരായ നടപടി ഒഴിവാക്കി. തുടർന്ന് പുതിയ പ്രപ്പോസൽ നൽകാൻ നിർദ്ദേശിച്ചതിന് പിന്നാലെ കാർത്തി ചിദംബരത്തിന്റെ സ്ഥാപനമായ അഡ്വാന്റേജ് സ്ട്രാറ്റജിക് കൺസൾട്ടിങ് പ്രൈവറ്റ് ലിമിറ്റഡിന് 10 ലക്ഷം രൂപ കൈക്കൂലി നൽകിയതായും സിബിഐ ആരോപിക്കുന്നു. പ്രപ്പോസൽ നൽകാനുള്ള അനുമതി പി ചിദംബരം നൽകിയെന്നും സിബിഐ പറഞ്ഞു. കാർത്തിയുടെ ഈ കമ്പനിക്ക് ഐഎൻഎക്സ് മീഡിയ നൽകിയ പേയ്മെന്റുകൾ എല്ലാം തന്നെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയ രേഖകളിൽ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിബിഐ 2017 മെയ് മാസത്തിൽ അഴിമതി കേസ് രജിസ്റ്റർ ചെയ്തു.

2017 മെയ് 15നാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്. 2018ൽ ആദായനികുതി വകുപ്പ് കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്യുകയും പി ചിദംബരത്തിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കാർത്തിയുമായും ചിദംബരവുമായും ബന്ധമുള്ള സ്ഥലങ്ങളിലെല്ലാം റെയ്ഡും നടത്തി. തുടർന്ന് കാർത്തിക്കെതിരെ കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെ കേസെടുത്തു. പിന്നീട് കാർത്തിയെ സിബിഐ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് പുറത്തിറങ്ങുകയും ചെയ്തു. ഒന്നാം യുപിഎ സർക്കാറിന്റെ ഈ കാലയളവിൽ നടന്നത് ദല്ലാൾ രാഷ്ട്രീയമാണെന്നാണ് സിബിഐ പറയുന്നത്.

സിബിഐയുടെ അഴിമതി കേസിൽ മുൻകൂർ ജാമ്യം തേടി ചിദംബരം നേരത്തേ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജൂലൈ 23ന് ആദായ നികുതി വകുപ്പ് രജിസ്റ്റർ ചെയ്ത് മണി ലോണ്ടറിങ് കേസിലും പി ചിദംബരം മുൻകൂർ ജാമ്യം തേടിയിരുന്നു. ജൂലൈ 25ന് രണ്ട് കേസിലും പി ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർന്നാണ് ഇന്നലെ ഡൽഹി ഹൈക്കോടതി ചിദംബരത്തിന്റെ മുൻകൂർ ജാമ്യപേക്ഷ തള്ളിയത്. ജസ്റ്റിസ് സുനിൽ ഗൗർ നാളെ വിരമിക്കാനിരിക്കെയാണു ചിദംബരത്തിനു മുൻകൂർ ജാമ്യം നിഷേധിച്ചത്. അതിലും, ഉച്ചതിരിഞ്ഞ് 3.30നു മാത്രം ഉത്തരവു നൽകിയതിലും സ്റ്റേ നൽകാതിരുന്നതിലും പ്രമുഖ അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ അസ്വാഭാവികത ആരോപിക്കുകയും ചെയ്തു. അഴിമതിയുടെ മുഖ്യസൂത്രധാരൻ ചിദംബരമാണെന്ന് ജസ്റ്റിസ് സുനിൽ ഗൗർ ഉത്തരവിൽ പറഞ്ഞിരുന്നു. തെളിവുകൾ പരിഗണിക്കുമ്പോൾ, ജാമ്യം അനുവദിക്കാനാവില്ലെന്നും എംപിയാണെന്നത് അറസ്റ്റ് ഒഴിവാക്കുന്നതിനു ന്യായീകരണമാവില്ലെന്നും വ്യക്തമാക്കിയിരുന്നു.

കേസ് അടിസ്ഥാനമില്ലാത്തതും രാഷ്ട്രീയപരമായ ഉദ്ദേശ്യത്തോടെ ഉള്ളതാണെന്നും പറയുന്നത് അംഗീകരിക്കാനാകില്ലെന്നും എത്ര വലിയ പദവിയിലുള്ളവരാണെങ്കിലും തെറ്റ് ചെയ്തവരെ ലോകം അറിയണമെന്നുമാണ് കോടതി പറഞ്ഞത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ കൃത്യതയോടെ നേരിടേണ്ടതുണ്ട്. വൻകിട സാമ്പത്തിക കുറ്റകൃത്യങ്ങളിൽ അന്വേഷണ ഏജൻസികൾക്കു കൂച്ചുവിലങ്ങിടാനാകില്ല. ഇത്തരത്തിലുള്ളവർക്ക് ജാമ്യമനുവദിക്കുന്നതു തെറ്റായ സന്ദേശം നൽകുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

കേസിന്റെ നാൾ വഴികൾ

2017 മെയ് 15: പി ചിദംബരം കേന്ദ്ര മന്ത്രിയായിരുന്നപ്പോൾ 305 കോടി രൂപയ്ക്ക് വിദേശ ഫണ്ട് സ്വീകരിച്ചതിന് ഐഎൻഎക്സ് മീഡിയയ്ക്ക് എഫ്ഐപിബി ക്ലിയറൻസ് നൽകിയതിൽ ക്രമക്കേട് നടത്തിയെന്നാരോപിച്ച് സിബിഐ എഫ്ഐആർ ഫയൽ ചെയ്തു. കൂടാതെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കലിന് കേസും ഫയൽ ചെയ്തു.

ജൂൺ 16: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഫോറിനർ റീജിയണൽ രജിസ്ട്രേഷൻ ഓഫീസറും ബ്യൂറോ ഓഫ് ഇമിഗ്രേഷനും കാർത്തിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

ഓഗസ്റ്റ് 10: മദ്രാസ് ഹൈക്കോടതി കാർത്തിക്കും മറ്റ് നാല് പേർക്കും എതിരെ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസ് സ്റ്റേ ചെയ്തു.

ഓഗസ്റ്റ് 14: സുപ്രീംകോടതി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു.

ഓഗസ്റ്റ് 18: സിബിഐക്ക് മുന്നിൽ ഹാജരാകാൻ സുപ്രീംകോടതി കാർത്തിയോട് ആവശ്യപ്പെട്ടു.

സെപ്റ്റംബർ 11: കാർത്തിയുടെ 25 വിദേശ സ്വത്തുക്കളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് കൈവശമുണ്ടെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു.

സെപ്റ്റംബർ 22: വിദേശ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നും കാർത്തിയെ വിദേശയാത്രയിൽ നിന്ന് തടയണമെന്നും സിബിഐ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.

ഒക്ടോബർ 9: മകളെ കേംബ്രിഡ്ജ് സർവകലാശാലയിൽ പ്രവേശിപ്പിക്കാൻ യുകെ സന്ദർശിക്കാൻ കാർത്തി സുപ്രീംകോടതിയുടെ അനുമതി തേടി.
നവംബർ 20: മകളുടെ പഠനവുമായി ബന്ധപ്പെട്ട് കാർത്തിക്ക് യുകെ യിൽ പോകാൻ അനുമതി ലഭിച്ചു.

ഡിസംബർ 8: എയർസെൽ-മാക്സിസ് കേസിൽ തനിക്കെതിരെ സിബിഐ പുറപ്പെടുവിച്ച സമൻസിനെ ചോദ്യം ചെയ്ത് കാർത്തി സുപ്രീംകോടതിയെ സമീപിച്ചു.

2018 ഫെബ്രുവരി 28: കാർത്തിയെ ചെന്നൈ വിമാനത്താവളത്തിൽ വച്ച് സിബിഐ അറസ്റ്റ് ചെയ്തു. ഡൽഹി കോടതി കാർത്തിയെ ഒരുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

മാർച്ച് 6: പ്രത്യേക കോടതി കാർത്തിയെ 3 ദിവസത്തെ സിബിഐ കസ്റ്റഡിക്ക് വിട്ടു.

മാർച്ച് 12: കോടതി കാർത്തിയെ 12 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിക്ക് വിട്ടു. അഴിമതിക്കേസിൽ ജാമ്യം തേടി കാർത്തി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.

മാർച്ച് 15: കാർത്തിയെ ഇഡി അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് സുപ്രീംകോടതി ഇടക്കാല സംരക്ഷണം നൽകുന്നു.

മാർച്ച് 23: ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ കാർത്തിക്ക് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു.

മെയ് 30: അഴിമതിക്കേസിൽ ജാമ്യാപേക്ഷ തേടി ചിദംബരം ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.

ജൂലൈ 23: ഇഡിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻകൂർ ജാമ്യത്തിനായി ചിദംബരം ഹൈക്കോടതിയെ സമീപിച്ചു.

ജൂലൈ 25: രണ്ട് കേസുകളിലും അറസ്റ്റിൽ നിന്ന് ഹൈക്കോടതി ചിദംബരത്തിന് ഇടക്കാല സംരക്ഷണം നൽകി

ഒക്ടോബർ 11 : ചിദംബരത്തിന്റെ ജോർ ബാഗ്ബംഗ്ലാവിന്റെ 50 ശതമാനം എൻഫോഴ്സ്മെന്റ് പിടിച്ചെടുത്തു.

2019 ജൂലൈ 11: ഐഎൻഎക്സ് മീഡിയ ഉടമയായ ഇന്ദ്രാണി മുഖർജിയെ മാപ്പുസാക്ഷിയാക്കി.

ഓഗസ്റ്റ് 20: ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ 3 ദിവസത്തേക്ക് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ചിദംബരത്തിന്റെ ആവശ്യവും കോടതി തള്ളി.

ഓഗസ്റ്റ് 21: സുപ്രീം കോടതിയിൽ ചിദംബരം സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി വെള്ളിയാഴ്‌ച്ച പരിഗണിക്കുമെന്ന് സുപ്രീംകോടതി രജിസ്ട്രാർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP