Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്റർപോളിന്റെ തലവനെ ചൈനീസ് ഭരണകൂടം തടവിലാക്കിയോ അതോ കൊന്നു കുഴിച്ചു മൂടിയോ? മെങ് ഹോങ്വെയെ കാണാതായത് ചൈനയിൽ ലാൻഡ് ചെയ്തതിന് തൊട്ടു പിന്നാലെ; സർക്കാരിനും മേലെ വളരുന്ന ആരെയും വെച്ചുപൊറുപ്പിക്കാത്ത ചൈനീസ് ഭരണ കൂടം മെങിനെ റാഞ്ചിയതായി റിപ്പോർട്ട്; മെങ് ജീവനോടെയുണ്ടോ എന്ന് അന്വേഷിച്ച് ഇന്റർപോൾ: മെങിന്റെ തിരോധാനത്തിൽ ഒന്നും പ്രതികരിക്കാതെ ചൈനീസ് സർക്കാർ

ഇന്റർപോളിന്റെ തലവനെ ചൈനീസ് ഭരണകൂടം തടവിലാക്കിയോ അതോ കൊന്നു കുഴിച്ചു മൂടിയോ? മെങ് ഹോങ്വെയെ കാണാതായത് ചൈനയിൽ ലാൻഡ് ചെയ്തതിന് തൊട്ടു പിന്നാലെ; സർക്കാരിനും മേലെ വളരുന്ന ആരെയും വെച്ചുപൊറുപ്പിക്കാത്ത ചൈനീസ് ഭരണ കൂടം മെങിനെ റാഞ്ചിയതായി റിപ്പോർട്ട്; മെങ് ജീവനോടെയുണ്ടോ എന്ന് അന്വേഷിച്ച് ഇന്റർപോൾ: മെങിന്റെ തിരോധാനത്തിൽ ഒന്നും പ്രതികരിക്കാതെ ചൈനീസ് സർക്കാർ

മറുനാടൻ ഡെസ്‌ക്‌

ബെയ്ജിങ്: അന്വേഷണ ഏജൻസികളുടെ തലതൊട്ടപ്പനാണ് ഇന്റർപോൾ എങ്കിലും അതിന്റെ തലവൻ ചൈനീസ് സർക്കാരിനെ സംബന്ധിച്ചിടത്തോളം കേവലം തങ്ങളുടെ ഒരു രാജ്യത്തെ പൗരന്മാത്രമാണ്. സർക്കാരിനും മേലെ പറന്നു എന്നു തോന്നിയാൽ പിന്നെ വെച്ചു പൊറുപ്പിക്കത്തുമില്ല. കഴിഞ്ഞ ദിവസം മുതൽ കാണാതായ ഇന്റർപോളിന്റെ തലവൻ മെങ് ഹോങ് വേയുടെ തിരോധാനവും വിരൽ ചൂണ്ടുന്നത് സർക്കാരിനെതിരെ ശബ്ദിക്കുന്ന ആരെയും നിശബ്ദമാക്കുന്ന ചൈനീസ് സർക്കാരിന്റെ കറുത്ത കരങ്ങളിലേക്കാണ്.

ഇന്റർപോളിന്റെ ആസ്ഥാനമായ ഫ്രാൻസിലെ ലിയോണിൽ നിന്നും ചൈനയിൽ ലാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് മെങ് ഹോങ് വേയെ കാണാതായത്. ചൈനീസ് സർക്കാരിന് അനഭിമതനായിരുന്ന മെംഗിനെ സർക്കാർ തന്നെ തടങ്കലിൽ ആക്കിയെന്ന സൂചനകളാണ് പുറത്ത് വരുന്നത്. അന്വേഷണ സംഘവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ തന്നെ ഇക്കാര്യം സൂചിപ്പിക്കുന്നു. എന്നാൽ രാജ്യാന്തര തലത്തിൽ ചർച്ചയായിട്ടും ഇതേ കുറിച്ച് ഒരക്ഷരം പറയാൻ ചൈനീസ് ഭരണകൂടം തയ്യാറായിട്ടില്ല. കഴിഞ്ഞ മാസം 25 മുതലാണ് മെംഗ് ഹോംഗ്വെയെ കാണാതായത്. തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ ഫ്രഞ്ച പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ലിയോൺ നഗരത്തിലെ പൊലീസിനെയാണ് അവർ വിവരം അറിയിച്ചത്.

ചൈനീസ് സർക്കാരിന് അനഭിമതനായിരുന്ന മെംഗിനെ സർക്കാർ തന്നെ തടങ്കലിൽ ആക്കിയെന്ന സൂചനകളാണ് പുറത്ത് വരുന്നത്. അന്വേഷണ സംഘവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ തന്നെ ഇക്കാര്യം സൂചിപ്പിക്കുന്നു. ലിയോണിൽ തന്നെ കഴിയുന്ന മെംഗിന്റെ ഭാര്യയ്ക്ക് ഫ്രാൻസ് സർക്കാർ സംരക്ഷണം നൽകുന്നുണ്ട്. മെംഗിന്റെ തിരോധാനത്തിൽ ചൈനീസ് സർക്കാരിന് പങ്കുണ്ടെന്ന സംശയങ്ങൾ ഉയരവെ തന്നെ ചൈനയുടെ മൗനവും ദുരൂഹതയുണർത്തുന്നു. ചൈനീസ് പൗരനായിരുന്നിട്ടും രാജ്യത്തിന്റെ ഔദ്യോഗിക മാധ്യമങ്ങളിലൊന്നും മെംഗിനെക്കുറിച്ച് പരാമർശമില്ല.

രാജ്യത്ത് എത്തിയ ഉടൻ മെംഗിനെ സർക്കാർ ഏജൻസികൾ ചോദ്യം ചെയ്യലിനായി കൊണ്ടു പോയതാകാമെന്നാണ് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇക്കാര്യത്തിലും സ്ഥിരീകരണമില്ല. എന്നാൽ സർക്കാരിനെതിരെ ശബ്ദിക്കുന്ന ആരെയും നിശബ്ദമാക്കുന്ന ചൈനീസ് ഭരണ കൂടം മെങിനെ തടവിലാക്കി എന്ന് തന്നെയാണ് ഇന്റർപോളും വിശ്വസിക്കുന്നത്. അദ്ദേഹം എവിടെയാണെന്നോ തിരോധാനത്തിന്റെ കാരണമെന്താണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല.

64കാരനായ മെംഗ് ചൈനയിലേക്ക് യാത്ര നടത്തിയതിന്റെ ഉദ്ദേശം എന്താണെന്ന് വ്യക്തമല്ല. ചൈനീസ് ഭരണകൂടത്തിന് അപ്രിയമായ എന്തോ ഒരു കാര്യം മെങ് ചെയ്തതായി ഇന്റർപോളും സംശയിക്കുന്നു. അതിന്റെ പേരിൽ സർക്കാർ തലത്തിൽ തന്നെയാകണം മെങ്ങിനെ പിടിച്ചുവച്ചിരിക്കുന്നത്. അതിനാൽത്തന്നെ ചൈനീസ് ഭരണകൂടത്തിന്റെ അറിവോടെയാണ് ഈ തിരോധാനമെന്ന അഭ്യൂഹവും ശക്തമാണ്. സമീപകാല ചരിത്രം പരിശോധിച്ചാൽ ഇതിനുള്ള സാധ്യതകൾ കൂടുതലാണു താനും.

ചൈനയിലെത്തിയ ഉടൻ സർക്കാർ റാഞ്ചിയത് തന്നെ
സർക്കാരിന്റെ നിരീക്ഷണത്തിലായിരുന്ന മെങ്ങിനെ ചൈനയിലെത്തിയ ഉടൻ അന്വേഷണ ഏജൻസികൾ റാഞ്ചിയതാകാനാണു സാധ്യതയെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ചൈനയിൽ നിന്നാണ് മെങ് അപ്രത്യക്ഷനായതെങ്കിൽ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണമാകാം ഇതിനു പിന്നിലെന്നാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രത്തിന്റെ മുൻ എഡിറ്റർ ഡെങ്‌യുവെൻ പറയുന്നത്. ചൈനയിൽ സുരക്ഷാ സഹമന്ത്രിയായിരുന്ന മെങ് പൊലീസിലും കോസ്റ്റ് ഗാർഡിലും മറ്റും ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്.

മെങ് ചൈനയിലായിരിക്കെ സഹകരിച്ചു പ്രവർത്തിച്ചിരുന്ന പല പ്രമുഖരും പ്രസിഡന്റ് ഷി ചിൻപിങിന്റ നോട്ടപ്പുള്ളികളായതോടെ ഇപ്പോൾ തടവറയിലാണ്. മുൻ സുരക്ഷാമേധാവി ഷൗ യോങ്കാങാണ് ഇതിൽ പ്രധാനി. രാജ്യാന്തരതലത്തിൽ എത്ര ഉന്നതസ്ഥാനം വഹിക്കുന്ന വ്യക്തിയാണെങ്കിലും ചൈനയുടെ പൗരന്മാരെ സംബന്ധിച്ചിടത്തോളം അതു രക്ഷാകവചമല്ലെന്നു ഭരണകൂടം തന്നെ അടുത്തിടെ നൽകിയ മുന്നറിയിപ്പുമായി മെങ്ങിന്റെ തിരോധാനത്തെ കൂട്ടിവായിക്കണമെന്നാണു നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. പാർട്ടി നിയമങ്ങളിൽനിന്നു വ്യതിചലിക്കുന്ന ഉദ്യോഗസ്ഥരെ കുരുക്കി അഴിമതി ആരോപണങ്ങളുടെ ചങ്ങലയ്ക്കുള്ളിലാക്കുന്നത് ചൈനയെ സംബന്ധിച്ചിടത്തോളം പുതിയ സംഭവമല്ല.

ചൈനയിൽ നിന്നും അപ്രത്യക്ഷമാകുന്ന രണ്ടാമത്തെ പ്രശസ്ത വ്യക്തി
ചുരുങ്ങിയ കാലത്തിനുള്ളിൽ ചൈനയിൽ നിന്നും അപ്രത്യക്ഷമാകുന്ന രണ്ടാമത്തെ പ്രശസ്തനാണ് മെങ് ഹോങ്വെ. പ്രശസ്ത നടി ഫാൻ ബിങ്ബിങ് ആണ് ഈ കണ്ണിയിലെ ആദ്യ വ്യക്തി. ജൂണിൽ ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷയായ ഫാൻ ആദായ നികുതി ഉദ്യോഗസ്ഥരുടെ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന ഔദ്യോഗിക സ്ഥിരീകരണം വന്നത്, മെങ് കാണാതായതിന്റെ രണ്ടു ദിവസം മുൻപു മാത്രമാണ്.

നികുതിവെട്ടിപ്പ് ആരോപിച്ച് 70 ദശലക്ഷം ഡോളർ പിഴയാണ് ആദായനികുതി വകുപ്പ് ഇവർക്കു ചുമത്തിയിട്ടുള്ളത്. ഹോളിവുഡ് ചിത്രങ്ങളിൽ വരെ അഭിനയിച്ച ഫാനിന്റെ തിരോധാനത്തിനു പിന്നിൽ രാജ്യത്തെ ഔദ്യോഗിക സംവിധാനം തന്നെയാണെന്നു നേരത്തേ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതാണു വൈകിയാണെങ്കിലും സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. മെങ്ങിന്റെ കാര്യത്തിലും ഇതുതന്നെയാകും സംഭവിച്ചിട്ടുണ്ടാക്കുക എന്നാണ് അനുമാനം.

അഴിമതി തടയാൻ 'കടുവാവേട്ട'
അഴിമതി നടത്തിയതായി സംശയിക്കുന്ന ഉന്നതരെ ഉൾപ്പെടെ പിടികൂടാനായി വിപുലമായ അധികാരങ്ങളോടു കൂടിയ അഴിമതിവിരുദ്ധ അന്വേഷണ ഏജൻസിക്ക് ഷി ചിൻപിങ് ഈ വർഷം രൂപം നൽകിയിരുന്നു. അന്വേഷണ പരിധിയിലുള്ള ഉദ്യോഗസ്ഥർ ഒരു മുന്നറിയുപ്പുമില്ലാതെ ആഴ്ചകളോ മാസങ്ങളോ അപ്രത്യക്ഷരാകും. പിന്നീടാകും അന്വേഷണ സംഘങ്ങളാണ് ഈ തിരോധാനങ്ങളുടെ പിന്നിലെന്ന കാര്യം ഔദ്യോഗികമായി പുറത്തുവരിക.

ഷിങ്ജിയാങ് പ്രവിശ്യയിലെ മുൻ ഗവർണർ നൂർ ബെക്കറി അന്വേഷണ പരിധിയിലാണെന്ന് ഈയടുത്തകാലത്താണ് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്. ഇത്തരത്തിൽ 'വേട്ടയാടി' പിടിക്കപ്പെടുന്ന മുതിർന്ന ഉദ്യോഗസ്ഥർ 'കടുവകൾ' എന്ന കോഡ് നാമത്തിലാണ് അറിയപ്പെടുന്നത്. വിമതസ്വരം പ്രകടമാക്കുന്നവരെ വേട്ടയാടുന്ന രീതി മുൻകാലങ്ങളെപ്പോലെ സജീവമല്ലെങ്കിലും 'കടുവ'കളുടെ കാര്യത്തിൽ ഇതിനു സാരമായ മാറ്റം വന്നിട്ടില്ല. തന്റെ അറിവിൽ ഈ വർഷം 17 'കടുവ'കളെ ചൈനയിലെ അന്വേഷണ ഏജൻസികൾ പിടികൂടിയിട്ടുണ്ടെന്നും മെങ് ഈ പട്ടികയിലെ 18-ാമനാകാനാണു സാധ്യതയെന്നും ചൈനയിലെ അഴിമതിയെ സംബന്ധിച്ച് പഠനം നടത്തുന്ന, ജോർജിയ സർവകലാശാലയിലെ രാഷ്ട്രീയ നിരീക്ഷകൻ ആൻഡ്രു വേഡ്മാൻ ചൂണ്ടിക്കാട്ടി.

ക്രിമിനൽ ജസ്റ്റിസ്, പൊലീസിങ് മേഖലയിൽ 40 വർഷത്തെ അനുഭവസമ്പത്തുള്ള മെംഗ് 2016 നവംബറിലാണ് ഇന്റർപോൾ മേധാവിയായത്. 192 രാജ്യങ്ങളുടെ കൂട്ടായ്മയായ ഇന്റർപോളിന്റെ തലവനായി തങ്ങളുടെ പൗരൻ വരുന്നത് ചൈന ദുരുപയോഗം ചെയ്തേക്കുമെന്ന് ആരോപണം ഉയർന്നിരുന്നു. തീവ്രവാദവും അഴിമതിയും ആരോപിക്കപ്പെട്ട് മറ്റ് രാജ്യങ്ങളിൽ കഴിയുന്ന ചൈനീസ് പൗരന്മാരെ നാട്ടിലെത്തിക്കാൻ ചൈന ഇന്റർപോളിലുള്ള അധികാരം ദുരുപയോഗം ചെയ്തേക്കുമെന്നായിരുന്നു ആശങ്കയുയർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP