Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202121Tuesday

രാജപ്പൻ ചേട്ടനെ തേടി അന്താരാഷ്ട്ര പുരസ്‌ക്കാരം എത്തുമ്പോൾ അത്യാഹ്ലാദം ആർപ്പൂക്കരയിലെ ഫോട്ടോഗ്രാഫർ നന്ദുവിന്; തായ്വാൻ പുരസ്‌ക്കാരം വേമ്പനാട് കായലിന്റെ സംരക്ഷകനെ തേടിയെത്തിയത് നന്ദു സോഷ്യൽ മീഡിയയിൽ വിവരങ്ങൾ ശ്രദ്ധയിൽ പെട്ടതോടെ; പുരസ്‌ക്കാര ലബ്ദിയിലും മനം മറക്കാതെ ജോലി തുടർന്ന് രാജപ്പൻ

രാജപ്പൻ ചേട്ടനെ തേടി അന്താരാഷ്ട്ര പുരസ്‌ക്കാരം എത്തുമ്പോൾ അത്യാഹ്ലാദം ആർപ്പൂക്കരയിലെ ഫോട്ടോഗ്രാഫർ നന്ദുവിന്; തായ്വാൻ പുരസ്‌ക്കാരം വേമ്പനാട് കായലിന്റെ സംരക്ഷകനെ തേടിയെത്തിയത് നന്ദു സോഷ്യൽ മീഡിയയിൽ വിവരങ്ങൾ ശ്രദ്ധയിൽ പെട്ടതോടെ; പുരസ്‌ക്കാര ലബ്ദിയിലും മനം മറക്കാതെ ജോലി തുടർന്ന് രാജപ്പൻ

ആർ പീയൂഷ്

കോട്ടയം: വേമ്പനാട് കായലിന്റെ സംരക്ഷകനായ രാജപ്പൻ ചേട്ടന് തായ്വാൻ സുപ്രീം മാസ്റ്റർ ചിങ് ഹായ് ഇന്റർനാഷണലിന്റെ വേൾഡ് പ്രൊട്ടക്ഷൻ അവാർഡ് ലഭിച്ച സംഭവം ഇപ്പോഴും നന്ദുവിന് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. രാജപ്പൻ ചേട്ടനെ ലോകം അറിയിച്ച ഫോട്ടോ ഗ്രാഫറാണ് ആർപ്പൂക്കര സ്വദേശി കെ.എസ് നന്ദു. മേനകാഗാന്ധി ഉൾപ്പെടെയുള്ളവർക്ക് മുൻപ് ഈ അവാർഡ് ലഭിച്ചിട്ടുണ്ട്. രാജപ്പനെക്കുറിച്ച് ആർപ്പൂക്കര വില്ലൂന്നി സ്വദേശിയായ കെ.എസ്. നന്ദു സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്ത വിവരങ്ങൾ തായ്വാനിലെ സംഘടനയുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് പുരസ്‌കാരത്തിനായി പരിഗണിക്കപ്പെട്ടത്. അവാർഡ് വന്ന വഴിയെപറ്റി നന്ദു പറയുന്നതിങ്ങനെ:

കഴിഞ്ഞ മെയ് 5 ന് നന്ദുവിന്റെ ഫോണിലേക്കൊരു വാട്ട്സാപ്പ് മെസ്സേജ് വന്നു. പ്രിയപ്പെട്ട നന്ദു, ഞാൻ ബിപിൻ തോസനി, തായ്വാൻ സുപ്രീം മാസ്റ്റർ ചിങ് ഹായ് ഇന്റർനാഷണലിന്റെ പ്രതിനിധിയാണ്. ഇത്തവണത്തെ വേൾഡ് പ്രൊട്ടക്ഷൻ ഷൈനിങ് അവാർഡ് രാജപ്പനാണ് ലഭിച്ചിരിക്കുന്നത്. അവാർഡ് തുകയായ 10,000(7,30,081 രൂപ) ഡോളർ അയക്കാനായി രാജപ്പന്റെ അക്കൗണ്ട് നമ്പർ അയച്ചു കൊടുക്കണമെന്നുമായിരുന്നു ആവശ്യം. ആദ്യം ഫേക്കാണെന്ന് കരുതിയെങ്കിലും ഇന്റർനെറ്റിൽ പരതിയപ്പോൾ സംഗതി സത്യമാണെന്ന് മനസ്സിലായി. ഉടൻ തന്നെ മറുപടി മെയിൽ അക്കൗണ്ട് നമ്പർ സഹിതം അയച്ചു കൊടുത്തു. ഏതാനം ദിവസങ്ങൾക്ക് മുൻപ് രാജപ്പന്റെ അക്കൗണ്ടിലേക്ക് പണം വരികയും ചെയ്തു. പിന്നീട് നന്ദുവിന്റെ വിലാസത്തിൽ അവാർഡ് ഫലകവും പ്രശംസാ പത്രവും മറ്റും അവർ കൊറിയറായി അയച്ചു കൊടുക്കുകയും ചെയ്തിരുന്നു.

പണം ലഭിച്ച ശേഷം നന്ദുവിന്റെ വിലാസത്തിൽ എത്തിയ അവാർഡ് ഫലകവും മറ്റും വാങ്ങാൻ രാജപ്പൻ ചേട്ടൻ നന്ദുവിന്റെ വീട്ടിലെത്തി. ഏറെ സന്തോഷവാനായിരുന്നു അദ്ദേഹം. അവാർഡ് ഫലകവും പ്രശംസാ പത്രവും ഏറ്റുവാങ്ങി എല്ലാവർക്കും നന്ദി പറഞ്ഞു. ഇത്രയും രൂപ ലഭിച്ചിട്ടും ഇപ്പോഴും പഴയ കർമ്മം തുടർന്നു കൊണ്ടേയിരിക്കുകയാണ്. പ്രധാനമന്ത്രി പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ കഴിഞ്ഞ ജനുവരി 31നാണ് രാജപ്പന്റെ പ്രകൃതി സ്നേഹത്തെ പ്രശംസിച്ചത്.

73ാമത് മൻ കി ബാത്തിലാണ് വേമ്പനാട് കായലിന്റെ സംരക്ഷകൻ രാജപ്പനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത്. കായലിൽ വലിച്ചെറിയുന്ന കുപ്പി പെറുക്കി ജീവിക്കുന്ന ആളാണ് കോട്ടയം കുമരകം സ്വദേശിയായ രാജപ്പൻ. പക്ഷാഘാതം ബാധിച്ച് ജന്മനാ രണ്ട് കാലുകൾക്കും സ്വാധീനമില്ല. അവശനാണെങ്കിലും മീനച്ചിലാറിലും വേമ്പനാട്ട് കായലിലും വലിച്ചെറിയുന്ന കുപ്പിയും മറ്റും പെറുക്കി വിറ്റാണ് രാജപ്പൻ ജീവിതമാർഗം കണ്ടെത്തുന്നത്. മഹാത്തായ ജോലിയാണ് അദ്ദേഹം ചെയ്യുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതോടെയാണ് രാജപ്പൻ ചേട്ടൻ ലോക പ്രശസ്തനാകുന്നത്.

കുപ്പി വിറ്റാൽ കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് രാജപ്പേട്ടന്റെ ജീവിതം. രാവിലെ ആറ് മണിയാകുമ്പോൾ രാജപ്പൻ വള്ളവുമായി കായലിൽ ഇറങ്ങും. മിക്കപ്പോഴും രാത്രിയാകും മടങ്ങിയെത്താൻ. കൂടുതലൊന്നും കിട്ടിയില്ലെങ്കിലും അന്നത്തെ ചെലവിനുള്ള ചില്ലറ മാത്രം കിട്ടണമെന്നാണ് ഇദ്ദേഹത്തിന് പറയാനുള്ളത്. ആറ് വർഷമായി രാജപ്പൻ ഈ തൊഴിൽ ചെയ്യാൻ തുടങ്ങിയിട്ട്. പൊളിഞ്ഞു വീഴാറായ വീട്ടിലാണ് രാജപ്പന്റെ താമസം. വീട്ടിൽ വൈദ്യുതിയുമില്ല. മെഴുകുതിരി കത്തിച്ചാണ് രാത്രി തള്ളി നീക്കുന്നത്. എങ്കിലും തന്റെ ജോലിയിൽ രാജപ്പൻ സന്തുഷ്ടനാണ്.

വീട്ടിൽ നിന്നു രാവിലെ ഒൻപതോടെ പുറപ്പെടും. വഞ്ചി നിറയെ പ്ലാസ്റ്റിക് കുപ്പികളുമായി തിരികെയെത്തുമ്പോൾ നേരം ഇരുട്ടും. ചിലപ്പോൾ പിറ്റേന്നാകും മടങ്ങിയെത്തുക. കൈകൾ നിലത്തു കുത്തി ഇഴഞ്ഞേ മുന്നോട്ടു നീങ്ങാൻ കഴിയൂ. പല ജോലികളും ചെയ്തു നോക്കിയെങ്കിലും ആരോഗ്യപ്രശ്‌നം മൂലം തുടരാനായില്ല. ഇതോടെയാണു ശ്രമകരമല്ലാത്ത ജോലികളിലേക്കു തിരിഞ്ഞത്. ദിവസക്കൂലിക്ക് എടുത്ത വള്ളത്തിലാണ് ആദ്യം കായലിൽ പോയിരുന്നത്. പിന്നീടു സന്നദ്ധ സംഘടനകളുടെ കാരുണ്യത്തിൽ സ്വന്തമായി വള്ളം കിട്ടി. അങ്ങനെ പുതിയ രക്ഷാ ദൗത്യത്തിന്റെ നായകനായി. ഇതിനിടയിലാണ് തായ് വാനിൽ നിന്നും അവാർഡ് എത്തുന്നത്.

ലോകം മുഴുവൻ ആദരിക്കുമ്പോഴും സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു സഹായമോ അബിനന്ദനമോ ലഭിച്ചിട്ടില്ല. എങ്കിലും ഈ സാധു മനുഷ്യൻ തന്റെ കർമപഥത്തിൽ ശ്രദ്ധയൂന്നി മുന്നോട്ട് തുഴയുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP