Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചിരിയുടെ ആശാന് പ്രചാരണച്ചൂടിൽ അൽപം തണുത്ത വെള്ളം! അജിതയുടെ വോട്ട് ആർക്കായാലും വന്നുകാണാതിരിക്കാനാവില്ലെന്ന് ഇന്നസെന്റ്; രാഷ്ട്രീയം മറന്ന് കരയാംപറമ്പിൽ ചാലക്കുടിയിലെ ഇടതുസ്ഥാനാർത്ഥി എത്തിയപ്പോൾ വീണ്ടും ഉയർന്നത് കാൻസറിനെ അതിജീവിച്ചവരുടെ ചിരി; ആരംഭത്തിൽ തന്നെ രോഗം കണ്ടുപിടിച്ചതോടെ ജയിച്ചുകയറിയ വീട്ടമ്മയുടെ ജീവിതം പ്രചോദനമെന്നും ഇന്നസെന്റ്

ചിരിയുടെ ആശാന് പ്രചാരണച്ചൂടിൽ അൽപം തണുത്ത വെള്ളം! അജിതയുടെ വോട്ട് ആർക്കായാലും വന്നുകാണാതിരിക്കാനാവില്ലെന്ന് ഇന്നസെന്റ്; രാഷ്ട്രീയം മറന്ന് കരയാംപറമ്പിൽ ചാലക്കുടിയിലെ ഇടതുസ്ഥാനാർത്ഥി എത്തിയപ്പോൾ വീണ്ടും ഉയർന്നത് കാൻസറിനെ അതിജീവിച്ചവരുടെ ചിരി; ആരംഭത്തിൽ തന്നെ രോഗം കണ്ടുപിടിച്ചതോടെ ജയിച്ചുകയറിയ വീട്ടമ്മയുടെ ജീവിതം പ്രചോദനമെന്നും ഇന്നസെന്റ്

മറുനാടൻ മലയാളി ബ്യൂറോ

 അങ്കമാലി: പല റോളുകൾ കൈകാര്യം ചെയ്യുന്ന നടൻ മാത്രമല്ല ചാലക്കുടിയിലെ ഇടതുസ്ഥാനാർത്ഥി ഇന്നസെന്റ്. മലയാള സിനിമാ ലോകത്ത് സ്വന്തമായ ഒരിപ്പിടവും സ്വന്തമാക്കി. അതിനിടയിൽ അവിചാരിതമായാണ് കാൻസർ കഷ്ടതകളുമായി ഇന്നസെന്റിനെ തേടിയെത്തിയത്. ആദ്യം ഒന്നുലഞ്ഞെങ്കിലും, പിന്നീട് ചിരിയുടെയും ചിന്തയുടെയും മാർഗത്തിൽ നേരിട്ടപ്പോൾ, അസുഖത്തിന്റെ അസോരതകൾ മാറി. ചികിത്സാനുഭവങ്ങളുമായി ബന്ധപ്പെട്ട് കാൻസർ വാർഡിലെ ചിരി എന്ന പുസ്തകവും രചിച്ചു. ഏതായാലും താൻ കടന്നുപോയ രോഗാനുഭവങ്ങളുടെ വെളിച്ചത്തിൽ സമാനമായി കഷ്ട്തകൾ അനുഭവിക്കുന്നവരോടുള്ള അനുതാപവും വളർന്നു. അങ്ങനെയുള്ളവരെ കാണുമ്പോൾ രാഷ്ട്രീയവുമില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഇന്നസെന്റ് അജിതയെ വീണ്ടുംകണ്ടത്.

അജിത ആർക്ക് വോട്ടു ചെയ്താലും ഇന്നസെന്റിന് അജിതയെ ചെന്നു കാണാതിരിക്കാനാവുമായിരുന്നില്ല. അതിൽ രാഷ്ട്രീയവുമുണ്ടായിരുന്നില്ല. രാവിലെ അങ്കമാലിയുടെ സമീപപ്രദേശമായ കരയാംപറമ്പിലെ അജിതയുടെ മുല്ലോത്ത് വീട്ടിൽ ഇന്നസെന്റ് എത്തിയപ്പോൾ അവരുടെ രണ്ടു പേരുടേയും അമൂല്യമായ പുഞ്ചിരികളാൽ കരയാംപറമ്പ് ചിരിക്കാംപറമ്പായി മാറുകയായിരുന്നു.

ആരോഗ്യമുള്ള ചാലക്കുടി എന്ന ആശയം മുന്നിൽക്കണ്ട് ഇന്നസെന്റ് മുൻകയ്യെടുത്ത് ആരംഭിച്ച ശ്രദ്ധ പദ്ധതിയുടെ ഭാഗമായി അങ്കമാലി താലൂക്ക് ആശുപത്രിയിൽ മാമോഗ്രാം യൂണിറ്റ് അനുവദിച്ചിരുന്നു. ലക്ഷണങ്ങൾ കണ്ടു തുടങ്ങിയ ഉടൻ അവിടെ നടത്തിയ പരിശോധനയിലാണ് അജിതയ്ക്ക് (50) കാൻസറിന്റെ ആദ്യ ഘട്ടം സ്ഥിരീകരിച്ചത്. 2017 നവംബർ 1-നായിരുന്നു അജിതയുടെ മാമോഗ്രാം പരിശോധന. ഒരു മാസത്തിനുള്ളിൽത്തന്നെ ശസ്ത്രക്രിയയ്ക്കു വിധേയയായ അജിത ഇപ്പോൾ പൂർണആരോഗ്യവതിയായി തന്റെ ബിൽഡിങ് ബിസിനസ്സിൽ സജീവമായിരിക്കുന്നു. രണ്ടു പെൺമക്കളുടേയും വിവാഹം കഴിഞ്ഞു. ഭർത്താവ് ജയ്ഷോർ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്നു. അഞ്ചു സെന്റുവരെ വലിപ്പമുള്ള ചെറിയ പ്ലോട്ടുകളിൽ വീടുകൾ നിർമ്മിച്ചു നൽകുന്ന രംഗത്താണ് കാൻസറിനെ ധീരതയോടെ എതിരിട്ട് തോൽപ്പിച്ച ഈ സംരഭകയുടെ പ്രവർത്തനം.

പ്രശസ്ത അർബുദരോഗവിദഗ്ധൻ ഡോ. വി. പി. ഗംഗാധരന്റെ മേൽനോട്ടത്തിലാണ് അജിതയുടെ ചികിത്സ. 'പ്രാരംഭഘട്ടത്തിൽത്തന്നെ രോഗം കണ്ടുപിടിക്കാൻ കഴിഞ്ഞതിനാൽ എനിക്ക് ഒരു ആശങ്കയുമുണ്ടായില്ല,' അതു പറയുമ്പോഴും അജിത പുഞ്ചിരിക്കുന്നു. അജിതയുടെ ആത്മവിശ്വാസവും ഊർജസ്വലതയും തനിക്ക് ഏറെ പ്രചോദനം നൽകിയെന്ന് ഇന്നസെന്റ് പറഞ്ഞു. അജിത നൽകിയ തണുത്തവെള്ളവും കുടിച്ചാണ് ഇന്നസെന്റും സംഘവും യാത്ര തുടർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP