Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202125Monday

പാണ്ടനാട് രക്ഷാപ്രവർത്തനത്തിന്നിടെ വീട്ടിലേക്ക് നോക്കിയപ്പോൾ മുങ്ങിക്കിടക്കുന്ന ഫോർച്യൂണർ; വീട്ടമ്മ ചോദിച്ചത് ഒരുപാക്കറ്റ് ബിസ്‌ക്കറ്റെങ്കിലും കിട്ടുമോ എന്നാണ്; അന്നും ഇന്നും നിറവും തരവും നോക്കാതെ അത്താഴപട്ടിണിക്കാരുടെ വിശപ്പകറ്റാൻ തലസ്ഥാനത്തെ നാൽവർ സംഘം; രാത്രി രണ്ടുമണിയോടെ 270 ബിരിയാണി പാക്കറ്റുകൾ എത്തിച്ചപ്പോൾ അന്തം വിട്ടുപോയി ഇത്രയും പേർ വിശന്നിരിക്കുന്നോ? സോഷ്യൽ മീഡിയ വഴി 'ഇന്നത്തെ അത്താഴം' വൻവിജയമായ കഥ

പാണ്ടനാട് രക്ഷാപ്രവർത്തനത്തിന്നിടെ വീട്ടിലേക്ക് നോക്കിയപ്പോൾ മുങ്ങിക്കിടക്കുന്ന ഫോർച്യൂണർ; വീട്ടമ്മ  ചോദിച്ചത് ഒരുപാക്കറ്റ് ബിസ്‌ക്കറ്റെങ്കിലും കിട്ടുമോ എന്നാണ്; അന്നും ഇന്നും നിറവും തരവും നോക്കാതെ അത്താഴപട്ടിണിക്കാരുടെ വിശപ്പകറ്റാൻ തലസ്ഥാനത്തെ നാൽവർ സംഘം; രാത്രി രണ്ടുമണിയോടെ 270 ബിരിയാണി പാക്കറ്റുകൾ എത്തിച്ചപ്പോൾ അന്തം വിട്ടുപോയി ഇത്രയും പേർ വിശന്നിരിക്കുന്നോ? സോഷ്യൽ മീഡിയ വഴി 'ഇന്നത്തെ അത്താഴം' വൻവിജയമായ കഥ

എം മനോജ് കുമാർ

തിരുവനന്തപുരം: ഒരു ദിവസം ഭക്ഷണം ബാക്കിയാണ് എന്ന് പറഞ്ഞ് ഒരു വീട്ടുകാരുടെ ഫോൺ വരുന്നത് രാത്രി രണ്ടു മണിയോടെയാണ്. അവിടെ എത്തി നോക്കുമ്പോൾ ബിരിയാണി തന്നെ 270 പൊതിയോളം വരും. ഭംഗിയായി പാക്ക് ചെയ്ത് രാത്രി രണ്ടര മണിയോടെ അത് എത്തിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിലും. രാത്രി രണ്ടരയോടെ എത്തിച്ച ഭക്ഷണ പാക്കറ്റുകൾ തീരാനെടുത്തത് വെറും കാൽ മണിക്കൂറുകൾ. ഞങ്ങൾ തന്നെ ഞെട്ടിപ്പോയി. ഇത്രയും ആളുകൾ രാത്രി ഭക്ഷണമില്ലാതെ ഉറങ്ങുകയോ? മൂന്നു വർഷം മുൻപ് രൂപം നൽകിയ സോഷ്യൽ മീഡിയാ ഫോറത്തിന്റെ ഭാഗമായി ആവിഷ്‌ക്കരിക്കുകയും പിന്നീട് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്ത ഇന്നത്തെ അത്താഴം പദ്ധതിയെക്കുറിച്ച് അതിന്റെ അണിയറക്കാരിൽ ഒരാളായ അനുരാജ് മറുനാടനോടു പറയുന്നു. സ്വന്തം ഇച്ഛാശക്തിയും സേവന സന്നദ്ധതയും കൊണ്ട് ഒരു സാമൂഹിക വിപ്ലവത്തിനു തന്നെ തുടക്കമിട്ടിരിക്കുകയാണ് തിരുവനന്തപുരത്തെ ഈ നാല് യുവാക്കൾ.

നാലുപേരിൽ ഒരാളായ അനുരാജ് മെഡിക്കൽ റെപ്രസെന്റീറ്റീവ് ആയി ജോലി ചെയ്യുമ്പോൾ ഒപ്പമുള്ള ഇക്‌ബാലും സമദും ഐടി പ്രൊഫഷണൽസാണ്. ഇവർ ഇരുവരും ടെക്‌നോ പാർക്കിൽ ജോലി ചെയ്യുന്നു. നാലാമനായ ഷമീർ സ്വന്തമായി ടെക്‌സ്‌റ്റൈൽസ് ബിസിനസ് നടത്തുകയാണ്. ഒരു സംഘടനയുടെയോ പ്രസ്ഥാനങ്ങളുടെയോ പിൻബലമില്ലാതെ ഇവർ ആവിഷ്‌ക്കരിച്ച 'ഇന്നത്തെ അത്താഴം' ജനമനസുകൾ സ്വീകരിച്ചതോടെയാണ് സോഷ്യൽ മീഡിയയിൽ ഈ യുവാക്കളും ഇവരുടെ പദ്ധതികളും ജനപ്രിയമായി മാറിയത്. തങ്ങൾ ആവിഷ്‌ക്കരിച്ച മാതൃക സമൂഹത്തെക്കൊണ്ട് ഏറ്റെടുപ്പിക്കാൻ ഇവർ കാണിച്ച മിടുക്കാണ് ഇവരുടെ 'ഇന്നത്തെ അത്താഴം' ജനപ്രിയമാക്കി മാറ്റിയത്. സ്വന്തമായി ഭക്ഷണം എത്തിച്ച് നൽകുക മാത്രമല്ല ഇവർ ചെയ്തത് തങ്ങൾക്ക് ഭക്ഷണം നൽകിയ പല വീട്ടുകാരെയും ഇവർ സാമൂഹിക ദൗത്യത്തിന്റെ ഭാഗഭാക്കാക്കി. ഈ യത്‌നത്തിൽ പങ്കാളികളായവർ പിന്നെ സ്വമേധയാ സോഷ്യൽ മീഡിയാ ഫോറത്തിലേക്ക് വിളിക്കുകയും ഇവരെ കൂടി പങ്കാളികളാക്കി വീട്ടുകാർ സ്വയം ഭക്ഷണം വിതരണം ചെയ്യാനും തുടങ്ങിയതോടെയാണ് തങ്ങൾ വരുത്തിയ സാമൂഹ്യമാറ്റത്തെക്കുറിച്ചും ഏർപ്പെട്ടിരിക്കുന്ന ദൗത്യത്തെ കുറിച്ച് കൂടി യുവാക്കൾ ബോധവാന്മാകുന്നത്.

ഭക്ഷണമില്ലാതെ വെറും വയറോടെ ഉറങ്ങുന്നവർക്കായി സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോം വഴി നാൽവർ സംഘം ആവിഷ്‌ക്കരിച്ച 'ഇന്നത്തെ അത്താഴം' ഇപ്പോൾ സമൂഹത്തിൽ ചലനമുണ്ടാക്കി കഴിഞ്ഞു. വിവാഹം, സത്ക്കാരം, വീടിനു പാല് കാച്ചൽ തുടങ്ങിയ വിവിധ ആഘോഷങ്ങൾക്ക് ബാക്കിയാകുന്ന ഭക്ഷണം നൽകാനായി ഇപ്പോൾ നിരന്തരം ഫോൺ വിളികളാണ് ഇവരെ തേടി എത്തുന്നത്. സത്ക്കാര വേളയിൽ ബാക്കിയാകുന്ന ഭക്ഷണങ്ങൾ ഇപ്പോൾ പല വീട്ടുകാരും കുഴിച്ചു മൂടാറില്ലെന്ന് വ്യക്തമാകുമ്പോഴാണ് സോഷ്യൽ മീഡിയാ ഫോറത്തിന്റെ 'ഇന്നത്തെ അത്താഴ'ത്തിന്റെ പ്രസക്തി വർദ്ധിക്കുകയും അത് ഒരു സാമൂഹ്യവിപ്‌ളവത്തിന്റെ രൂപം പ്രാപിക്കുകയും ചെയ്യുന്നത്.

ഫെയ്‌സ് ബുക്ക് സുഹൃത്തുക്കൾ ആയിരുന്നു നാലുപേരും. ഫെയ്‌സ് ബുക്ക് വഴിയുള്ള സൗഹൃദം ദൃഢമായപ്പോഴാണ് സമൂഹത്തിൽ ഊർജ്ജം പ്രസരിപ്പിക്കുന്ന സാമൂഹിക ദൗത്യത്തിൽ പങ്കാളികളാകാൻ ഇവർ തീരുമാനിക്കുന്നത്. നീതി തേടി ശ്രീജിത്ത് സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന സമരത്തിനു ഫെയ്‌സ് ബുക്ക് വഴി പിന്തുണ ഉറപ്പ് വരുത്തിയത് ഈ നാൽവർ സംഘം നേതൃത്വം നൽകുന്ന കേരളാ സോഷ്യൽ മീഡിയാ ഫോറമായിരുന്നു. ശ്രീജിത്തിലേക്ക് കേരളത്തിന്റെ ശ്രദ്ധ ആകർഷിച്ച ഈ സോഷ്യൽ മീഡിയാ ഐക്യദാർഢ്യത്തിന്റെ പിന്നിൽ പ്രവർത്തിച്ചതും സംഘടിപ്പിച്ചതും ഇവരുടെ കേരളാ സോഷ്യൽ മീഡിയാ ഫോറമായിരുന്നു. ഈ കൂട്ടായ്മയുടെ വിജയത്തെ തുടർന്നാണ് ഭക്ഷണമില്ലാത്തവർക്ക് ഭക്ഷണമെത്തിക്കുക എന്ന ദൗത്യം ഇവർ ഏറ്റെടുത്ത് നടത്താൻ തുടങ്ങുന്നത്. രാവിലെയും രാത്രിയും ഭക്ഷണം പലർക്കും ലഭിക്കുന്നുണ്ട്. എന്നാൽ രാത്രി മിക്കവരും പട്ടിണിയാണെന്ന് ഇവർക്ക് മനസിലായി. അതിനാലാണ് രാത്രി തമ്പാനൂരിലും മറ്റും ഭക്ഷണമില്ലാതെ വലഞ്ഞവർക്ക് ഇവർ ഭക്ഷണം എത്തിക്കാൻ തുടങ്ങിയത്.

ഭക്ഷണം ബാക്കിയായപ്പോൾ ഒരിക്കൽ ഒരു വീട്ടുകാർ ഇവരെ തേടി ഫോൺ വിളിച്ചത് രാത്രി ഒരു മണിയും കഴിഞ്ഞാണ്. 270 പാക്കറ്റ് ബിരിയാണി പാക്കറ്റുകൾ തമ്പാനൂരിലെത്തിക്കാതെ ഇവർ രാത്രി രണ്ടരയോടെ മെഡിക്കൽ കോളെജിൽ ഭക്ഷണവുമായി എത്തുകയായിരുന്നു. 270 ബിരിയാണി പാക്കറ്റുകളും കാൽ മണിക്കൂർ കൊണ്ട് തീർന്നത് ഇവരെ അമ്പരപ്പിച്ചു. രോഗികൾക്ക് കൂട്ടിരിപ്പുകാരായി എത്തുന്നവരിൽ പലരും പട്ടിണിക്കാരാണെന്ന് മനസിലാക്കിയാണ് 'ഇന്നത്തെ അത്താഴം' പദ്ധതി ആവിഷ്‌ക്കരിക്കുന്നത്.

ഇവരുടെ അത്താഴം എത്രയോ പട്ടിണിക്കാരുടെ വിശപ്പ് ഇപ്പോൾ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. ഒരു വർഷമായി 'ഇന്നത്തെ അത്താഴം' പദ്ധതി ഇവർ വിജയകരമായി നടപ്പിലാക്കുകയാണ്. കേരളാ സോഷ്യൽ മീഡിയാ ഫോറത്തിന്റെ പ്രവർത്തനങ്ങൾ മനസിലാക്കി കൂടുതൽ ആളുകൾ ഇവരുടെ കൂടെ ഇപ്പോൾ ജോയിൻ ചെയ്യാനും ഒരുങ്ങുന്നുണ്ട്. മുപ്പതോളം പേർ ഇവരുടെ കൂട്ടായ്മയിൽ പങ്കാളികളായിട്ടുണ്ട്. ഇവർ മാസം 200 രൂപ വച്ച് നൽകും. പലപ്പോഴും തുക അധികം തരും. കണക്കുകൾ എല്ലാവരെയും ബോധിപ്പിക്കും. അതുകൊണ്ട് തന്നെ ആർക്കും പരാതിയില്ല. എല്ലാം സുതാര്യമാക്കി ഇവർ ലക്ഷ്യം മറന്നു പോകാതെ പ്രവർത്തിക്കുന്നു.

ഇപ്പോൾ തിരുവനന്തപുരത്തിന്റെ പല ഭാഗത്ത് നിന്നും ആളുകൾ വിളിക്കുന്നു. ഭക്ഷണം നൽകാനായി. ഭക്ഷണം സിറ്റി ലിമിറ്റിൽ എത്തിക്കാൻ പറയും. ഭക്ഷണം എത്തിച്ചാൽ ഞങ്ങൾ അത് മെഡിക്കൽ കോളെജിൽ കൊണ്ടുപോയി വിതരണം ചെയ്യും. സിറ്റി ലിമിറ്റിൽ സംഘം കാത്ത് നിൽക്കും. ശ്രീകാര്യത്ത് നിന്നും ഇങ്ങിനെ ഒരു ദിവസം വിളി വന്നു. അവരുടെ ഒരു നൂല് കെട്ടു ഫംഗ്ഷനുണ്ടായിരുന്നു. ഭക്ഷണം ബാക്കിയായി. ഭക്ഷണ വിതരണത്തിനുപോയപ്പോൾ ഭക്ഷണം നൽകിയവരെ ഒപ്പം കൂട്ടി. അവരുടെ കൈ കൊണ്ട് തന്നെ ഈ ഭക്ഷണം വിതരണം ചെയ്യിച്ചു. അത് കഴിഞ്ഞു അടുത്ത ഞായറാഴ്‌ച്ച അവർ ഇതുപോലെ വിളിച്ചു.

ഒരു മരണാനന്തര ചടങ്ങിൽ ഭക്ഷണം ബാക്കിയായി. ഞങ്ങൾ ഭക്ഷണം കൊണ്ടുവരാൻ പറഞ്ഞു. ഞങ്ങളും പോയി. ഈ ഭക്ഷണവും അവർ തന്നെ വിതരണം ചെയ്തു. ഇവരുടെ ഉദ്ദേശ്യവും ഇത് തന്നെയായിരുന്നു. സമൂഹം മാറുന്നു. സമൂഹത്തെ ഇവർ മാറ്റി മറിക്കുന്നു. ഇതേ പ്രവർത്തനം തന്നെയാണ് ഇവർ കഴിഞ്ഞ പ്രളയകാലത്ത് നാൽവർ സംഘത്തെ പാണ്ടനാട് എത്തിച്ചത്. കഴിഞ്ഞ രക്ഷാ പ്രവർത്തനത്തിന്നിടെ ഒരു വീട്ടമ്മ ചോദിച്ചത് ഒരു പാക്കറ്റ് ബിസ്‌ക്കറ്റ് കിട്ടുമോ എന്നാണ്. വീട്ടിലേക്ക് നോക്കിയപ്പോൾ വെള്ളത്തിൽ മുങ്ങി കിടക്കുന്നത് ഫോർച്യുണർ കാറാണ്. 'ഞങ്ങൾ ഒരു ടോറസ് ലോറിയിലാണ് പോയത്. വെള്ളത്തിനെ അരുക്കാക്കി ടോറസ് മുന്നോട്ട് നീങ്ങുന്നതും ഞങ്ങൾ കണ്ടു. അമീൻ എന്ന ഒരു സുഹൃത്ത് ഫ്രീ ആയി ടോറസ് വിട്ടു നൽകുകയായിരുന്നു. ഡീസൽ പോലും അടിച്ചാണ് ടോറസ് നമുക്ക് നൽകിയത്. ടോറസ് നശിച്ചെങ്കിൽ നശിച്ചോട്ടെ എന്ന് പറഞ്ഞാണ് സുഹൃത്ത് പാണ്ടനാട് പ്രളയത്തിലേക്ക് ടോറസ് ഇറക്കിയത്. 62 ലോഡ് സാധനങ്ങൾ ആണ് ചെങ്ങന്നൂരിൽ ഞങ്ങൾ എത്തിച്ചത്. ഇത്തവണത്തെ പ്രളയത്തിൽ നിലമ്പൂരും കവളപ്പാറയും പോയി. അഞ്ച് ലോഡ് സാധനങ്ങൾ ഞങ്ങൾ എത്തിച്ചു. ഇപ്പോൾ കാറ്ററിങ് സർവീസുകാർ ഉൾപ്പെടെയുള്ളവർ ഞങ്ങളെ വിളിക്കുന്നു. ഭക്ഷണം എത്തിക്കാൻ വേണ്ടി''-അനുരാജ് പറയുന്നു.

നിർധനരായ കുട്ടികൾക്ക് സ്‌കൂൾ ബാഗും മുഴുവൻ പുസ്തകങ്ങളും നൽകുന്ന സേവനവും ഇവർ ഏറ്റെടുത്ത് ചെയ്യുന്നുണ്ട്. ബുക്കുകൾ അടങ്ങിയ മുഴുവൻ കിറ്റുമാണ് നൽകുന്നത്. 700 ഓളം കിറ്റുകൾ ഇത്തവണ വിതരണം ചെയ്തു. തൃശൂർ തളിക്കുളം ഗവ.സ്‌കൂളിലെ എട്ടാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഈ വർഷം കിറ്റ് നൽകി. തൃശൂരിലെ ഇവരുടെ വിങ് ആണ് ഈ സേവനം നൽകിയത്. ആർക്കും എത്തിപ്പെടാൻ കഴിയാത്ത ഇടങ്ങളിൽ ഭക്ഷണവും മറ്റു സാധനങ്ങളും എത്തിക്കുന്ന പ്രവർത്തിയും സംഘം ചെയ്യുന്നുണ്ട്. ആലപ്പുഴ കാഞ്ഞിരംതുരുത്ത് തുടങ്ങി പുറമേ നിന്നുള്ളവർക്ക് എത്തിപ്പെടാൻ കഴിയാത്ത സ്ഥലത്ത് ഈ പ്രളയ കാലത്ത് മൂന്നു നാല് ലോഡ് സാധനങ്ങൾ ഇവർ എത്തിച്ചു. 'അട്ടപ്പാടിയിൽ പോയപ്പോൾ അവിടെ ഇപ്പോഴും ആളുകൾ കീറിയ വസ്ത്രങ്ങൾ ധരിച്ചിരിക്കുന്നത് കണ്ടു. സഹായങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും അത് ആദിവാസികൾക്കിടയിൽ എത്തുന്നില്ല. 700 ജോഡി ഡ്രസ്സ് ഞങ്ങൾ കളക്റ്റ് ചെയ്തിട്ടുണ്ട്. ഓണം കഴിഞ്ഞാൽ ഈ വസ്ത്രങ്ങൾ അട്ടപ്പാടിയിൽ എത്തിക്കും'-അനുരാജ് പറയുന്നു.

പരിസ്ഥിതി ദിനത്തിൽ മരങ്ങൾ നടുക. വൃക്ഷത്തൈകൾ വിതരണം ചെയ്യുന്ന പദ്ധതിയും ഏറ്റെടുത്ത് ചെയ്യുന്നുണ്ട്. ഇപ്പോൾ യൂണിറ്റ് രൂപീകരിക്കാൻ കോട്ടയത്ത് നിന്നും മലപ്പുറത്ത് നിന്നും ആളുകൾ ഇവരെ വിളിക്കുന്നു. ബുക്ക് വിതരണം ചെയ്തപ്പോൾ ഒരു അമ്മയും മകനും സഹായം തേടി വന്നിരുന്നു. മകന്റെ രണ്ടു കിഡ്‌നിയും തകരാറായിരുന്നു. കിഡ്‌നി മാറ്റി വയ്ക്കാൻ സഹായം നൽകുമോ എന്ന് ചോദിച്ചു. ഇത്തരം പ്രവർത്തനങ്ങളിൽ ഭാഗഭാക്കായിട്ടില്ലെങ്കിലും സഹായിക്കാൻ കൂട്ടായ്മ തീരുമാനിച്ചു.

എട്ടു ലക്ഷത്തോളം രൂപ കിഡ്‌നി മാറ്റിവയ്ക്കുന ആവശ്യത്തിനാഇവർ സ്വരൂപിച്ചു. തിരുവനന്തപുരത്ത് ഉള്ള ആ കുട്ടി സർജറിക്ക് ശേഷം ഇപ്പോൾ സുഖമായി ഇരിക്കുന്നു. സർക്കാർ സഹായവും ഇവർ ലഭ്യമാക്കി. ഈ കുട്ടിയേയും അമ്മയെയും കൂട്ടി ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചറെ നേരിൽ കണ്ടു. കാരുണ്യ വഴിയുള്ള സർക്കാർ സഹായം ശൈലജ ടീച്ചറും ലഭ്യമാക്കി. വെയിലത്ത് ജോലി ചെയ്യുന്ന പൊലീസുകാർക്കും സെക്യൂരിറ്റിക്കാർക്കും കുപ്പി വെള്ളവും ഇവർ നൽകാറുണ്ട്.

ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിലും ഏറ്റവും സാർത്ഥകമായ പ്രവർത്തനങ്ങളിൽ ഉയർന്നു നിൽക്കുന്നത് 'ഇന്നത്തെ അത്താഴം' തന്നെയാണ്. നിരാലംബരായവരുടെ വിശപ്പ് മാറ്റാൻ ഈ പദ്ധതി സഹായകമാകുന്നത് കണ്ടില്ലെന്നു നടിക്കാൻ എന്തായാലും കേരളത്തിന്റെ മനസാക്ഷിക്ക് പ്രയാസവുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP