Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അനാഥാലയങ്ങളിലേക്ക് ഇതരസംസ്ഥാനങ്ങളിൽ നിന്ന് കുട്ടികളെ എത്തിക്കുന്നെന്ന ആരോപണം; യു.ഡി.എഫ്. സർക്കാർ ഉയർത്തിയ ആരോപണങ്ങൾക്ക് കഴമ്പില്ലെന്ന് സിബിഐ കോടതി കണ്ടെത്തിയ സ്ഥിതിക്ക് ചെന്നിത്തലയും മുനീറും മാപ്പ് പറയണം; കഴിഞ്ഞ സർക്കാരിന്റെ ദുഷ്പ്രചാരണവും കർക്കശ നിയന്ത്രണങ്ങളും മൂലം നിരവധി അനാഥാലയങ്ങൾ അടച്ചുപൂട്ടേണ്ടിവന്നു; യു.ഡി.എഫിനെ രൂക്ഷമായി വിമർശിച്ച് ഐ.എൻ.എൽ

കെ വി നിരഞ്ജൻ

കോഴിക്കോട്: ഇതര സംസ്ഥാനങ്ങളിൽനിന്ന് കുട്ടികളെ നിയമവിരുദ്ധമായി ഇവിടുത്തെ അനാഥാലയങ്ങളിലേക്ക് കൊണ്ടുവരികയാണെന്നും കുഞ്ഞുങ്ങൾ പീഡിപ്പിക്കപ്പെടുകയാണെന്നും കാണിച്ച് കഴിഞ്ഞ യു ഡി എഫ് കാലത്ത് കുറെ അനാഥാലയങ്ങൾക്കെതിരെ ഉയർത്തിയ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് സി ബി ഐ കോടതി വിധിച്ച സ്ഥിതിക്ക് അന്നത്തെ നടപടിക്ക് നേതൃത്വം കൊടുത്ത ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും സാമൂഹിക ക്ഷേമമന്ത്രി ഡോ. എം കെ മുനീറും സമൂഹത്തോട് മാപ്പ് പറഞ്ഞ്, പൊതുജീവിതം അവസാനിപ്പിക്കണമെന്ന് ഐ എൻ എൽ ആവശ്യപ്പെട്ടു.

കഴിഞ്ഞ ആറു വർഷമായി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കയറിയിറങ്ങിയ കേസിൽ നിരപരാധിത്വം തെളിയിക്കാൻ അനാഥാലയ അധികൃതർക്ക് ഏറെ ഊർജവും സമയവും പണവും ചെലവഴിക്കേണ്ടിവന്നിട്ടുണ്ട്. സർക്കാരിന്റെ ദുഷ്പ്രചാരണവും കർക്കശ നിയന്ത്രണങ്ങളും മൂലം നിരവധി അനാഥാലയങ്ങൾ അടച്ചുപൂട്ടേണ്ടിവന്നു. വിഷയം അന്നത്തെ മന്ത്രി എം കെ മുനീറിന്റെ മുന്നിൽ നിരവധി തവണ ബോധിപ്പിച്ചിട്ടും യത്തീംഖാനകളെ ഞെരുക്കിക്കൊല്ലുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്.

പതിറ്റാണ്ടുകളായി നല്ല നിലയിൽ നടക്കുന്ന മുക്കം, വെട്ടത്തൂർ യത്തീംഖാനകളെ കുറിച്ച് സമൂഹമധ്യെ മോശമായ പ്രതിച്ഛായ സൃഷ്ടിക്കാൻ സർക്കാർ നടപടികൾ കാരണമായി. മദ്രസ, ദർസ് തുടങ്ങിയ മതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോലും കർക്കശ നിയന്ത്രണങ്ങൾ കൊണ്ടുവന്നപ്പോൾ പലതും അടച്ചുപൂട്ടേണ്ടിവന്നു. ന്യുനപക്ഷ വിഭാഗങ്ങൾ നടത്തുന്ന അനാഥാലയങ്ങളുടെ യശസ്സിന് കളങ്കം ചാർത്തുന്ന കുറ്റാരോപണങ്ങളാണ് അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചില മുതിർന്ന പൊലീസ് ഓഫിസർമാർ വഴി പ്രചരിപ്പച്ചത്.

സി ബി ഐ ഡൽഹി ഘടകം നടത്തിയ അന്വേഷണത്തിൽ അനാഥാലയങ്ങളിൽ കുട്ടികളെ ദുരുപയോഗം ചെയ്യുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും മക്കൾക്ക് നല്ല വിദ്യാഭ്യാസം കിട്ടുന്നതിൽ ഇവരുടെ രക്ഷിതാക്കൾ സംതൃപ്തരാണെന്നും തെളിഞ്ഞ സ്ഥിതിക്ക് അന്ന് എല്ലാ അനർഥങ്ങൾക്കും നേതൃത്വം കൊടുത്ത രമേശ് ചെന്നിത്തലയും എം.കെ മുനീറും അൽപം ധാർമികബോധമുണ്ടെങ്കിൽ പെരുവഴിയിൽ നരകയാതനകൾ അനുഭവിച്ച അനാഥരോട് മാപ്പ് പറഞ്ഞ് പൊതുജീവിതം അവസാനിപ്പിക്കുകയാണ് വേണ്ടതെന്ന് ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP