Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ഇന്ത്യയും പാക്കിസ്ഥാനും തമ്മിലെ ബന്ധം അത്ര നല്ലതല്ല; മത്സരം നടത്തണമോ എന്ന് ഒന്നുകൂടി ആലോചിക്കണം'; പ്രതികരിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്; പരാമർശം, ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇരുടീമുകളും ഏറ്റുമുട്ടാനിരിക്കെ

'ഇന്ത്യയും പാക്കിസ്ഥാനും തമ്മിലെ ബന്ധം അത്ര നല്ലതല്ല; മത്സരം നടത്തണമോ എന്ന് ഒന്നുകൂടി ആലോചിക്കണം'; പ്രതികരിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്; പരാമർശം, ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇരുടീമുകളും ഏറ്റുമുട്ടാനിരിക്കെ

ന്യൂസ് ഡെസ്‌ക്

ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ - പാക്കിസ്ഥാൻ പോരാട്ടത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മത്സരം നടത്തുന്നത് പുനരാലോചിക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ജോധ്പൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം നല്ലതല്ല, ഇത് പുനഃപരിശോധിക്കേണ്ടതാണെന്ന് ഞാൻ കരുതുന്നു' -ഗിരിരാജ് സിങ് പറഞ്ഞു. ജമ്മു കശ്മീരിൽ നടക്കുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യ-പാക് മത്സരം നടത്തണോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

ജമ്മു കശ്മീരിൽ ആളുകളെ തിരഞ്ഞുപിടിച്ചു കൊല്ലുകയാണെന്നും അദ്ദേഹം ആരോപിച്ചു. ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം തന്നെ പാക്കിസ്ഥാനെതിരെയാണ്. ഒക്‌ടോബർ 24ന് ദുബൈയിൽ വച്ചാണ് ചിരവൈരികളായ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരം.

ജമ്മു കശ്മീരിൽ തദ്ദേശവാസികളല്ലാത്ത തൊഴിലാളികൾക്ക് നേരെ ഞായറാഴ്ച വീണ്ടും ആക്രമണമുണ്ടായിരുന്നു. കുൽഗാമിലെ വാൻപോ മേഖലയിലാണ് ബിഹാർ സ്വദേശികളായ രണ്ടുപേരെ തീവ്രവാദികൾ വെടിവെച്ചു കൊന്നത്. രാജ റിഷി, ജോഗിന്ദർ റിഷി എന്നിവരാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസങ്ങളിൽ പുൽവാമയിലും ശ്രീനഗറിലും സമാന സംഭവം നടന്നിരുന്നു. രണ്ടിടത്തായി രണ്ടുപേരാണ് ശനിയാഴ്ച കൊല്ലപ്പെട്ടത്. ഒരു മാസത്തിനിടെ കശ്മീരിൽ കൊല്ലപ്പെടുന്ന തദ്ദേശവാസികളല്ലാത്തവരുടെ എണ്ണം 11 ആയി.

ലഖിംപൂർ ഖേരി സംഭവത്തിൽ കോൺഗ്രസ് രാഷ്ട്രീയ ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു. ലഖിംപൂർ ഖേരിയിൽ നടത്തിയ കർഷക കൊലപാതകത്തിൽ പ്രതിഷേധിക്കുന്ന കോൺഗ്രസ് രാജസ്ഥാനിൽ നടക്കുന്ന കുറ്റകൃത്യങ്ങളിൽ മൗനം പാലിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

'കോൺഗ്രസിന്റെ രാഷ്ട്രീയ ഇരട്ടത്താപ്പാണ് കാണുന്നത്. രാജസ്ഥാനിൽ സംവരണ സമുദായ അംഗങ്ങൾ കൊല്ലപ്പെടുകയും സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്യുമ്പോൾ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ വസതിയിൽ ഇരിക്കുകയാണ്. പക്ഷേ അവർ ലഖിംപൂരിൽ പോയി നാടകം കളിക്കുന്നു. ഇത് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന രാഷ്ട്രീയമാണ്' -ഗിരിരാജ് സിങ് പറഞ്ഞു.

ഇന്ത്യ - പാക്കിസ്ഥാൻ മത്സരത്തിന്റെ ടിക്കറ്റുകൾ വിൽപ്പനയ്‌ക്കെത്തി മണിക്കൂറുകൾക്കകമാണ് വിറ്റുപോയത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നിലനിൽക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങൾ കാരണം ഇരുവരും ഐ.സി.സി ടൂർണമെന്റുകളിൽ മാത്രമാണ് നേർക്കുനേർ വരാറുള്ളത്. ഒക്ടോബർ 17 മുതൽ നവംബർ 14 വരെ യു.എ.ഇയിലും ഒമാനിലുമായാണ് ലോകകപ്പ് നടക്കുന്നത്. നാല് വേദികളിലായാവും മത്സരങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP