Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സാങ്കേതിക വിദ്യ മാത്രമല്ല, ടെക്കികൾ ഇനി പച്ചക്കറിയും വിളയിക്കും; ജോലിയുടെ ഭാരം മണ്ണിൻ നന്മയിൽ അലിയിച്ചു പൊന്നു കൊയ്യാനൊരുങ്ങുന്നത് ഇൻഫോപാർക്ക് ജീവനക്കാർ; ഓണത്തിനു വിഷരഹിത പച്ചക്കറി ഉൽപ്പാദിപ്പിക്കാൻ സഹായവുമായി കൃഷിവകുപ്പും

സാങ്കേതിക വിദ്യ മാത്രമല്ല, ടെക്കികൾ ഇനി പച്ചക്കറിയും വിളയിക്കും; ജോലിയുടെ ഭാരം മണ്ണിൻ നന്മയിൽ അലിയിച്ചു പൊന്നു കൊയ്യാനൊരുങ്ങുന്നത് ഇൻഫോപാർക്ക് ജീവനക്കാർ; ഓണത്തിനു വിഷരഹിത പച്ചക്കറി ഉൽപ്പാദിപ്പിക്കാൻ സഹായവുമായി കൃഷിവകുപ്പും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കമ്പ്യൂട്ടറിനു മുന്നിൽ നിന്ന് ഒരുപറ്റം ടെക്കികൾ മണ്ണിലേക്ക് ഇറങ്ങുകയാണ്. മണ്ണിൽ പൊന്നു വിളയിക്കാൻ. ഇൻഫോപാർക്കിലെ ഒരുസംഘം ജീവനക്കാരാണ് ഓണത്തിന് വേണ്ട പച്ചക്കറികൾ സ്വയം ഉത്പാദിപ്പിക്കാനുള്ള ഒരുക്കം തുടങ്ങിയത്.

മാനസിക സംഘർഷം നിറഞ്ഞ ജോലിക്കിനിടയിൽ അല്പം സമയം കണ്ടെത്തി ജോലിഭാരം മണ്ണിന്റെ നന്മയിൽ അലിയിച്ചു പൊന്നു വിളയിക്കാനാണ് ഇവരുടെ ശ്രമം. ഇൻഫോപാർക്കിന് പുറത്ത് ചുറ്റും ഉള്ള ചെറിയ ചെറിയ കൃഷിയിടങ്ങൾ കണ്ടെത്തിയാണ് അവർ കൃഷിയിറക്കിയത്.

ഇൻഫോപാർക്കിനോട് ചേർന്ന് വീടുള്ള വേണുഗോപാൽ, ശ്രീകല എന്നിവരാണ് സൗജന്യമായി ടെക്കികളുടെ ഈ സംരംഭത്തിന് സ്ഥലം വിട്ടുകൊടുത്തത്. കൃഷി വകുപ്പിന്റെ മേൽനോട്ടത്തിലാണു കൃഷി ഇറക്കിയിരിക്കുന്നത്. ഭൂമി വില്പനച്ചരക്കല്ല എന്നും തലമുറകൾക്കു ഭക്ഷണവും തൊഴിലും ആരോഗ്യവും പ്രദാനം ചെയ്യുന്ന ഉത്പാദനോപാധിയാണ് എന്ന സന്ദേശം ആണ് ഇതിലൂടെ അവർ നൽകുന്നത്. ഇൻഫോപാർക്കിലെ ജൈവ മാലിന്യം വളമാക്കി മാറ്റാനുള്ള ശ്രമവും ഇവർ നടത്തുന്നുണ്ട്. ഇൻഫോപാർക്കിലെ സാംസ്‌കാരിക സാമൂഹ്യ മണ്ഡലങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്ന ഇൻഫോപാർക് ലൈബ്രറി ഈ ഉദ്യമത്തിനും ചുക്കാൻ പിടിക്കുന്നു.

ഇൻഫോപാർക് ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തുന്ന ഈ ഉദ്യമത്തിന് ടെക്കികളെ സഹായിക്കാൻ ഇൻഫോപാർക്ക്, കൃഷിവകുപ്പ്, ഇൻഫോപാർക്കിലെ കമ്പനികൾ എന്നിവർക്കൊപ്പം അവിടുത്തെ നാട്ടുകാരും രംഗത്തുണ്ട്. സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം റ്റിഎ സുഗതൻ അധ്യക്ഷനായ യോഗത്തിൽ പച്ചക്കറി കൃഷിയുടെ ഔദ്യോഗിക ഉത്ഘാടനം കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം കെ എൻ രാധാകൃഷ്ണൻ നിർവഹിച്ചു ഇൻഫോപാർക് ഡെപ്യൂട്ടി മാനേജർ റെജി കെ തോമസ് മുഖ്യ അതിഥിയായി. കൗൺസിലർമാരായ റംസി ജലീൽ ,സിഎ രജീഷ്, എൻ എ മോഹനൻ, എൻ കെ പ്രസേനൻ, ബാങ്ക് പ്രസിഡന്റ് ഹസൈനാർ, കേരള അഗ്രോ മെഷിനറി ഉദ്യോഗസ്ഥനായ വത്സൻ, കർഷക സംഘം ജില്ലാ അംഗം സി എൻ അപ്പുക്കുട്ടൻ, എറണാകുളം പബ്ലിക് ലൈബ്രറി ഡയറക്ടർ ബോർഡ് അംഗം കൃഷ്ണദാസ് തുടങ്ങിയവർ സംസാരിച്ചു . യുഎസ്‌ടി ഗ്ലോബൽ ജീവനക്കാരനായ ശ്രീനാഥ് സ്വാഗതവും റെനി നന്ദിയും പറഞ്ഞു. ഇൻഫോപാർക്കിലെ വിവിധ കമ്പനികളിൽ ജോലിചെയ്യുന്ന റെനി, മനു ജോർജ്, രാഹുൽ രഘുനാഥ്, ശ്രീനാഥ്, ദിപിൻ വർഗീസ്, ഷുക്കൂർ, ഗോപൻ എന്നിവരുടെ നേതൃത്വത്തിൽ പച്ചക്കറി വിത്തുകൾ നട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP