Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അതിശൈത്യം മൂലം കുട്ടികളുടെ ശരീരോഷ്മാവ് അപകടകരമാംവിധം കുറയുമ്പോൾ പ്രതിരോധിക്കാൻ ആവശ്യമായ സജ്ജീകരണങ്ങളില്ല; 28 നെബുലൈസറുകളിൽ 22 എണ്ണവും 111 ഇൻഫ്യൂഷൻ പമ്പുകളിൽ 81 എണ്ണവും പ്രവർത്തിക്കുന്നില്ല; ഐസിയു അണുവിമുക്തമാക്കിയിട്ട് മാസങ്ങൾ; ശിശുമരണങ്ങൾ കൊണ്ട് കുപ്രസിദ്ധി നേടിയ രാജസ്ഥാനിലെ കോട്ട സർക്കാർ ആശുപത്രിയുടെ സ്ഥിതി അതീവ ഗുരുതരം

അതിശൈത്യം മൂലം കുട്ടികളുടെ ശരീരോഷ്മാവ് അപകടകരമാംവിധം കുറയുമ്പോൾ പ്രതിരോധിക്കാൻ ആവശ്യമായ സജ്ജീകരണങ്ങളില്ല; 28 നെബുലൈസറുകളിൽ 22 എണ്ണവും 111 ഇൻഫ്യൂഷൻ പമ്പുകളിൽ 81 എണ്ണവും പ്രവർത്തിക്കുന്നില്ല; ഐസിയു അണുവിമുക്തമാക്കിയിട്ട് മാസങ്ങൾ; ശിശുമരണങ്ങൾ കൊണ്ട് കുപ്രസിദ്ധി നേടിയ രാജസ്ഥാനിലെ കോട്ട സർക്കാർ ആശുപത്രിയുടെ സ്ഥിതി അതീവ ഗുരുതരം

മറുനാടൻ മലയാളി ബ്യൂറോ

ജയ്പുർ: രാജസ്ഥാൻ കോട്ടയിലെ ശിശുമരണങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണ സമിതി തയ്യാറാക്കിയ റിപ്പോർട്ടിലൂടെ പുറത്ത് വരുന്നത് കോട്ട സർക്കാർ ആശുപത്രിയുടെ ദയനീയാവസ്ഥ. ശിശുമരണങ്ങളെ കുറിച്ച് പഠനറിപ്പോർട്ട് തയ്യാറാക്കുന്നതിനായി സർക്കാർ നിയോഗിച്ച സമിതിയാണ് റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. കോട്ടയിലെ ജെ.കെ.ലോൻ ആശുപത്രിയിൽ 2019 ഡിസംബർ മുതൽ ഇതിനോടകം നൂറിലധികം കുഞ്ഞുങ്ങളാണ് മരിച്ചത്. ഒരു സാധാരണ ആശുപത്രിയിലുണ്ടായിരിക്കേണ്ട പ്രാഥമിക സജ്ജീകരണങ്ങൾ പോലും കോട്ട സർക്കാർ ആശുപത്രിയിൽ ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഹൈപ്പോതെർമിയ(ശരീരത്തിലെ ചൂട് അതിവേഗം നഷ്ടപ്പെടുന്ന അവസ്ഥ)യാണ് കോട്ടയിലെ ശിശുമരണത്തിന് കാരണം. രാജസ്ഥാനിലെ അതിശൈത്യം മൂലം കുട്ടികളുടെ ശരീരത്തിലെ താപനില അപകടകരമാം വിധത്തിൽ കുറയുമ്പോൾ അതിനെ പ്രതിരോധിക്കാൻ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുന്നതിൽ ആശുപത്രി അധികൃതർ പരാജയപ്പെട്ടു. അത്യാവശ്യം ഉണ്ടായിരിക്കേണ്ട ജീവൻരക്ഷാ ഉപകരണങ്ങൾ പോലും ആശുപത്രിയിൽ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഒരു നവജാതശിശുവിന് വേണ്ട ശരീര ഊഷ്മാവ് 36.5 ഡിഗ്രി സെൽഷ്യസ് ആണ്. ഈ അളവിലുള്ള ഊഷ്മാവ് കുട്ടിയുടെ ശരീരത്തിലില്ലെങ്കിൽ ശരീര ഊഷ്മാവ് സാധാരണ നിലയിലെത്തും വരെ ഹീറ്ററുകൾ ഉപയോഗിച്ച് കുട്ടിയുടെ ശരീരത്തിന് ചൂട് നൽകണം. എന്നാൽ ഇത്തരം ഒരു ഉപകരണവും ആശുപത്രയിൽ നിലവിൽ പ്രവർത്തിക്കുന്നില്ല. ഇത് മൂലം ശിശുമരണങ്ങൾ ഇവിടെ തുടർക്കഥയാകുന്നു.

ആശുപത്രിയിലുള്ള 28 നെബുലൈസറുകളിൽ 22 എണ്ണവും 111 ഇൻഫ്യൂഷൻ പമ്പുകളിൽ 81 എണ്ണവും പ്രവർത്തിക്കുന്നില്ല. ആശുപത്രിയിലെ പാരാ മോണിറ്ററുകളുടെയും പൾസ് ഓക്‌സിമെറ്റേഴ്‌സിന്റെയും അവസ്ഥയും വിഭിന്നമല്ല. ആശുപത്രിയിലെ ഐസിയു അണുവിമുക്തമാക്കിട്ട് മാസങ്ങളായെന്ന ഗുരുതര ആരോപണവും റിപ്പോർട്ടിലുണ്ട്.

വിഷയത്തെ രാഷ്ട്രീയത്കരിക്കരുതെന്നും കുഞ്ഞുങ്ങളുടെ മരണങ്ങളിൽ സർക്കാരിന് ദുഃഖമുണ്ടെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ട് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കോട്ടയിലെ ജെ.കെ.ലോൺ ആശുപത്രിയിലെ രോഗബാധിതരായ കുഞ്ഞുങ്ങളുടെ മരണങ്ങളിൽ സർക്കാരിന് ദുഃഖമുണ്ട്. ഈ വിഷയത്തിൽ രാഷ്ട്രീയത്തിന്റെ ആവശ്യമില്ല. ആശുപത്രിയിലെ ശിശുമരണനിരക്ക് കുത്തനെ കുറഞ്ഞുവരികയാണ്. അത് ഇനിയും കുറയ്ക്കാനുള്ള ശ്രമത്തിലാണ് നമ്മൾ. അമ്മമാരും കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുക എന്നത് നമ്മുടെ പ്രധാന മുൻഗണനകളിൽ ഒന്നാണ്- ഗെലോട്ട് ട്വീറ്റുകളിൽ പറഞ്ഞു. കോട്ടയിലെ ശിശുമരണങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ ബിജെപിയും ബി.എസ്‌പിയും കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഗെഹ്ലോത്തിന്റെ പ്രതികരണം.

രാജസ്ഥാനിൽ ആദ്യമായി കുട്ടികൾക്കു വേണ്ടിയുള്ള ഐ.സി.യു.സ്ഥാപിച്ചത് 2003ൽ കോൺഗ്രസ് സർക്കാരാണെന്നും 2011ൽ കോട്ടയിൽ കുഞ്ഞുങ്ങൾക്കു വേണ്ടിയുള്ള ഐ.സി.യു. സ്ഥാപിച്ചതും തങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിന്റെ ലക്ഷ്യം ആരോഗ്യമുള്ള രാജസ്ഥാനാണെന്നും ഗെലോട്ട് ട്വീറ്റിൽ വ്യക്തമാക്കുന്നു. അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ കോൺഗ്രസിനുള്ളിലും അഭിപ്രായ ഭിന്നത രൂക്ഷമാകുകയാണ്. മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ രൂക്ഷ വിമർശനവുമായി പാർട്ടി സംസ്ഥാന അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ് രംഗത്തെത്തി.

'അക്കങ്ങളുടെ വല വിരിച്ചുകൊണ്ട് ഉത്തരവാദിത്വത്തിൽ നിന്ന് ആർക്കും രക്ഷപ്പെടാനാവില്ല. മുൻകാലങ്ങളിൽ എന്തുനടന്നു എന്നതിനെ കുറിച്ച് നമ്മൾ സംസാരിക്കേണ്ടതില്ല. ഇപ്പോൾ നടന്നതിന്റെ ഉത്തരവാദിത്തം നമ്മൾ ഏറ്റെടുക്കേണ്ടതുണ്ട്'.- സച്ചിൻ പൈലറ്റ് പറഞ്ഞു. ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി അശോക് ഗെലോട്ട് രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് പിന്നാലെയാണ് സച്ചിൻ പൈലറ്റിന്റെ വിമർശനം.

'നിരവധി കുട്ടികൾ മരിച്ചിട്ടുണ്ട്. അതിന്റെ ഉത്തരവാദിത്തം നമുക്കാണ്. വസുന്ധര രാജയുടെ തെറ്റുകൾക്കെതിരായിട്ടാണ് ആളുകൾ നമുക്ക് വോട്ട് ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇത് നമ്മുടെ ഉത്തരവാദിത്തം തന്നെയാണ്. ഇക്കാര്യത്തിൽ സർക്കാരിന്റെ പ്രതികരണം കൂടുതൽ അനുകമ്പയോടെയുള്ളതും സൂക്ഷമതയോടെയുമാകണമെന്ന് ഞാൻ കരുതുന്നു. അധികാരത്തിലേറിയിട്ട് 13 മാസമായിട്ടും കഴിഞ്ഞ സർക്കാരിനെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. ഇത്രയധികം കുട്ടികൾ മരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുക തന്നെ വേണം.'-സച്ചിൻ പൈലറ്റ് കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP