Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രത്യേക ഭരണഘടനയും പതാകയുമുള്ള വിശാല നാഗാലാൻഡ് എന്ന ആവശ്യവുമായി വിഘടനവാദികൾ; ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടിൽ കേന്ദ്രസർക്കാരും; 1997ലെ വെടി നിർത്തൽ കരാർ ലംഘിക്കപ്പെടും എന്ന ഭീഷണിയുമായി നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് രംഗത്തെത്തിയതോടെ സായുധ സേനയെ വിന്യസിച്ച് കേന്ദ്രവും; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വീണ്ടും പരക്കുന്നത് അശാന്തിയുടെ കരിനിഴൽ

പ്രത്യേക ഭരണഘടനയും പതാകയുമുള്ള വിശാല നാഗാലാൻഡ് എന്ന ആവശ്യവുമായി വിഘടനവാദികൾ; ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടിൽ കേന്ദ്രസർക്കാരും; 1997ലെ വെടി നിർത്തൽ കരാർ ലംഘിക്കപ്പെടും എന്ന ഭീഷണിയുമായി നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് രംഗത്തെത്തിയതോടെ സായുധ സേനയെ വിന്യസിച്ച് കേന്ദ്രവും; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വീണ്ടും പരക്കുന്നത് അശാന്തിയുടെ കരിനിഴൽ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: നാഗാ സമാധാന ഉടമ്പടിയിൽ ഒപ്പുവെയ്ക്കില്ലെന്ന നിലപാടിൽ നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് (എൻഎസ്സിഎൻ ഐഎം വിഭാഗം) ഉറച്ചു നിൽക്കുകയും ഉടമ്പടിയുടെ അന്തിമ നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ടു പോകുകയും ചെയ്തതോടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വീണ്ടും അശാന്തിയുടെ കാർമേഘങ്ങൾ പരക്കുന്നു. ആവശ്യങ്ങൾ അംഗീകരിക്കാതെ ഉടമ്പടിയെ അനുകൂലിക്കില്ലെന്ന് നിലപാടെടുത്തതു കേന്ദ്രത്തെ വെട്ടിലാക്കി. നാഗാലാൻഡിനു പ്രത്യേക പതാക, ഭരണഘടന, നാഗാ വംശജർ താമസിക്കുന്ന മണിപ്പുരിലെ മേഖലകൾ കൂടി ഉൾപ്പെടുത്തി വിശാല നാഗാലാൻഡിന്റെ രൂപീകരണം എന്നിവയാണ് നാഗാ കലാപകാരികളുടെ മുഖ്യസംഘടനയായ എൻഎസ്സിഎന്നിന്റെ പ്രധാന ആവശ്യങ്ങൾ.

ഒരുകാരണവശാലും ഇവ അംഗീകരിക്കില്ലെന്നു വ്യക്തമാക്കിയ കേന്ദ്രം, ഈ മാസം 31നകം സമാധാന ഉടമ്പടി ഒപ്പിടുമെന്ന പ്രഖ്യാപനത്തിൽ ഉറച്ചു നിൽക്കുകയാണ്. എൻഎസ്സിഎൻ ഐഎം വിഭാഗത്തെ ഒഴിവാക്കി മറ്റു വിഘടനവാദ സംഘടനകളുമായി ഉടമ്പടി ഒപ്പിടാൻ നീക്കമാരംഭിച്ചത് എൻഎസ്സിഎന്നിനെ ചൊടിപ്പിച്ചു. അവർ അക്രമത്തിലേക്ക് നീങ്ങിയേക്കുമെന്ന സൂചന ലഭിച്ചതോടെ നാഗാലാൻഡ്, മണിപ്പുർ എന്നീ സംസ്ഥാനങ്ങൾ സായുധ സേനകളെ നിയോഗിച്ചു. ഭക്ഷ്യവസ്തുക്കൾ ശേഖരിക്കാൻ പ്രദേശവാസികൾക്കു നിർദ്ദേശം നൽകിയിട്ടുണ്ട്. പൊലീസ് ഉൾപ്പെടെ ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി.

അരുണാചൽപ്രദേശ്, മണിപ്പുർ, അസം എന്നീ സംസ്ഥാനങ്ങളിലെ നാഗാ മേഖലകൾ ഒരുമിപ്പിക്കണമെന്ന ആവശ്യവും കരടുകരാറിന്റെ ഭാഗമായുണ്ട്. നാഗാ സമാധാന ഉടമ്പടി ഒക്ടോബറിൽ പൂർത്തിയാക്കണമെന്ന അന്ത്യശാസനം അംഗീകരിക്കില്ലെന്ന് എൻഎസ്സിഎൻ-ഐഎം വ്യക്തമാക്കി. സമാധാന ഉടമ്പടി നടപ്പായില്ലെങ്കിൽ 1997 ൽ അംഗീകരിച്ച വെടിനിർത്തൽ കരാറടക്കം ലംഘിക്കപ്പെടുമെന്ന ഭീഷണിയുണ്ട്.

നാഗാലാൻഡ് ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേകപദവി നിലവിലുണ്ട്. ഭരണഘടനയുടെ 371എ വകുപ്പുപ്രകാരം നാഗ ഗോത്രത്തിന്റെ പരമ്പരാഗതനിയമമാണ് നാഗാലാൻഡിൽ ബാധകം. ഭൂമിയുടെയും പ്രകൃതിവിഭവങ്ങളുടെയും ഉടമസ്ഥത, കൈമാറ്റം എന്നിവയും ഈ നിയമത്തിനു കീഴിലാണ്. പാർലമെന്റ് പാസാക്കിയ നിയമം നടപ്പാക്കാൻ നിയമസഭാ പ്രമേയം അംഗീകരിക്കണം.

നാഗാ വംശജർ ഇന്ത്യൻ യൂണിയനിൽ ലയിക്കണമെന്ന ആവശ്യം എൻഎസ്സിഎൻ-ഐഎം ജനറൽ സെക്രട്ടറി തുയിംഗലെങ് മുയ്വ തള്ളി. നാഗാ വംശജർ ഒരിക്കലും ഇന്ത്യയുടെ അധീനതയിലായിരുന്നില്ല, ഇനിയും അതിന് സാധിക്കില്ല. കേന്ദ്രസർക്കാരിന്റെ 'ലയനം' എന്ന ആവശ്യമാണ് സമാധാനചർച്ചകൾക്ക് വിഘാതം. കരടുകരാറിലെ എല്ലാ ഉപാധികളും അംഗീകരിക്കണം. കേന്ദ്രസർക്കാരിനെ ഇനി വിശ്വാസത്തിലെടുക്കാനാകില്ലെന്നും മുയ്വ നേരത്തേ വ്യക്താക്കിയിരുന്നു.

ഉടമ്പടിക്കു മുന്നോടിയായുള്ള പ്രാഥമിക രൂപരേഖ സംബന്ധിച്ച് 2015 ഓഗസ്റ്റിൽ എൻഎസ്സിഎന്നും സർക്കാരും ധാരണയിലെത്തിയിരുന്നു. 6 ദശാബ്ദം നീണ്ട കലാപത്തിന് അന്ത്യം എന്നാണു ധാരണയെ അന്നു സർക്കാർ വിശേഷിപ്പിച്ചത്. പ്രത്യേക പതാക, ഭരണഘടന, വിശാല നാഗാലാൻഡ് എന്നിവ സംബന്ധിച്ച 2015 ലെ ഉറപ്പ് ഉടമ്പടിയിൽ സർക്കാർ പാലിക്കണം എന്നാണ് എൻഎസ്‌സിഎൻ (ഐഎം) ആവശ്യപ്പെടുന്നത്. എന്നാൽ കേന്ദ്ര സർക്കാർ അത്തരം ഉറപ്പുകളൊന്നും നൽകിയിട്ടില്ല എന്ന നിലപാടിലാണ്.

മിസോറമിലെ മിസോ ദേശീയ മുന്നണിയുമായി 1986 ൽ ഉണ്ടാക്കിയ കരാറിനു ശേഷം വടക്കു കിഴക്കൻ മേഖലയിലെ രണ്ടാമത്തെ സുപ്രധാന സമാധാന ഉടമ്പടിയാണു നാഗാലാൻഡിൽ യാഥാർഥ്യമാക്കാൻ സർക്കാർ ശ്രമിക്കുന്നത്. 1963 ലാണു നാഗാലാൻഡ് ഇന്ത്യയുടെ 16ാം സംസ്ഥാനമാകുന്നത്. 2 കോടി ജനസംഖ്യയുള്ള സംസ്ഥാനം വൈകാതെ ആഭ്യന്തര കലാപത്തിലേക്കു വീണു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP