Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വേദാന്തയുടെ മുമ്പിൽ മോദി സർക്കാരും മുട്ട് മടക്കി; കോടതി വിധി അവഗണിച്ച് ബ്രിട്ടീഷ് കമ്പനിക്ക് കന്യാവനവും ആദിവാസികളുടെ ആവാസ കേന്ദ്രവും തുറന്ന് കൊടുക്കാൻ കേന്ദ്ര സർക്കാർ; എന്നിട്ട് നമുക്ക് നാണമില്ലേ മാവോയിസ്റ്റുകളെ കുറ്റം പറയാൻ...?

വേദാന്തയുടെ മുമ്പിൽ മോദി സർക്കാരും മുട്ട് മടക്കി; കോടതി വിധി അവഗണിച്ച് ബ്രിട്ടീഷ് കമ്പനിക്ക് കന്യാവനവും ആദിവാസികളുടെ ആവാസ കേന്ദ്രവും തുറന്ന് കൊടുക്കാൻ കേന്ദ്ര സർക്കാർ; എന്നിട്ട് നമുക്ക് നാണമില്ലേ മാവോയിസ്റ്റുകളെ കുറ്റം പറയാൻ...?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും പുരാതനമായ ആദിവാസി വിഭാഗം ഇപ്പോൾ നാശത്തിന്റെ ഭീഷണിയിലാണ്. കന്യാവനവും ആദിവാസികളുടെ ആവാസകേന്ദ്രവും ബ്രിട്ടീഷ് കമ്പനിയായ വേദാന്തയ്ക്ക് തുറന്ന് കൊടുക്കാൻ വേണ്ടിയുള്ള നീക്കം കേന്ദ്രസർക്കാർ ആരംഭിച്ചതിനെ തുടർന്നാണിത്. യഥാർത്ഥത്തിൽ ബ്രിട്ടീഷ് മൈനിങ് കമ്പനിയായ വേദാന്തയുടെ മുന്നിൽ മോദി സർക്കാർ മുട്ട് മടക്കുകയായിരുന്നുവെന്ന് പറയാം. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ വ്യവസ്ഥാപിത സംവിധാനങ്ങളോട് ഏറ്റുമുട്ടി ആദിവാസികളുടെയും മറ്റും അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന മാവോയിസ്റ്റുകളെ നമുക്ക് ഒരിക്കലും കുറ്റം പറയാനാവില്ല.

സ്വാതന്ത്ര്യ സമരകാലത്ത് വലിയ ജനകീയ വിഷയങ്ങളിൽ ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ ഇന്ത്യക്കൊപ്പം ആയിരുന്നു. ഈ വിഷയത്തിലും അതു തന്നെ. കോൺസർവേറ്റീവ് പത്രമായ സൺഡേ ടെലിഗ്രാഫാണ് ഇന്ത്യൻ പത്രങ്ങൾ മനഃപൂർവം മറന്ന ഈ വാർത്ത വെളിയിൽ കൊണ്ടു വന്നത്. മറ്റ് ദേശീയ മാദ്ധ്യമങ്ങളൊന്നും ഈ ഒത്തുകളി വാർത്തയെ കുറിച്ച് അറഞ്ഞ ഭാവം പോലും വച്ചില്ല. ടെലിഗ്രാഫ് വാർത്ത പുറത്തു വിടുമ്പോൾ ദേശീയ തലത്തിലും പ്രതിഷേധം ഉയരും. എന്നാൽ കോൺഗ്രസ് അടക്കമുള്ള പ്രധാന പ്രതിപക്ഷവും ഈ വിഷയത്തിൽ മൗനം പാലിക്കുകയാണ്. ആദിവാസി ക്ഷേമം മാത്രം ലക്ഷ്യമിടുന്ന ചില സർക്കാരിതര ഏജൻസികൾ മാത്രമാണ് നീതിക്ക് വേണ്ടി നിലയുറപ്പിച്ചിട്ടുള്ളത്. ഇന്ത്യൻ വംശജനായ അനിൽ അഗർവാളിന്റെ ഖനന കമ്പനിയാണ് വേദാന്ത റിസോഴ്‌സസ് .

വേദാന്ത റിസോഴ്‌സസ് ഒഡീഷയിൽ നടത്തുന്ന ബോക് സൈറ്റ് ഖനന പ്രവർത്തനങ്ങൾ നിയമവിരുദ്ധമെന്നു കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ധ സമിതി 2010ൽ കണ്ടെത്തിയിരുന്നു. ആദിവാസി സമൂഹത്തിന്റെയും ഗ്രാമസഭയുടെയും അനുമതിയില്ലാതെ നിയാംഗിരി കുന്നുകളിൽ വേദാന്ത നടത്തുന്ന ഖനനം നിയമവിരുദ്ധമാണെന്നും സമിതി വ്യക്തമാക്കി. പദ്ധതി തുടരാൻ അനുവദിക്കരുതെന്നും സമിതി ശുപാർശ ചെയ്തു. വേദാന്തയെ ഖനനം തുടരാൻ അനുവദിക്കുന്നത് ആദിവാസി സമൂഹത്തിന് സർക്കാരിലും നിയമവ്യവസ്ഥയിലുമുള്ള വിശ്വാസം നഷ്ടമാക്കുമെന്നും സമിതി റിപ്പോർട്ടിൽ പറയുന്നു. 26,123 ഹെക്ടർ വനഭൂമിയാണ് ബോക്‌സൈറ്റ് ഖനനത്തിനായി ബ്രിട്ടൺ ആസ്ഥനമായ വേദാന്ത അലുമിനയുടെ കീഴിലുള്ള വേദാന്ത റിസോഴ്‌സസ് കൈയടക്കിവച്ചിരിക്കുന്നതെന്നാണ് ആരോപണം.

1.7 ബില്യൺ ഡോളറിന്റെ ഖനന പദ്ധതിയെക്കുറിച്ചു ദേശീയ ഉപദേശക സമിതി അംഗം എൻ. സക്‌സേന അധ്യക്ഷനായ നാലംഗ സമിതിയാണ് 2010ൽ അന്വേഷണം നടത്തിയത്. ഖനനത്തിനുള്ള അനുമതി ഉടൻ പിൻവലിക്കണം. കമ്പനി വനസംരക്ഷണ നിയമം ലംഘിച്ചു. സർക്കാർ ഭൂമി കൈയേറി. വേദാന്തയുമായി രഹസ്യക്കരാറിൽ ഏർപ്പെട്ട ഒഡീഷ സർക്കാരിനെയും റിപ്പോർട്ടിൽ വിമർശിക്കുന്നു. ഇതോടെയാണ് പദ്ധതി അനിശ്ചിതത്വത്തിലായത്. സുപ്രീകോടതി വിധിയും കമ്പനിക്ക് എതിരായിരുന്നു. ഇതോടെ യുപിഎ സർക്കാർ പദ്ധതിയിൽ മൗനം പാലിച്ചു. ഇതാണ് മോദി സർക്കാർ എത്തിയതോടെ നയതന്ത്രതല ചർച്ചകളുടെ പിൻബലത്തിൽ പൊടി തട്ടിയെടുക്കാൻ ബ്രിട്ടീഷ് കമ്പനി ശ്രമിക്കുന്നത്.

ഒഡീഷയിലെ ഡോൻഗ്രിയ കോണ്ട് എന്ന ആദിവാസി വിഭാഗത്തിനെയാണ് ബ്രിട്ടീഷ് കമ്പനിക്ക് വേണ്ടി കേന്ദ്രസർക്കാർ അടിയറ വച്ചിരിക്കുന്നത്. 2013ൽ ഇതു സംബന്ധിച്ച കേസിലുണ്ടായിരുന്ന വിധി ആദിവാസികൾക്ക് അനുകൂലമായിരുന്നുവെന്നാണ് ഇവർക്ക് വേണ്ടിയുള്ള കാംപയിനർമാർ വിശ്വസിക്കുന്നത്. എന്നാൽ ഇപ്പോൾ മൂന്ന് വർഷങ്ങൾക്ക് ശേഷം കാര്യങ്ങൾ മാറി മറിഞ്ഞ് ആദിവാസികളുടെ അവകാശങ്ങൾ നഷ്ടപ്പെടുന്ന അവസ്ഥയിലേക്കെത്തിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ആദിവാസികൾ വിശുദ്ധമെന്ന് വിശ്വസിക്കുന്ന നിയാംഗിരിയിൽ ഖനനം നടത്താൻ ഒഡീഷ സർക്കാർ വീണ്ടും ഒരു അപേക്ഷ കൊടുത്തതിന്റെ സാഹചര്യത്തിലാണ് പുതിയ ആശങ്ക ഉയർന്ന് വന്നിരിക്കുന്നത്. ഇതിനോട് കേന്ദ്ര സർക്കാരും അനുകൂലമായാണ് പ്രതികരിക്കുന്നത്. ഇതോടെ പദ്ധതി വീണ്ടും സജീവമാകുന്നു. ഇത്തരം പദ്ധതികൾ യാഥാർത്ഥ്യമാകാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണം.

ഇവിടെ ഒരു ബോക്‌സൈറ്റ് ഖനി സ്ഥാപിക്കാനാണ് ഒഡീഷ സർക്കാർ ശ്രമിക്കുന്നത്. ഇതിനെ മോദി സർക്കാരും പിന്തുണയ്ക്കുന്നു. 2013ൽ ആദിവാസികൾക്ക് അനുകൂലമായുണ്ടായ വിധിയുടെ പകർപ്പ് സൺഡേ ടെലിഗ്രാഫിന് ലഭിച്ചിട്ടുണ്ട്. ഇവിടെ ഖനനം നടത്തുന്നത് നിയമവിരുദ്ധവും ഇത് ഒഡീഷയുടെയും ഇന്ത്യയുടെയും വളർച്ചയ്ക്കും വികാസത്തിനും തടസം സൃഷ്ടിക്കുമെന്നുമാണ് പ്രസ്തുത വിധിയിലുള്ളത്. സുപ്രീംകോടതിയിലെ മൂന്ന് ജഡ്ജിമാരുടെ ബഞ്ചിന് മുന്നിൽ ഈ കേസ് നേരത്തെ തന്നെ എത്തിയിട്ടുണ്ട്.ഇതിനെ തുടർന്ന് ആദിവാസികൾക്കിടയിൽ നിന്നും ആക്ടിവിസ്റ്റുകൾക്കിടയിൽ നിന്നും കനത്ത പ്രതിഷേധം സർക്കാരിനെതിരെ ഉയർന്ന് വരുന്നുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയാണ് സർക്കാരിതര സംഘടനകൾ.

നേരത്തെയുണ്ടായ കോടതി വിധിയെ  മറികടക്കാൻ ശ്രമിക്കുന്നത് ഞെട്ടലുണ്ടാക്കുന്ന സംഭവമാണെന്നാണ് ആദിവാസികൾക്ക് വേണ്ടി നിലകൊള്ളുന്ന സർവൈവൽ ഇന്റർനാഷണൽ എന്ന എൻജിഒ പ്രതികരിച്ചിരിക്കുന്നത്. ഈ ഖനന പ്രൊജക്ടുമായി മുന്നോട്ട് പോകുന്ന ജനാധിപത്യ വിരുദ്ധവും നിയമവിരുദ്ധവുമാണെന്നും ഈ എൻജിഒ ആരോപിക്കുന്നു. ബഹുരാഷ്ട്ര കുത്തകകളുടെ ഖനന താൽപര്യങ്ങൾക്ക് മുന്നിൽ ആദിവാസികളുടെ നിലനിൽപ് സംരക്ഷിക്കാൻ നടത്തുന്ന പോരാട്ടത്തെ ഹോളിവുഡ് ബ്ലോക്ക്‌ബസ്റ്റർ ചിത്രമായ അവതാറിലെ കഥാതന്തുവിനോട് ഉപമിക്കാവുന്നതാണ്.ഡോഗ്രിയ കോണ്ട് ആദിവാസികൾ ഇന്ന് കഴിയുന്നത് ഒഡീഷയിലെ നിബിഡവനങ്ങളിൽ വേട്ടയാടി ആഹാരം ശേഖരിച്ചിട്ടാണ്.

ഹിൽസൈഡ് തോട്ടങ്ങളിൽ തങ്ങൾ വളർത്തിയെടുക്കുന്ന ഉൽപന്നങ്ങൾ പ്രാദേശിക മാർക്കറ്റിൽ ബാർട്ടർസമ്പ്രദായപ്രകാരം കൈമാറി അവർ ലോഹ ഉപകരണങ്ങളും ക്ഷുദ്രാഭരണങ്ങളും വാങ്ങുകയും ചെയ്യും.പുറമെ നിന്നുള്ളവർക്ക് മനസിലാകാത്ത കുയി എന്ന ഭാഷയാണ് അവർ സംസാരിക്കുന്നത്. ബ്രിട്ടീഷ് കമ്പനി നോട്ടമിട്ടിരിക്കുന്ന നിയാംഗിരിയിൽ തങ്ങളുടെ ദേവതയായ നിയാം രാജ അധിവസിക്കുന്നുവെന്നാണവർ വിശ്വസിക്കുന്നത്. ഇവരുടെ ഈ കടുത്ത വിശ്വാസത്തെ ചവിട്ടിത്തേച്ചാണ് കേന്ദ്ര സർക്കാരും ഒഡീഷ സർക്കാരും ഇവിടേക്ക് ബ്രിട്ടീഷ് കമ്പനിയെ കൊണ്ടു വരാൻ ശ്രമിക്കുന്നത്.1835ൽ ബ്രിട്ടീഷുകാരുമായി ഇവർ ഇടപെടുന്നത് വരെ ഇവരുടെ ഇടയിൽ നരബലി വരെയുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇത് നിർബന്ധിച്ച് നിർത്തലാക്കുകയായിരുന്നു.

ബോക്‌സൈറ്റിനാൽ സമൃദ്ധമായ നിയാംഗിരി പ്ലേറ്റിനെ 8000ത്തോളം വരുന്ന ഡോൻഗ്രിയ ആദിവാസികൾ വിശുദ്ധമായി ആരാധിച്ച് വരുകയാണ് ചെയ്യുന്നത്. 2006ൽ ഈ പർവതത്തിന്റെ താഴ് വരകളിൽ വേദാന്ത 400 കോടി രൂപ  മുടക്കി റിഫൈനറി പണിതിരുന്നു. ഇവിടുത്തെ ബോക്‌സൈറ്റ് തങ്ങൾക്ക് ഖനനം ചെയ്യാമെന്ന പ്രതീക്ഷയിലായിരുന്നു കമ്പനിയുടെ ഈ നീക്കം. എന്നാൽ ഖനനത്തിന് നിരോധനമേർപ്പെടുത്തിയതോടെ ഈ റിഫൈനറി പുറത്ത് നിന്നും കൂടുതൽ ചെലവിൽ അസംസ്‌കൃതപദാർത്ഥങ്ങൾ ഇറക്കുമതി ചെയ്താണ് പ്രവർത്തിക്കുന്നത്. ആദിവാസികൾ തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി സമരം തുടർന്നതിന്റെ ഫലമായി കഴിഞ്ഞ വർഷം ഇതിനൊരു പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷ ശക്തമാവുകയും ചെയ്തിരുന്നു. തങ്ങൾ ഈ പ്ലാന്റിന്റെ പ്രവർത്തനവും അടുത്ത് തങ്ങൾ നിർമ്മിച്ച ഹോസ്പിറ്റലിന്റെയും സ്‌കൂളിന്റെയും പ്രവർത്തനവും നിർത്തുകയാണെന്ന് വേദാന്ത അന്ന് പ്രഖ്യാപിക്കുകയും ചെയ്തനെ തുടർന്നായിരുന്നു ഇത്.

ആഗോളതലത്തിൽ ലോഹത്തിന് വിലകുറയുന്നതും പ്ലാന്റിന്റെ പ്രവർത്തനത്തിന് ആവശ്യമായ അസംസ്‌കൃത വസ്തു സമീപപ്രദേശത്ത് നിന്നും ലഭിക്കാൻ പ്രയാസമായതും കാരണം ദിവസവും പ്രവർത്തിക്കുന്നത് മൂലം തങ്ങൾക്ക് മൂന്ന് ലക്ഷം പൗണ്ട് നഷ്ടമുണ്ടാകുന്നുവെന്നായിരുന്നു കമ്പനി അന്ന് വ്യക്തമാക്കിയിരുന്നത്.ഇപ്പോൾ പ്ലാന്റിന്റെ പ്രവർത്തനശേഷിയുടെ 25 ശതമാനം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ഇവിടെ അനുവാദം ലഭിക്കുകയാണെങ്കിൽ കമ്പനി പൂർണമായും പ്രവർത്തനം തുടരാൻ തന്നെ തയ്യാറായാണ് നിലകൊള്ളുന്നതെന്ന് ഇതിൽ നിന്നും വ്യക്തമാണ്. ഖനിയും റിഫൈനറിയും ഇവിടെ പ്രവർത്തിച്ചാൽ അത് തങ്ങളുടെ 36 അരുവികളെ മലിനപ്പെടുത്തുമെന്നാണ് ഡോൻഗ്രിയ വാദിക്കുന്നത്. ഇവ ഉപയോഗിച്ചാണ് തങ്ങളുടെ കാർഷിക വിളകൾ നനയ്ക്കുന്നതെന്നും അവർ പറയുന്നു.

വേദാന്ത മുന്നോട്ട് വയ്ക്കുന്ന ഒത്തുതീർപ്പ് നടപടികൾ സ്വീകരിക്കുന്നുണ്ടോ ഇല്ലെന്നോ തീരുമാനിക്കാൻ സൂപ്രീം കോടതി ആദിവാസികളുടെ 12 വില്ലേജ് കൗൺസിലുകളെ ക്ഷണിക്കുകയും ചെയ്തിരുന്നു.എന്നാൽ പ്രദേശത്തെ എല്ലാ ഖനന പ്രവൃത്തികളെയും ഡോൻഗ്രിയ ഏകകണ്ഠമായി നിരസിക്കുകയാണ് ചെയ്തിരിക്കുന്നത്.കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം ഡോൻഗ്രിയ വിഭാഗത്തിൽ നിന്നും പുതിയ വോട്ടർമാർ ഉണ്ടാവുകയും 2013ലെ തെരഞ്ഞെടുപ്പിൽ പങ്കെടുത്ത നിരവധി ഡോൻഗ്രിയ വിഭാഗക്കാർ മരിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഒഡീഷ സർക്കാർ ഇതുമായി ബന്ധപ്പെട്ട പുതിയ പെറ്റീഷനുമായി രംഗത്തെത്തിയിരിക്കുന്നത്. വേദാന്ത ഇവിടെ നടത്തിയിരിക്കുന്ന നിർമ്മാണ പ്രവൃത്തികൾ കാരണം ഇപ്പോൾ തന്നെ ഈ അമൂല്യമായ ഭൂപ്രദേശത്തിന്റെ പരിസ്ഥിതി താറുമാറായെന്നാണ് ആക്ടിവിസ്റ്റുകൾ മുന്നറിയിപ്പേകുന്നത്.

നിരോധനം നീക്കിയില്ലെങ്കിൽ ഈ ബഹുരാഷ്ട്ര ഭീമൻ ഇന്ത്യയിൽ നിന്ന് വിട്ട് പോകുമെന്ന ഭയം മൂലം സർക്കാർ ആദിവാസികളുടെ താൽപര്യങ്ങളെ ചവിട്ടിത്തേച്ച് നിരോധനം എങ്ങനെയെങ്കിലും നീക്കാൻ കുതന്ത്രങ്ങൾ മെനയുകയാണെന്നും അവർ ആരോപിക്കുന്നു. ഖനനത്തിനെതിരെ സമരം നടത്തുന്നവരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമം നടന്നിരുന്നുവെന്നും ഇനിയും അത് പ്രതീക്ഷിക്കുന്നുവെന്നും ആദിവാസി നേതാക്കന്മാർ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP