Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മൂവാറ്റുപുഴക്കാരി നിധിൻ ചന്ദ് തുടങ്ങിയ പോരാട്ടം ഒടുവിൽ ബ്രിട്ടീഷ് പാർലമെന്റിന് മുന്നിൽ; പിന്തുണയേകി ബ്രിട്ടീഷ് എംപിമാരും; മികച്ച വിദേശ വിദ്യാർത്ഥികളുടെ ഭാവി നശിപ്പിക്കുന്നതിൽ തെരേസ മേ കുറ്റക്കാരിയാണോ? 25 ലക്ഷം രൂപ മുടക്കി യുകെയിൽ പഠിക്കാൻ വരുന്നവരുടെ ഭാവി കുഴപ്പത്തിലാക്കാൻ ബ്രിട്ടൻ ആഭ്യന്തര മന്ത്രാലയം ക്വട്ടേഷൻ എടുത്തതായി ആരോപണം

മൂവാറ്റുപുഴക്കാരി നിധിൻ ചന്ദ് തുടങ്ങിയ പോരാട്ടം ഒടുവിൽ ബ്രിട്ടീഷ് പാർലമെന്റിന് മുന്നിൽ; പിന്തുണയേകി ബ്രിട്ടീഷ് എംപിമാരും; മികച്ച വിദേശ വിദ്യാർത്ഥികളുടെ ഭാവി നശിപ്പിക്കുന്നതിൽ തെരേസ മേ കുറ്റക്കാരിയാണോ? 25 ലക്ഷം രൂപ മുടക്കി യുകെയിൽ പഠിക്കാൻ വരുന്നവരുടെ ഭാവി കുഴപ്പത്തിലാക്കാൻ ബ്രിട്ടൻ ആഭ്യന്തര മന്ത്രാലയം ക്വട്ടേഷൻ എടുത്തതായി ആരോപണം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ബ്രിട്ടനിൽ എത്താൻ ഇംഗ്ലീഷ് ഭാഷ പരിജ്ഞാന പരീക്ഷ എഴുതിയേ എത്ര മികച്ച വിദ്യാർത്ഥിക്കും വിദേശത്തു നിന്നും യുകെയിലെ സർവ്വകലാശാലകളിലേക്കു വിമാനം കയറാൻ സാധിക്കൂ. അതിനു നിലവിൽ ഐഇഎൽടിഎസ്, ടിഓഐഇസി എന്നീ പരീക്ഷകളാണ് ഉള്ളത്. അൽപം അനായാസം ഉണ്ടെന്നതിനാൽ ഭൂരിഭാഗം പേരും ടോയ്ക്ക് എന്നറിയപ്പെടുന്ന പരീക്ഷ എഴുതി പാസായാണ് അടുത്ത കാലത്തായി യുകെയിൽ എത്തുന്നത്.

എന്നാൽ ഈ പരീക്ഷ എഴുതിയ മുഴുവൻ പേരും അടിസ്ഥാന യോഗ്യതയിൽ മികവ് കാട്ടിയിട്ടില്ല എന്നാരോപിച്ചു ബ്രിട്ടനിൽ എത്തിയാൽ അറസ്റ്റ് ചെയ്തു വന്ന രാജ്യത്തേക്ക് മടക്കി അയക്കുന്ന ബ്രിട്ടനിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട് വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണെന്നു ബിബിസി പനോരമ അടക്കം വെളിപ്പെടുത്തിയതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ പ്രതിഷേധം ബ്രിട്ടന് നേരെ ഉയരാൻ ഉള്ള സാധ്യത വളരുകയാണ്. തെരേസ മേ ആഭ്യന്തര സെക്രട്ടറി ആയിരിക്കവേ നടപ്പാക്കിയ തീരുമാനം എന്ന നിലയിലാണ് കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാൻ ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്ത വളഞ്ഞ വഴി ഇപ്പോൾ വിദ്യാർത്ഥികൾ പ്രക്ഷോഭമായി വളർത്തിയെടുക്കുന്നത്.

മിനിഞ്ഞാന്ന് ബ്രിട്ടീഷ് പാർലമെന്റിനു മുന്നിൽ ടോയെക് കേസിൽ നാടുകടത്തപ്പെടാൻ വിധിക്കപ്പെട്ട വിദ്യാർത്ഥികൾ നടത്തിയ സമരപരിപാടി ഒട്ടേറെ എംപിമാരുടെ ശ്രദ്ധയിലും എത്താൻ കാരണമായി. ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഒറ്റയടിക്ക് നാട് കടത്തപ്പെടുന്നു എന്നതാണ് പ്രഥമ ദൃഷ്ടിയിൽ ഇതിനു ഗൂഢാലോചനയുടെ സ്വഭാവം നൽകിയത്.

മാത്രമല്ല തന്റെ വിസ നീട്ടിക്കിട്ടാൻ ടോയ്ക്ക് സർട്ടിഫിക്കറ്റ് നൽകാതെ പോലും അപേക്ഷ നൽകിയ നിഥിനെ രണ്ടു വർഷം മുൻപ് ഈ പരീക്ഷ എഴുതി എന്ന കാരണത്തിന് അറസ്റ്റ് ചെയ്തതോടെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കള്ളി കയ്യോടെ പിടികൂടപ്പെടാൻ കാരണമായത്. തുടർന്ന് പാർലമെന്റിലും മറ്റും നിധിൻ അടക്കമുള്ളവർ നടത്തിയ ശക്തമായ ലോബിയിങ് സർക്കാരിന്റെ നീക്കങ്ങൾ സംശയിക്കത്തക്കതാണെന്നു തെളിയിക്കുന്നതായിരുന്നു. ടോയ്ക്ക് പരീക്ഷ നടത്തുന്ന ഇടിഎസ് എന്ന സ്ഥാപനം നൽകുന്ന ലിസ്റ്റിൽ പേരുള്ളവരെ കണ്ടെത്തിയാണ് നാടുകടത്തൽ നടക്കുന്നത്.

ഈ പരീക്ഷ എഴുതിയിട്ടുണ്ടെങ്കിലും അതിന്റെ ആവശ്യമില്ലാതെയും ബ്രിട്ടനിൽ താങ്ങാൻ കഴിയുന്ന നിധിനെ പോലുള്ളവരുടെ കാര്യത്തിലും അറസ്റ്റ് ഉണ്ടായതോടെയാണ് കുടിയേറ്റ നിരക്കിന്റെ എണ്ണം കുറച്ചു കാട്ടാൻ ഒറ്റയടിക്ക് പതിനായിരങ്ങളെ പുറത്താക്കി മേനി കാട്ടാൻ സർക്കാർ തയ്യാറായത് എന്ന സംശയമാണ് ഇപ്പോൾ ബലപ്പെടുന്നത്. എന്നാൽ മികച്ച ഭാവി നോക്കി പഠിക്കാൻ എത്തി ഒടുവിൽ മാനം പോകും വിധത്തിൽ നാടുകടത്തപ്പെട്ട ഹതഭാഗ്യരായ പതിനായിരങ്ങളുടെ ഭാവിയെന്ത് എന്ന ചോദ്യമാണ് ഇപ്പോൾ ബ്രിട്ടൻ നേരിടേണ്ടി വരുന്നത്. ഓരോ വിദ്യാർത്ഥിയും ഫീസും ചിലവും അടക്കം 25 ലക്ഷം രൂപയോളം മുടക്കിയാണ് പഠിക്കാൻ എത്തുന്നത് എന്ന വസ്തുത മുന്നിൽ നിൽക്കെ ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം ഈ വിദ്യാർത്ഥികൾക്ക് ജീവിതകാലം മൊത്തം നൽകുന്ന മാനസിക, സാമ്പത്തിക പീഡനമായി വളരുകയാണ് നാടുകടത്തൽ നടപടി.

എന്റെ ഭാവി തിരിച്ചു തരൂ എന്ന മുദ്രാവാക്യം ഉയർത്തിയാണ് വിദ്യാർത്ഥികൾ പാർലമെന്റിനു മുന്നിൽ തടിച്ചു കൂടിയത്. നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദം എന്ന നിലയിൽ ഈ പ്രതിഷേധം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. ഇതിനകം 48000 വിദ്യാർത്ഥികൾ എങ്കിലും നാടുകടത്തപ്പെട്ട എന്നാണ് ലഭ്യമായ വിവരം. കൂടുതൽ അറസ്റ്റുകൾ ഇപ്പോഴും നടക്കുകയാണ്. എന്തുവില കൊടുത്തും സർക്കാരിന്റെ ഈ അന്യായം തടയണം എന്നാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നത്. ഭാവിയിൽ ഒരാൾ പോലും ബ്രിട്ടനിലേക്ക് വരാൻ കഴിയാത്ത സാഹചര്യമാണ് ഇതുമൂലം സൃഷ്ടിക്കപ്പെടുന്നതെന്നും വിദ്യാർത്ഥികൾ മുന്നറിയിപ്പ് നൽകുന്നു. ബ്രിട്ടനിൽ പഠിക്കാൻ തയ്യാറെടുക്കുന്ന ഓരോ മലയാളി വിദ്യാർത്ഥിയും മുൻകരുതൽ എടുക്കണമെന്നും നിഥിനെ പോലുള്ള അനുഭവസ്ഥർ പറയുന്നതും ഗൗരവമുള്ള കാര്യമായി മാറുകയാണ്.

ആരോപണത്തിന്റെ കുന്തമുന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേക്ക് എതിരെ തന്നെ നീളുന്നതിനാൽ ഈ പ്രശ്നത്തിന് വലിയ രാഷ്ട്രീയ മാനങ്ങളും ഉണ്ട്. മികച്ച ഭാവിയുള്ള വിദ്യാർത്ഥികൾ യുകെയിൽ എത്തി തങ്ങളുടേത് അല്ലാത്ത കാരണത്തിന് നിയമ നടപടി നേരിട്ട് മടങ്ങി പോകേണ്ടി വന്ന സാഹചര്യം ഒരു ഡസനിലേറെ എംപിമാർക്ക് ബോധ്യപ്പെട്ടതിനാൽ സർക്കാർ സമാധാനം പറയേണ്ടി വരും എന്നുറപ്പാണ്. മൂവാറ്റുപുഴക്കാരി നിധിൻ ചന്ദ് രണ്ടു വർഷം മുൻപ് ഉയർത്തിയ പ്രതിഷേധത്തിന്റെ കൊടുംകാറ്റാണ് ഇപ്പോൾ പാർലിമെന്റിനു മുന്നിൽ പ്രക്ഷോഭമായി വളർന്നിരിക്കുന്നത്.

നിധിൻ ചന്ദിനെ സഹായിക്കാൻ ഇറങ്ങിയ ഈസ്റ്റ് ഹാം എംപി സ്റ്റീഫൻ ടിംസ് തന്നെയാണ് ഇപ്പോഴും പാറ പോലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മുന്നിൽ ഉറച്ചു നിൽക്കുന്നത്. മാർട്ടിൻ ഡേ, ഹരിയാട്ട് ഹെർമൻ, കീത് വ്യാസ് തുടങ്ങി പ്രധാനികളായ ഒട്ടേറെ എംപിമാർക്ക് ഈ പ്രശ്നത്തിൽ സർക്കാരിന്റെ കുത്സിത താൽപ്പര്യങ്ങൾ അടുത്തറിയാവുന്നതിനാൽ ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ തുടങ്ങി ഒട്ടേറെ രാജ്യങ്ങൾക്കു ബ്രിട്ടനുമായുള്ള ബന്ധം വഷളാകുന്ന തരത്തിലേക്ക് വരെ ഈ പ്രശനം വഷളായേക്കാം എന്ന് കരുതുന്നവരുമുണ്ട്. തൽക്കാലം തടിയൂരാൻ സർക്കാർ വിഷയം ഗൗരവത്തോടെ എടുക്കുകയാണ് എന്ന ഒഴുക്കൻ മറുപടിയാണ് തെരേസ നൽകുന്നത്.

എന്നാൽ അടുത്തിടെ ഇന്ത്യൻ ആഭ്യന്തര മന്ത്രിയുടെ ഹരിയാനക്കാരനായ സുഹൃത്തിന്റെ മകൻ അടക്കമുള്ളവർ ഡീപോർട്ട് ചെയ്ത് മടങ്ങി എത്തിയതോടെയാണ് ബ്രിട്ടന്റെ കുതന്ത്രം കൂടുതൽ പരസ്യമായിരിക്കുന്നത്. എന്നാൽ ഈ സർക്കാർ സ്‌പോൺസറെഡ് ഗൂഢാലോചന എന്ന് സംശയിക്കപ്പെടുന്ന ഈ നീക്കത്തിനെതിരെ ബ്രിട്ടനിലും ഇന്ത്യയിലും മാധ്യമങ്ങൾ സജീവമായി രംഗത്തുണ്ട് എന്നതിനാൽ ബ്രിട്ടൻ ഏതുതരത്തിൽ ഇതിനെ സമീപിക്കും എന്നതും കൗതുകകരമാണ്. ബ്രക്‌സിറ്റ് വരുന്നതോടെ കൂടുതൽ വിദേശ വിദ്യാർത്ഥികൾക്കായി യൂണിവേഴ്സിറ്റികൾ മത്സരിക്കുന്നതിനിടെയാണ് ടോയ്ക്ക് പരീക്ഷ ആരോപണം എന്നതും ശ്രദ്ധേയമാണ്.

ഇടക്കാല തിരഞ്ഞെടുപ്പ് മുന്നിൽ കാണുന്ന തെരേസ മേ യൂണിവേഴ്സിറ്റി ഫീസ് 9000ൽ നിന്നും 6200 ആയി കുറയ്ക്കാൻ ഗൗരവമായി ആലോചിക്കുന്നതിനാൽ ഇനി പിടിച്ചു നിൽക്കാൻ വിദേശ വിദ്യാർത്ഥികൾ മാത്രം എന്ന നിലയിൽ യുകെയിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി ഗ്രൂപ്പായ റസൽ, അല്ലൈൻസ്, സിഎംയു എന്നിവരൊക്കെ നീങ്ങുന്ന സാഹചര്യത്തിൽ വിദേശ വിദ്യാർത്ഥികൾക്ക് യുകെയിൽ സർക്കാരിൽ നിന്ന് തന്നെ നേരിടുന്ന പ്രയാസങ്ങൾ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP