Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202305Tuesday

ഇന്ത്യൻ റെയിൽവേയുടെ മുഖം അടിമുടി മാറുന്നു; നമ്മൾ കാത്തിരുന്ന ആ വന്ദേഭാരത് വരുന്നു; സ്ലീപ്പർ കോച്ചുകളുമായി 2024 മാർച്ചോടെ രംഗപ്രവേശനം; ഹ്രസ്വദൂര യാത്രക്കാർക്കായി വന്ദേ മെട്രോയും; കരയിലോടുന്ന വിമാനത്തിൽ ഇനി കിടന്നു യാത്ര ചെയ്യാം; അറിയേണ്ടതെല്ലാം...

ഇന്ത്യൻ റെയിൽവേയുടെ മുഖം അടിമുടി മാറുന്നു; നമ്മൾ കാത്തിരുന്ന ആ വന്ദേഭാരത് വരുന്നു; സ്ലീപ്പർ കോച്ചുകളുമായി 2024 മാർച്ചോടെ രംഗപ്രവേശനം; ഹ്രസ്വദൂര യാത്രക്കാർക്കായി വന്ദേ മെട്രോയും; കരയിലോടുന്ന വിമാനത്തിൽ ഇനി കിടന്നു യാത്ര ചെയ്യാം; അറിയേണ്ടതെല്ലാം...

അമൽ രുദ്ര

തിരുവനന്തപുരം: വന്ദേഭാരത് എക്സ്‌പ്രസ് ജനങ്ങൾ ഏറ്റെടുത്തതിന് പിന്നാലെ ഇന്ത്യൻ റെയിൽവേയുടെ മുഖച്ഛായ തന്നെ മാറിയിരിക്കുകയാണ്. എന്തായാലും കുറഞ്ഞ സമയത്തിനുള്ളിൽ പ്രധാന നഗരങ്ങൾക്കിടയിൽ യാത്ര സാധ്യമാക്കുന്ന വന്ദേഭാരത് ട്രെയിനുകൾക്കു മികച്ച സ്വീകരണമാണ് രാജ്യമെങ്ങും ലഭിച്ചത്. വേഗത നോക്കുമ്പോൾ കരയിലോടുന്ന വിമാനം പോലെയാണ് ഈ ട്രെയിനുകൾ. ഇപ്പോൾ വന്ദേഭാരത് ട്രെയിനുകളുടെ പുതിയ പതിപ്പുകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ.

സ്ലീപ്പർ കോച്ചുകൾ കൂടി ഉൾപ്പെടുത്തിയ വന്ദേഭാരത് ട്രെയിനുകൾ 2024 മാർച്ചോടെ പുറത്തിറക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇന്റഗ്രൽ കോച്ച് ഫാക്ടറി ജനറൽ മാനേജർ ബി.ജി. മല്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്ലീപ്പർ കോച്ച് കൂടി ഉൾപ്പെടുത്തിയ ട്രെയിനിന്റെ നിർമ്മാണം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ദീർഘദൂരം യാത്ര ചെയ്യുന്ന രാത്രിയാത്രക്കാർക്ക് ഈ സംവിധാനം പ്രയോജനപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ യാത്രക്കാരെ ലക്ഷ്യമിട്ടാണ് പുതിയ മാറ്റമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഹ്രസ്വദൂര യാത്രക്കാർക്കായി വന്ദേ മെട്രോയും അടുത്ത വർഷം പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. 12 കോച്ചുകളുള്ള ട്രെയിനായിരിക്കുമിതെന്നും അദ്ദേഹം പറഞ്ഞു. 2024 ജനുവരിയോടെ ട്രെയിൻ പുറത്തിറക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ നോൺ-എസി വിഭാഗത്തിലുള്ള വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിൻ ഒക്ടോബറോടെ പുറത്തിറക്കുമെന്ന് റെയിൽവേ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. വേഗതയിലും സൗകര്യത്തിലും വിട്ടുവീഴ്ച ചെയ്യാതെ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ പറ്റുന്ന സംവിധാനമായിരിക്കുമിതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വന്ദേ ഭാരത് ട്രെയിനുകളുടെ മൂന്ന് പുതിയ പതിപ്പുകൾ കൂടി അടുത്ത വർഷം ഫെബ്രുവരി- മാർച്ച് മാസങ്ങളിലായി രാജ്യത്തിന് ലഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും പറഞ്ഞിരുന്നു. വന്ദേ ചെയർ കാർ, വന്ദേ മെട്രോ, വന്ദേ സ്ലീപ്പേഴ്‌സ് എന്നിവയാണ് പുതിയ പതിപ്പുകൾ എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അടുത്ത മൂന്നോ നാലോ വർഷത്തിനുള്ളിൽ വന്ദേ ഭാരത് ട്രെയിനുകളുടെ പരമാവധി വേഗതയായ 160 കിലോമീറ്ററിന് ഉചിതമായ രീതിയിൽ റെയിൽവേ ട്രാക്കുകൾ നവീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

'വന്ദേ ഭാരതിന് മൂന്ന് ഫോർമാറ്റുകൾ ഉണ്ട്. 100 കിലോമീറ്ററിൽ താഴെയുള്ള യാത്രയ്ക്ക് വന്ദേ മെട്രോ, 100 മുതൽ 550 കിലോമീറ്റർ യാത്രയ്ക്ക് വന്ദേ ചെയർ കാർ, 550 കിലോമീറ്ററുകൾക്കപ്പുറമുള്ള യാത്രയ്ക്ക് വന്ദേ സ്ലീപ്പേഴ്‌സ്. ഈ മൂന്ന് ഫോർമാറ്റുകളും അടുത്ത വർഷം ഫെബ്രുവരി- മാർച്ചിലേയ്ക്ക് തയ്യാറാകുമെന്ന്,'' ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്ന് ഡൽഹിയിലെ ആനന്ദ് വിഹാർ ടെർമിനൽ റെയിൽവേ സ്റ്റേഷനിലേക്ക് വന്ദേ ഭാരത് ട്രെയിൻ ആരംഭിച്ച് കൊണ്ടുള്ള ചടങ്ങിന് ശേഷം അശ്വിനി വൈഷ്ണവ് പ്രതികരിച്ചു.

ജൂൺ പകുതിയോടെ എല്ലാ സംസ്ഥാനങ്ങൾക്കും വന്ദേ ഭാരത് ട്രെയിൻ ലഭിക്കുമെന്നും വൈഷ്ണവ് പറഞ്ഞു. കൂടാതെ ഈ ട്രെയിനുകളുടെ നിർമ്മാണം ത്വരിതഗതിയിലാണെന്നും അദ്ദേഹം അറിയിച്ചു. ''എല്ലാ എട്ടാമത്തെയോ ഒമ്പതാമത്തെയോ ദിവസം ഫാക്ടറിയിൽ നിന്ന് ഒരു പുതിയ ട്രെയിൻ വരുന്നുണ്ട്. രണ്ട് ഫാക്ടറികളിൽ കൂടി പണി തുടങ്ങാൻ പോകുകയാണ്. ഈ ഫാക്ടറികളുടെ വിതരണ ശൃംഖല സുസ്ഥിരമാകുമ്പോൾ പുതിയ ട്രെയിൻ പുറത്തിറക്കുമെന്നും'' മന്ത്രി പറഞ്ഞു.

ചെന്നൈയിലെ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയിലാണ് ഈ തദ്ദേശീയ സെമി-ഹൈ സ്പീഡ് ട്രെയിനുകൾ നിർമ്മിക്കുന്നത്. ഇതിൽ പഴയ ട്രാക്കുകളാകട്ടെ 70 നും 80 നും ഇടയിൽ കിലോമീറ്റർ വേഗതയെ പിന്തുണയ്ക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ്. അതിനാൽ 110 കിലോമീറ്റർ, 130 കിലോമീറ്റർ, 160 കിലോമീറ്റർ തുടങ്ങിയ വേഗത പിന്തുണയ്ക്കുന്ന തരത്തിൽ 25,000 മുതൽ 35,000 കിലോമീറ്റർ ട്രാക്കുകളാണ് നവീകരിക്കുന്നത്. അടുത്ത മൂന്നോ നാലോ വർഷത്തിനുള്ളിൽ ഇത് പൂർത്തിയാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

കൂടാതെ അതിർത്തി പ്രദേശങ്ങളിൽ റെയിൽ കണക്റ്റിവിറ്റി പദ്ധതികൾക്കായി റെയിൽവേ അതിവേഗം പ്രവർത്തിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതോടൊപ്പം ട്രെയിൻ യാത്രക്കാർക്ക് 4ജി -5ജി സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികളും നിലവിൽ സ്വീകരിച്ചു വരികയാണ്.

ഈ വർഷം ഡിസംബറോടെ പുറത്തിറക്കുന്ന വന്ദേ മെട്രോ തീവണ്ടിയിൽ 12 എ.സി. കോച്ചുകളാണുണ്ടാവുക. 108 പേർക്ക് ഇരിക്കാനും 64 പേർക്ക് നിൽക്കാനും കഴിയുന്ന രീതിയിലാണ് കോച്ചുകളുടെ രൂപകല്പന. ഹ്രസ്വദൂരത്തിലാണ് വന്ദേ മെട്രോ തീവണ്ടികൾ ഓടിക്കുക. മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ സർവീസ് നടത്താനാകും. തീവണ്ടിയുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP