Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

കാശ്മീർ വിഷയം പൊലിപ്പിച്ചു നിർത്തി വിലപേശുന്ന പാക് തന്ത്രം ഇനി നടക്കില്ല; കാശ്മീരിന്റെ മണ്ണിൽ തോക്കെടുത്ത് ഇറങ്ങുന്നവർ സൈന്യത്തിന്റെ വെടിയുണ്ടയിൽ തീരും; ഇന്ത്യയോട് ജിഹാദ് പ്രഖ്യാപിച്ച് 'സ്വർഗത്തിലെ ഹൂറിമാരെ' തേടി പോകുന്ന മക്കളെ വേണമെങ്കിൽ അവരെ തടയാൻ അമ്മമാരോടും ആഹ്വാനം; രാഷ്ട്രീയ നേതൃത്വം ഒരുമിച്ച് നിന്നതോടെ ഇന്ത്യയുടെ സ്വർഗ്ഗത്താഴ്‌വരയെ തീവ്രവാദ മുക്തമാക്കാൻ 'ഓപ്പറേഷൻ ക്‌ളീൻ കശ്മീരുമായി' ഇന്ത്യൻ സൈന്യത്തിന്റെ വീരയോദ്ധാക്കൾ; ഭീകരതയോട് അന്ത്യയുദ്ധം പ്രഖ്യാപിച്ച് സൈന്യം

കാശ്മീർ വിഷയം പൊലിപ്പിച്ചു നിർത്തി വിലപേശുന്ന പാക് തന്ത്രം ഇനി നടക്കില്ല; കാശ്മീരിന്റെ മണ്ണിൽ തോക്കെടുത്ത് ഇറങ്ങുന്നവർ സൈന്യത്തിന്റെ വെടിയുണ്ടയിൽ തീരും; ഇന്ത്യയോട് ജിഹാദ് പ്രഖ്യാപിച്ച് 'സ്വർഗത്തിലെ ഹൂറിമാരെ' തേടി പോകുന്ന മക്കളെ വേണമെങ്കിൽ അവരെ തടയാൻ അമ്മമാരോടും ആഹ്വാനം; രാഷ്ട്രീയ നേതൃത്വം ഒരുമിച്ച് നിന്നതോടെ ഇന്ത്യയുടെ സ്വർഗ്ഗത്താഴ്‌വരയെ തീവ്രവാദ മുക്തമാക്കാൻ 'ഓപ്പറേഷൻ ക്‌ളീൻ കശ്മീരുമായി' ഇന്ത്യൻ സൈന്യത്തിന്റെ വീരയോദ്ധാക്കൾ; ഭീകരതയോട് അന്ത്യയുദ്ധം പ്രഖ്യാപിച്ച് സൈന്യം

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: തോക്കെടുത്ത് കാശ്മീരിനെ മോചിപ്പിക്കാൻ ഇറങ്ങിയാൽ ജീവനോടെ ഉണ്ടാവില്ലെന്ന് ഇന്ന് ഇന്ത്യൻ കരസേന അന്ത്യശാസനം നൽകിയിരിക്കുകയാണ് തീവ്രവാദികൾക്ക്. വരും ദിവസങ്ങളിൽ രാജ്യം കാണാൻ പോകുന്നത് കാശ്മീരിലെ വിഘടനവാദികളുടേയും തീവ്രവാദികളുടേയും വേരുകൾ ഒന്നൊന്നായി പിഴുതെറിയുന്ന ഇന്ത്യൻ സൈന്യത്തെ ആയിരിക്കുമെന്നും ഇതോടെ ഉറപ്പായി. ഇതിനുള്ള ഒരുക്കങ്ങൾ കാശ്മീരിൽ തുടങ്ങിക്കഴിഞ്ഞതായാണ് ദേശീയ മാധ്യമങ്ങൾ നൽകുന്ന സൂചനകൾ. വൻതോതിൽ പടക്കോപ്പുകൾ കാശ്മീരിലേക്ക് നീങ്ങിത്തുടങ്ങി. അതിർത്തി കേന്ദ്രീകരിച്ച് മധ്യദൂര മിസൈലായ ആകാശിന്റെ വിന്യാസവും നടക്കുന്നു.

Stories you may Like

30 കിലോമീറ്റർ മാത്രം റേഞ്ചുള്ള മിസൈലുകൾ. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ പാക്കിസ്ഥാൻ അതിർത്തി കടന്ന അവിടെയും പ്രവർത്തിക്കുന്ന ഭീകരതാവളങ്ങളെ ചാരമാക്കാൻ പോന്ന ചെറു മിസൈൽ. ഇതോടെ ഇന്ത്യ ഉടൻ തിരിച്ചടി തുടങ്ങുകയാണ് ഇന്ത്യൻ മണ്ണിലും അതോടൊപ്പം പാക് അധീന കാശ്മീരിലും എന്ന സൂചനകളാണ് പുറത്തുവരുന്നത്. സൈന്യം ഇന്ന് പത്രസമ്മേളനത്തിലൂടെ നടത്തിയ പ്രഖ്യാപനം പാക് തീവ്രവാദികൾക്കായി അല്ല, മറിച്ച് ഇന്ത്യയിൽ നിന്നുകൊണ്ട് സൈന്യത്തിനു നേരെ തോക്കെടുത്ത് ഇറങ്ങുന്ന തീവ്രവാദികൾക്കായി ആണെന്ന് വ്യക്തം. ഇതോടെ വരും ദിവസങ്ങളിൽ കാശ്മീരിന്റെ മണ്ണിൽ ഭീകരവാദത്തെ തുടച്ചുനീക്കാൻ സൈന്യം ഇറങ്ങാൻ പോകുന്നു എന്ന വ്യക്തമായ സന്ദേശമാണ് ഇന്ന് നൽകിയിരിക്കുന്നത്.

പാക്കിസ്ഥാൻ പാലൂട്ടി വളർത്തി ഇന്ത്യയിലേക്ക് അതിർത്തികടത്തി ഇറക്കിവിടുന്ന ഭീകരന്മാരോടല്ല, മറിച്ച് ഇന്ത്യയിൽ നിന്നുകൊണ്ട് ഈ രാജ്യത്തിന്റെ മണ്ണിൽ നിന്ന് പാക്കിസ്ഥാന് ജയ് വിളിക്കുകയും ആ രാജ്യത്തിന്റെ പേരിൽ തോക്കെടുത്ത് ഇന്ത്യൻ സേനയ്‌ക്കെതിരെ ഇറങ്ങുകയും ചെയ്യുന്ന ഈ മണ്ണിലെ വിഘടനവാദികളോട് തന്നെയാണ് സൈന്യം ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.  ഇത്രയും കാലം ഓരോ  താൽപര്യങ്ങൾ പറഞ്ഞ് കാശ്മീരിലെ വിഘടനവാദികളെ കാലാകാലങ്ങളായി സംരക്ഷിച്ചുപോന്ന ഇന്ത്യൻ രാഷ്ട്രീയ നിലപാട് ഇനിയില്ലെന്ന് ചുരുക്കം.

ഇതായിരുന്നു കശ്മീരിൽ തങ്ങൾക്കെതിരെ തോക്കെടുത്ത് നിൽക്കുന്ന ജനക്കൂട്ടത്തെ നേരിടുമ്പോൾ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ ഉണ്ടായിരുന്ന തടസ്സം. ഇനി അത് ഉണ്ടാവില്ല. സൈന്യത്തെ നേരിടാൻ ഇറങ്ങിയാൽ മരിക്കാൻ തയ്യാറായിക്കോളൂ എന്ന വ്യക്തമായ സന്ദേശമാണ് ഇന്ന് സേനാമേധാവികൾ നടത്തിയ പത്രസമ്മേളനത്തിൽ ദൃശ്യമായത്.

ഇത്തരമൊരു തീരുമാനം വളരെക്കാലം മുമ്പേ എടുത്തിരുന്നില്ലെങ്കിൽ ഇന്ത്യയുടെ പാർലമെന്റ് ആക്രമണമോ ഉറിയോ പത്താൻകോട്ടോ ഏറ്റവുമൊടുവിൽ പുൽവാമയോ സംഭവിക്കില്ലായിരുന്നു. ഒരുപക്ഷേ, കാർഗിൽ യുദ്ധംപോലും. ഏതായാലും വൈകിയെങ്കിലും വിവേകം ഉദിച്ചിരിക്കുകയാണ് ഇന്ത്യൻ രാഷ്ട്രീയ മേധാവികൾക്ക്. പുൽവാമ സംഭവത്തിന് പിന്നാലെ തന്നെ ഇന്ത്യയിൽ സർക്കാരും പ്രതിപക്ഷവും ഒരുമിച്ചിരുന്ന് സൈന്യത്തിന് ഒപ്പമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പ്രഖ്യാപനവും നടത്തി. രാജ്യത്ത് സൈന്യത്തിന് പൂർണ പിന്തുണ നൽകുന്നു. പുൽവാമ ആക്രമണത്തിന് എന്തു തിരിച്ചടി നൽകാനും അനുമതി നൽകുന്നു. ഈ പ്രഖ്യാപനം സത്യത്തിൽ ഇതുവരെ എല്ലാം കടിച്ചമർത്തി നിന്ന സൈന്യത്തിന് എല്ലാ രോഷവും ശത്രുപാളയത്തിലേക്ക് തിരിച്ചുവിടാൻ കിട്ടിയ അനുമതിയായിരുന്നു.

ഇതുതന്നെയാണ് കാശ്മീരിലെ പൊലീസ്-സേനാ മേധാവികൾ ഒരുമിച്ച് നടത്തിയ പത്രസമ്മേളനത്തിലും പ്രതിഫലിച്ചത്. ഇനി കാശ്മീരിൽ ഒരു തീവ്രവാദവും അനുവദിക്കില്ലെന്ന അസന്നിഗ്ധമായ പ്രഖ്യാപനം. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായാണ് സേന ഇത്തരത്തിൽ പ്രതികരിക്കുന്നത് എന്നതും ശ്രദ്ധേയം. കാശ്മീരിൽ ഇനി തോക്കെടുത്ത് ഇറങ്ങുന്നവരെ ഒരു ദാക്ഷിണ്യവും കൂടാതെ വെടിവച്ചുവീഴ്‌ത്തുമെന്നും ഭീകരർക്ക് ഇത് അവസാന മുന്നറിയിപ്പാണെന്നും കരസേനാ ലഫ്റ്റനന്റ് ജനറലും കാശ്മീരിലെ സേനാ ചുമതലയുള്ള ചിനാർ കോർ കമാൻഡറുമായ കെജെഎസ് ധില്ലൻ വ്യക്തമാക്കി.

തോക്കെടുത്താൽ ഒരു ദയയും പ്രതീക്ഷിക്കേണ്ട. ആയുധംവച്ച് കീഴടങ്ങാം. രാജ്യത്തോട് യുദ്ധം ചെയ്യാൻ ഇറങ്ങിയാൽ അതോടെ ഇല്ലാതാക്കും. കാശ്മീരിൽ നിന്നുകൊണ്ട് വിഘടനവാദവും പാക്കിസ്ഥാൻ അനുകൂല നിലപാടും സ്വീകരിക്കുന്നവർക്കും മുന്നറിയിപ്പായി സേനാ തലവൻ പറഞ്ഞത് ഇങ്ങനെ. ഭീകരർ കീഴടങ്ങുക, അല്ലെങ്കിൽ മരിക്കാൻ തയ്യാറാവുക കാശ്മീരിലെ ജയ്‌ഷെ മുഹമ്മദ് നേതൃത്വത്തെ ഇല്ലാതാക്കിയെന്നും ധില്ലൻ പ്രഖ്യാപിച്ചു. ജമ്മു കശ്മീർ പൊലീസിന്റെയും സിആർപിഎഫിന്റെയും സൈന്യത്തിന്റെയും മേധാവികൾ സംയുക്തമായി ശ്രീനഗറിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ശക്തമായ മുന്നറിയിപ്പ്.

ഇന്ത്യയിൽ ഇരുന്ന് ഇനി പാക്കിസ്ഥാനുവേണ്ടി ശബ്ദിച്ചാൽ...

രാജ്യത്തോടായി ഞങ്ങൾ പ്രഖ്യാപിക്കുന്നു എന്നു പറഞ്ഞായിരുന്നു ധില്ലൻ കാര്യങ്ങൾ വിശദീകരിച്ചത്. ഇനി കാശ്മീരിനെ ഭീകരമുക്തമാക്കുന്നതുവരെ വിശ്രമമില്ലെന്നും ശക്തമായി രംഗത്തിറങ്ങുന്നുവെന്നും സൂചന നൽകിയാണ് സേനാ മേധാവികൾ കാര്യങ്ങൾ വിശദീകരിച്ചത്.

കാശ്മീരിലെ മുസ്‌ളീങ്ങൾക്കിടയിൽ ഒരുവിഭാഗം തീവ്രവാദത്തെ ശക്തമായി പ്രോത്സാഹിപ്പിക്കുകയും ഏറെക്കാലമായി പാക് അനുകൂല നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. അതിർത്തി കടന്ന് ഇവിടെ ഭീകരപ്രവർത്തനത്തിന് എത്തുന്ന ജയ്‌ഷെ മുഹമ്മദ്, ലഷ്‌കർ ഇ തോയ്ബ ഭീകരർക്ക് പിന്തുണ നൽകുന്നതും ഒളിവിൽ താമസിക്കാൻ ഇടം നൽകുന്നതുമെല്ലാം ഇത്തരക്കാരാണ്. ഇത്തരം കുടുംബങ്ങളിൽ നിന്നാണ് പ്രാദേശികമായി ഈ ഭീകര സംഘടനകളും പ്രാദേശിക വിഘടനവാദി ഗ്രൂപ്പുകളും ചെറുബാലന്മാരെയും യുവാക്കളെയും ബ്രെയിൻവാഷ് ചെയ്ത് ഭീകര സംഘടനകളിൽ ചേർക്കുകയാണ് ചെയ്യുന്നത്. ഇനി ഇത്തരം നീക്കം നടന്നാൽ അന്നേരം മരിക്കാൻ തയ്യാറാവുക എന്ന അന്ത്യശാസനയാണ് ഇന്ന് സൈന്യം നൽകിയിരിക്കുന്നത്.

കാശ്മീർ താഴ്‌വരയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സൈനിക നീക്കം നടക്കുന്നത്. ഭീകരർക്ക് ഒളിത്താവളം ഒരുക്കുകയും സ്വന്തം മക്കളെ തന്നെ തീവ്രവാദത്തിലേക്ക് തിരിച്ചുവിടുകയും ചെയ്യുന്ന നിരവധി കുടുംബങ്ങൾ. അതിർത്തി കടന്ന് എത്തുന്ന ഭീകരർക്ക് സംരക്ഷണം ഒരുക്കുന്നവർ. റെയ്ഡിന് വരുന്ന പൊലീസിനേയും സേനയേയും കല്ലെറിഞ്ഞും തോക്കെടുത്തും വിരട്ടി നിർത്തുന്നവർ. ഇവർക്കുനേരെ തിരിച്ച് ആക്രമണം നടത്താൻപോലും അനുമതിയില്ലാതെ എല്ലാം സഹിച്ചാണ് ഇതുവരെ പൊലീസും സിആർപിഎഫുമെല്ലാം നിലകൊണ്ടത്. അവരുടെ കൈകൾ കെട്ടിയിട്ടിരിക്കുകയായിരുന്നു ഇന്ത്യയിലെ രാഷ്ട്രീയം ഇതുവരെ. ഇതിന് പുറമെ ശക്തമായ നടപടിയെടുത്താൽ, അക്രമികൾക്കെതിരെ റബ്ബർ ബുള്ളറ്റ് ഉപയോഗിച്ചാൽ പോലും മനുഷ്യാവകാശം പറഞ്ഞ് വരുന്നവരുടെ ഇടപെടലുകൾ വേറെ.

പക്ഷേ, ഇനി അങ്ങനെയൊരു ദാക്ഷിണ്യം കാശ്മീരിന്റെ മണ്ണിൽ ആരും പ്രതീക്ഷിക്കേണ്ടെന്ന സന്ദേശമാണ് ഇന്ന് സൈന്യം രാഷ്ട്രത്തോടായി തന്നെ പ്രഖ്യാപിച്ചിട്ടുള്ളത്. ഓരോ അമ്മമാരോടും മക്കളെ ഇനി തോക്കെടുക്കാൻ വിടരുതെന്നും സൈന്യം അഭ്യർത്ഥിച്ചിട്ടുണ്ട്. 'ഇന്ത്യക്കെതിരെ ജിഹാദിന് മക്കളെ വിട്ടാൽ അവരെ സ്വർഗത്തിലെ ഹൂറിമാരുടെ അടുത്തേക്ക് ഞങ്ങൾ തന്നെ എത്തിക്കും' എന്ന സന്ദേശം നൽകിയാണ് സൈന്യം ഇറങ്ങുന്നത്. ഇതോടെ ഇനി ഇന്ത്യൻ മണ്ണിൽ താമസിച്ച് പാക്കിസ്ഥാനുവേണ്ടി ഉയരുന്ന ഏതു ശബ്ദവും നിശബ്ദമാക്കും എന്ന പ്രഖ്യാപനം തന്നെയാണ് സൈന്യം നടപ്പാക്കുന്നത്.

ഏതായാലും ദേശീയ തലത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി തന്നെ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടു എന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. ഇതിന്റെ പ്രതിഫലനമായിരുന്നു സൈന്യത്തിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ ചുമതല നൽകുന്നു എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. പുൽവാമയിലെ ഭീകരാക്രമണം നടന്നതിന് തൊട്ടടുത്ത ദിവസം അവിടെയെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് തന്നെ ഇത്തരം സൂചനകൾ നൽകിയിരുന്നു. ശക്തമായ തിരിച്ചടി നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് കാശ്മീരിലെ അഞ്ച് വിഘടനവാദി നേതാക്കൾക്കുള്ള സുരക്ഷ കശ്മീർ ഭരണകൂടം പിൻവലിക്കുന്നത്.

പാക്കിസ്ഥാന്റെ പണം വാങ്ങുന്നവർക്ക് ഇന്ത്യൻ സുരക്ഷയില്ല

പാക്കിസ്ഥാന്റെ പണം വാങ്ങി ഇന്ത്യയിൽ വിഘടനവാദം വളർത്തുന്നവരെ നേരിടുമെന്നാണ് രാജ്‌നാഥ് സിങ് പറഞ്ഞത്. പാക്കിസ്ഥാന്റെ ആവശ്യമാണ് കാശ്മീരിനെ നിരന്തരം പ്രശ്‌നമേഖലയായി നിലനിർത്തുക എന്നത്. വിഘടനവാദം ശക്തമായി നിന്നാലേ അന്താരാഷ്ട്ര തലത്തിൽ ഈ വിഷയം എന്നും പാക്കിസ്ഥാന് സജീവമാക്കി നിർത്താനാവൂ. ഇതിനായി പാക്കിസ്ഥാൻ തന്നെ ചെല്ലുംചെലവും കൊടുത്ത് തീറ്റിപ്പോറ്റുന്ന ചിലരുണ്ട് കശ്മീരിൽ. കാശ്മീരിൽ നിന്നുകൊണ്ട് ഇന്ത്യൻ സർക്കാരിന്റെയും പ്രാദേശിക ഭരണകൂടത്തിന്റെയും സൗജന്യങ്ങൾ വാങ്ങിയാണ് ഇവരിൽ പലരും ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇവർക്ക് നേരെ ആക്രമണം ഉണ്ടായേക്കുമെന്നും കാശ്മീരിൽ സംഘർഷം പൊട്ടിപ്പുറപ്പെടുമെന്നുമെല്ലാം ന്യായം പറഞ്ഞാണ് ഓരോ കാലത്തും ഇവർക്ക് സുരക്ഷ നൽകിവന്നിരുന്നത്.

എന്നാൽ, പുൽവാമ സംഭവം ഇന്ത്യൻ രാഷ്ട്രീയ നേതൃത്വത്തിന്റെ കണ്ണുതുറപ്പിച്ചു. ഇതോടെ കഴിഞ്ഞദിവസം അഞ്ച് വിഘടനവാദി നേതാക്കൾക്ക് നൽകിവരുന്ന സുരക്ഷ പിൻവലിക്കാൻ ജമ്മുകശ്മീർ ഭരണകൂടം ഉത്തരവിട്ടു. മിർവായിസ് ഉമർ ഫറൂഖ് , അബ്ദൾ ഗാനി ഭട്ട്, ബിലാൽ ലോൺ, ഹാഷിം ഖുറേഷി, ഷാബിർ ഷാ എന്നിവരുടെ സുരക്ഷയാണ് സർക്കാർ നിർത്തലാക്കിയത്. ഇവരെല്ലാം ഇന്ത്യൻ അനുകൂല വിഘടനവാദികളാണെന്നാണ് വയ്‌പെങ്കിലും ഫലത്തിൽ സേനയുടെ സുഗമമായ നീക്കത്തെയും പ്രതിരോധത്തേയും തടസ്സപ്പെടുന്ന ഇടപെടലുകളാണ് ഇവരിൽ നിന്നും ഉണ്ടായിരുന്നത്. അതേസമയം, മറ്റൊരു നേതാവ് പാക് അനുകൂല വിഘടനവാദി സയിദ് അലി ഷാ ഗിലാനിയുടെ സുരക്ഷ പിൻവലിച്ചോ എന്ന കാര്യത്തിൽ ഒരു പ്രഖ്യാപനവും ഉണ്ടായില്ല.

പാക് ചാരസംഘടനയായ ഐഎസ്ഐക്ക് കാശ്മിരിൽ നിന്നു തന്നെ സഹായം ലഭിക്കുന്നു എന്ന് ഏറെക്കാലമായി സൈന്യം അറിയിക്കുന്നുണ്ട്. എന്നാൽ ഉചിതമായ തീരുമാനം ഇതു തടയാൻ ഉണ്ടായില്ല. ഒരു സൈനിക നീക്കത്തിനും ഇതിനായി അനുമതി നൽകിയതുമില്ല. ഐഎസ്ഐയിൽ നിന്നും വിഘടനവാദികൾ പണം വാങ്ങുന്നതായി വ്യക്തമായ സൂചനകൾ ലഭിച്ചതോടെയാണ ഇനി അവർ ഇന്ത്യൻ ചെലവിൽ സുരക്ഷിതരായി കഴിയേണ്ടെന്ന തീരുമാനം വന്നത്. ഇത്തരത്തിലുള്ളവർ സംസ്ഥാനത്തിന്റെ പുരോഗതിക്കും വികസനത്തിനുമെതിരാണെന്നും യുവാക്കളുടെ ഭാവി നശിപ്പിക്കുമെന്നാണ് രാജ്നാഥ് സിങ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഇവരുടെ സുരക്ഷ പിൻവലിക്കപ്പെട്ടതും.

ഏതായാലും ഇതിന് പിന്നാലെയാണ് സൈന്യം ശക്തമായി കാശ്മീരിൽ രംഗത്തിറങ്ങുമെന്ന പ്രഖ്യാപനം ഇന്ന് വന്നിട്ടുള്ളത്. ഇതോടെ വരും ദിവസങ്ങൾ ഒരു 'ഓപ്പറേഷൻ ക്‌ളീൻ കാശ്മീർ' സൈന്യം ഇന്ത്യയുടെ മനോഹരമായ, സ്വർഗ സമാനമായ താഴ്‌വാരത്തിൽ നടപ്പാക്കുന്നതിന് രാജ്യം സാക്ഷ്യം വഹിക്കുമെന്നുതന്നെയാണ് വിലയിരുത്തലുകൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP