Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മര്യാദയ്ക്ക് നടന്നു കൊണ്ടിരുന്ന ഇന്ത്യൻ കോഫി ഹൗസുകൾ പൂട്ടിക്കുമോ? അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണത്തിൽ എല്ലാം തോന്നിയതു പോലെ; ദേശാഭിമാനി മാത്രമേ വരുത്താവൂ എന്ന ഉത്തരവിനെതിരെ എന്ത് വായിക്കണമെന്ന് നിങ്ങൾ തീരുമാനിച്ചാൽ എവിടെ കയറണമെന്ന് ഞങ്ങൾ തീരുമാനിക്കും എന്ന ക്യാമ്പൈനും സജീവം

മര്യാദയ്ക്ക് നടന്നു കൊണ്ടിരുന്ന ഇന്ത്യൻ കോഫി ഹൗസുകൾ പൂട്ടിക്കുമോ? അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണത്തിൽ എല്ലാം തോന്നിയതു പോലെ; ദേശാഭിമാനി മാത്രമേ വരുത്താവൂ എന്ന ഉത്തരവിനെതിരെ എന്ത് വായിക്കണമെന്ന് നിങ്ങൾ തീരുമാനിച്ചാൽ എവിടെ കയറണമെന്ന് ഞങ്ങൾ തീരുമാനിക്കും എന്ന ക്യാമ്പൈനും സജീവം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്ത്യൻ കോഫി ഹൗസുകളിൽ സി.പി.എം മുഖപത്രമായ ദേശാഭിമാനി ഒഴികെയുള്ള പത്രങ്ങൾ കർശനമായി വിലക്കാനുള്ള നിർദ്ദേശം തിരിച്ചടിയാകും. മറ്റു മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള അഡ്‌മിനിസ്‌ട്രേറ്ററുടെ ഉത്തരവാണ് വിവാദത്തിന് കാരണം. കോഫി ഹൗസുകളിൽ ദേശാഭിമാനി നിർബന്ധമായും വരുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. മെയ് ഒന്നു മുതൽ ഉത്തരവ് പ്രാബല്യത്തിൽ വന്നു. ഇതോടെ എന്ത് വായിക്കണമെന്ന് നിങ്ങൾ തീരുമാനിച്ചാൽ എവിടെ കയറണമെന്ന് ഞങ്ങൾ തീരുമാനിക്കുമെന്ന കാമ്പൈൻ സോഷ്യൽ മീഡിയയിൽ സജീവമായി. ഇതോടെ കോഫി ഹൗസുകൾ പ്രതിസന്ധിയിലുമായി. ഇതോടെ സർക്കാർ ഇടപെടലും വന്നു.

ഇന്ത്യൻ കോഫി ഹൗസുകളിൽ സി.പി.എം മുഖപത്രം മാത്രമേ വരുത്താൻ പാടുള്ളൂവെന്ന് അഡ്‌മിനിസ്‌ട്രേറ്റർ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അതു ശുദ്ധ വിവരക്കേടാണെന്നും അങ്ങനെയുള്ള അഡ്‌മിനിസ്‌ട്രേറ്റർ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. ഇന്ത്യൻ കോഫി ഹൗസുകളിൽ പ്രമുഖ പത്രങ്ങൾ ഉൾപ്പെടെ ഒരു പ്രസിദ്ധീകരണവും വാങ്ങുകയോ വിൽക്കുകയോ ചെയ്യാൻ പാടില്ലെന്നും ദേശാഭിമാനി നിർബന്ധമായും വരുത്തിയിരിക്കണമെന്നും ചൂണ്ടിക്കാട്ടി അഡ്‌മിനിസ്‌ട്രേറ്റർ നിർദ്ദേശം നൽകിയിരുന്നു. ഇത്തരം വിവരക്കേട് അഡ്‌മിനിസ്‌ട്രേറ്റർ പറയാൻ പാടില്ല. അങ്ങനെ നിർദ്ദേശിച്ചെങ്കിൽ പരിശോധിക്കും. അയാൾ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നായിരുന്നു കടകംപള്ളി പ്രതികരിച്ചത്. ഇതോടെ ഉത്തരവ് തിരുത്തുമെന്നും വ്യക്തമായി.

ഇന്ത്യൻ കോഫി ഹൗസുകളിൽ പാർട്ടിപത്രം ഒഴികെയുള്ളവ കയറ്റരുതെന്ന ഉത്തരവ് അഡ്‌മിനിസ്‌ട്രേറ്റർ പുറപ്പെടുവിച്ചതോടെ കോഫി ഹൗസുകളുടെ പ്രതിമാസ നഷ്ടം രണ്ടു ലക്ഷം രൂപ. വിരമിച്ച അവശരായ തൊഴിലാളികൾക്കു പ്രതിമാസം 2000 രൂപ വീതം സൊസൈറ്റി നൽകുന്ന പെൻഷൻ പദ്ധതിക്കാണ് ഈ തുക ഉപയോഗിച്ചിരുന്നത്. പ്രമുഖ പത്രങ്ങളും മാസികകളും കോഫി ഹൗസിന്റെ 58 ശാഖകളിൽ വിൽപനയ്ക്കു വച്ചാണ് ഈ തുക സമ്പാദിച്ചിരുന്നത്. 520 പേർക്കാണ് സംഘം പെൻഷൻ നൽകുന്നത്. തൊഴിലാളികൾക്കു ലഭിക്കുന്ന ടിപ്പും ബില്ലിങ് മേശയിൽ മധുരപലഹാരങ്ങൾ വിറ്റുകിട്ടുന്ന തുകയും ഇതിനു തികയാതെ വരുമ്പോൾ പ്രധാനമായും ആശ്രയിച്ചിരുന്നതു പത്രമാസികകളുടെ വിറ്റുവരവ് ആയിരുന്നു. 100 പേരുടെ പെൻഷൻ എല്ലാ മാസവും നൽകാൻ ഇതു സഹായകമായിരുന്നെന്നു മുൻ ഭരണസമിതി നേതാക്കൾ പറഞ്ഞു.

ഭരണസമിതി പിരിച്ചുവിട്ട് അഡ്‌മിനിസ്‌ട്രേറ്റർ ഭരണം ഏർപ്പെടുത്തിയ കോഫി ഹൗസുകളുടെ ഭരണനിർവഹണം വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. എൽഐസി, പിഎഫ്, ജിഎസ്എൽഐ തുടങ്ങി തൊഴിലാളികളുടെ ശമ്പളത്തിൽനിന്നു പിടിക്കുന്ന പണം അടയ്ക്കുന്നില്ല. ഇതിനിടെയാണ് അഡ്‌മിനിസ്‌ട്രേറ്റർ ദേശാഭിമാനി വിവാദം കൂടിയുണ്ടാക്കിയത്. താഴിലാളികൾ സംഘത്തിന്റെ ശമ്പളരേഖ പണയപ്പെടുത്തി പല ബാങ്കുകളിൽനിന്നും എടുത്തിട്ടുള്ള ലോണുകൾക്ക് സംഘം ശമ്പളത്തിൽനിന്നു പ്രതിമാസം പിടിച്ച് അടച്ചിരുന്നത് 80 ലക്ഷം രൂപയാണ്. ഇതു തൊഴിലാളികളുടെ ശമ്പളത്തിൽനിന്നു പിടിക്കുന്നുണ്ടെങ്കിലും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അടച്ചിട്ടില്ല.

ഒന്നരക്കോടിയിലേറെ ഇപ്പോൾത്തന്നെ കുടിശികയിലായി. വായ്പാ തുക പിഴ പലിശയിലേക്കു നീങ്ങുകയും കുടിശിക അധികമാകുകയും ചെയ്താൽ ബാങ്കുകൾ ജപ്തിനടപടി വരെ സ്വീകരിക്കാം. ഇഎസ്‌ഐ തുക അടച്ചിട്ടു മൂന്നു മാസമായി. ഈ തുകകളെല്ലാം സംഘം ഭരണസമിതി മുൻപു മാസംതോറും അഞ്ചാം തീയതിക്കു മുൻപേ കൃത്യമായി അടച്ചു വന്നിരുന്നതാണ്. ഇതെല്ലാം താളം തെറ്റുമ്പോൾ ജീവനക്കാരുടെ പ്രതിസന്ധിയിലാകുന്നു.

എഴുപതോളം ജീവനക്കാരെ അന്യായമായി ദൂരസ്ഥലങ്ങളിലേക്കു സ്ഥലം മാറ്റി ഉത്തരവുകൾ അഡ്‌മിനിസ്‌ട്രേറ്റർ ഇറക്കിയിട്ടുണ്ട്. ഇതു തൊഴിലാളികളിൽ കടുത്ത അസംതൃപ്തിക്ക് ഇടനൽകി. ഇരുപതോളം തൊഴിലാളികൾക്കും സംഘത്തിന്റെ ഭാരവാഹിത്വത്തിലും സമരത്തിന്റെ മുൻപന്തിയിലുമുണ്ടായിരുന്ന ആറു പേർക്കും ഇപ്പോഴും ശമ്പളം നൽകാതെ പ്രതികാര നടപടി സ്വീകരിച്ചിരിക്കുകയാണ്. ഇന്ത്യൻ കോഫി ഹൗസുകൾ നിയന്ത്രിച്ചിരുന്ന ഇന്ത്യാ കോഫി ബോർഡ് വർക്കേഴ്‌സ് കോഓപറേറ്റീവ് സൊസൈറ്റി അകാരണമായി പിരിച്ചുവിട്ട് അഡ്‌മിനിസ്‌ട്രേറ്റർ ഭരണം ഏർപ്പെടുത്തിയതോടെയാണു പ്രതിസന്ധി ഉടലെടുത്തത്.

ഇത് സർക്കാരിന് തന്നെ വിനയാവുകയും ചെയ്യുന്നു. ഇക്കാര്യത്തിൽ തിരുത്തൽ ഉണ്ടാകണമെന്നാണ് ആവശ്യം. അല്ലാത്ത പക്ഷം തൊഴിലാളി സമരത്തിനും സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP