Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇംഗ്ലണ്ടിലെ പാവപ്പെട്ട കുട്ടികൾക്ക് ഉച്ചഭക്ഷണവുമായി ഇന്ത്യൻ ചാരിറ്റി സംഘടന; സ്‌കൂൾ അവധി സമയത്തു ഉച്ചഭക്ഷണം നിഷേധിച്ച ബോറിസ് സർക്കാർ വിമർശം നേരിടുമ്പോൾ ആരും വിശന്നിരിക്കരുത് എന്ന സന്ദേശവുമായി വാറ്റ്‌ഫോഡ് സ്‌കൂളിലെ കുട്ടികൾക്ക് ഭക്ഷണം നൽകിയത് അക്ഷയ പാത്ര; ഇംഗ്ലണ്ടിൽ ഇന്ത്യ തിളങ്ങുന്നതിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കവൻട്രി: ഇംഗ്ലണ്ടിലെ കുട്ടികൾക്കുള്ള ഉച്ചഭക്ഷണവുമായി ഇന്ത്യയിൽ നിന്നൊരു ജീവകാരുണ്യ സംഘടന. നേരെ തിരിച്ചാണോ സംഭവിച്ചത് എന്ന് സംശയിക്കേണ്ട, ഇപ്പോൾ ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ. യുകെയിലെ സ്‌കൂളുകളിൽ രണ്ടാം ക്ളാസ് വരെയുള്ള ചെറിയ കുട്ടികൾക്കും സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ഉള്ള കുട്ടികൾക്കും നൽകുന്ന സൗജന്യ ഭക്ഷണ വിതരണം ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഒരാഴ്ചത്തേക്ക് ശരത് കാല അവധിക്കായി സ്‌കൂൾ അടച്ചപ്പോൾ രാജ്യമൊട്ടാകെ സർക്കാർ നിർദേശ പ്രകാരം മുടങ്ങിയിരിക്കുകയാണ്.

സ്‌കൂൾ അവധിക്കാലത്തും ഇങ്ങനെ ഭക്ഷണം വിതരണം ചെയ്യാൻ സർക്കാരിന് ഫണ്ട് ഇല്ലെന്നാണ് ന്യായമായി പറഞ്ഞിരുന്നത്. എന്നാൽ ഇതിനെതിരെ ദേശ വ്യാപകമായി പ്രതിഷേധം ഉണ്ടായിട്ടും പ്രധാന മന്ത്രി ബോറിസ് ജോൺസണും ചാൻസലർ ഋഷി സുനകും തീരുമാനത്തിൽ നിന്നും മാറാൻ തയ്യാറായില്ല. ഇതിനിടയിലാണ് ഇന്ത്യൻ വംശജർക്ക് ആധിപത്യമുള്ള വടക്കേ ഇംഗ്ലണ്ട് പട്ടണമായ വാറ്റ്ഫോഡിലെ ഒരു പ്രൈമറി സ്‌കൂളിൽ ഈ ആഴ്ച ഇന്ത്യൻ ചാരിറ്റി സംഘടനാ അക്ഷയ പാത്ര സൗജന്യ ഉച്ചഭക്ഷണ വിതരണം ആരംഭിച്ചിരിക്കുന്നത്.

ഇന്ത്യയിൽ മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് അക്ഷയ പാത്രയുടെ പ്രധാന പ്രവർത്തനം. ഭക്ഷണം ഇല്ലാതെ സ്‌കൂളിൽ കുട്ടികൾ വരാതിരിക്കുന്ന സാഹചര്യം ഇന്ത്യയിൽ അവസാനിപ്പിക്കുകയാണ് അക്ഷയ പാത്ര ലക്ഷ്യമിടുന്നത്. ഒരു ദിവസം ദശലക്ഷക്കണക്കിനു കുട്ടികളാണ് ഇവർ നൽകുന്ന ഭക്ഷണം കഴിച്ചു വിശപ്പകറ്റുന്നത്. ഇപ്പോൾ ആ നിരയിലേക്ക് നൂറു കണക്കിന് ഇംഗ്ലീഷുകാരായ കുട്ടികളും ചേർന്നിരിക്കുന്നു. ഇന്ത്യയിൽ ഒരു കുട്ടിക്ക് ഒരു വർഷം മുഴുവൻ ഭക്ഷണം നൽകാൻ 750 രൂപയാണ് അക്ഷയ പാത്ര സംഭാവനയായി സ്വീകരിക്കുന്നത്.

എന്നാൽ ഇംഗ്ലണ്ടിൽ ഒരു നേരത്തെ ഭക്ഷണം നൽകാൻ സംഘടനാ ഒരു കുട്ടിക്ക് രണ്ടു പൗണ്ട് വീതമാണ് ചെലവിടുന്നത്. സർക്കാർ സഹായം നിലച്ചത് മൂലം ഈ ഒരാഴ്ച ഇംഗ്ലണ്ടിലെ അനേകം കുട്ടികൾ വിശന്നിരിക്കാനുള്ള സാഹചര്യം ഉള്ളതുകൊണ്ടാണ് തങ്ങൾ ഈ ശ്രമം പരീക്ഷണാടിസ്ഥാനത്തിൽ ഏറ്റെടുത്തതെന്നും അക്ഷയ പാത്ര പ്രവർത്തകർ പറയുന്നു. എന്നാൽ ഇവരുടെ പ്രവർത്തിക്കു സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നും കയ്യടികൾ എത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ വിവിധ സംഘടനകളും സെലിബ്രിറ്റികളും വരെ സ്‌കൂളുകളിൽ ഉച്ചഭക്ഷണം മുടങ്ങാതിരിക്കാൻ സംഭവനയുമായി രംഗത്തു വരാൻ തയ്യാറായിരിക്കുകയാണ്.

ഇംഗ്ലണ്ടിലെ നോർത്ത് ലണ്ടൻ പട്ടണമായ വാറ്റ്ഫോഡ് ഇന്ത്യൻ സാന്നിധ്യം ശക്തമായ പ്രദേശം കൂടിയാണ്. ഇസ്‌കോൺ, ഹരേ കൃഷ്ണ പ്രസ്ഥാനങ്ങൾ സജീവമായ ഇവിടെ ഐടി രംഗത്ത് പ്രവർത്തിക്കുന്ന അനേകം ഇന്ത്യക്കാരടങ്ങിയ പ്രൊഫഷണലുകളും സജീവമാണ്. ഇവരുടെയടക്കം പിന്തുണ അക്ഷയ പാത്രയുടെ പ്രവർത്തനത്തിന് സഹായകമാകുന്നുണ്ട്. സ്‌കൂളിൽ ഉച്ച ഭക്ഷണം മുടങ്ങുന്നുവെന്ന് അറിഞ്ഞപ്പോൾ എന്തുകൊണ്ട് ഇന്ത്യയിലെ പ്രവർത്തന രീതി ഇംഗ്ലണ്ടിലും നടപ്പാക്കാൻ സാധിക്കില്ല എന്ന ചിന്തയാണ് വാറ്റ്ഫോഡ് ക്രിക്വുഡിലെ മോറ പ്രൈമറി സ്‌കൂളിൽ ഈ അവധിക്കാലത്തും ഭക്ഷണം മുടങ്ങാതിരിക്കാൻ അക്ഷയ പാത്രയെ പ്രേരിപ്പിച്ചത്.

ആശയം സ്‌കൂൾ ഹെഡ് ടീച്ചർ കെയ്റ്റ് ബാസ് സർവാത്മനാ ഏറ്റെടുത്തതോടെ പദ്ധതി അതിവേഗം നടപ്പാക്കുക ആയിരുന്നു. ഇപ്പോൾ എന്നും ഉച്ചക്ക് ഹെഡ് ടീച്ചറുടെ നേതൃത്വത്തിൽ തന്നെയാണ് ഭക്ഷണ വിതരണം. സ്വാദേറിയ ഇന്ത്യൻ ഭക്ഷണം രുചിയോടെ കൈയിൽ കിട്ടിയപ്പോൾ ബ്രിട്ടീഷുകാരായ കുട്ടികൾക്കും അതിയായ സന്തോഷം. പലരും അത്തരം ഒരു ഭക്ഷണം ആദ്യമായി കഴിക്കുന്ന അനുഭവവും മാധ്യമങ്ങളുമായി പങ്കിടുകയും ചെയ്തു.

പാസ്തയോടൊപ്പം കോളിഫ്‌ളവറും ചീസും വിവിധ തരം പച്ചക്കറികളും ചേർത്ത രുചികരമായ വിഭവമാണ് ആദ്യ ദിവസം വിതരണം ചെയ്തത്. ഓരോ ദിവസവും വ്യത്യസ്ത വെജിറ്റേറിയൻ മെനു അവതരിപ്പിക്കാൻ ഉള്ള ശ്രമമാണ് അക്ഷയ പാത്ര ആലോചിക്കുന്നത്. വാറ്റ്ഫോഡിൽ 9000 പേർക്ക് കഴിക്കാൻ സാധിക്കും വിധം പാചകം ചെയ്യാൻ ശേഷിയുള്ള കൂറ്റൻ അടുക്കളയിൽ നിന്നുമാണ് സ്‌കൂളിന് ആവശ്യമായ ഭക്ഷണം നൽകുന്നത്.

അക്ഷയ പാത്ര അഞ്ചു ലക്ഷം പൗണ്ട് മുടക്കിയാണ് ഈ അടുക്കള സജ്ജമാക്കിയിരിക്കുന്നത്. ഇവിടെ നിന്നും സ്വന്തം കാറിൽ നിറയെ ഭക്ഷണവുമായി തിരികെ സ്‌കൂളിൽ എത്തുകയാണ് ഇപ്പോൾ ഹെഡ് ടീച്ചർ കെയ്റ്റ് പ്രധാനമായും ചെയ്യുന്നത്. തികച്ചും അത്യാവശ്യമായ സമയത്തു ലഭിച്ച അസാധാരണമായ സഹായം എന്നാണ് അവർ അക്ഷയ പാത്രയുടെ ഇടപെടലിനെ വിശേഷിപ്പിക്കുന്നതും.

വാറ്റ്ഫോഡിൽ ഭക്ഷണ വിതരണം ഏറെ ശ്രദ്ധ നേടിയതോടെ സമാനമായ സാഹചര്യം ക്രിസ്മസ് അവധിക്കാലത്തും ഉണ്ടാകുമെന്നു ഉറപ്പായ സാഹചര്യത്തിൽ ഇന്ത്യൻ സാന്നിധ്യം ശക്തമായ ലെസ്റ്റർ, ഈസ്റ്റ് ലണ്ടൻ പട്ടണ പ്രദേശങ്ങളിലും സമാനമായ വിധത്തിൽ അടുക്കളകൾ ആരംഭിച്ചു സൗജന്യ ഭക്ഷണ വിതരണ പദ്ധതി നടപ്പാക്കാൻ ആലോചിക്കുകയാണ് അക്ഷയ പാത്ര. ഒരു പക്ഷെ ഇന്ത്യയിൽ വിജയകരമായി നടപ്പാക്കിയ ഒരു പദ്ധതി അതേവിധം ഇംഗ്ലണ്ടിലേക്കു പറിച്ചു നടുന്നത് ആദ്യമായിരിക്കും. എന്നാൽ സാഹചര്യങ്ങളിൽ വലിയ വത്യാസം ഇല്ലെന്നതാണ് പ്രധാനം എന്ന് അക്ഷയ പാത്രയുടെ ചീഫ് എക്‌സ്‌ക്യൂട്ടീവ് ഭവാനി സിങ് ശെഖാവത് പറയുന്നു.

ബ്രിട്ടീഷ് സർക്കാരുമായി സഹകരിച്ചു പാതി വിലയ്ക്ക് ഈ ഭക്ഷണം സാധ്യമായ സ്‌കൂളുകളിൽ നൽകാൻ കഴിയുന്ന കാര്യവും സംഘടനാ ആലോചിക്കുകയാണ്. ഒരു കുട്ടിക്ക് വേണ്ടി ദിവസം രണ്ടു പൗണ്ട് മാത്രം ആവശ്യമായി വരുമ്പോൾ പാതി പണം സർക്കാരും പാതി പണം പദ്ധതിക്ക് സംഭാവന ആയി നൽകുന്നവരിൽ നിന്നും കണ്ടെത്തുവാനുമാണ് ആലോചന. ഇത്തരം ഒരു ആവശ്യം ബ്രിട്ടീഷ് സമൂഹത്തിൽ നടപ്പാക്കാൻ കാര്യമായ പ്രയാസം ഉണ്ടാകില്ല എന്നാണ് അക്ഷയ പാത്ര കരുതുന്നത്.

കോവിഡ് മൂലം തന്റെ ഭർത്താവിന് ഫുൾ ടൈം ജോലി നഷ്ടമായ സാഹചര്യത്തിൽ സ്‌കൂളിൽ നിന്നും ഇങ്ങനെ ഒരു സഹായം ലഭിച്ചത് ഏറെ നന്ദിയോടെ കാണുകയാണ് എന്ന് രണ്ടു കുട്ടികളുടെ മാതാവായ അധിക എൽ മിർ പറയുന്നു. ഇത്തരം അനുഭവമുള്ള നൂറുകണക്കിനാളുകളിൽ ഒരാൾ മാത്രമാണ് അധികം. ഡിസൈൻ ടെക്നീഷ്യൻ ആയ ഡെന്നിസ് പെരസ് താൻ ഫുൾ ടൈം ജോലി ചെയ്തിട്ടും വാടകയും ബിലും നൽകിയ ശേഷം കയ്യിൽ ബാക്കി ഒന്നും അവശേഷിക്കുന്നില്ല എന്ന സാഹചര്യത്തിലാണ് മൂന്നു കുട്ടികൾക്ക് വേണ്ടി സൗജന്യ ഭക്ഷണം ശേഖരിക്കാൻ സ്‌കൂളിൽ എത്തിയതെന്ന് പറയാൻ മടി കാട്ടുന്നില്ല.

ആഴ്ചയിൽ 16 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്താൽ പിന്നെ സർക്കാരിൽ നിന്നും ഒരു സഹായവും ഇല്ല എന്നത് തന്നെപോലെയുള്ള രക്ഷിതാക്കൾക്ക് ഇത്തരം സഹായങ്ങൾ വേണ്ടെന്നു വയ്ക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുകയാണെന്നും ഡെന്നിസ് കൂട്ടിച്ചേർക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP