Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാക് അധീന കാശ്മീരിൽ ഹെലികോപ്റ്ററിൽ പറന്നിറങ്ങിയ ഇന്ത്യൻ സൈന്യം മൂന്ന് പരിശീലന ക്യാമ്പുകൾ തകർത്ത് 20 ഭീകരരെ വധിച്ചു; ഉറി സെക്ടറിൽ ഇന്ത്യയുടെ ശക്തമായ പ്രത്യാക്രമണം; 200 ഓളം പേർക്ക് പരിക്കേറ്റതായും വാർത്താ വെബ്‌സൈറ്റ് റിപ്പോർട്ട്; യുഎൻ സമ്മേളനം നടക്കുന്നതിനാൽ പാക്കിസ്ഥാനുള്ള ചുട്ട മറുപടി അതീവ രഹസ്യമായി

പാക് അധീന കാശ്മീരിൽ ഹെലികോപ്റ്ററിൽ പറന്നിറങ്ങിയ ഇന്ത്യൻ സൈന്യം മൂന്ന് പരിശീലന ക്യാമ്പുകൾ തകർത്ത് 20 ഭീകരരെ വധിച്ചു; ഉറി സെക്ടറിൽ ഇന്ത്യയുടെ ശക്തമായ പ്രത്യാക്രമണം; 200 ഓളം പേർക്ക് പരിക്കേറ്റതായും വാർത്താ വെബ്‌സൈറ്റ് റിപ്പോർട്ട്; യുഎൻ സമ്മേളനം നടക്കുന്നതിനാൽ പാക്കിസ്ഥാനുള്ള ചുട്ട മറുപടി അതീവ രഹസ്യമായി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഉറയിൽ ഇന്ത്യയിൽ സൈനിക ക്യാമ്പ് ആക്രമിക്കുകയും 18 ഭടന്മാരെ കൊന്നൊടുക്കുകയും ചെയ്ത പാക് സഹായത്തോടെ നടന്ന ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി തുടങ്ങിയതായി റിപ്പോർട്ട്.

പാക് അധീന കാശ്മീരിൽ പ്രവർത്തിക്കുന്ന മൂന്ന് ഭീകര പരിശീലന ക്യാമ്പുകൾ ആക്രമിച്ച് ഇന്ത്യൻ കരസേന 20 ഭീകരരെ കൊന്നൊടുക്കിയതായി 'ദി ക്വിന്റ്' വാർത്താ വെബ്‌സൈറ്റിന്റെ എക്സ്ക്ലൂസീവ്  റിപ്പോർട്ടിൽ പറയുന്നു.  

ഉറിയിൽ സൈനിക ക്യാമ്പ് ആക്രമിക്കപ്പെട്ടതിന് പിന്നാലെ തന്നെ സേനയ്ക്ക് തിരിച്ചടി നൽകാനും പാക് അധീന കാശ്മീരിലെ ഭീകര ക്യാമ്പുകൾ ആക്രമിക്കാനും സേനയ്ക്ക് കേന്ദ്രസർക്കാരും സൈനിക നേതൃത്വവും അനുമതി നൽകിയതായാണ് സൂചനകൾ. ഉറി സെക്ടറിൽ തന്നെ മിലിട്ടറി ഹെലികോപ്റ്ററിൽ പാക് അധീന കാശ്മീരിൽ ഇറക്കിയ 18-20 സൈനികരുൾപ്പെടുന്ന രണ്ടു എലൈറ്റ് ഗ്രൂപ്പ് കമാൻഡോകളാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

നുഴഞ്ഞുകയറാൻ ഒരുങ്ങിയ പത്തു ഭീകരർ ഇന്ത്യൻ സൈനികാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.ശക്തമായ ആക്രമണമാണ് ഉറി ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സേന ഉറി സെക്ടറിൽ നടത്തുന്നതെന്നും പാക് സേനാഭാഗത്തും ഭീകര ക്യാമ്പുകളിലുമായി ഇരുന്നുറോളം പേർക്ക് പരിക്കേറ്റതായും സൂചനകളുണ്ട്. സെപ്റ്റംബർ 20നും 21നും ഇടയ്ക്കാണ് ആക്രമണം നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, സൈനിക നടപടി കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുമോ എന്നും ഇപ്പോഴും തുടരുകയാണോ എന്നും വ്യക്തമല്ല. സൈനിക കേന്ദ്രങ്ങളിൽ നിന്ന് തന്നെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വെബ്‌സൈറ്റ് ഈ എക്‌സ്‌കഌസീവ് റിപ്പോർട്ട് പുറത്തുവിടുന്നത്.

അതേസമയം, ഇന്ത്യ അതിർത്തി കടന്ന് ആക്രമണം തുടങ്ങിയെന്നതിന് വ്യക്തമായ സൂചനകളുമായി പാക്കിസ്ഥാൻ പാക് അധീന കാശ്മീരിനു മുകളിലൂടെ രാജ്യത്തെ വിമാനങ്ങൾ പറക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. പാക് ദേശീയ പതാക മുദ്രണം ചെയ്ത് പാക്കിസ്ഥാൻ ഇന്റർനാഷണർ എയർലൈൻസ് ഇതേത്തുടർന്ന് നിരവധി സർവീസുകൾ കാൻസൽ ചെയ്യുകയും ചെയ്തു.

വടക്കൻ പാക്കിസ്ഥാൻ നഗരങ്ങളിലേക്ക്, പ്രത്യേകിച്ച് ഗിൽജിത്, പാക് അധീന കാശ്മീരിലെ സ്‌കർദു എന്നിവിടങ്ങളിലേക്ക് വിമാനങ്ങൾ സർവീസ് നടത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നതായാണ് കാരണം പറയാതെ അറിയിപ്പ് നൽകിയിട്ടുള്ളത്.

നിയന്ത്രണരേഖ മറികടന്ന് ഇന്ത്യ ആക്രമണം തുടങ്ങിയ സാഹചര്യത്തിൽ വിമാനങ്ങൾക്കുനേരെ ഇന്ത്യൻ സേന ആക്രമണം നടത്തിയേക്കുമെന്ന ആശങ്കയാണ് വിമാന സർവീസുകൾ റദ്ദാക്കാൻ കാരണമായതെന്നാണ് സൂചനകൾ. ഖൈബർ-പക്തുൻഖ്വ മേഖലയിലെ ചിത്രാലിലേക്കുള്ള സർവീസുകളും റദ്ദുചെയ്തു. ഇതും ഇന്ത്യ-പാക് നിയന്ത്രണ രേഖയ്ക്ക് അടുത്തുള്ള പ്രദേശമാണ്. പാക് എയർലൈൻസ് വക്താവ് ദൻയാൽ ഗിലാനി ഇതുസംബന്ധിച്ച് ചൊവ്വാഴ്ച ട്വീറ്റ് സന്ദേശവും നൽകി. രണ്ടു വടക്കൻ മേഖലകളിൽ വ്യേമ നിയന്ത്രണം ഉണ്ടായതിനാൽ പാക് ഇന്റർനാഷണൽ എയർലൈൻസിന്റെ ഗിൽജിത്, സ്‌കർദു, ചിത്രാൽ എന്നിവ ക്യാൻസൽ ചെയ്തതായാണ് അറിയിപ്പ്.

ന്യൂയോർക്കിൽ യുഎൻ സമ്മേളനത്തിൽ സംബന്ധിക്കുന്ന പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജ്യത്തെ സൈനിക പരമാധികാരിയായ കരസേനാ മേധാവി ജനറൽ റഹീൽ ഷരീഫിനോട് സ്ഥിതിഗതികൾ ആരാഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. ബോധപൂർവമല്ലാത്തതെന്നു തോന്നുംവിധം, സ്വാഭാവികമായ ഒരു തിരിച്ചടി ഉറി ആക്രമണത്തിന് ഉണ്ടാവുമെന്ന് കഴിഞ്ഞദിവസം ഇന്ത്യൻ പ്രതിരോധമന്ത്രി മനോഹർ പരീക്കറും സൂചനകൾ നൽകിയിരുന്നു.

ഉറിയിലെ സൈനിക ക്യാമ്പ് ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്തിരുന്നു. ഇതെല്ലാം ഇന്ത്യ തിരിച്ചടിക്കുന്നുവെന്നതിന്റെ സൂചനകളാണെന്നും യുഎൻ സമ്മേളനം നടക്കുന്ന സമയമായതിനാൽ ഇതിന്റെ വിവരങ്ങൾ പുറത്തുപറയാതെ രഹസ്യമാക്കി വച്ചിരിക്കുയാണെന്നുമാണ് വിവരം.

പാക്കിസ്ഥാന്റെ കൈവശമുള്ള കാശ്മീർ ഭാഗത്ത് ഇന്ത്യ ആക്രമണം നടത്തിയെന്നും ഭീകരരെ കൊന്നുവെന്നും തുറന്നുപറഞ്ഞാൽ വെട്ടിലാവുമെന്നതിനാൽ പാക്കിസ്ഥാൻ അധികൃതരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മാത്രമല്ല, ഉറി ആക്രമണത്തിന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചു തുടങ്ങിയെന്ന് പുറത്തറിഞ്ഞാൽ പാക്കിസ്ഥാനിൽ വൻ കലാപത്തിന് വഴിവയ്ക്കുമെന്ന ആശങ്കയും പാക് അധികൃതരെ ഇക്കാര്യത്തിൽ മൗനം പാലിക്കാൻ പ്രേരിപ്പിക്കുന്നതായാണ് അറിയുന്ന വിവരങ്ങൾ.

ഞായറാഴ്ച പുലർച്ചെയാണ് നാലു ഭീകരർ ഉറി സൈനിക ക്യാമ്പിൽ നുഴഞ്ഞുകയറി ആക്രമണം നടത്തിയത്. ഇന്ത്യയുടെ 18 ഭടന്മാർക്ക് ഈ ആക്രമണത്തിൽ ജീവഹാനി സംഭവിച്ചു. പാക് അധീന കാശ്മീരിൽ പ്രവർത്തിക്കുന്ന ഭീകര പരിശീലന ക്യാമ്പുകളിലാണ് പാക്കിസ്ഥാൻ ചാവേറുകൾക്ക് സൈനികരുടേയും ഐഎസ്‌ഐയുടെയും നേതൃത്വത്തിൽ രഹസ്യ പരിശീലനം നൽകുന്നത്. ഇവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇന്ത്യ ഇപ്പോൾ ആക്രമണം ആരംഭിച്ചിട്ടുള്ളത്.

പാക്കിസ്ഥാന്റെ സഹായത്തോടെയാണ് ഉറിയിൽ ആക്രമണം നടന്നതെന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ പ്രത്യാക്രമണത്തിന് മടിക്കേണ്ടതില്ലെന്ന നിലപാടിലാണ് സേനാ നേതൃത്വവുമെന്നാണ് അറിയുന്നത്. കനത്ത തിരിച്ചടി നൽകിയില്ലെങ്കിൽ ഇത്തരം സഭവങ്ങൾ പാക്കിസ്ഥാൻ ആവർത്തിക്കുമെന്ന അഭിപ്രായമാണ് എല്ലായിടത്തുനിന്നും ഉയരുന്നത്.

കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് പാക് നിർമ്മിത ആയുധങ്ങളും ജിപിഎസ് ഉപകരണങ്ങളും സന്ദേശങ്ങളും വാർത്താവിനിമയ ഉപകരണങ്ങളഉം പിടിച്ചെടുത്തിട്ടുണ്ട്. ഇതെല്ലാം ആക്രമണത്തിൽ പാക് പങ്കാളിത്തം ഉറപ്പിക്കുന്ന വിവരങ്ങളാണ്. ജിപിഎസ് സംവിധാനത്തിലെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യ. ഏതെല്ലാം ക്യാമ്പുകളിൽ വച്ചാണ് പാക്കിസ്ഥാൻ ഇവർക്ക് പരിശീലനം നൽകിയതെന്ന് ഇതിന്റെ ട്രാക്കിങ്ങിലൂടെ വ്യക്തമായി മനസ്സിലാക്കാനാകും.

പാക് അധീന കാശ്മീരിൽ ഇന്ത്യൻ അതിർത്തിയോട് ചേർന്നും അല്ലാതെയും പ്രവർത്തിക്കുന്ന ഭീകര പരിശീലന കേന്ദ്രങ്ങൾ എവിടെയാണെന്ന് ഉപഗ്രഹ സഹായത്തോടെയും സന്ദേശങ്ങൾ പിടിച്ചെടുത്തും ഇന്ത്യ നേരത്തേ മനസ്സിലാക്കിയിരുന്നു. ഇവയിൽ അതിർത്തിയോട് ചേർന്നുള്ള മൂന്ന് ക്യാമ്പുകളിലാണ് ഇപ്പോൾ ആക്രമണം നടത്തിയതെന്നാണ് വിവരങ്ങൾ. അതേസമയം പാക് അധീന കാശ്മീരിൽ കടന്നുകയറി ആക്രമണം നടത്തിയിട്ടില്ലെന്നും ഇന്ത്യൻ അതിർത്തി മേഖലയിലെ നുഴഞ്ഞുകയറ്റം തടയാനുള്ള സേനാ മുന്നേറ്റങ്ങളാണ് നടക്കുന്നതെന്നുമാണ് കരസേന ഔദ്യോഗികമായി നൽകുന്ന പ്രതികരണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP