Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

ഹന്ദ്വാരയിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ ധീരതയും ത്യാഗവും എങ്ങനെ മറക്കും? ജനങ്ങളുടെ ജീവൻ കാക്കാനുള്ള ആ അർപ്പണബോധത്തെ എങ്ങനെ നമിക്കാതിരിക്കും? കോളേജുകളിലും സർവകലാശാലകളിലും സൈനിക ജീവിതം അനുഭവിച്ചറിയാൻ യുവാക്കൾക്ക് ആവേശം; ദേശസ്‌നേഹം തുറന്നുകാട്ടാനുള്ള അവസരം പാഴാക്കില്ല ആരും; യുവാക്കൾക്ക് മൂന്നുവർഷം സൈനികരാകാൻ അവസരം ഒരുക്കി സൈന്യം

ഹന്ദ്വാരയിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ ധീരതയും ത്യാഗവും എങ്ങനെ മറക്കും? ജനങ്ങളുടെ ജീവൻ കാക്കാനുള്ള ആ അർപ്പണബോധത്തെ എങ്ങനെ നമിക്കാതിരിക്കും? കോളേജുകളിലും സർവകലാശാലകളിലും സൈനിക ജീവിതം അനുഭവിച്ചറിയാൻ യുവാക്കൾക്ക് ആവേശം; ദേശസ്‌നേഹം തുറന്നുകാട്ടാനുള്ള അവസരം പാഴാക്കില്ല ആരും; യുവാക്കൾക്ക് മൂന്നുവർഷം സൈനികരാകാൻ അവസരം ഒരുക്കി സൈന്യം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തെ കോളേജുകളും സർവകലാശാലകളും സന്ദർശിച്ചപ്പോഴാണ് അത് തിരിച്ചറിഞ്ഞത്. സൈനിക ജീവിതം എന്തെന്ന് അറിയാൻ അത്യുത്സാഹം യുവാക്കൾക്ക്. പിന്നെ വർദ്ധിച്ച ദേശസ്‌നേഹവും. പലപ്പോഴായി സൈനിക ഉദ്യോഗസ്ഥർ കോളേജുകളിലും സർവകലാശാലകളിലും വിദ്യാർത്ഥികളുമായി സംസാരിച്ചപ്പോഴാണ് സൈന്യം അവർക്കിടയിൽ ഒരുവികാരമാണെന്ന് മനസ്സിലായത്. ഒരുകരിയറായി തിരഞ്ഞെടുക്കുന്നതിലല്ല, സൈനിക ജീവിതം അനുഭവിച്ച് അറിയുന്നതിലാണ് യുവാക്കൾക്ക് താൽപര്യമെന്ന് മനസ്സിലായി. ഇതോടെയാണ് യുവാക്കൾക്ക് മൂന്നുവർഷം വരെസൈന്യത്തിൽ സേവനം അനുഷ്ഠിക്കാൻ അവസരം കൊടുക്കണമെന്ന ആശയം ഉരുത്തിരിഞ്ഞതെന്ന് കരസേനാ മേധാവി ജനറൽ എം.എം.നരവാനെ പറഞ്ഞു.

യുവാക്കൾക്ക് സൈന്യത്തിൽ മുന്നു വർഷത്തെ ഹ്രസ്വകാല സർവീസിനാണ് അവസരമൊരുക്കുന്നത്. നിലവിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്കുൾപ്പെടെ ഓഫീസർമാരായും ജവാന്മാരായും മൂന്നു വർഷത്തേക്ക് സൈനിക സേവനം നടത്താൻ കഴിയുന്ന ടൂർ ഓഫ് ഡ്യൂട്ടി (ടിഒഡി) പദ്ധതിയാണ് സൈന്യം കേന്ദ്ര സർക്കാരിനു മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്.

അർധസൈനിക വിഭാഗത്തിൽനിന്നും കേന്ദ്രപൊലീസ് സേനയിൽനിന്നും ഏഴു വർഷത്തേക്കുവരെ സൈന്യത്തിലേക്കു ഡപ്യൂട്ടേഷനിൽ ആളുകളെ നിയോഗിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്ന് ഉന്നത സൈനികവൃത്തങ്ങൾ അറിയിച്ചു. നിശ്ചിത കാലാവധിക്കു ശേഷം ഇവർക്കു മാതൃസ്ഥാപനങ്ങളിലേക്കു മടങ്ങാൻ കഴിയും. രാജ്യത്തെ യുവാക്കളിൽ കൂടുതൽ ദേശസ്നേഹം വളർത്താനും അവർക്കു സൈനിക ജീവിതം പരിചയപ്പെടുത്താനും ഉദ്ദേശിച്ചാണ് ഹ്രസ്വകാല റിക്രൂട്ട്മെന്റിനു പദ്ധതി തയാറാക്കിയിരിക്കുന്നത്. റിക്രൂട്ട്മെന്റ് മാനദണ്ഡങ്ങളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടായിരിക്കില്ല. ആദ്യഘട്ടത്തിൽ 100 ഓഫിസർമാരെയും 1000 ജവാന്മാരെയും തിരഞ്ഞെടുക്കാനാണ് തീരുമാനം. പ്രായവും ശാരീരികക്ഷമതയും ആകും പ്രധാന മാനദണ്ഡം. ഇവരുടെ ജോലിയിലും ഇളവുകൾ ഉണ്ടായിരിക്കില്ല. അതിർത്തിയിലും മുൻനിരയിലും ജോലിക്കു നിയോഗിക്കും.

നിലവിൽ ഷോർട്ട് സർവീസ് കമ്മിഷൻ വ്യവസ്ഥയിൽ പത്തു വർഷത്തേക്കാണു യുവാക്കളെ നിയോഗിക്കുന്നത്. ഈ കാലാവധി 14 വർഷം വരെ നീട്ടാൻ കഴിയും. ഒരു ഓഫിസർ 10 വർഷത്തിനുള്ളിൽ വിരമിച്ചാൽ പരിശീലനം, ശമ്പളം, മറ്റ് ചെലവ് എന്നിവയ്ക്കായി 5.12 കോടിയും 14 വർഷത്തിനു ശേഷം വിരമിച്ചാൽ 6.83 കോടിയുമാണ് സൈന്യത്തിന് ചെലവാകുന്നത്. അതേസമയം മൂന്നു വർഷത്തിനു ശേഷം വിരമിച്ചാൽ ഇത് 80-85 ലക്ഷത്തിൽ ഒതുങ്ങുമെന്നാണു കണക്കുകൂട്ടൽ. ഇത്തരത്തിൽ 1000 ജവാന്മാരെ തിരഞ്ഞെടുത്താൽ 11,000 കോടി ലാഭിക്കാമെന്നും അധികൃതർ വ്യക്തമാക്കുന്നു.

സൈനിക പരിശീലനം ലഭിക്കുന്ന യുവാക്കൾക്ക് ആത്മവിശ്വാസം വർധിക്കും. ടീംവർക്ക്, ഉത്തരവാദിത്തം, സ്ട്രെസ് മാനേജ്മെന്റ്, സാമൂഹിക ശേഷി എന്നിവ വർധിക്കുന്നതോടെ പിന്നീടു കൂടുതൽ തൊഴിൽസാധ്യതകൾക്ക് ഉപകരിക്കുമെന്നും സൈനിക ഉദ്യോഗസ്ഥർ പറയുന്നു. 22-23 വയസുള്ള സാധാരണ യുവാക്കളേക്കാൾ സൈനിക പരിശീലനം ലഭിച്ച 26-27 വയസു പ്രായമുള്ളവരെയാകും കോർപ്പറേറ്റ് ലോകം ഉൾപ്പെടെ പരിഗണിക്കുകയെന്നും ഇവർ സൂചിപ്പിക്കുന്നു.

രാജ്യത്തേ ദേശസ്‌നേഹവും സൈന്യത്തോടുള്ള ആദരവും വർദ്ധിച്ച ഈ കാലത്ത് യുവാക്കൾക്ക് അവസരം നൽകാൻ കേന്ദ്രസർക്കാർ അനുമതി നൽകുമെന്നാണ് സൂചന. ഉത്സാഹികളായ യുവാക്കൾ ആ സുദിനത്തിനായി കാത്തിരിപ്പാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP