Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബാലാകോട്ടിൽ പാക് റഡാറുകളുടെ കണ്ണുവെട്ടിച്ചെത്തിയ മിറാഷ് വിമാനങ്ങൾ വിതറിയത് സ്പൈസ് -2000 ബോംബുകൾ; ജെയ്‌ഷെയുടെ ഭീകരപരിശീലന ക്യാമ്പ് നിരപ്പാക്കിയത് ഇന്ത്യയുടെ ആണവേതര ബോംബുകളിലെ ഈ വമ്പൻ; ചൈനയുമായുള്ള അതിർത്തി തർക്കം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇസ്രയേൽ നിർമ്മിത സ്‌പൈസ് ബോംബുകൾ കൂടുതൽ ശേഖരിക്കാൻ ഒരുങ്ങി ഇന്ത്യൻ സേന; 300 കോടി രൂപ ചെലവിട്ട് ഇസ്രയേലിൽ നിന്നു നൂറിലധികം സ്‌പൈസ് ബോംബുകൾ താമസിയാതെ എത്തും

ബാലാകോട്ടിൽ പാക് റഡാറുകളുടെ കണ്ണുവെട്ടിച്ചെത്തിയ മിറാഷ് വിമാനങ്ങൾ വിതറിയത് സ്പൈസ് -2000 ബോംബുകൾ; ജെയ്‌ഷെയുടെ ഭീകരപരിശീലന ക്യാമ്പ് നിരപ്പാക്കിയത് ഇന്ത്യയുടെ ആണവേതര ബോംബുകളിലെ ഈ വമ്പൻ; ചൈനയുമായുള്ള അതിർത്തി തർക്കം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇസ്രയേൽ നിർമ്മിത സ്‌പൈസ് ബോംബുകൾ കൂടുതൽ ശേഖരിക്കാൻ ഒരുങ്ങി ഇന്ത്യൻ സേന; 300 കോടി രൂപ ചെലവിട്ട് ഇസ്രയേലിൽ നിന്നു നൂറിലധികം സ്‌പൈസ് ബോംബുകൾ താമസിയാതെ എത്തും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി സംഘർഷം രൂക്ഷമാകുന്ന ഘട്ടത്തിൽ പാക്കിസ്ഥാനെ വിറപ്പിച്ചു ബാലാകോട്ടിനെ തകർത്ത 'സ്‌പൈസ് ബോംബുകളുടെ' ശേഖരം ഉയർത്താൻ ഒരുങ്ങി ഇന്ത്യ. ബാലാകോട്ടിൽ ജയ്‌ഷെ ഭീകരരുടെ ക്യാംപ് തകർക്കാൻ ഇന്ത്യൻ സൈന്യം ഉപയോഗിച്ചത് ഇസ്രയേൽ നിർമ്മിതമായ സ്‌പൈസ് (Smart, Precise Impact, Cost-Effective- SPICE) ബോംബുകളാണ്. ഈ ബോംബുകളുടെ ശേഖരം ഉയർത്താനാണ് രാജ്യം ഒരുങ്ങുന്നത്.

കഴിഞ്ഞ വർഷം ഇസ്രയേലിൽ നിന്ന് എത്തിച്ചതിനു പുറമേയാണ് വീണ്ടും വാങ്ങാനൊരുങ്ങുന്നത്. 2019ലെ ബാലാക്കോട്ട് ആക്രമണത്തിൽ ഇന്ത്യയുടെ തുറുപ്പുചീട്ടായിരുന്നു സ്‌പൈസ് ബോംബുകൾ. 300 കോടി രൂപ ചെലവിട്ട് ഇസ്രയേലിൽനിന്നു നൂറിലധികം സ്‌പൈസ് ബോംബുകൾ വാങ്ങാൻ വ്യോമസേന കരാർ ഒപ്പിട്ടിരുന്നു. ബാലാകോട്ടിൽ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരക്യാംപുകളിൽ കനത്ത നാശം വിതയ്ക്കാൻ ഉപയോഗിച്ച ആയുധങ്ങളിൽ മുഖ്യമായിരുന്നു സ്‌പൈസ് ബോംബുകൾ. മിറാഷ് 2000 പോർവിമാനങ്ങൾ ഉപയോഗിച്ചാണ് ഈ ലേസർ ഗൈഡഡ് ബോംബുകൾ വർഷിച്ചത്. ലോകത്തിലെ ഏറ്റവും മാരക പ്രഹരശേഷിയുള്ള ബോംബുകളിലൊന്നാണിത്.

സ്‌പൈസ് 2000 ബോംബുകൾക്കു വളരെ ദൂരെ നിന്നു തന്നെ ലക്ഷ്യത്തിലെത്തിച്ചേരാനാകും. ശത്രുകേന്ദ്രത്തിലെ ബങ്കറുകളും കെട്ടിടങ്ങളും തകർക്കാനും സഹായിക്കുമെന്നു സർക്കാർ വൃത്തങ്ങൾ ദേശീയ മാധ്യമത്തോട് പറഞ്ഞു. പാക് അധീന കശ്മീരിൽ നിന്ന് 80 കിലോമീറ്റർ അകലെ ബാലാകോട്ടിൽ ഒരുപഴുതുമില്ലാതെ ലക്ഷ്യം ഭേദിക്കാൻ വ്യോമസേനയ്ക്ക് തുണയായത് ഇസ്രയേൽ നിർമ്മിത സ്പൈസ് ബോംബുകൾ.

സ്പൈസ് ഇന്ത്യയുടെ ആണവേതര ബോംബുകളിൽ ഏറ്റവും വമ്പനാണ്. മിറാഷ് യുദ്ധവിമാനങ്ങളാണ് ഇവ വഹിക്കാനായി ഉപയോഗിക്കുന്നത്. എന്നാൽ അമേരിക്കയുടെയും റഷ്യയുടെയും വമ്പൻ ബോംബുകളുമായി തട്ടിച്ചുനോക്കുമ്പോൾ ഇവയ്ക്ക് സ്ഫോടനശേഷി കുറവാണ്.റഷ്യയുടെ എടിബിഐപി എന്ന ബോംബാണ് ആണവേതര ബോംബുകളിൽ ഏറ്റവും ശക്തൻ. 44 ടണ്ണാണ് പ്രഹരശേഷി. ബോംബുകളുടെ പിതാവ് എന്നറിയപ്പെടുന്നു. അമേരിക്കയുടെ മാസീവ് ഓർഡിനൻസ് എയർബ്ലാസ്റ്റ് ബോംബാണ് രണ്ടാമൻ. ജിപിഎസിന്റെ സഹായത്തോടെ ലക്ഷ്യത്തിലെത്തിക്കുന്ന ഈ ബോംബ് ഭീകരർ ഒളിച്ചിരിക്കുന്ന ഗുഹകൾ, തുരങ്കങ്ങൾ എന്നിവ നശിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. എന്നാൽ എടിബിഐപിയുടെ നാലിലൊന്നു ശേഷി മാത്രമാണ് ഇതിനുള്ളത്.

ലേസർ നിയന്ത്രിത ബോംബുകൾക്ക് പരമാവധി 15 കിലോമീറ്ററാണ് പരമാവധി പ്രഹരശേഷി. ശത്രുപാളയത്തിൽ നിന്നുള്ള പ്രത്യാക്രമണമുണ്ടായാൽ ഈ റേഞ്ച് ബോംബുകൾ മതിയാവില്ല. നാശനഷ്ടവും സംഭവിച്ചേക്കാം. ഈ സാഹചര്യത്തിലാണ് റേഞ്ച് കൂടുതലുള്ള സ്പൈസ് ബോംബുകൾ വ്യോമസേന ഉപയോഗിച്ചിരിക്കാം എന്ന് പറയുന്നത്. നിയന്ത്രണ രേഖ കടന്ന് അധികം ഉള്ളിലേക്ക് പോകാതെ തന്നെ പരമാവധി പ്രഹരശേഷി കൈവരിക്കാൻ കഴിയും എന്നതാണ് സ്പൈസിന്റെ സവിശേഷത.

സ്പൈസിന്റെ വരവും ശേഷിയും

2015 ലാണ് സ്പൈസ് 2000 കിറ്റുകൾ വ്യോമസേനയിൽ ഉൾപ്പെടുത്തുന്നത്. 1000 കിലോ ബോംബുകൾക്കായാണ് സ്പൈസ്-2000 ഉപയോഗിക്കുന്നത്. 60 കിലോമീറ്ററാണ് ഇവയുടെ ഗ്ലൈഡ് റേഞ്ച്. സ്പൈസ്-1000 കിറ്റിന് 100 കിലോമീറ്റർ റേഞ്ചാണുള്ളത്. വളരെ ദൂരെയുള്ള ലക്ഷ്യങ്ങളെ ഭേദിക്കാൻ കഴിയുന്ന ചെറിയ ബോംബുകളായതുകൊണ്ട് തന്നെ ഭൂമിയിൽ നിന്നുള്ള റഡാറുകൾക്ക് ഇവ തിരിച്ചറിയുക ബുദ്ധിമുട്ടാണ്. സാധാരണ ബോംബുകളെ അപേക്ഷിച്ച് സ്പൈസിനെ കൃത്യതയോടെ നിയന്ത്രിക്കാൻ കഴിയും. ഇസ്രയേൽ നിർമ്മിത ക്രൂസ് മിസൈലായ ക്രിസ്ററൽ മേസും വ്യോമസേന മിറാഷ് -2000 ൽ സമന്വയിപ്പിച്ചിട്ടുണ്ട്.

ലേസർ ബോബുകൾ

സ്പൈസിന് പുറമേ ലേസർ നിയന്ത്രിത ബോംബുകളും ആക്രമണത്തിന് പ്രയോഗിച്ചതായാണ് റിപ്പോർട്ട്. ജി.പി.എസിന്റെ സഹായത്തോടെ ലേസർ വഴി നിയന്ത്രിക്കാൻ ശേഷിയുള്ള സുദർശൻ ബോംബുകളാണ് ഇവ. കാർഗിൽ യുദ്ധത്തിൽ സേനയ്ക്ക് തുണയായതും ലേസർ നിയന്ത്രിത ബോംബുകൾ തന്നെ. ഇവ ഇറക്കുമതി ചെയ്തതും ഇസ്രയേലിൽ നിന്നുതന്നെ. 2006 ലാണ് ലേസർ നിയന്ത്രിത ബോംബുകളുടെ ഡിസൈൻ ഇന്ത്യ തയാറാകുന്നത്. പിന്നീട് ഏഴു വർഷങ്ങൾക്ക് ശേഷം പരീക്ഷണം പൂർത്തിയാക്കിയ ശേഷമാണ് വ്യോമസേനയ്ക്ക് ബോംബുകൾ കൈമാറിയത്. 2010 ൽ രണ്ടു തവണ പരീക്ഷണം നടത്തി വിജയിച്ച ബോംബാണ് സുദർശൻ. 2013ലാണ് ഇന്ത്യ സ്വന്തമായി ലേസർ ബോംബുകൾ നിർമ്മിക്കാൻ തുടങ്ങിയത്.

ഇന്ത്യയുടെ ലേസർ ബോംബുകൾ സുദർശൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. മിഗ്27, ജാഗ്വർ, സുഖോയ്30, മിറാഷ്, മിഗ് എന്നീ പോർവിമാനങ്ങളിൽ നിന്ന് പ്രയോഗിക്കാൻ സാധിക്കുന്നതാണ് സുദർശൻ.ആധുനിക പോർവിമാനങ്ങളും ശക്തിയേറിയ ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ഇന്ത്യയുടെ ആക്രമണം. ഭാരത് ഇലക്ട്രോണിക്സ് ആണ് സുദർശൻ നിർമ്മിക്കുന്നത്. ഏകദേശം ഒൻപത് കിലോമീറ്റർ ദൂരപരിധിയിൽ വരെ പ്രയോഗിക്കാൻ സാധിക്കുന്ന ലേസർ ബോംബാണ് സുദർശൻ.ലോകത്ത് ഒട്ടുമിക്ക രാജ്യങ്ങളുടെ കൈവശവും ലേസർ നിയന്ത്രിത ബോംബുകളുണ്ട്. യുദ്ധഭൂമിയിൽ വൻ നാശം സൃഷ്ടിക്കാൻ ശേഷിയുള്ളവയാണ് ലേസർ ബോംബുകൾ. 1960ൽ അമേരിക്കയാണ് ആദ്യമായി ലേസർ ബോംബുകൾ വികസിപ്പിച്ചെടുത്തത്.

ആരോടും കിട പിടിക്കും വ്യോമസേന

ലോക നിലവാരത്തിൽത്തന്നെ ഒന്നാംകിടയിൽപ്പെട്ടതെന്ന് വിഖ്യാതമായ യുദ്ധവിമാനങ്ങളും മികച്ച ബോംബർ വിമാനങ്ങളും സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യൻ സേനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. തദ്ദേശീയമായി നിർമ്മിച്ച തേജസ് യുദ്ധവിമാനം ലോകോത്തര നിലവാരമുള്ളതാണ്. സുഖോയ്, ജാഗ്വാർ, മിഗ്-29, മിറാഷ്-2000 എന്നീ യുദ്ധവിമാനങ്ങൾ അടങ്ങുന്നതാണ് ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത്.വേഗതയ്ക്കൊപ്പം കൃത്യതയുടെ മികവാണ് മിറാഷ് -2000 നെ മികച്ചതാക്കുന്നത്. 14.36 മീറ്റർ നീളവും 5.20 മീറ്റർ ഉയരവും 9.13 മീറ്റർ വിങ്സ്പാനുമുള്ള വിമാനം ഒരു ഫൈറ്റർ പൈലറ്റിനെയാണ് ഉൾക്കൊള്ളുക. നിലവിൽ എം2000 എച്ച്, എം2000 ടിഎച്ച്, എം2000 ഐടി എന്നീ ശ്രേണികളിലായി ഏകദേശം 44 മിറാഷ് വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ പക്കലുണ്ട്. 2030 ൽ ഇതിൽ ഒട്ടുമിക്ക വിമാനങ്ങളും കാലഹരണപ്പെടും. ഇന്ത്യൻ വ്യോമസേന ഇതിനിട്ടിരിക്കുന്ന പേര് 'വജ്ര' എന്നാണ്.\

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP