Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

ഇൻഡോനേഷ്യക്ക് പിന്നാലെ എത്യോപ്യൻ വിമാനവും ആകാശത്തുവച്ച് തീപിടിച്ച് തകർന്നതോടെ ബോയിങ് 737 വിമാനങ്ങളുടെ സർവീസ് അവസാനിപ്പിച്ച് ലോകമെങ്ങും ഉള്ള വിമാനക്കമ്പനികൾ; ബ്രിട്ടനും യൂറോപ്യൻ യൂണിയനും നിരോധിച്ചതോടെ ഇന്ത്യയും വിമാനം തിരിച്ചുവിളിച്ച് സേവനം അവസാനിപ്പിച്ചു: അമേരിക്കൻ വിമാന കമ്പനി നേരിടുന്നത് വമ്പൻ വെല്ലുവിളി

ഇൻഡോനേഷ്യക്ക് പിന്നാലെ എത്യോപ്യൻ വിമാനവും ആകാശത്തുവച്ച് തീപിടിച്ച് തകർന്നതോടെ ബോയിങ് 737 വിമാനങ്ങളുടെ സർവീസ് അവസാനിപ്പിച്ച് ലോകമെങ്ങും ഉള്ള വിമാനക്കമ്പനികൾ; ബ്രിട്ടനും യൂറോപ്യൻ യൂണിയനും നിരോധിച്ചതോടെ ഇന്ത്യയും വിമാനം തിരിച്ചുവിളിച്ച് സേവനം അവസാനിപ്പിച്ചു: അമേരിക്കൻ വിമാന കമ്പനി നേരിടുന്നത് വമ്പൻ വെല്ലുവിളി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കഴിഞ്ഞദിവസം അഡിസ് അബാബയിൽ നിന്ന് നെയ്‌റോബിയിലേക്ക് പോയ ബോയിങ് മാക്‌സ് 737 വിമാനം തകർന്നതോടെ ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഈ വിമാനത്തിന് നിരോധനം ഏർപ്പെടുത്തുന്നു. ബ്രിട്ടനും യൂറോപ്യൻ യൂണിയനും നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ എയർ ഇന്ത്യയും ഈ വിമാനം ഉപയോഗിച്ചുള്ള സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്.

അഞ്ച് മാസത്തിനിടെ രണ്ട് അപകടങ്ങൾ നടന്നതാണ് അമേരിക്കൻ കമ്പനിയായ ബോയിംഗിന്റെ മാക്‌സ് 737 വിമാനത്തിന് തിരിച്ചടിയായത്. ഇന്ത്യയും വിമാനം പിൻവലിക്കുന്നതായി സിവിൽ ഏവിയേഷൻ മന്ത്രാലയമാണ് അറിയിച്ചത്. അഞ്ച് മാസത്തിനിടെ രണ്ട് വൻ അപകടങ്ങൾ നടന്ന സാഹചര്യത്തെ ആശങ്കയോടെയാണ് കാണുന്നതെന്ന് ഇന്ത്യ അറിയിച്ചു. ഇന്ത്യയിൽ സ്‌പൈസ് ജെറ്റും ജെറ്റ് എയർവേയ്‌സും മാക്‌സ് 737 ഉപയോഗിച്ച് സർവീസ് നടത്തുന്നുണ്ട.

യാത്രക്കാരുടെ സുരക്ഷയാണ് എറ്റവും വലുതെന്നും ലോകരാജ്യങ്ങളിൽ പലതും ആവശ്യപ്പെടുന്നത് പോലെ സുരക്ഷാമാനദണ്ഡങ്ങൾ പരിഷ്‌കരിക്കണമെന്നും വിമാന നിർമ്മാതാക്കളോട് ഇന്ത്യ ആവശ്യപ്പെട്ടു. സിവിൽ ഏവിയേഷൻ വകുപ്പ് മന്ത്രി സുരേഷ് പ്രഭു വിമാനക്കമ്പനികളുടെ അടിയന്തിര യോഗം വിളിക്കുകയും സുരക്ഷാസംവിധാനങ്ങൾ വിലയിരുത്തുകയും ചെയ്തിട്ടുണ്ട.

ഞായറാഴ്ച എത്യോപ്യയിലെ ആഡിസ് ആബ വിമാനത്താവളത്തിൽ നിന്നും 157 യാത്രക്കാരുമായി പറന്നുയർന്ന വിമാനം നിമിഷങ്ങൾക്കകം തകർന്ന് വീഴുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഇൻഡോനേഷ്യയിലെ ജക്കാർത്തയ്ക്ക് സമീപം ജാവ കടലിൽ ലയൺ എയർവേയ്‌സിന്റെ ബോയിങ് 737 മാക്‌സ് 8 വിമാനം തകർന്നു വീണ് 189 പേർ മരിച്ചിരുന്നു. സാങ്കേതികത്തകരാറായിരുന്നു അന്ന് തകർച്ചയുടെ കാരണമായി വിലയിരുത്തിയിരുന്നത്. എത്യോപ്യൻ വിമാനത്തിന്റെ തകർച്ചയുടെ കാരണവും ഇതു തന്നെയാകാമെന്ന് കണക്കാക്കപ്പെടുന്ന സാഹചര്യത്തിലാണ് ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളുടെ തീരുമാനം വന്നിരിക്കുന്നത്. എത്യോപ്യയിൽ തകർന്നു വീണ വിമാനത്തിന്റെ ബ്ലാക്‌ബോക്‌സ് പരിശോധിച്ചു വരികയാണ്.

സിംഗപ്പോർ, ഓസ്‌ട്രേലിയ, മലേഷ്യ, ഒമാൻ, ചൈന, ദക്ഷിണകൊറിയ, മംഗോളിയ തുടങ്ങിയ രാജ്യങ്ങളും ബോയിങ് 737 മാക്‌സ് വിമാനങ്ങൾക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ബ്രിട്ടനും യൂറോപ്യൻ യൂണിയനും ഇത്തരത്തിൽ ഈ വിമാനം തിരിച്ചുവിളിച്ചതോടെയാണ് ഇന്ത്യയും ആ പാതയിലേക്ക് നീങ്ങിയത്. ഇന്നലെ ചൈന ഒറ്റയടിക്ക് നൂറ് വിമാനങ്ങളാണ് നിലത്തിറക്കിയത്.

ലോകത്ത് ഓരോ രാജ്യങ്ങളും നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് യുകെയും ഇങ്ങനെ വിമാനം വേണ്ടെന്ന് തീരുമാനിച്ചത് ഇതോടെ യുകെയിൽ നിന്ന് പറന്നുയർന്ന ടർക്കിഷ് എയർലൈൻസിന്റെ രണ്ട് വിമാനങ്ങൾ തിരിച്ചുവിളിച്ചു. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളായ ജർമ്മനി, ഫ്രാൻസ്, അയർലണ്ട് തുടങ്ങിയ രാജ്യങ്ങളും ബ്രിട്ടന്റെ പാത പിൻതുടർന്നു. ഇതോടെ യൂറോപ്യൻ യൂണിയൻ ഏവിയേഷൻ ഏജൻസി എല്ലാ 737 മാക്‌സ് എട്ട്, ഒമ്പത് മോഡലുകളും പിൻവലിക്കുന്നതായി അറിയിച്ചു.

ഇതോടെ അമേരിക്കൻ കമ്പനി വലിയ പ്രതിസന്ധിയിലാണ്. ലോകമെമ്പാടും മിക്ക വിമാനക്കമ്പനികളും ഈ വിമാനങ്ങൾ വാങ്ങിക്കൂട്ടിയിട്ടുണ്ട്. പുതിയ നിരോധനത്തിന്റെ പശ്ചാത്തലത്തിൽ യുഎസ് റെഗുലേറ്റേഴ്‌സ് ബോയിംഗിനോട് ഈ ജെറ്റ് വിമാനത്തിന് അടിയന്തിരമായി വേണ്ട സുരക്ഷാ പരിഷ്‌കരണങ്ങൾ വരുത്താൻ നിർദ്ദേശിച്ചിരിക്കുകയാണ്.

പൈലറ്റിന് പോലും തിരിച്ചറിയാത്ത പ്രശ്‌നം

പൈലറ്റിന് പോലും തിരിച്ചറിയാത്ത ഒരു പ്രശ്‌നം വിമാനത്തിന് ഉണ്ടെന്നാണ് പുതിയ ബോയിങ് അപകടവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന റിപ്പോർട്ടുകൾ. ആറ് മാസത്തിനുള്ളിൽ ബോയിംഗിന്റെ ഒരേ മോഡലിന് ഏകദേശം സമാനമായ രീതിയിൽ രണ്ട് അപകടങ്ങൾ നടന്നു. അതിലെ സാങ്കേതിക പ്രശ്‌നങ്ങളാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. വിമാനത്തിന്റെ ഡിസൈനിൽ തന്നെ പ്രശ്‌നമുണ്ടെന്നാണ് ഒരു വിമർശനം. മുൻ തലമുറയിലുള്ള ബോയിങ് 737 വിമാനങ്ങൾക്കില്ലാത്ത സുരക്ഷാ ഫീച്ചർ തകർന്ന 737 മാക്‌സ് 8 മോഡലിനുണ്ടായിരുന്നുവെന്നും അത് പൈലറ്റുമാർക്ക് അറിയില്ലായിരുന്നുവെന്നാണ് ഇതിന് എതിരായി വരുന്ന വാദം.

എന്നാൽ, ബോയിങ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഡെന്നിസ് പറയുന്നത് ഈ വിവരം വിമാനത്തെ പരിചയപ്പെടുത്തുന്ന പുസ്തകത്തിൽ ഉണ്ടായിരുന്നുവെന്നാണ്. പക്ഷേ, ഇത്തരം സാഹചര്യങ്ങളിൽ എന്താണു ചെയ്യേണ്ടത് എന്നതിനെപ്പറ്റി ലോകത്ത് അവരുടെ വിമാനം ഉപയോഗിക്കുന്ന കമ്പനികൾക്കെല്ലാം രണ്ടു തവണ വിവരങ്ങൾ കൈമാറിയിരുന്നുവെന്നും ബോയിങ് പറയുന്നു.

ഒക്ടോബറിൽ തകർന്നു വീണ വിമാനത്തിന്റെ ഉടമകളായ ലയൺ എയർ ആണ് ബോയിംഗിന്റെ 737 മാക്‌സ് 8 ആദ്യമായി ഉപയോഗിക്കുന്നത്. ഇന്ധനക്ഷമത കൂടിയ മോഡൽ എന്നതാണ് ഇത് പ്രിയങ്കരമാകുന്നതിന്റെ പ്രധാന കാരണം. പക്ഷേ, ഏതു പുതിയ വിമാനവും ഇറങ്ങുമ്പോൾ പൈലറ്റുമാർക്കു നൽകേണ്ട പരിശീലനം ലയൺ എയറിന്റെറ ജീവനക്കാർക്കു നൽകിയോ എന്ന സംശയം നിലനിൽക്കുന്നു. പക്ഷെ ഒക്ടോബറിൽ തകർന്ന് വീഴും മുൻപേ നിരവധി പ്രശ്‌നങ്ങളുള്ള വിമാനമാണ് അന്ന് ടേക്ക് ഓഫ് ചെയ്തതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ വിമാനത്തിന് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. വിമാനത്തിന്റെ ഫ്‌ളൈറ്റ് ഡേറ്റ റെക്കോർഡറിൽ നിന്നുമുള്ള വിവരങ്ങൾ ഡൗൺലോഡ് ചെയ്തു പഠനത്തിനു വിധേയമാക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP