Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രതിപക്ഷ നേതാവ് മീഡിയാ മാനിയാക് എന്ന് അധിക്ഷേപിക്കുമ്പോഴും ഹീറോയായി തലയുയർത്തി കേരളത്തിന്റെ ടീച്ചറമ്മ; കൊറോണയെ തുരത്താൻ രാജ്യം മാതൃകയായി ചൂണ്ടിക്കാണിക്കുന്നത് കേരളത്തിന്റെ ആരോഗ്യ മേഖല; ലോകമെങ്ങും മരണം വിതച്ച് കൊവിഡ് 19 എന്ന മഹാമാരി പടരുമ്പോൾ കേരളം ഭയക്കാതെ നിൽക്കുന്നത് സർക്കാർ ഒപ്പമുണ്ടെന്ന ഒറ്റവാചകത്തിൽ വിശ്വസിച്ച്; ആരോഗ്യ മേഖലയിലെ കേരള മോഡൽ ചർച്ചയാക്കി ദേശീയ മാധ്യമങ്ങളും

പ്രതിപക്ഷ നേതാവ് മീഡിയാ മാനിയാക് എന്ന് അധിക്ഷേപിക്കുമ്പോഴും ഹീറോയായി തലയുയർത്തി കേരളത്തിന്റെ ടീച്ചറമ്മ; കൊറോണയെ തുരത്താൻ രാജ്യം മാതൃകയായി ചൂണ്ടിക്കാണിക്കുന്നത് കേരളത്തിന്റെ ആരോഗ്യ മേഖല; ലോകമെങ്ങും മരണം വിതച്ച് കൊവിഡ് 19 എന്ന മഹാമാരി പടരുമ്പോൾ കേരളം ഭയക്കാതെ നിൽക്കുന്നത് സർക്കാർ ഒപ്പമുണ്ടെന്ന ഒറ്റവാചകത്തിൽ വിശ്വസിച്ച്; ആരോഗ്യ മേഖലയിലെ കേരള മോഡൽ ചർച്ചയാക്കി ദേശീയ മാധ്യമങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊവിഡ് 19നെ പ്രതിരോധിക്കാൻ കേരള കാട്ടുന്ന ജാഗ്രത രാജ്യം മുഴുവൻ ചർച്ചയാകുന്നു. നേരത്തേ ബിബിസി ഇന്ത്യ കേരളമാതൃകയെ കുറിച്ച് ചർച്ച ചെയ്തതിന് പിന്നാലെ ഇന്ത്യാ ടുഡെയും കേരളത്തിന്റെ ആരോഗ്യ മേഖലയുടെ ജാഗ്രതയേയും കഴിവിനെയും ചർച്ചയാക്കുകയാണ്. രജ്ദീപ് സർദേശായി ഇന്നലെ നയിച്ച ചർച്ചയിലായിരുന്നു ഇന്ത്യാ ടുഡെ കേരളത്തിന്റെ നേട്ടങ്ങളെ പ്രകീർത്തിച്ചത്. കേരളത്തിലെ പ്രതിപക്ഷം ആരോഗ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തുന്ന സമയത്താണ് ദേശീയ മാധ്യമങ്ങൾ കേരളം കൈക്കൊള്ളുന്ന പ്രതിരോധ പ്രവർത്തനങ്ങളെ മാതൃകയായി ഉയർത്തിക്കാട്ടുന്നത്.

പബ്ലിക് ഹെൽത്ത് എമർജൻസി വിഭാഗം നോഡൽ ഓഫീസർ ഡോ. അമർ ഫെട്ടിൽ ചർച്ചയിൽ പങ്കെടുത്തു. കേരളം യുദ്ധസമാനമായ സാഹചര്യത്തിലാണ് കൊവിഡ് 19 നെ പ്രതിരോധിക്കുന്നതെന്ന് ഡോക്ടർ അമർ പറഞ്ഞു. 'ആദ്യം കൊവിഡ് 19 സ്ഥിരീകരിച്ച മൂന്ന് കേസുകളിലും ഉടൻ നടപടി സ്വീകരിക്കാൻ കഴിഞ്ഞു. അതാണ് അതിനെ ചെറുക്കാൻ കഴിഞ്ഞത്. എന്നാൽ നിലവിലെ സാഹചര്യം വൈറസ് ബാധിതരായ ഇറ്റലിയിൽ നിന്ന് വന്ന മൂന്ന് പേർ പരിശോധന നടത്താതെ രക്ഷപ്പെട്ടത് മൂലം ഉണ്ടായതാണ്. ഇവർ പലവഴിക്ക് സഞ്ചരിച്ചത് പ്രശ്നം രൂക്ഷമാക്കി. ഇവരുടെ സഞ്ചാരപാത കണ്ടെത്താൻ ഞങ്ങൾ റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്.', ഡോക്ടർ അമർ പറഞ്ഞു. ആളുകളെ ജാഗരൂകരാക്കാൻ ഇത് സഹായിക്കുമെന്നും ഡോക്ടർ അമർ കൂട്ടിച്ചേർത്തു.

കേരളം ഒരുപാട് എൻ.ആർ.ഐകളുള്ള സംസ്ഥാനമാണെന്നിരിക്കെ വൈറസ് ബാധ കൂടുമെന്ന് സംശയിക്കുന്നുണ്ടോ അങ്ങനെയെങ്കിൽ പ്രതിരോധത്തിനായി എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് രജ്ദീപ് സർദേശായി ചോദിച്ചു. അങ്ങനെ കൂടാതിരിക്കാനാണ് തങ്ങൾ പരിശ്രമിക്കുന്നത് എന്ന് ഡോക്ടർ പറഞ്ഞു. 'അതിനായി ഞങ്ങൾ ഓരോനിമിഷവും പ്രവർത്തിക്കുകയാണ്. സ്‌കൂളുകൾ അടച്ചിട്ടു, സിനിമാ തിയേറ്ററുകൾ പ്രവർത്തിക്കുന്നില്ല, യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശിച്ചു. എയർപോർട്ടിൽ 100 ശതമാനം പരിശോധന നടക്കുന്നു എന്ന് ഉറപ്പുവരുത്തുന്നു. സഹായങ്ങൾക്കായി ദിശ ഹെൽപ്പ്ലൈൻ 24 മണിക്കൂറും പ്രവർത്തിക്കുന്നു.' അമർ കൂട്ടിച്ചേർത്തു. ഇന്ന് കേരളം ചിന്തിക്കുന്നത് പോലെ നാളെ ഇന്ത്യ മുഴുവൻ ചിന്തിക്കട്ടെ എന്ന് പറഞ്ഞായിരുന്നു രജ്ദീപ് സർദേശായി ചർച്ച അവസാനിപ്പിച്ചത്.

നേരത്തെ നിപ, കൊറോണ വൈറസുകളെ പ്രതിരോധിക്കുന്നതിൽ കേരളം മികച്ച മാതൃകയാണെന്ന് ബി.ബി.സിയും അഭിപ്രായപ്പെട്ടിരുന്നു. കൊവിഡ് 19 വൈറസിനെ സംബന്ധിച്ച് നടത്തിയ ചാനൽ ചർച്ചയ്ക്കിടെയായിരുന്നു കേരളത്തിന്റെ ആരോഗ്യരംഗത്തെ നേട്ടങ്ങളെക്കുറിച്ച് അവതാരകയും പാനലിസ്റ്റും സംസാരിച്ചത്. ചൈനീസ് മാധ്യമപ്രവർത്തക ക്യുയാൻ സുൻ, സുബോധ് റായ്, ഡോ. ഷാഹിദ് ജമാൽ എന്നിവർ പങ്കെടുത്ത ചർച്ചയിൽ അവതാരക ദേവിന ഗുപ്തയാണ് വൈറസ് രോഗങ്ങളെ കേരളം നേരിട്ടത് ചൂണ്ടിക്കാണിച്ചത്.

'കേരളത്തിൽ മൂന്ന് കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും അവർക്ക് രോഗം ഭേദമായി. നിപ, സിക വൈറസുകൾക്കെതിരെയും കേരളം പോരാടുകയും കാര്യക്ഷമമായി പ്രവർത്തിക്കുകയും ചെയ്തു', ദേവിന ഗുപ്ത ചുണ്ടിക്കാണിച്ചു. ഈ മാതൃകകളിൽ നിന്ന് എന്താണ് പഠിക്കാനുള്ളതെന്നായിരുന്നു പാനലിസ്റ്റുകളോടുള്ള ദേവിനയുടെ ചോദ്യം.

പ്രമുഖ വൈറോളജിസ്റ്റായ ഡോക്ടർ ഷഹീദ് ജമീലാണ് ഇതിന് മറുപടി നൽകിയത്. ആരോഗ്യ മേഖലയിൽ മുന്നിട്ട് നിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ഷഹീദ് ജമീൽ പറഞ്ഞു. കേരളത്തിലെ ആരോഗ്യ മേഖലയിലെ സൗകര്യങ്ങൾ വളരെ മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാഥമിക ആരോഗ്യ രംഗത്ത് കേരളത്തിന്റെ പ്രവർത്തനം മികച്ചതാണെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടി. 'ആശുപത്രികൾ മാത്രമല്ല, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ. അതാണ് ജനങ്ങൾ ആദ്യം എത്തുന്ന ഇടം. ഒരുവശത്ത് അവ നന്നായി പ്രവർത്തിക്കുമ്പോൾ മറ്റൊരു വശത്ത് രോഗനിർണയം വളരെ ഫലപ്രദമായി ചെയ്യുന്നു. ഈ വൈറസുകളെയും അതിന്റെ വ്യാപനത്തെയും അവർ മികച്ച രീതയിൽ പിന്തുടരുന്നു', ഡോ. ഷാഹിദ് ജമാൽ ചൂണ്ടിക്കാണിച്ചു.

കേരളത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ സംസ്ഥാന സർക്കാരിനെയും ആരോഗ്യ മന്ത്രിയേയും പ്രതിപക്ഷം രൂക്ഷമായി വിമർശിക്കുന്ന സാഹചര്യത്തിലാണ് ദേശീയ മാധ്യമങ്ങൾ കേരളത്തിന്റെ പ്രവർത്തനങ്ങളെ പ്രശംസിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ആരോഗ്യമന്ത്രി കെ.കെ ശൈലജ ഇമേജ് ബിൽഡിംഗിന് ശ്രമിക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. കൊറോണ പ്രതിരോധ നടപടികളോട് പ്രതിപക്ഷം നല്ല രീതിയിൽ സർക്കാരിനോട് സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'ആരോഗ്യമന്ത്രിക്ക് മീഡിയാ മാനിയയാണ്. ആരോഗ്യമന്ത്രിയുടെ മീഡിയാ മാനിയയും ഇമേജ് ബിൽഡിംഗും അവസാനിപ്പിക്കണം. പ്രതിച്ഛായ വളർത്താനാണ് മന്ത്രിയുടെ ശ്രമം. എല്ലാ ദിവസവും നാലു വാർത്താസമ്മേളനം വീതമാണ് മന്ത്രി നടത്തുന്നത്.', ചെന്നിത്തല പറഞ്ഞു. എപ്പോഴും വാർത്താസമ്മേളനം നടത്തേണ്ടതില്ലെന്നും വാർത്താക്കുറിപ്പ് ഇറക്കിയാലും മതിയെന്നും ചെന്നിത്തല പറഞ്ഞു. നിയമസഭയിലെ കാര്യങ്ങൾ തനിക്ക് അനുകൂലമായി മന്ത്രി പ്രചരിപ്പിച്ചുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

പ്രതിപക്ഷ നേതാവിന്റെ പരാമർശങ്ങൾ വലിയ തോതിലുള്ള വിമർശനങ്ങൾക്കാണ് വഴിയൊരുക്കിയത്. രാഷ്ട്രീയ ഭേദമന്യേ നിരവധി ആളുകളാണ് കൊറോണ വ്യാപനം തടയുന്നതിൽ സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന പദ്ധതികളെ പ്രശംസിച്ച് രംഗത്തെത്തിയത്. ഈ സാഹചര്യത്തിൽ ഇതിന് മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന ആരോഗ്യമന്ത്രിയെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തിയതിനെതിരെ സോഷ്യൽ മീഡിയയിലും പ്രതിഷേധം ഉയർന്നിരുന്നു.

പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം രാജ്യത്തിന് മാതൃകയാണെന്ന് സംസ്ഥാനം സന്ദർശിച്ച് ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കിയ തെലങ്കാന സർക്കാരിന്റെ പ്രതിനിധിസംഘം അഭിപ്രായപ്പെട്ടിരുന്നു. കൊറോണ വൈറസ് പ്രതിരോധിക്കുന്നത്തിന് ഒഡീഷ, ഡൽഹി, കർണാടക സർക്കാരുകളും കേരളത്തോട് സഹായം അഭ്യർത്ഥിച്ചിരുന്നു.

ആദ്യം കൊറോണ അണുബാധയേറ്റ മൂന്നുപേരെ രോഗവിമുക്തരാക്കിയ സംസ്ഥാനമാണ് കേരളം. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനങ്ങൾ തങ്ങളുടെ പ്രതിനിധികളെ കേരളത്തിലേക്ക് അയച്ചത്. തെലങ്കാനയിൽ നിന്നുള്ള സംഘമാണ് ആദ്യം സംന്ദർശിച്ചത്. പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തിന്റെ നേട്ടം നേരിട്ടറിയാനായി 12 അംഗ പ്രതിനിധി സംഘമാണ് എത്തിയത്. ജീവനക്കാരുടെ പരിശീലനം, സുരക്ഷാ മാർഗങ്ങൾ, വീട്ടിലെ നിരീക്ഷണം, ഐസലേഷൻ വാർഡ് സജ്ജീകരണം, ഉപകരണങ്ങളുടെ ലഭ്യത തുടങ്ങിയ കാര്യങ്ങൾ പഠിച്ച ശേഷമാണ് ഇവർ മടങ്ങിയത്.

വൈറസുകളെ പ്രതിരോധിച്ച കേരളം ലോകമാധ്യമങ്ങളിലും ചർച്ചയായിരുന്നു. ബിബിസിയിൽ പോലും ചർച്ചയായിരുന്നു. ബിബിസിയുടെ വർക്ക് ലൈഫ് ഇന്ത്യ എന്ന പരിപാടിയിൽ കൊറോണ വൈറസിനെ ചെറുക്കാനായി കേരളം നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ പരാമർശിക്കപ്പെട്ടു. ആരോടും പറയാതെ ഇറ്റലിയിൽ നിന്നും എത്തിയ വൈറസ് വാഹകരായ മൂന്നുപേർ കറങ്ങി നടന്നതാണ് പിന്നീട് കേരളത്തിൽ കൊറോണയുടെ സാന്നിധ്യം എത്തിച്ചത്. അൽപ്പം വൈകിയെങ്കിലും വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ആരോഗ്യമേഖല കൂടുതൽ ജാഗ്രതയോടെ രംഗത്തെത്തുകയായിരുന്നു. കൊറോണ വൈറസ് വ്യാപനം തടയാനും വൈറസ് ബാധിതരെ തിരികെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരാനും നടത്തുന്ന ആരോഗ്യമേഖലയുടെ പ്രവർത്തനങ്ങൾ പൊതുവെ സ്വാഗതം ചെയ്യപ്പെടുകയാണ്.

മീഡിയാ മാനിയാക് എന്ന വിളിക്കും തകർക്കാൻ കഴിയാത്ത കരുത്ത്

കേരളത്തിന്റെ പൊതു സമൂഹം ഒന്നാകെ ഇന്ന് അമ്മേ എന്ന് വിളിക്കുന്നത് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെയാണ്. സോഷ്യൽ മീഡിയയിലും പൊതു സമൂഹത്തിലും താര പരിവേഷമാണ് കേരളത്തിന്റെ ടീച്ചറമ്മക്ക്. കൊറോണ ആദ്യമായി തൃശ്ശൂരിൽ റിപ്പോർട്ട് ചെയ്തപ്പോൾ അവിടെ ഓടിയെത്തിയാണ് അവർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. തുടർന്ന് രണ്ടാം ഘട്ടത്തിൽ പത്തനംതിട്ടയിൽ കൊറോണ റിപ്പോർട്ട് ചെയ്തപ്പോഴും തലസ്ഥാനത്ത് മന്ത്രിമന്ത്രിരത്തിൽ ഇരുന്ന് മേൽനോട്ടം വഹിക്കുകയല്ല, മറിച്ച് വൈറസ് ബാധിത ജില്ലയിൽ നേരിട്ടെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് അവർ ചെയ്തത്. ഇതോടെ കേരളം ആരോഗ്യമന്ത്രിയെ തങ്ങളുടെ ഹൃദയത്തിൽ ഏറ്റെടുക്കുകയായിരുന്നു.

കെ കെ ശൈലജ ടീച്ചർ ദുരന്തബാധിത പ്രദേശങ്ങളിൽ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ഇതാദ്യമല്ല. പേരാമ്പ്രയിൽ നിപ്പ ബാധിച്ച സമയത്തും കേരളം ഇവരുടെ നിശ്ചയദാർഢ്യത്തിനും ഭയമില്ലായ്മക്കും സാക്ഷ്യം വഹിച്ചതാണ്. പത്രസമ്മേളനം നടത്തുന്നതാണ് മന്ത്രിയുടെ ഹോബിയെങ്കിൽ ഇവർക്ക് സുരക്ഷിതമായി തിരുവനന്തപുരത്ത് ഇരുന്ന് അതാകുമല്ലോ എന്നാണ് ശൈലജ ടീച്ചറിനെ പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP