Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹൈഡ്രോക്‌സിക്ലോറോക്വിൻ ആവശ്യപ്പെട്ട് 25 ലോകരാഷ്ട്രങ്ങൾ ഇന്ത്യയ്ക്ക് മുന്നിൽ; സഹായ അഭ്യർത്ഥനയിൽ ഹൈഡ്രോക്സിക്ലോറോക്വിൻ അടക്കം അഞ്ച് ടൺ മരുന്ന് ഇസ്രയേലിലേക്ക് കയറ്റുമതി ചെയ്ത് ഇന്ത്യ; പ്രിയസുഹൃത്ത് മോദിക്ക് നന്ദി പറഞ്ഞ് ഇസ്രയേലും; മലേറിയ മരുന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ നിർമ്മിത പാരസെറ്റമോളിനും ഡിമാന്റേറുന്നു; മരുന്ന് ആവശ്യപ്പെട്ട് രാഷ്ട്രങ്ങൾ ഇന്ത്യയ്ക്ക് മുന്നിൽ; ലോകരാജ്യങ്ങൾ അന്വേഷിക്കുന്ന 'മൃതസഞ്ജീവനി'ക്ക് പിന്നാലെ പനി മരുന്നും വിറ്റുകാശാക്കാൻ ഇന്ത്യ

ഹൈഡ്രോക്‌സിക്ലോറോക്വിൻ ആവശ്യപ്പെട്ട് 25 ലോകരാഷ്ട്രങ്ങൾ ഇന്ത്യയ്ക്ക് മുന്നിൽ; സഹായ അഭ്യർത്ഥനയിൽ ഹൈഡ്രോക്സിക്ലോറോക്വിൻ അടക്കം അഞ്ച് ടൺ മരുന്ന് ഇസ്രയേലിലേക്ക് കയറ്റുമതി ചെയ്ത് ഇന്ത്യ; പ്രിയസുഹൃത്ത് മോദിക്ക് നന്ദി പറഞ്ഞ് ഇസ്രയേലും; മലേറിയ മരുന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ നിർമ്മിത പാരസെറ്റമോളിനും ഡിമാന്റേറുന്നു; മരുന്ന് ആവശ്യപ്പെട്ട് രാഷ്ട്രങ്ങൾ ഇന്ത്യയ്ക്ക് മുന്നിൽ; ലോകരാജ്യങ്ങൾ അന്വേഷിക്കുന്ന 'മൃതസഞ്ജീവനി'ക്ക് പിന്നാലെ പനി മരുന്നും വിറ്റുകാശാക്കാൻ ഇന്ത്യ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഹൈഡ്രോക്‌സിക്ലോറോക്വിൻ മരുന്നു മതിയെന്ന നിഗമനത്തിൽ എത്തിയത് രാജ്യത്തിന് ഗുണകരമാകുന്നു. ഇന്ത്യൻ മരുന്നു വ്യവസായത്തിന് ലോകത്തിന് മുമ്പിൽ യശസ്സ് വർദ്ധിപ്പിക്കാൻ കഴിയുന്ന വിധത്തിലാണ് മരുന്നിന്റെ കയറ്റുമതി വർദ്ധിപ്പിക്കുന്നത്. ലോകത്തിന് മുന്നിൽ 'മൃതസഞ്ജീവനി'യായി ഹൈഡ്രോക്‌സിക്ലോറോക്വിൻ മാറിയതിന് പിന്നാലെ പനിമരുന്നായ പാരസെറ്റാമോളിന് വേണ്ടിയും ലോകരാഷ്ട്രങ്ങൾ ഇന്ത്യയ്ക്ക് മുനന്ിൽ എത്തിയിട്ടുണ്ട്. എന്നാൽ മരുന്നുവിറ്റു കാശുണ്ടാക്കാനുള്ള വഴിയാണ് ഇന്ത്യയ്ക്ക് മുന്നിൽ തെളിയുന്നത്.

കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാനായി ഹൈഡ്രോക്‌സിക്ലോറോക്വിൻ ആവശ്യപ്പെട്ട് ലോകരാഷ്ട്രങ്ങൾ ഇന്ത്യക്ക് മുന്നിൽ കൈനീട്ടി നിൽക്കുകയാണ്. 25 രാഷ്ട്രങ്ങളാണ് ഇന്ത്യയെ മരുന്നിനായി സമീപിച്ചത്. ഇതിൽ ഭൂരിപക്ഷം പേർക്കും മരുന്നു കൊടുക്കാമെന്ന് ഇന്ത്യ സമ്മതിച്ചിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റുമതി ചെയ്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും രംഗത്തെത്തിയിരുന്നു. ഹൈഡ്രോക്സിക്ലോറോക്വിന്റെ ഉത്പ്പാദന രാജ്യങ്ങളിൽ മുൻപന്തിയിലാണ് ഇന്ത്യ. മലേറിയയ്ക്കെതിരെ ഉപയോഗിക്കുന്ന ഈ മരുന്ന് കോവിഡ് പ്രതിരോധത്തിന് ഫലപ്രദമാണെന്ന കണ്ടെത്തലിലാണ് ഹൈഡ്രോക്സിക്ലോറോക്വിന്നിനായി ലോകരാഷ്ട്രങ്ങൾ ഇന്ത്യയോട് അഭ്യർത്ഥിക്കുന്നത്.

ഇസ്രയേലിന് ക്ലോറോക്യുൻ മരുന്ന് അയച്ചുതന്നതിന് പ്രിയ സുഹൃത്തും ഇന്ത്യൻ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിക്ക് നന്ദി, ഇസ്രയേലിലെ എല്ലാ പൗരന്മാരും അങ്ങേക്ക് നന്ദി പറയുകയാണ് എന്നായിരുന്നു നെതന്യാഹു അറിയിച്ചത്. ഇസ്രയേലിലേക്ക് ഇന്ത്യ മരുന്നുകൾ അയച്ച് രണ്ട് ദിവസം കഴിഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബെഞ്ചമിൻ നെതന്യാഹു ട്വിറ്ററിലൂടെ നന്ദി പറഞ്ഞത്. ചൊവ്വാഴ്ചയാണ് ഹൈഡ്രോക്സിക്ലോറോക്വിൻ അടക്കം അഞ്ച് ടൺ മരുന്നുകൾ ഇന്ത്യ ഇസ്രയേലിലേക്കുള്ള മരുന്ന് അയച്ചത്.

കോവിഡ് ചികിത്സക്കായി മരുന്ന് ആവശ്യപ്പെട്ട് ഏപ്രിൽ മൂന്നാം തിയതി നെതന്യാഹു നരേന്ദ്ര മോദിയെ വിളിച്ചു. തൊട്ടടുത്ത ദിവസം തന്നെ ഇന്ത്യ മരുന്ന് എത്തിക്കുകയും ചെയ്തു. കോവിഡ് ബാധ ആരംഭിച്ചതുമുതൽ നെതന്യാഹു ഇന്ത്യൻ പ്രധാനമന്ത്രിയുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. കൂടാതെ മാസ്‌കുകളും മരുന്നുകളും അനുവദിക്കണമെന്ന് മാർച്ച 13ന് തന്നെ നെതന്യാഹു നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചിരുന്നു. ഇസ്രയേലിൽ ഇതുവരെ പതിനായിരത്തോളം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പേർക്കാണ് ജീവൻ നഷ്ടമായത്. 121 പേർ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണ്.

കൊറോണ രോഗലക്ഷണങ്ങൾ ചികിത്സിക്കുന്നതിന് നിരവധി രാജ്യങ്ങളാണ് ഹൈഡ്രോക്സിക്ലോറോക്വിൻ എന്ന മരുന്ന് പരീക്ഷിക്കുന്നത്. തുടർന്ന് ഇന്ത്യൻ വിപണിയിൽ മരുന്നിന്റെ ലഭ്യതക്കുറവ് ഉണ്ടാകാതിരിക്കുന്നതിനും, അമിത വില ഇടാക്കുന്നതിന് തടയുന്നതിനുമാണ് കേന്ദ്ര സർക്കാർ മരുന്ന് കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണം കൊണ്ടുവന്നത്. എന്നാൽ രോഗം കൂടുതലായി ബാധിച്ചിട്ടുള്ള രാജ്യത്ത് ആവശ്യാനുസരണം വിതരണം ചെയ്യാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.

കോവിഡ് മഹാമാരി വ്യാപകമാകാൻ തുടങ്ങിയതോടെ മരുന്ന് കയറ്റുമതി ചെയ്യണമെന്ന് ട്രംപും അഭ്യർത്ഥിച്ചിരുന്നു. ഉടൻ തന്നെ ഇന്ത്യ ആവശ്യത്തിവ് അനുസരിച്ച് കയറ്റുമതി ചെയ്യുകയും ചെയ്തിരുന്നു. അതിനിടെ ഹൈഡ്രോക്സിക്ലോറോക്വിൻ അയച്ചതിന് നന്ദി അറിയിച്ചുകൊണ്ട് ശ്രീലങ്കൻ പ്രസിഡന്റ് ഗൊതബായ രാജപക്സെയും ട്വീറ്റ് ചെയ്തു. ഈ പ്രതികൂല സാഹചര്യത്തിൽ മരുന്ന് അയച്ചു തന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി അറിയിക്കുന്നതായാണ് ഗൊതബായ ട്വീറ്റ് ചെയ്തത്. കൂടാതെ ഹനുമാൻ സഞ്ജീവനി ഔഷധം എത്തിച്ചതുപോലെ ബ്രസീലിനാവശ്യമായ മരുന്ന് എത്തിക്കണമെന്ന് അഭ്യർത്ഥിച്ച് ബ്രസീലിയൻ പ്രസിഡന്റ് ജെയിർ ബൊൽസൊനാരോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു.

പാരാസെറ്റാമോളിനും വൻ ഡിമാൻഡ്

ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നിന് പുറമെ പനി നിയന്ത്രിക്കുന്നതിനുള്ള പാരസെറ്റമോളിനും വിവിധ രാജ്യങ്ങളിൽനിന്നും ആവശ്യമുയരുന്നു. ലോകത്തിലേറ്റവും കൂടുതൽ പാരസെറ്റമോൾ ഗുളികകൾ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പ്രതിമാസം 5,600 മെട്രിക് ടൺ പാരസെറ്റമോൾ ഗുളികകളാണ് ഇന്ത്യ ഉത്പാദിപ്പിക്കുന്നത്. ഇന്ത്യയിൽ മാസം 200 മെട്രിക് ടൺ മാത്രമേ ആവശ്യമായി വരുന്നുള്ളു. ബാക്കിയുള്ളവയെല്ലാം ഇറ്റലി, ജർമനി, യുകെ, അമേരിക്ക, സ്പെയിൻ, കാനഡ എന്നീ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. പാരസെറ്റമോളിന്റെ കയറ്റുമതിയിലൂടെ ഇന്ത്യയ്ക്ക് 730 കോടി രൂപയാണ് പ്രതിവർഷം ലഭിക്കുന്നത്.

കോവിഡ് പകരുന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ കയറ്റുമതി നിരോധനം ഏർപ്പെടുത്തിയ മരുന്നുകളിലൊന്നാണ് പാരസെറ്റമോൾ. എന്നാൽ കോവിഡ് ബാധ ഏറ്റവും രൂക്ഷമായ രാജ്യങ്ങളിലൊന്നായ യു.കെയിലേക്ക് അവരുടെ ആവശ്യപ്രകാരം മരുന്നു കയറ്റുമതി ചെയ്യാൻ സർക്കാർ അനുമതി നൽകി. ഇന്ത്യയുടെ തീരുമാനത്തിന് നന്ദി അറിയിച്ച് ഇന്ത്യയിലെ യു.കെ ആക്ടിങ് ഹൈക്കമ്മീഷണർ ജാൻ തോംപ്സൺ ട്വീറ്റ് ചെയ്തു. ആഗോള തലത്തിലുള്ള സഹകരണമാണ് കോവിഡിനെതിരായ പോരാട്ടത്തിൽ പ്രധാനമെന്നും അദ്ദേഹം പറയുന്നു. യു.കെയ്ക്കു പുറമെ മറ്റ് രാജ്യങ്ങളും പാരസെറ്റമോൾ ആവശ്യപ്പെട്ട് ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളാണ് കയറ്റുമതി നിരോധനത്തിൽ ഇന്ത്യയോട് ഇളവ് ആവശ്യപ്പെട്ടിരിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും അയൽ രാജ്യമായ ശ്രീലങ്കയിൽ നിന്നും പുതിയ ഓർഡറുകൾ വന്നിട്ടുണ്ട്.

ഹൈഡ്രോക്‌സിക്ലോറോക്വിൻ 'മൃതസഞ്ജീവനി' ആകുമ്പോൾ ഇന്ത്യ തന്നെ രാജാവ്

കോവിഡിനെ പ്രതിരോധിക്കാൻ ഫലപ്രദമെന്ന് ലോകം വിലയിരുത്തുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിൻ മരുന്ന് സംഭരണത്തിൽ ഇന്ത്യ തന്നെ രാജാവ്. മരുന്നിന്റെ ശേഖരത്തിൽ ഏറ്റവും സുരക്ഷിതമായ നിലയിലാണ് ഇന്ത്യ. ലോകവിപണിയിലെ 70 ശതമാനവും ഉൽപാദിപ്പിക്കുന്നത് ഇന്ത്യയിലെ മൂന്ന് മുൻനിര കമ്പനികൾ. 30 ദിവസത്തിനുള്ളിൽ 40 ടൺ മരുന്ന് (200 മില്ലിഗ്രാമിന്റെ 20 കോടി ഗുളികകൾ) ഉൽപാദിപ്പിക്കാനുള്ള ശേഷിയും ഇന്ത്യയ്ക്കു സ്വന്തം. കേരളവും മരുന്ന് സ്റ്റോക്കിന്റെ കാര്യത്തിൽ സുരക്ഷിതമാണ്. കേരളത്തിന് കേന്ദ്രം അനുവദിച്ച 11.5 ലക്ഷം ഗുളികകൾ കൂടിയായതോടെ മൊത്തം 14 ലക്ഷം ഗുളികകളുടെ ശേഖരം സംസ്ഥാനത്തുണ്ട്. ഒരു ലക്ഷം രോഗികൾക്ക് ഉപയോഗിക്കാം. ഇതിനു പുറമേ, കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിന് മരുന്ന് നിർമ്മാണത്തിനു വേണ്ട ലൈസൻസ് നൽകുന്ന കാര്യവും സർക്കാർ പരിഗണിച്ചിരുന്നു. ആവശ്യത്തിന് സ്റ്റോക്ക് ഉള്ളതിനാൽ, അനാവശ്യമായി അസംസ്‌കൃത വസ്തുക്കൾ സംഭരിക്കുന്നത് പാഴാകുമെന്ന നിർദ്ദേശത്തെ തുടർന്ന് വേണ്ടെന്നു വച്ചു.

ഒരു കോവിഡ് രോഗി ഒരു കോഴ്‌സിൽ 200 മില്ലിഗ്രാമിന്റെ 14 ഗുളികകളാണ് കഴിക്കേണ്ടി വരിക. അതായത് ഇന്ത്യയുടെ ഒരു മാസത്തെ ഉൽപാദനം കൊണ്ട് 1.42 കോടി രോഗികളെ ഭേദപ്പെടുത്താൻ സാധിക്കും. ഇപ്ക ലബോറട്ടറീസ് (മുംബൈ), സൈഡസ് കാഡില (അഹമ്മദാബാദ്), വാല്ലസ് ഫാർമസ്യൂട്ടിക്കൽസ് (ഗോവ) എന്നീ കമ്പനികളാണ് പ്രധാനമായും ഹൈഡ്രോക്‌സിക്ലോറോക്വിൻ ഉൽപാദിപ്പിക്കുന്നത്. അപൂർവമായി മാത്രം ഉപയോഗിക്കാറുള്ള ഈ മരുന്നിന് കോവിഡ്19 പൊട്ടിപ്പുറപ്പെട്ടതോടെയാണ് കൂടുതൽ ആവശ്യക്കാരെത്തിയത്. ഉത്തരേന്ത്യയിലെ ചില ഡോക്ടർമാരുടെ വാട്‌സാപ് സന്ദേശങ്ങൾ കൂടി വന്നതോടെ പണക്കാർ വ്യാപകമായി മരുന്ന് വാങ്ങിക്കൂട്ടാൻ തുടങ്ങി. മൂന്നു മാസം കൊണ്ട് വിറ്റഴിഞ്ഞിരുന്നത്രയും മരുന്ന് ഒരു ദിവസം കൊണ്ട് ചെലവാകുന്ന സ്ഥിതിയിലെത്തി. ഇതോടെയാണ് മാർച്ച് അവസാനത്തോടെ ഹൈഡ്രോക്‌സിക്ലോറോക്വിൻ ഷെഡ്യൂൾ എച്ച്1 വിഭാഗത്തിൽ പെടുത്തിയത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വിൽക്കാൻ സാധിക്കാതായി

എന്താണ് ഈ ഹൈഡ്രോക്‌സിക്ലോറോക്വിൻ?

പ്രതിരോധമരുന്നു വികസിപ്പിക്കും വരെ കോവിഡ് ചികിത്സയിൽ ഫലപ്രദമായേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിക്കുന്ന ഗുളികയാണ് ഹൈഡ്രോക്‌സിക്ലോറോക്വിൻ. ഇതിന്റെ കയറ്റുമതി നിരോധനം ഇന്ത്യ ഭാഗികമായി പിൻവലിച്ചതു ചൊവ്വാഴ്ചയാണ്. അമേരിക്കയെ കൂടാതെ ബ്രസീൽ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങൾക്കും ഇന്ത്യ മരുന്ന് നൽകി. 1954 ൽ ആണ് ഇന്ത്യ ഹൈഡ്രോക്‌സി ക്ലോറോക്വിൻ വികസിപ്പിക്കുന്നത്. 1820 ൽ സിങ്കോണ മരത്തിന്റെ തൊലിയിൽ നിന്നും ഫ്രഞ്ച് ഗവേഷകർ ക്വിനൈൻ എന്ന ആൽക്കലോയ്ഡ് വേർതിരിച്ചെടുക്കുകയുണ്ടായി. ഈ ആൽക്കലോയ്ഡിൽ നിന്നാണ് ക്ലോറോക്വിൻ എന്ന മരുന്ന് വികസിപ്പിച്ചെടുക്കുന്നത്. 1954 ൽ ആണ് ഇന്ത്യ ഹൈഡ്രോക്‌സി ക്ലോറോക്വിൻ വികസിപ്പിക്കുന്നത്.

1935 ൽ ജർമൻ ശാസ്ത്രജ്ഞർ മലമ്പനിക്കുള്ള മരുന്നായി സിന്തറ്റിക് ക്ലോറോക്വിൻ വികസിപ്പിച്ചു. രണ്ടാം ലോക മഹായുദ്ധകാലത്ത് മലമ്പനി വന്ന സൈനികരെ ചികിത്സിക്കാൻ സിന്തറ്റിക് ക്ലോറോക്വിൻ ആയയിരുന്നു ഉപയോഗിച്ചത്. ഈ ക്ലോറോക്വിന്റെ ടോസിക് അവസ്ഥ കുറഞ്ഞ പതിപ്പാണ് ഇന്ത്യ വികസിപ്പിച്ച ഹൈഡ്രോക്‌സി ക്ലോറോക്വിൻ. മികച്ച ആന്റിവൈറൽ ഏജന്റായി കണക്കാപ്പെടുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിൻ ചർമാർബുദം, റുമറ്റോയ്ഡ് ആർത്രൈറ്റിസ് എന്നിവയ്ക്കും മരുന്നായി നൽകി വരുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ അവശ്യ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ് ഹൈഡ്രോക്‌സി ക്ലോറോക്വിൻ. 1955 ലാണ് അമേരിക്ക ഈ മരുന്നിന്റെ ഉപയോഗത്തിന് അംഗീകരം നൽകിയത്. ഛർദി, തലവേദന, കാഴ്‌ച്ചത്തകരാറ്, മസിലുകൾക്ക് ബലക്കുറവ് എന്നിവ ഈ മരുന്നിന്റെ പാർശ്വഫലങ്ങളാണ്. ഹൃദ്രോഗമുള്ളവർക്കും ഈ മരുന്ന് അപകടകരമാണ്.

ഇന്ത്യയിൽ കൊവിഡ് രോഗികളിൽ വ്യാപകമായി ഹൈഡ്രോക്‌സ് ക്ലോറോക്വിൻ ഉപയോഗിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഫലം എങ്ങനെയായിരിക്കുമെന്ന് വ്യക്തതയില്ലാത്തതു തന്നെ കാരണം. ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചവരുമായി ബന്ധപ്പെടുന്നവർക്കും മാത്രമാണ് ഇന്ത്യയിൽ ഇപ്പോൾ ഈ മരുന്ന് നൽകുന്നത്. കോവിഡ് ഗുരുതരാവസ്ഥയിലേക്ക് കടക്കാതെ തടയാൻ ഈ മരുന്നിന് കഴിയുമെന്ന് ചൈനയിലെ ഡോക്ടർമാർ അവകാശപ്പെടുന്നു. വൈറസ് ബാധ ഗുരുതരമായി ബാധിക്കാത്തവർക്ക് മരുന്ന് നൽകിയാൽ രോഗവിമുക്തിയുണ്ടാകുമെന്നും പറയുന്നു. ഇതേ കാര്യം തന്നെയാണ് ഡോണാൾഡ് ട്രംപും ആവർത്തിക്കുന്നത്. യുഎസ് ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്‌മിനിസ്‌ട്രേഷൻ പോലും ഈ മരുന്നിന് പൂർണമായി അംഗീകാരം നൽകിയിട്ടില്ല. എങ്കിലും പ്രസിഡന്റ് പറയുന്നത് രോഗിയുടെ ജീവൻ അപകടത്തിലാണെന്നു തോന്നുന്ന ഘട്ടത്തിൽ ഹൈഡ്രോക്‌സ് ക്ലോറോക്വിൻ മരുന്ന് ഉപയോഗിക്കണമെന്നാണ്.

നിലവിൽ ലോകത്ത് ലഭ്യത കുറവുള്ള മരുന്നുകളുടെ പട്ടികയിലാണ് ഹൈഡ്രോക്‌സി ക്ലോറോക്വിൻ. എന്നാൽ, മരുന്നിന്റെ ശേഖരത്തിൽ ഏറ്റവും സുരക്ഷിതമായ നിലയിലാണ് ഇന്ത്യ. ലോകവിപണിയിലെ 70 ശതമാനവും ഉൽപാദിപ്പിക്കുന്നത് ഇന്ത്യയിലെ മൂന്ന് മുൻനിര കമ്പനികൾ. 30 ദിവസത്തിനുള്ളിൽ 40 ടൺ മരുന്ന് (200 മില്ലിഗ്രാമിന്റെ 20 കോടി ഗുളികകൾ) ഉൽപാദിപ്പിക്കാനുള്ള ശേഷിയും ഇന്ത്യയ്ക്കു സ്വന്തം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP