Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചൈനയുമായി വേണ്ടി വന്നാൽ ബലാബലം നോക്കാൻ തന്നെ ഉറച്ച് ഇന്ത്യ; വ്യോമസേനയുടെ കരുത്ത് കൂട്ടാൻ അടിയന്തരമായി 12 പുതിയ സുഖോയ് പോർ വിമാനങ്ങളും 21 മിഗ് 29 പോർ വിമാനങ്ങളും വാങ്ങാൻ കേന്ദ്ര സർക്കാർ തീരുമാനം; സുഖോയ് വിമാനങ്ങൾ ബെംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സിലും മിഗ് 29 റഷ്യയിലും ഉത്പാദിപ്പിക്കും; 6000 കോടിയുടെ പദ്ധതി പ്രതിരോധ മന്ത്രാലയത്തിന് സമർപ്പിച്ച് വ്യോമസേന; തീരുമാനം അടുത്ത ആഴ്ചയോടെ

ചൈനയുമായി വേണ്ടി വന്നാൽ ബലാബലം നോക്കാൻ തന്നെ ഉറച്ച് ഇന്ത്യ; വ്യോമസേനയുടെ കരുത്ത് കൂട്ടാൻ അടിയന്തരമായി 12 പുതിയ സുഖോയ് പോർ വിമാനങ്ങളും 21 മിഗ് 29 പോർ വിമാനങ്ങളും വാങ്ങാൻ കേന്ദ്ര സർക്കാർ തീരുമാനം; സുഖോയ് വിമാനങ്ങൾ ബെംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സിലും മിഗ് 29 റഷ്യയിലും ഉത്പാദിപ്പിക്കും; 6000 കോടിയുടെ പദ്ധതി പ്രതിരോധ മന്ത്രാലയത്തിന് സമർപ്പിച്ച് വ്യോമസേന; തീരുമാനം അടുത്ത ആഴ്ചയോടെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലഡാക്കിൽ ചൈനയുമായുള്ള ബലാബലത്തെ തുടർന്ന് ഇന്ത്യ അതീവജാഗ്രതയിലാണ്. കര-നാവിക-വ്യോമ ശക്തിയിൽ ചൈനയോളം വളർന്നിട്ടില്ലെങ്കിലും, കരുത്ത് കൂട്ടാൻ അടിയന്തരമായി കേന്ദ്ര സർക്കാർ നടപടികൾ തുടങ്ങി. ദുർഘടപ്രദേശങ്ങളിൽ എക്കാലത്തും സൈന്യത്തിന് തുണയാവുക വ്യോമസേന തന്നെ. വ്യോമശേഷി കൂട്ടുന്നതിന്റെ ഭാഗമായി 12 പുതിയ സുഖോയ് പോർ വിമാനങ്ങളും 21 മിഗ് 29 പോർ വിമാനങ്ങളും വാങ്ങാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. അടിയന്തരമായി ഇവ വാങ്ങുന്നതിനുള്ള ശുപാർശ വ്യോമസേന സർക്കാരിലേക്ക് അയച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

6000 കോടിയുടെ പദ്ധതി ശുപാർശ പ്രതിരോധ മന്ത്രാലയത്തിനാണ് സമർപ്പിച്ചിരിക്കുന്നത്. അടുത്താഴ്ചയോടെ തീരുമാനം ഉണ്ടാകും. റഷ്യയിൽ നിന്ന് 21 മിഗ് 29 വിമാനങ്ങൾ അധികമായി വാങ്ങുമ്പോൾ നിലവിലുള്ള കരാർ ഭേദഗതി ചെയ്യുമെന്നാണ് സൂചന.

കുടൂതൽ വിമാനങ്ങൾ വാങ്ങാൻ നേരത്തെ തന്നെ വ്യോമസേന മേധാവി രാകേഷ് കുമാർ സിങ് ബദൂരിയ പദ്ധതിയിട്ടിരുന്നു. ഇപ്പോൾ ഈ പദ്ധതി അടിയന്തരമായി നടപ്പാക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 12 സുഖോയ്-30 എംകെഐ പോർ വിമാനങ്ങൾ സർക്കാർ ഉടമസ്ഥതയിലുള്ള ബെംഗളൂരുവിലെ ഹിന്ദുസ്ഥാൻ ഏയ്‌റോനോട്ടിക്‌സിലായിരിക്കും ഉത്പാദിപ്പിക്കുക. അതേസമയം, മിഗ് 29 പോർ വിമാനങ്ങൾ റഷ്യയിൽ തന്നെ ഉത്പാദിപ്പിക്കും.

ചൈനയ്ക്ക് സൈനികമായി മുൻതൂക്കമുണ്ടെങ്കിലും ഇന്ത്യൻ സൈന്യവും ഒട്ടും പിന്നിലല്ല. ചൈനീസ് വ്യോമശക്തി പൂർണമായി ഇന്ത്യക്കെതിരെ വിന്യസിക്കാൻ കഴിയില്ലെന്നതാണ് ചൈനയുടെ പ്രധാന പോരായ്മ. ഇന്ത്യയിലേക്ക് ശക്തമായ ആക്രമണം നടത്തണമെങ്കിൽ അതിർത്തിയിൽനിന്നു കുറഞ്ഞത് 300 കിലോമീറ്റർ അകലെയെങ്കിലും യുദ്ധവിമാനങ്ങൾ വിന്യസിക്കണം. ഇതിന് ചൈനയ്ക്ക് കഴിയില്ല. ചൈയ്ക്ക് യുദ്ധവിമാനങ്ങൾ ടിബറ്റിലോ സമീപത്തോ മാത്രമേ വിന്യസിക്കാനാവൂ. പരിമിതമായ സൗകര്യങ്ങളേ ഇക്കാര്യത്തിൽ ചൈനയ്ക്കുള്ളൂ. ബാക്കി സൈനിക ബലത്തിൽ കണക്കുകളിൽ ഇന്ത്യയെക്കാൾ മുന്നിലാണ് ചൈന.

23 ലക്ഷം സൈനികരാണു ചൈനയ്ക്കുള്ളത്. ഇന്ത്യക്കാകട്ടെ 13 ലക്ഷവും. 13,000 ടാങ്കുകളാണ് ചൈനയ്ക്കുള്ളത്. ഇന്ത്യക്ക് 4400 എണ്ണവും. 40,000ത്തിലധികം കവചിത യുദ്ധവാഹനങ്ങൾ ചൈനയ്ക്കുള്ളപ്പോൾ ഇന്ത്യക്കു വെറും 2800 എണ്ണം മാത്രമാണുള്ളത്. റോക്കറ്റ് പ്രൊജക്ടേഴ്‌സിൽ ചൈനയ്ക്ക് 2050 എണ്ണവും ഇന്ത്യക്ക് 226 എണ്ണവും. ചൈനയ്ക്ക് 714 യുദ്ധക്കപ്പലുകളുണ്ട്. ഒരു വിമാനവാഹിനി കപ്പലും 51 വൻകിട പോർ കപ്പലുകളും 35 നശീകരണ കപ്പലുകളും 35 കോർവെറ്റ് പോർക്കപ്പലുകളും 68 മുങ്ങിക്കപ്പലുകളും 220 പട്രോൾ ബോട്ടുകളും 51 ചെറു ബോട്ടുകളും ചൈനീസ് നാവികസേനയ്ക്കുണ്ട്. ഇന്ത്യക്ക് 295 യുദ്ധക്കപ്പലുകളും 11 നശീകരണ കപ്പലുകളും 2335 കോർവെറ്റ് പോർകപ്പലുകളും 15 മുങ്ങിക്കപ്പലുകളും 139 പട്രോൾ ബോട്ടുകളും 6 ചെറു ബോട്ടുകളമുണ്ട്.

ചൈനീസ് വിമാനങ്ങളുടെ എണ്ണം 2955 വരും. 1271 പോർ വിമാനങ്ങളും 1385 ആക്രമണ വിമാനങ്ങളും 782 ട്രാൻസ്‌പോർട്ടറുകളും 352 റെയ്ഡർ എയർ ക്രാഫ്റ്റുകളുമാണ് ചൈനയ്ക്കുള്ളത്. ചൈനയുടെ 912 ഹെലിക്കോപ്റ്ററുകളിൽ 206 എണ്ണം അറ്റാക്കർ ഹെലിക്കോപ്റ്ററുകളാണ്. ഇന്ത്യൻ വ്യോമസേനയിലെ വിമാനങ്ങളുടെ എണ്ണം 2102 വരും. ഇതിൽ 676 എണ്ണം പോർ വിമാനങ്ങളാണ്. 809 ആക്രമണ വിമാനങ്ങളും 857 ട്രാൻസ്‌പോർട്ടറുകളും 323 റെയ്ഡർ എയർ ക്രാഫ്റ്റുകളും ഇന്ത്യയ്ക്കുണ്ട്. ഹെലിക്കോപ്റ്ററുകളുടെ എണ്ണം 666 വരും. ഇതിൽ 16 എണ്ണം അറ്റാക്കർ ഹെലിക്കോപ്റ്ററുകളാണ്. ചൈനീസ് സേനയ്ക്കു സർവീസ് നടത്താവുന്ന വിമാനത്താവളങ്ങളുടെ എണ്ണം 507 എണ്ണവും ഇന്ത്യയുടേത് 346 ഉം ആണ്.

അണ്വായുധത്തിന്റെ കാര്യത്തിലും ചൈനയാണു മുന്നിൽ. 270 അണ്വായുധങ്ങളാണ് അവർക്കുള്ളത്. ഇന്ത്യക്ക് 130 ആണവായുധങ്ങളാണുള്ളത്. കുറഞ്ഞ മിസൈൽ പരിധി 150 കിലോമീറ്ററാണ്. അഗ്‌നി 5 മിസൈലുകൾ 5000 6000 കിലോമീറ്റർ പരിധിയുള്ളതാണ്. ഇന്ത്യയുടെ അഭിമാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭൂഖണ്ഡാന്തര മിസൈലായ സൂര്യയ്ക്ക് 16,000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തിലെത്താനാകും. ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ തിങ്കളാഴ്ച രാത്രി ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കേണലടക്കം 20 ഇന്ത്യൻസൈനികരെങ്കിലും വീരമൃത്യു വരിച്ചതായി കരസേന സ്ഥിരീകരിച്ചതോടെയാണ് സൈനിക ബലം ചർച്ചയാകുന്നത്. ചൈനയുടെ നാൽപ്പതിലേറെ സൈനികരും സംഘർഷത്തിൽ കൊല്ലപ്പെട്ടതായി സർക്കാർവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു.

അതിർത്തിത്തർക്കം രമ്യമായി പരിഹരിക്കുന്നതിന് കമാൻഡർതല ചർച്ചയും സൈനിക പിന്മാറ്റവും പുരോഗമിക്കുന്നതിനിടെയാണ് സംഘർഷം. വെടിവെപ്പിലല്ല സൈനികർ കൊല്ലപ്പെട്ടതെന്നും കല്ലും വടികളുമുപയോഗിച്ചുള്ള ശാരീരികാക്രമണമാണുണ്ടായതെന്നുമാണ് സൈന്യം നൽകുന്ന വിശദീകരണം. 1975-നുശേഷം ആദ്യമായാണ് ഇരുസേനയും തമ്മിലുള്ള സംഘർഷത്തിൽ രക്തം ചിന്തുന്നത്. 132 ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

ആന്ധ്ര വിജയവാഡ സ്വദേശി കേണൽ സന്തോഷ് ബാബുവാണ് കൊല്ലപ്പെട്ട ഓഫീസർ. ഗാൽവൻ താഴ്‌വരയിലെ 16 ബിഹാർ ബറ്റാലിയന്റെ കമാൻഡിങ് ഓഫീസറാണ് ഇദ്ദേഹം. തമിഴ്‌നാട് സ്വദേശിയായ ഹവിൽദാർ പളനി, ജാർഖണ്ഡ് സ്വദേശി സെപോയ് കുന്ദൻ കുമാർ ഓഝ എന്നിവരും ആക്രമണത്തിൽ മരിച്ചവരിലുൾപ്പെടുന്നു. ചൈനീസ് സൈന്യത്തിനും നിർണായകമായ നഷ്ടം സംഭവിച്ചതായി കരസേന വ്യക്തമാക്കി. അഞ്ച് ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി സർക്കാർ മാധ്യമമായ ഗ്ലോബൽ ടൈംസ് അടക്കമുള്ള ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഓഫീസർമാരുൾപ്പെടെ ഒട്ടേറെ ഇന്ത്യൻ സൈനികരെ കാണാതായതായും റിപ്പോർട്ടുണ്ട്. ഇവർ ചൈനപ്പട്ടാളത്തിന്റെ കസ്റ്റഡിയിലാണെന്നാണ് സംശയം. 43 പേരാണ് മരിച്ചതെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ പിടിച്ചെടുത്ത ചൈനീസ് സന്ദേശങ്ങളിലുള്ളത്.

സംഘർഷം ലഘൂകരിക്കാൻ രണ്ടു സേനകളുടെയും മേജർജനറൽ തലത്തിലുള്ള ഉദ്യോഗസ്ഥർ ചർച്ച തുടരുകയാണ്. ഇന്ത്യൻ സൈനികർ തങ്ങളുടെ പ്രദേശത്ത് അതിക്രമിച്ചു കയറിയെന്നാണ് ചൈനീസ് വക്താവ് ബെയ്ജിങ്ങിൽ അവകാശപ്പെട്ടത്. എന്നാൽ, ഇന്ത്യയുടെ ഭൂപ്രദേശത്തുവച്ചാണു നമ്മുടെ സൈനികർ കൊല്ലപ്പെട്ടതെന്ന് കരസേന വ്യക്തമാക്കി. കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്‌വര, പാംഗോങ് തടാകം, ഹോട് സ്പ്രിങ് തുടങ്ങിയ മേഖലകളിൽ മെയ് നാലുമുതൽ ഇരു രാജ്യത്തെയും സൈനികർതമ്മിൽ തുടരുന്ന സംഘർഷമാണ് തിങ്കളാഴ്ച മൂർധന്യത്തിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP