Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യൻ അതിർത്തി ലംഘിച്ച് പറന്നെത്തി സൈനിക പോസ്റ്റിന് സമീപം ബോംബുകൾ വർഷിച്ച് പാക് യുദ്ധവിമാനങ്ങൾ; തുരത്തുന്നതിനിടെ തിരിച്ചുപറന്ന ഒരു പാക് എഫ്-16 വിമാനം ഇന്ത്യ വെടിവച്ചിട്ടു; രജൗരിയിലെ ആർമി പോസ്റ്റിന് സമീപം പാക് വിമാനങ്ങൾ എത്തിയപ്പോൾ തിരിച്ചടിച്ച് ഇന്ത്യൻ വ്യോമസേന; അതിർത്തിയിൽ വ്യോമയുദ്ധവും കരയുദ്ധവും തുടങ്ങി; വിമാനത്താവളങ്ങൾ അടച്ചിട്ട് ഇന്ത്യയും പാക്കിസ്ഥാനും; ഡൽഹിയിൽ അടിയന്തര യോഗം; രണ്ട് ഇന്ത്യൻ വിമാനങ്ങൾ വെടിവച്ചിട്ടെന്ന് പാക് സേന

ഇന്ത്യൻ അതിർത്തി ലംഘിച്ച് പറന്നെത്തി സൈനിക പോസ്റ്റിന് സമീപം ബോംബുകൾ വർഷിച്ച് പാക് യുദ്ധവിമാനങ്ങൾ; തുരത്തുന്നതിനിടെ തിരിച്ചുപറന്ന ഒരു പാക് എഫ്-16 വിമാനം ഇന്ത്യ വെടിവച്ചിട്ടു; രജൗരിയിലെ ആർമി പോസ്റ്റിന് സമീപം പാക് വിമാനങ്ങൾ എത്തിയപ്പോൾ തിരിച്ചടിച്ച് ഇന്ത്യൻ വ്യോമസേന; അതിർത്തിയിൽ വ്യോമയുദ്ധവും കരയുദ്ധവും തുടങ്ങി; വിമാനത്താവളങ്ങൾ അടച്ചിട്ട് ഇന്ത്യയും പാക്കിസ്ഥാനും; ഡൽഹിയിൽ അടിയന്തര യോഗം; രണ്ട് ഇന്ത്യൻ വിമാനങ്ങൾ വെടിവച്ചിട്ടെന്ന് പാക് സേന

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: ഇന്ത്യൻ അതിർത്തി കടന്നെത്തി പാക്കിസ്ഥാൻ യുദ്ധ വിമാനങ്ങളുടെ ബോംബ് വർഷം. ഇന്ത്യൻ വ്യോമസേനയുടെ പോർവിമാനങ്ങൾ ശക്തമായി തിരിച്ചടിച്ചതോടെ അതിർത്തി കടന്നെത്തിയ മൂന്ന് പാക് വിമാനങ്ങളും തിരിച്ച് പറന്നു. ഇതിനിടെ പാക് വിമാനങ്ങൾ രജൗരിയിലെ ഇന്ത്യൻ ആർമി പോസ്റ്റിന് സമീപം ബോംബുകൾ വർഷിച്ചതായാണ് റിപ്പോർട്ടുകൾ. പാക്കിസ്ഥാന്റെ ഒരു വിമാനം ഇന്ത്യൻ സേന വെടിവച്ചിട്ടതായും റിപ്പോർട്ടുകളിൽ പറയുന്നു. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഇന്ത്യൻ ഭാഗത്ത് ആളപായമില്ലെന്നാണ് സൈന്യം വെളിപ്പെടുത്തിയത്. പാക് വിമാനങ്ങൾ അതിർത്തി ലംഘിച്ചതായി ഇന്ത്യൻ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ഒമ്പതിനും പത്തിനുമിടലിയാണ് വ്യോമാതിർത്തി ലംഘനവും പ്രത്യാക്രമണവും ഉണ്ടായത്. ജമ്മുവിൽ ഒരു ഇന്ത്യൻ സൈനിക ഹെലികോപ്റ്റർ തകർന്ന് മൂന്ന് ഇന്ത്യൻ സൈനികർ മരിച്ചതായ റിപ്പോർട്ടുകളും പുറത്തുവരുന്നു.

ഏതായാലും ഇതോടെ ഇന്ത്യക്കും പാക്കിസ്ഥാനുമിടയിൽ കാശ്മീർ അതിർത്തിയിൽ വ്യോമ-കരസേനകൾ തമ്മിൽ യുദ്ധം തുടങ്ങിയെന്ന സൂചനകളാണ് പുറത്തുവരുന്നത്. അതീവ ജാഗ്രത പുലർത്തുന്ന ഇന്ത്യ സുരക്ഷയുടെ ഭാഗമായി ജനങ്ങളെ ഒഴിപ്പിക്കുകയാണ് അതിർത്തിയിൽ. ഇതോടൊപ്പം കാശ്മീരിലെ മൂന്ന് വിമാനത്താവളങ്ങളും പത്താൻകോട്ട് വിമാനത്താവളവും ഇന്ത്യ അടച്ചിടുകയും ചെയ്തിട്ടുണ്ട്. പാക്കിസ്ഥാന്റെ എഫ്-16 വിമാനങ്ങളാണ് അതിർത്തി ലംഘിച്ച് എത്തിയത്. ഇതിലൊരെണ്ണം വെടിവച്ചിട്ടതായ റിപ്പോർട്ടാണ് പുറത്തുവരുന്നത്.

പാക് വിമാനം ഇന്ത്യൻ സേന വെടിവച്ചിട്ടെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, രണ്ട് ഇന്ത്യൻ വിമാനങ്ങൾ വെടിവച്ചിട്ടെന്നാണ് പാക്കിസ്ഥാൻ അവകാശപ്പെട്ടത്. പാക് ആർമി മേജറാണ് ഇങ്ങനെയൊരു അവകാശവാദം ഉന്നയിച്ചിട്ടുള്ളത്. എന്നാൽ ഇരുഭാഗത്തും എത്രത്തോളം നഷ്ടമുണ്ടെന്ന സൂചനകൾ പുറത്തുവന്നിട്ടില്ല. ഇന്ത്യൻ സൈനികനെ പിടികൂടിയെന്നാണ് പാക് അധികൃതർ അവകാശപ്പെട്ടത്. ഒരു വിമാനം പാക് അധീന കാശ്മീരിലും ഒരു വിമാനം ഇന്ത്യൻ അധീന കാശ്മീരിലും വെടിവച്ചിട്ടതായാണ് പാക്കിസ്ഥാൻ അവകാശപ്പെട്ടത്.

ഒരു ഇന്ത്യൻ പൈലറ്റിനെ കസ്റ്റഡിയിലെടുത്തെന്ന് പാക്കിസ്ഥാൻ അവകാശപ്പെട്ടു. അതേസമയം, പാക് വിമാനം ഇന്ത്യ വെടിവച്ചിട്ടുവെന്നും ഇതിന് തൊട്ടുമുമ്പ് പൈലറ്റ് ഇജക്ട് ചെയ്ത് രക്ഷപ്പെട്ടുവെന്നും പാരച്യൂട്ട് കണ്ടെടുത്തെന്നുമാണ് റിപ്പോർട്ടുകൾ. ഒരു വിമാനം പാക്കിസ്ഥാൻ പാക് അതിർത്തിക്ക് അകത്ത് വീഴ്‌ത്തിയെന്നാണ്. ഇതിലെ പൈലറ്റിനെ പിടികൂടിയെന്നാണ് പാക് വ്യക്തമാക്കുന്നത്. ഇക്കാര്യം പാക്കിസ്ഥാനെ ഉദ്ധരിച്ച് ബിബിസി ഉൾപ്പെടെ വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇന്നലെ പാക് അതിർത്തിയിൽ ഇന്ത്യൻ വ്യോമസേന മിന്നലാക്രമണം നടത്തിയതിന് പിന്നാലെ ഇതിന് തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാൻ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അതിർത്തിയിൽ കനത്ത ജാഗ്രത പുലർത്തുന്നതിനിടെയാണ് ഇന്ന് അമേരിക്കൻ നിർമ്മിത പാക് വിമാനങ്ങൾ അതിർത്തിയിലേക്കെത്തിയത്. ഇതോടെ തന്നെ ഇന്ത്യൻ വിമാനങ്ങൾ ചെറുത്തുനിൽപിനായി പറന്നുയർന്നു.

ഇതിനിടെ തന്നെ അതിർത്തിയോട് ചേർന്ന ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് സമീപം ബോംബുകൾ വർഷിച്ച് പാക് വിമാനങ്ങൾ തിരിച്ചുപറക്കുകയായിരുന്നു. തുരത്തിയോടിക്കുന്നതിനിടെ ഇന്ത്യൻ ഭാഗത്തുനിന്ന് ഉണ്ടായ വെടിവയ്പിൽ ഒരു പാക് വിമാനം പാക് അതിർത്തിയിൽ തകർന്നുവീണതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

ഇതിനിടെ തന്നെ ഇന്ത്യൻ വ്യോമസേനയുടെ ഒരു വിമാനം കാശ്മീരിൽ തകർന്നുവീണുവെന്ന റിപ്പോർട്ടുകളും വന്നു. സ്ഥിതിഗതികൾ വിലയിരുത്തി ഇന്ത്യൻ ആഭ്യന്തര പ്രതിരോധ മന്ത്രിമാർ ഉദ്യോഗസ്ഥരുമായി പ്രത്യേകം യോഗം വിളിച്ചു. ഏതായാലും അടിയന്തിര സാഹചര്യം പരിഗണിച്ച് ശ്രീനഗർ, ലേ, ജമ്മു എന്നീ വിമാനത്താവളങ്ങളിൽ ഇന്ത്യ വിമാന സർവീസ് നിർത്തിവച്ചിരിക്കുകയാണ്.

വ്യോമസേനയുടെ ജെറ്റ് വിമാനമാണ് ജമ്മുവിൽ തകർന്നുവീണത്. എങ്ങനെയാണ് ഇത് സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ റിപ്പോർട്ടുകൾ വരുന്നതേയുള്ളൂ. വിമാനം രണ്ടായി പിളർന്ന് തകർന്നുവീഴുകയായിരുന്നു. പാക് ആക്രമണത്തിലാണോ വിമാനം തകർന്നതെന്ന് വ്യക്തമല്ല. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം ആദ്യമായി റിപ്പോർട്ട് ചെയ്തത്.

രണ്ടു പേർ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ബുദ്ഗാം മേഖലയിൽ രാവിലെ 10.05നാണ് ഇന്ത്യൻ സൈനിക ജെറ്റ് വിമാനം തകർന്നുവീണത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഗാരെന്റ് കലാൻ ഗ്രാമത്തെ ഒരു കൃഷിസ്ഥലത്താണ് വിമാനം വീണ് കത്തിയമർന്നത്. രണ്ടായി പിളർന്ന് വീഴുകയായിരുന്നു വിമാനമെന്നും ഉടനെ തീ പിടിക്കുകയായിരുന്നു എന്നും റിപ്പോർട്ടുകളിൽ പറയുന്നു. രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇത് പൈലറ്റുമാരുടേതാണെന്നാണ് സൂചനകൾ. ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

ഏതാണ്ട് സമാനമായ സമയത്താണ് പാക് വിമാനങ്ങൾ ഇന്ത്യൻ അതിർത്തി ലംഘിക്കാനും ശ്രമിച്ചത്. രണ്ടു സംഭവങ്ങളുമായും പരസ്പരം ബന്ധമുണ്ടോ എന്നും ഇരു രാജ്യങ്ങളുടേയും പോർവിമാനങ്ങൾ തമ്മിൽ ആക്രമണം നടന്നോ എന്നും വ്യക്തമല്ല. പാക് അതിർത്തിയിൽ പാക് വ്യോമസേന ബോംബുകൾ വർഷിച്ചുവെന്ന വിവരം വന്നതോടെ തന്നെ ഇരു രാജ്യങ്ങളും നേരിട്ടുള്ള യുദ്ധത്തിലേക്ക് നീങ്ങുന്നതായാണ് സൂചനകൾ. ഏതായാലും സ്ഥിതി വിലയിരുത്താൻ ഡൽഹിയിൽ പ്രതിരോധ മന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും നേതൃത്വത്തിൽ അടിയന്തിര യോഗം ചേരുകയാണ്. മൂന്ന് സേനകളുടേയും മേധാവികളും യോഗത്തിൽ പങ്കെടുക്കുന്നു.

അതിർത്തിയിൽ കഴിഞ്ഞ കുറച്ചുദിവസമായി പാക് കരസേന നടത്തിവന്ന മോർട്ടാർ-ഷെൽ ആക്രമണവും വെടിവയ്‌പ്പും ഇന്നലെയും ഇന്നും കനത്ത തോതിൽ തുടരുകയാണ്. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിക്കുന്നുമുണ്ട്. ഇതിനിടെയാണ് ഇന്ന് വ്യോമാതിർത്തി ലംഘിക്കാൻ പാക് വിമാനങ്ങൾ ശ്രമിച്ചത്.

അതിർത്തിയിൽ വലിയ വെടിവയ്പാണ് പാക്കിസ്ഥാൻ നടത്തുന്നത്. ബാലാക്കോട്ടിലെ ഇന്ത്യൻ വ്യോമാക്രമണത്തിന് പിന്നാലെയാണ് കശ്മീർ അതിർത്തിയിൽ വെടിവയ്‌പ്പ് ശക്തമായത്. ഗ്രാമീണരെ മറയാക്കി പാക്കിസ്ഥാൻ മിസൈൽ, മോർടാർ ആക്രമണം നടത്തുകയാണ്. ആക്രമണത്തിൽ അഞ്ച് ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റു.

നിസാര പരിക്കുകളാണ് സൈനികരുടേതെന്നാണ് പ്രാഥമിക വിവരം. പാക്കിസ്ഥാന്റെ സൈനിക പോസ്റ്റുകൾക്ക് നേരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഇന്ത്യൻ പ്രത്യാക്രമണത്തിൽ നിരവധി പാക് സൈനികർക്ക് പരിക്കേറ്റു.

51 ഗ്രാമങ്ങളെ ലക്ഷ്യമിട്ടാണ് പാക്കിസ്ഥാന്റെ ആക്രമണം. ഇതേസമയം ഷോപിയാനിൽ സൈന്യവും ഭീകരരും ഏറ്റുമുട്ടി. ഷോപ്പിയാനിലെ ഒരു വീട് വളഞ്ഞ് സൈന്യം ഭീകരർക്കെതിരെ ഏറ്റുമുട്ടൽ നടത്തി. പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP