Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തുർക്കിയിലും സിറിയയിലും നാശം വിതച്ച ഭൂകമ്പത്തിൽ പതിനായിരങ്ങൾ സഹായം തേടുമ്പോൾ വികാര ഭരിതനായി മോദിയും; ഓർത്തെടുത്തത് 2001 ലെ ഗുജറാത്ത് ഭൂകമ്പം നേരിട്ട വെല്ലുവിളികൾ; ഒട്ടും വൈകാതെ തുർക്കിയിലേക്ക് ദുരന്ത നിവാരണ സേനയുമായി ഇന്ത്യൻ വിമാനങ്ങൾ പറന്നു; ദുരന്തമുഖത്തിലും ഇന്ത്യൻ വിമാനത്തിന് അനുമതി നിഷേധിച്ച പാക്കിസ്ഥാന്റെ ചതിയിൽ ഞെട്ടി ലോകവും

തുർക്കിയിലും സിറിയയിലും നാശം വിതച്ച ഭൂകമ്പത്തിൽ പതിനായിരങ്ങൾ സഹായം തേടുമ്പോൾ വികാര ഭരിതനായി മോദിയും; ഓർത്തെടുത്തത് 2001 ലെ ഗുജറാത്ത് ഭൂകമ്പം നേരിട്ട വെല്ലുവിളികൾ; ഒട്ടും വൈകാതെ തുർക്കിയിലേക്ക് ദുരന്ത നിവാരണ സേനയുമായി ഇന്ത്യൻ വിമാനങ്ങൾ പറന്നു; ദുരന്തമുഖത്തിലും ഇന്ത്യൻ വിമാനത്തിന് അനുമതി നിഷേധിച്ച പാക്കിസ്ഥാന്റെ ചതിയിൽ ഞെട്ടി ലോകവും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഭൂകമ്പത്തിൽ തകർന്ന് സഹായത്തിനായി തുർക്കിയും സിറിയയും ലോകരാജ്യങ്ങളുടെ പിന്തുണ തേടിയതിന് പിന്നാലെ ഉടനടി നടപടികൾ സ്വീകരിച്ച രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യ. വളരെ വേഗത്തിൽ തന്നെ സഹായഹസ്തവുമായി ഇന്ത്യൻ വ്യോമസേനാ വിമാനങ്ങൾ തുർക്കിയിലേക്ക് പറന്നു. ആവശ്യമായി മരുന്നു രക്ഷാസേനയും അടങ്ങുന്നവരാണ് തുർക്കിയിലേക്ക് പറന്നത്. ഈ അതിവേഗ ഇടപെടലിന് പിന്നിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപടലുമുണ്ട്.

ഗുജറാത്ത് ഭൂകമ്പത്തെ നേരിട്ട ചരിത്രം മോദിക്കുണ്ട്. അതുകൊണ്ട് തന്നെയാണ് തുർക്കിയിലേക്ക് അതിവേഗം വിമാനം അയച്ചതും. തുർക്കി സിറിയ ഭൂകമ്പത്തെപ്പറ്റി പറയുമ്പോൾ, 2001 ലെ ഗുജറാത്ത് ഭൂകമ്പം ഓർമിച്ച് മോദി വികാരഭരിതനാകുകയും ചെയ്തു. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ എംപിമാരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തിലുണ്ടായ ഭൂകമ്പത്തെ തുടർന്ന് രക്ഷാദൗത്യം നേരിട്ട വെല്ലുവിളികൾ അന്ന് മുഖ്യമന്ത്രിയായിരുന്ന മോദി പരാമർശിച്ചു. തുർക്കി അനുഭവിക്കുന്നതെന്താണെന്നു തനിക്കു നന്നായി മനസ്സിലാവുമെന്നും പറഞ്ഞു. ഗുജറാത്ത് ഭൂകമ്പത്തിൽ ഇരുപതിനായിരത്തിലേറെപ്പേരാണു കൊല്ലപ്പെട്ടത്. 1.5 ലക്ഷം പേർക്കു പരുക്കേറ്റു.

ഭൂകമ്പത്തിൽ തകർന്ന തുർക്കിക്കും സിറിയയ്ക്കും അതിവേഗമാണ് ഇന്ത്യ സഹായം നല്കിയത്. മരുന്നുകൾ, രക്ഷാപ്രവർത്തനത്തിനും പരിചരണത്തിനും ആവശ്യമായ സാമഗ്രികൾ എന്നിവയുമായാണു കരസേന, ദേശീയ ദുരന്തനിവാരണസേന സംഘങ്ങൾ എത്തിയത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ 101 അംഗ ദുരന്തനിവാരണസേനയെയാണ് ഇന്ത്യ തുർക്കിയിലേക്കയച്ചത്. ഡോക്ടർമാരും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്താൻ വൈദഗ്ധ്യമുള്ള നായ്ക്കളും സംഘത്തിനൊപ്പുമുണ്ട്. ഇതിനു പിന്നാലെ 99 പേരടങ്ങുന്ന കരസേനാ പാരാ മെഡിക് സംഘവും തുർക്കിയിലെത്തി.

പരുക്കേറ്റവർക്കു വൈദ്യപരിചരണം ലഭ്യമാക്കുകയാണു ദൗത്യം. ദുരന്തമേഖലയിൽ 30 കിടക്കകളുള്ള താൽക്കാലിക ആശുപത്രിയും കരസേന സ്ഥാപിക്കും. വെന്റിലേറ്ററുകൾ, എക്‌സ്‌റേ യന്ത്രങ്ങൾ, ഓക്‌സിജൻ പ്ലാന്റ് എന്നിവയടക്കം സജ്ജമാക്കും. വൻ ഭൂകമ്പത്തിൽ കനത്ത നാശനഷ്ടം നേരിടുമ്പോൾ സഹായഹസ്തം നീട്ടിയ ഇന്ത്യയ്ക്കു നന്ദിയറിയിച്ചു തുർക്കിയും രംഗത്തുവന്നു. ഇന്ത്യയെ 'ദോസ്ത്' എന്നു വിശേഷിപ്പിച്ച തുർക്കി സ്ഥാനപതി ഫിറത്ത് സുനൽ, ആവശ്യങ്ങളിൽ സഹായിക്കുന്നവരാണു യഥാർഥ സുഹൃത്ത്' എന്ന പഴമൊഴി പങ്കുവച്ചാണ് ഇന്ത്യയെ നന്ദിയറിയിച്ചത്. തുർക്കിയുടെ തെക്കുകിഴക്കൻ മേഖലയിലും സിറിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലുമുണ്ടായ വൻ ഭൂകമ്പത്തിൽ ഇതുവരെ ആറായിരം കവിഞ്ഞുവെന്നാണ് കണക്ക്.

ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിലാണ് ഇന്ത്യ ചെയ്ത സഹായങ്ങൾക്കു തുർക്കി സ്ഥാനപതി നന്ദിയറിയിച്ചത്. ''ടർക്കിഷിലും ഹിന്ദിയിലും ഒരുപോലെ ഉപയോഗിക്കുന്ന വാക്കാണ് 'ദോസ്ത്'. ടർക്കിഷ് ഭാഷയിൽ ഒരു പഴമൊഴിയുണ്ട്: ആവശ്യത്തിൽ സഹായിക്കുന്നവരാണ് യഥാർഥ സുഹൃത്ത്. വളരെ നന്ദി ഇന്ത്യ' ഫിറത്ത് സുനൽ കുറിച്ചു. നേരത്തെ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ തുർക്കി എംബസി സന്ദർശിച്ച് ഇന്ത്യയുടെ പിന്തുണ അറിയിച്ചിരുന്നു. ദുരന്തത്തിലുള്ള വേദനയും അനുശോചനവും പങ്കുവച്ച അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്ര മോദി തുർക്കിക്ക് പിന്തുണ അറിയിച്ച കാര്യവും തുർക്കി സ്ഥാനപതിയുമായി പങ്കുവച്ചു.

ദുരന്തബാധിതരെ സഹായിക്കുന്നതിനായി ഇന്ത്യ പ്രത്യേക ദൗത്യസംഘത്തെ തുർക്കിയിലേക്ക് അയയ്ക്കുന്നുണ്ട്. രക്ഷാപ്രവർത്തകർക്കൊപ്പം മെഡിക്കൽ രംഗത്തുനിന്നുള്ളവരും സംഘത്തിലുണ്ട്. തുർക്കി സർക്കാരുമായി സംസാരിച്ച് ഇന്ത്യയിൽനിന്നു ദുരന്തനിവാരണ സേനയുടെ സംഘത്തെയും മെഡിക്കൽ ടീമിനെയും അവിടേക്ക് അയയ്ക്കുമെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയിരുന്നു. ഇതിനൊപ്പം ദുരിതാശ്വാസത്തിനായി ഒട്ടേറെ അവശ്യ സാധനങ്ങളും അയയ്ക്കുന്നുണ്ട്.

എൻഡിആർഎഫിന്റെ രണ്ടു സംഘങ്ങൾ തുർക്കിയിലേക്കു പോകാൻ തയാറാണെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ കണ്ടെത്താൻ പ്രത്യേക പരിശീലനം നേടിയ നായകളും രക്ഷാപ്രവർത്തനത്തിനുള്ള അത്യാധുനിക ഉപകരണങ്ങളും ഉൾപ്പെടുന്നതാണ് ഇന്ത്യയുടെ സംഘം.

രക്ഷാപ്രവർത്തകർ, ഡോഗ് സ്‌ക്വാഡുകൾ, മരുന്നുകൾ, മറ്റ് ദുരിതാശ്വാസ സാമഗ്രികൾ എന്നിവയുമായി സി -17 എന്ന വിമാനമാണ് തുർക്കിയിൽ എത്തിയത്. അമ്പതിലധികം എൻ.ഡി.ആർ.എഫ് സെർച്ച് ആൻഡ് റെസ്‌ക്യൂ അംഗങ്ങൾ, പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡുകൾ, ഡ്രില്ലിങ് മെഷീനുകൾ, ദുരിതാശ്വാസ സാമഗ്രികൾ, മരുന്നുകൾ എന്നിവയാണ് ആദ്യ വിമാനത്തിൽ ഉണ്ടായിരുന്നത്.

ദുരിതബാധിതർക്ക് വൈദ്യസഹായം നൽകുന്നതിനായി ആഗ്ര ആസ്ഥാനമായുള്ള ആർമി ഫീൽഡ് ഹോസ്പിറ്റലിൽ നിന്ന് 89 അംഗങ്ങളുള്ള ഒരു മെഡിക്കൽ ടീമിനെ സൈന്യം സജ്ജമാക്കിയിട്ടുണ്ട്. ഓർത്തോപീഡിക് സർജിക്കൽ ടീം, ജനറൽ സർജിക്കൽ സ്‌പെഷ്യലിസ്റ്റ് ടീം, മെഡിക്കൽ സ്‌പെഷ്യലിസ്റ്റ് ടീമുകൾ എന്നിവയടങ്ങുന്ന ക്രിട്ടിക്കൽ കെയർ സ്‌പെഷ്യലിസ്റ്റ് ടീമുകൾ ഉൾപ്പെടുന്നതാണ് സംഘം. പ്രധാന മെഡിക്കൽ ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

പാക്കിസ്ഥാന്റെ ചതിയിൽ ഞെട്ടി ലോകം.

ദുരന്തമുഖത്ത് ഒരുമിച്ചു നിൽക്കുന്നതിന് പകരം പാക്കിസ്ഥാൻ ചതിച്ചതും ഇതിനോടകം ചർ്ച്ചയായി. തുർക്കി- സിറിയ ഭൂകമ്പ ബാധിത പ്രദേശത്തേക്ക് സഹായവുമായി പോയ ഇന്ത്യയുടെ എൻ.ഡി.ആർ.എഫ് വിമാനത്തിന് യാത്രാനുമതി നിഷേധിച്ച് പാക്കിസ്ഥാൻ. പാക് വ്യോമ പരിധിയിലൂടെ യാത്ര ചെയ്യാൻ അധികൃതർ അനുമതി നൽകിയില്ല. പാക്കിസ്ഥാൻ അനുമതി നിഷേധിച്ചതോടെ വഴി മാറി സഞ്ചരിച്ചാണ് ഇന്തയൻ എയർഫോഴ്‌സ് വിമാനത്തിന് തുർക്കിയിലെ അദാന വിമാനത്താവളത്തിൽ എത്താനായതെന്ന് ദേശീയ ദുരന്ത നിവാരണ സേന വ്യക്തമാക്കി.

വിമാനം പാക്കിസ്ഥാൻ അനുമതി നൽകാത്തതിനെ തുടർന്ന് വഴി തിരിച്ച് വിട്ടാണ് തുർക്കിയിലെത്തിയത്. വിമാനം തുർക്കിയിൽ എത്തിയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ട്വീറ്റ് ചെയ്തു. കൂടുതൽ ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേനയുടെ രണ്ടാമത്തെ വിമാനവും പുറപ്പെടാൻ തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതിവിടെ ലോകരാജ്യങ്ങളും ഭൂകമ്പത്തിൽ തകർന്ന രാജ്യങ്ങളെ സഹായിക്കാൻ രംഗത്തുവന്നു. ഇരുരാജ്യങ്ങളെയും സഹായിക്കാൻ 100 ദശലക്ഷം ഡോളർ (800 കോടി രൂപ) സഹായം നൽകുമെന്ന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ പ്രഖ്യാപിച്ചു. ഇതിന് പുറമെ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സിറിയക്ക് 50 ദശലക്ഷം ദിർഹമിന്റെ (110 കോടി രൂപ) സഹായവും പ്രഖ്യാപിച്ചു.

അതേസമയം, തുർക്കിയയിലെ ഭൂകമ്പ ബാധിത മേഖലയിൽ സഹായവുമായി യു.എ.ഇയിൽ നിന്നുള്ള വിമാനം എത്തി. മെഡിക്കൽ ഉപകരണങ്ങൾ, രക്ഷാ സേന എന്നിവയടങ്ങുന്ന വിമാനമാണ് ഇവിടെ എത്തിയത്. തുർക്കിയയിലും സിറിയയിലും രക്ഷാദൗത്യത്തിനായി 'ഗാലന്റ് നൈറ്റ് ടു' എന്ന പേരിൽ യു.എ.ഇ പ്രതിരോധ മന്ത്രാലയം ദൗത്യം പ്രഖ്യാപിച്ചിരുന്നു.

അബൂദബിയിൽ നിന്ന് പുറപ്പെട്ട ആദ്യ വിമാനം തെക്കൻ തുർക്കിയയിലെ അദാനയിലാണ് എത്തിയത്. സെർച്ച് ആൻഡ് റെസ്‌ക്യൂ ടീം, മെഡിക്കൽ സംഘം എന്നിവർ ടീമിലുണ്ട്. ദുരന്തത്തിൽ അകപ്പെട്ടവർക്ക് സഹായം നൽകാൻ ഫീൽഡ് ആശുപത്രികൾ ഒരുക്കും. ആളുകൾ കുടുങ്ങിക്കിടക്കുന്ന പ്രദേശങ്ങളിൽ രക്ഷാസേന രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP