Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബീഫ് ഉപയോഗിച്ചാൽ തല്ലിക്കൊല്ലുന്ന ബിജെപി സർക്കാറിന്റെ കാലത്ത് ഇന്ത്യ റിക്കോർഡ് ഇട്ടത് ബീഫ് കയറ്റുമതിയിൽ; ലോകത്തേറ്റവും അധികം ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയത് മോദി ഭരണകാലത്ത്; 15 ലക്ഷത്തോളം മെട്രിക് ടൺ ബീഫ് കയറ്റി അയച്ചു ഇന്ത്യ കഴിഞ്ഞ വർഷം നേടിയത് 400 കോടി അമേരിക്കൻ ഡോളർ!

ബീഫ് ഉപയോഗിച്ചാൽ തല്ലിക്കൊല്ലുന്ന ബിജെപി സർക്കാറിന്റെ കാലത്ത് ഇന്ത്യ റിക്കോർഡ് ഇട്ടത് ബീഫ് കയറ്റുമതിയിൽ; ലോകത്തേറ്റവും അധികം ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയത് മോദി ഭരണകാലത്ത്; 15 ലക്ഷത്തോളം മെട്രിക് ടൺ ബീഫ് കയറ്റി അയച്ചു ഇന്ത്യ കഴിഞ്ഞ വർഷം നേടിയത് 400 കോടി അമേരിക്കൻ ഡോളർ!

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ബീഫിന്റെ പേരിൽ കൊലപാതകങ്ങൾ നടക്കുന്ന കാലത്ത് ഇന്ത്യൻ ബിസിനസ് ലോകത്തു നിന്നും ഒരു വിചിത്രവാർത്ത. ബീഫ് വിരുദ്ധരായ ബിജെപിയും നരേന്ദ്ര മോദിയും ഭരിക്കുന്ന കാലത്താണ് ഇന്ത്യയിൽ ബീഫ് കയറ്റുമതിയിൽ വൻ വർദ്ധനയുണ്ടായത് എന്നതാണ് പുറത്തുവന്ന വാർത്ത. ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവന്നു. രാജ്യത്ത് ബീഫ് കൈവശം വെച്ചതിന്റെ പേരിൽ കൊലപാതകങ്ങൾ നടക്കുമ്പോഴും ലോകത്ത് ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണെന്നും കണക്കുകൾ പറയുന്നു.

അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോർട്ട് ഡെവലെപ്മെന്റ് അഥോറിറ്റിയുടെ (APEDA) യുടെ കണക്കുകൾ പ്രകാരം നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്ന 2014ൽ രാജ്യത്തെ ബീഫ് കയറ്റുമതി കുതിച്ചുയർന്നു. 14,75,540 മെട്രിക്ക് ടൺ ബീഫാണ് ആ വർഷം കയറ്റി അയച്ചത്. 2013-14 കാലത്ത് ഇത് 13,65,643 മെട്രിക്ക് ടൺ മാത്രമായിരുന്നു. പത്ത് വർഷത്തനിടയിലെ ഏറ്റവും കൂടുതൽ ബീഫ് കയറ്റി അയച്ചതും 2014ൽ ആയിരുന്നു.

2016-17ൽ 13,30,013 മെട്രിക്ക് ടൺ ബീഫ് കയറ്റുമതി ചെയ്തു. 2015-16 കാലത്തെ ബീഫ് കയറ്റുമതിയിൽ നിന്ന് 1.2 ശതമാനം വളർച്ചയാണ് ആ വർഷം ഉണ്ടായത്. 2017-18 കാലത്ത് 13,48,225 മെട്രിക്ക് ടണ്ണായി ഇത് ഉയർന്നു. 2016 ൽ നിന്ന് 1.3 ശതമാനമായിരുന്നു വർധന. ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ബീഫ് കയറ്റി അയക്കുന്നത് ഇന്ത്യയാണ്. 4 ബില്യൺ അമേരിക്കൻ ഡോളറിന്റെ ബീഫാണ് ഇന്ത്യ ഒരു വർഷം കയറ്റി അയക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിൽ ഹ്യൂമൻ റൈറ്റ്സ് വാച്ച് പുറത്തുവിട്ട കണക്കുപ്രകാരം കടുത്ത നിയമങ്ങളും പശുവിന്റെ പേരിലുള്ള കൊലകളും കാരണം ഇന്ത്യയിൽ ബീഫ് കയറ്റുമതി മന്ദഗതിയിലായിരുന്നുവെന്നാണ്. എന്നാൽ സാധാരണക്കാരായ കാലിക്കച്ചവടക്കാരെ മാത്രമായിരുന്നു ഇവയെല്ലാം ബാധിച്ചിരുന്നത് എന്നാണ് മനസ്സിലാക്കേണ്ടിയിരിക്കുന്നത്. കോർപ്പറേറ്റുകൾക്ക് ഓശാന പാടുന്ന മോദി സർക്കാർ ബീഫ് കയറ്റുമതി ചെയ്യുന്നവർക്ക് വേണ്ടി അകമഴിഞ്ഞ് സഹായം ഒരുക്കുകയായിരുന്നു. മോദി ഭക്തരായ വൻകിട കുത്തക ബീഫ് കയറ്റുമതി സ്ഥാപനങ്ങൾ ഇന്ത്യയിലെ നിലവിലെ സ്ഥിതിഗതികൾ മുതലാക്കുകയായിരുന്നു ഇക്കാലമത്രയും ചെയ്തതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ബീഫ് കൈവശം വച്ചതിന് 2015ലാണ് രാജ്യത്ത് ആദ്യ ആൾക്കൂട്ട കൊല നടക്കുന്നത്. ഉത്തർപ്രദേശിലെ ദാദ്രിയിൽ മുഹമ്മദ് അഹ്ലാഖ് എന്ന മധ്യവയസ്‌കനെയായിരുന്നു ഗോരക്ഷാ ഗുണ്ടകളും ആൾക്കൂട്ടവും ചേർന്ന് കൊന്നത്. മോദി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് രാജ്യത്ത് പശുസംരക്ഷണ വാദികളുടെ ആൾക്കൂട്ട ആക്രമണം വ്യാപകമായത്. 2015 സപ്തംബറിലാണ് യുപിയിലെ ദാദ്രിയിൽ അഖ്ലാഖ് എന്ന വൃദ്ധനെ ബീഫിന്റെ പേരിൽ അടിച്ച് കൊന്നത്.

അഖ്ലാഖ് സംഭവത്തിന് ശേഷം കയറ്റുമതിയിൽ അൽപ്പം കുറവുണ്ടായി. എന്നാൽ തൊട്ടടുത്ത വർഷം വീണ്ടും വർധിക്കുകയായിരുന്നു. പിന്നീടുള്ള വർഷങ്ങളിലും കയറ്റുമതി വർധിച്ചുവെന്ന് കണക്കുകൾ പറയുന്നു. 2016-17 വർഷത്തേക്കാളും 1.3 ശതമാനം കയറ്റുമതി തൊട്ടടുത്ത സാമ്പത്തിക വർഷം വർധിച്ചു.

പശു സംരക്ഷണ വാദികളുടെ ആക്രമണവും പശു സംരക്ഷണ നിയമങ്ങളും ഇന്ത്യയിൽ നിന്നുള്ള ബീഫ് കയറ്റുമതി കുറയ്ക്കുമെന്ന മനുഷ്യാവകാശ സംഘടനയായ ഹ്യൂമൺ റൈറ്റ്സ് വാച്ച് നേരത്തെ സൂചന നൽകിയിരുന്നു. എന്നാൽ നേരെ മറിച്ചാണ് സംഭവിച്ചതെന്ന് സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.കയറ്റുമതി വർധിച്ചെങ്കിലും വില കുറഞ്ഞു. ആഗോള തലത്തിൽ ബീഫ് വില കുറഞ്ഞുവെന്ന് റിപ്പോർട്ടിൽ പറയുന്നു. കയറ്റുമതി വർധിച്ചപ്പോൾ വില കുറഞ്ഞുവെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ സിഇഒ അജയ് സഹായ് പറയുന്നു. എന്നാൽ വൻതോതിലുള്ള വില കുറവ് ഉണ്ടായിട്ടില്ല.

ആഭ്യന്തരമായി ബീഫ് നിരോധനവും സംഘർഷവും മതന്യൂനപക്ഷങ്ങളെയും ദളിത് വിഭാഗങ്ങളെയുമാണ് ബുദ്ധിമുട്ടിലാക്കുന്നത്. അതായത് ഇവർ തന്നെ സാമ്പത്തികമായി ഏറെ പിന്നിലുള്ളവരാണ്. ഇവരുടെ ജീവസന്ധാരണത്തെത്തന്നെ നിരോധനവും നടപടികളും ആൾക്കൂട്ടഹത്യകളും താറുമാറിലാക്കി. അതേ സമയം കയറ്റുമതി നിയന്ത്രിക്കുന്നത് മുൻനിരക്കാരാണ്. അതിൽത്തന്നെ പലമതവിഭാഗക്കാരുമുണ്ട്. മോദിസർക്കാരിന്റെ നയവൈകല്യം വ്യക്തമാക്കുന്നതാണ് ഈ വ്യാപാരത്തിലെപുരോഗതിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വൻകിടക്കാരന് ലാഭവും പാവപ്പെട്ടവന് കണ്ണീരും എന്നനിലയിൽ കാർഷിക മേഖലയോടുകാട്ടുന്ന അതേ നയവൈകല്യം തന്നെയാണ് ഇതിലും വ്യക്തമാകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP