Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

130 കോടി ജനങ്ങൾക്ക് വാക്സിനേഷനായി വേണ്ടി വരിക 50,000 കോടി രൂപ; ആ​ദ്യ ഘട്ടത്തിൽ വാക്സിൻ നൽകുക 25 ലക്ഷം പേർക്ക്; ആരോ​ഗ്യപ്രവർത്തകരുടെ വിവരങ്ങൾ ശേഖരിച്ച് കേന്ദ്ര സർക്കാർ; കോവിഡ് വാക്സിനേഷന് വിപുലമായ മുന്നൊരുക്കങ്ങളുമായി ഇന്ത്യ

130 കോടി ജനങ്ങൾക്ക് വാക്സിനേഷനായി വേണ്ടി വരിക 50,000 കോടി രൂപ; ആ​ദ്യ ഘട്ടത്തിൽ വാക്സിൻ നൽകുക 25 ലക്ഷം പേർക്ക്; ആരോ​ഗ്യപ്രവർത്തകരുടെ വിവരങ്ങൾ ശേഖരിച്ച് കേന്ദ്ര സർക്കാർ; കോവിഡ് വാക്സിനേഷന് വിപുലമായ മുന്നൊരുക്കങ്ങളുമായി ഇന്ത്യ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് വാക്സിൻ വികസിപ്പിക്കാനുള്ള ​ഗവേഷണങ്ങൾ അന്തിമ ഘട്ടത്തിലേക്ക് കടന്നതോടെ വാക്സിനേഷനായുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ച് കേന്ദ്ര സർക്കാർ. രാജ്യത്തെ 20-25 ലക്ഷം പേർക്ക് ജൂലായോടെ കോവിഡ് വാക്‌സിൻ നൽകാനാണ് കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിനാവശ്യമായ പണവും വോളണ്ടിയർമാരും ഉൾപ്പെടെ വിപുലമായ സംവിധാനങ്ങൾക്കായുള്ള ഒരുക്കങ്ങളാണ് സർക്കാർ നടത്തുന്നത്. അതേസമയം, വാക്സിനേഷൻ പൂർണമായും കേന്ദ്ര സർക്കാർ നിയന്ത്രണത്തിലായിരിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

വാക്‌സീൻ സ്വന്തം നിലയ്ക്കു ശേഖരിക്കാനുള്ള ഒരു നീക്കവും പാടില്ലെന്നു സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണു സൂചന. കുട്ടികൾക്കും ഗർഭിണികൾക്കും വാക്‌സീൻ നൽകുന്ന യൂണിവേഴ്‌സൽ ഇമ്യൂണൈസേഷൻ പ്രോഗ്രാമിനു (യുഐപി) വേണ്ടി നിലവിലുള്ള ഡിജിറ്റൽ സംവിധാനവും നടപടിക്രമങ്ങളും കോവിഡ് വാക്‌സീൻ വിതരണത്തിനും ഉപയോഗപ്പെടുത്തും.

ശേഖരണം, സംഭരണം, വിതരണം എന്നിവയ്ക്കും ഇതേ മാർഗം തന്നെയാവും ഉപയോഗിക്കുകയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വാക്‌സീൻ കുത്തിവയ്പ് നൽകുന്നവർക്കു പരിശീലനം നൽകാനായി ഓൺലൈൻ സംവിധാനമൊരുക്കും. ഇലക്‌ട്രോണിക് വാക്‌സീൻ ഇന്റലിജൻസ് നെറ്റ്‌വർക്ക് വഴി വാക്‌സീന്റെ സ്‌റ്റോക്ക്, ഏതു താപനിലയിൽ സൂക്ഷിച്ചിരിക്കുന്നു തുടങ്ങിയ എല്ലാ വിവരങ്ങളും ലഭ്യമാകും.

സർക്കാരിന്റെ ഇമ്യൂണൈസേഷൻ പദ്ധതിയുടെ ഭാഗമായ കോൾഡ് ചെയിൻ സംവിധാനങ്ങളുടെ ലഭ്യത സംബന്ധിച്ചും എത്രത്തോളം കൂടുതൽ ആവശ്യമായിവരും എന്നതിനെക്കുറിച്ചും വാക്‌സീൻ അഡ്‌മിനിസ്‌ട്രേഷൻ ദേശീയ വിദഗ്ധസമിതി വിലയിരുത്തി. സ്വകാര്യ മേഖലയുടെ സഹായം തേടുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. അടുത്ത വർഷം ജൂലൈയോടെ 40-50 കോടി ഡോസ് വാക്‌സീൻ ലഭ്യമാകുമെന്നും ഏതാണ്ട് 25 കോടി ആളുകൾക്കു നൽകാൻ കഴിയുമെന്നുമാണു പ്രതീക്ഷിക്കുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ്‍വർധൻ അറിയിച്ചിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ രാജ്യമെമ്പാടും വാക്‌സീൻ ലഭ്യമാക്കാൻ പാകത്തിൽ കോൾഡ് ചെയിൻ സംവിധാനം ഒരുക്കുകയാണ് ഏറ്റവും വലിയ വെല്ലുവിളി.

വാക്‌സീൻ ലഭ്യമായിക്കഴിഞ്ഞാൽ ആദ്യഘട്ടത്തിൽ 30 കോടി ആളുകൾക്കാവും വിതരണം ചെയ്യുക. ഡോക്ടർമാർ, മെഡിക്കൽ വിദ്യാർത്ഥികൾ, നഴ്‌സുമാർ, ആശാ വർക്കർമാർ തുടങ്ങി ഒരു കോടി ആളുകൾ. മുനിസിപ്പൽ, കോർപ്പറേഷൻ ജീവനക്കാർ, പൊലീസ്, സൈനികർ, അർധസൈനികർ തുടങ്ങി രണ്ടു കോടി ആളുകൾ. 50 വയസിനുമേൽ പ്രായമുള്ള 26 കോടി പേർ. മറ്റു രോഗങ്ങളുള്ള 50 വയസിനു താഴെയുള്ള പ്രത്യേക പരിചരണം ആവശ്യമുള്ള ഒരു കോടി ആളുകൾ എന്നിങ്ങനെ നാലു തരത്തിലാണ് ഇവരെ വേർതിരിച്ചിരിക്കുന്നത്. നവംബർ പകുതിയോടെ മുൻഗണനാ പട്ടിക സമർപ്പിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പട്ടികയിലുള്ളവരെ തിരിച്ചറിയാനായി ആധാർ കാർഡുമായി ബന്ധപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

ഏതാണ്ട് 50,000 കോടി രൂപയാണ് കേന്ദ്രം വാക്‌സീൻ ലഭ്യമാക്കാനായി മാറ്റിവച്ചിരിക്കുന്നതെന്നാണു റിപ്പോർട്ട്. ഓരോ വ്യക്തിക്കും 400-500 രൂപ ചെലവാകുമെന്നാണു കണക്കുകൂട്ടൽ. 800 രൂപ വരെ വേണ്ടിവരുമെന്നു സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി അദർ പുനംവാല പറഞ്ഞിരുന്നു. മരുന്നു വാങ്ങുന്നതിനു പുറമേ നിർമ്മാണകേന്ദ്രങ്ങളിൽനിന്നു വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കുകയെന്നതും ഭാരിച്ച ചുമതലയാണ്. വാക്‌സീൻ ലഭ്യമായിക്കഴിഞ്ഞാൽ പ്രത്യേക കോവിഡ്-19 വാക്‌സിനേഷൻ പ്രോഗ്രാമിലൂടെയാകും വിതരണം. കേന്ദ്രം വാക്‌സീൻ നേരിട്ടു സംഭരിച്ച് മുൻഗണനാക്രമത്തിൽ വിതരണം ചെയ്യാനാണു തീരുമാനിച്ചിരിക്കുന്നതെന്നു മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. കേന്ദ്ര സർക്കാർ ശേഖരിക്കുന്ന വാക്‌സീൻ മുൻഗണനാ വിഭാഗങ്ങൾക്കു സംസ്ഥാന, ജില്ലാ ഭരണകൂടങ്ങൾ വഴി ലഭ്യമാക്കുകയാണ് ചെയ്യുക.

കോവിഡ് വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവർത്തകരുടെ വിവരങ്ങൾ കൈമാറാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ- സ്വകാര്യ മേഖലകളിൽ ജോലിചെയ്യുന്ന മുഴുവൻ ആരോഗ്യ പ്രവർത്തകരുടെയും വിവരങ്ങൾ കേന്ദ്ര സർക്കാർ ശേഖരിച്ചു തുടങ്ങിയതായാണ് റിപ്പോർട്ട്. കോവിഡ് വാക്‌സിൻ സുരക്ഷിതമാണെന്ന് വ്യക്തമായാലുടൻ ആരോഗ്യ പ്രവർത്തകർക്ക് അത് നൽകാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വിവര ശേഖരണം. സർക്കാർ- സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവർത്തകർക്കാവും ആദ്യം വാക്‌സിൻ നൽകുക. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാർ സൗജന്യമായാവും വാക്‌സിൻ നൽകുക എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP