Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുൽവാമയിൽ പൊലിഞ്ഞ സൈനികരുടെ ജീവന് പകരം ചോദിക്കുമെന്ന് സൈന്യം; ഇന്ത്യയ്ക്ക് പിന്തുണയുമായി ആക്രമണത്തെ അപലപിച്ച് ലോകാരാജ്യങ്ങൾ; ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ പിടികൂടാനുള്ള നീക്കങ്ങളും ഊർജ്ജിതമാക്കും; രണ്ടാം സർജിക്കൽ സ്‌ട്രൈക്കിനുള്ള സാധ്യതയും തേടുന്നു; തീവ്രവാദികൾക്ക് ആസൂത്രണം ഒരക്കിയിട്ടും ഒന്നും അറിയാത്തതു പോലെ പാക്കിസ്ഥാൻ

പുൽവാമയിൽ പൊലിഞ്ഞ സൈനികരുടെ ജീവന് പകരം ചോദിക്കുമെന്ന് സൈന്യം; ഇന്ത്യയ്ക്ക് പിന്തുണയുമായി ആക്രമണത്തെ അപലപിച്ച് ലോകാരാജ്യങ്ങൾ; ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ പിടികൂടാനുള്ള നീക്കങ്ങളും ഊർജ്ജിതമാക്കും; രണ്ടാം സർജിക്കൽ സ്‌ട്രൈക്കിനുള്ള സാധ്യതയും തേടുന്നു; തീവ്രവാദികൾക്ക് ആസൂത്രണം ഒരക്കിയിട്ടും ഒന്നും അറിയാത്തതു പോലെ പാക്കിസ്ഥാൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പുൽവാമയിൽ പൊലിഞ്ഞ സൈനികരുടെ ജീവന് പകരം ചോദിക്കാൻ തയ്യാറെടുത്തിരിക്കയാണ് സൈന്യം. അതിനുള്ള നിർദ്ദേശവും സ്വാതന്ത്ര്യവും പ്രധാനമന്ത്രി നരേന്ദ്ര മോദി പട്ടാളത്തിന് നൽകി കഴിഞ്ഞു. തീവ്രവാദത്തിന് പിന്നിൽ പ്രവർത്തിച്ചവരും അതിന് ഉത്തരവാദികളായവരും തീർച്ചയായും അതിനുള്ള ശിക്ഷ അനുഭവിച്ചിരിക്കുമെന്നും പാക്കിസ്ഥാന് മറുപടി നൽകുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. മന്ത്രിസഭയുമായി ചർച്ച ചെയ്ത് കർശന നിലപാടിലേക്ക് നീങ്ങാനാണ് സർക്കാർ വ്യക്തമാക്കി.

'ഈ ഭീകരാക്രമണത്തെ ശക്തമായ രീതിയിൽ അപലപിച്ചു കൊണ്ട് ഇന്ത്യയെ പിന്തുണച്ച എല്ലാ രാഷ്ട്രങ്ങൾക്കും ഞാൻ നന്ദി അറിയിക്കുകയാണ്. ഈ ആക്രമണത്തിന് ശക്തമായ മറുപടി നൽകും' എന്നാണ് മോദി അറിയിച്ചിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുത്തുക എന്ന തന്ത്രമാണ് രാജ്യം പയറ്റുന്നത്. ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാ ജവാന്മാർക്കും ആദരാഞ്ജലികൾ അർപ്പിക്കുകയാണ്. സൈനികരുടെ ധീരതയിൽ വിശ്വാസമുണ്ടെന്നും അവർക്ക് തിരിച്ചടിക്കാൻ പൂർണമായ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ 9.15ഓടെയാണ് സമിതി ചേർന്ന് നിർണായ തീരുമാനങ്ങൾ കൈക്കൊണ്ടത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ, വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്, ധനമന്ത്രി അരുൺ ജെയ്റ്റ്ലി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവൽ എന്നിവരും സൈനിക തലവന്മാരും പങ്കെടുത്തു. അന്താരാഷ്ട്ര തലത്തിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ശ്രമം നടത്തുമെന്ന് യോഗത്തിന് ശേഷം ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി അറിയിച്ചു.

പാക്കിസ്ഥാനെ അന്താരാഷ്ട്ര സമൂഹത്തിൽ ഒറ്റപ്പെടുത്തുക എന്നതാണ്. ഇതിന്റെ വിജയമെന്നോണം പുൽവാമയിൽ സൈനികർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക രംഗത്തെത്തി. ഭീകരവാദികൾക്ക് സഹായം നല്കുന്ന പാക്കിസ്ഥാൻ നടപടി അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് എന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഇന്ത്യയ്ക്ക് എല്ലാവിധ പിന്തുണയും അമേരിക്കയുടെ ഭാഗത്ത് നിന്ന് ഉണ്ടെന്ന് വൈറ്റ് ഹൗസ് പ്രെസ് സെക്രട്ടറി സാറാ സാൻഡേഴ്‌സ് അറിയിച്ചു. 'ഇന്ത്യയുമായുള്ള അമേരിക്കയുടെ സഹകരണവും ഭീകരവാദവിരുദ്ധ പ്രവർത്തനങ്ങളുടേയും ശക്തി കൂട്ടുക മാത്രമാണ് ഈ ആക്രമണം കൊണ്ട് ഉണ്ടാവുന്നത്,' സാൻഡേഴ്‌സ് പറഞ്ഞു.

'അപരിഷ്‌കൃതമായ ഈ ആക്രമണത്തിൽ പെട്ട ഇരകളുടേയും അവരുടെ കുടുംബത്തിന്റേയും ഇന്ത്യൻ ജനതയുടേയും ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു,' വൈറ്റ് ഹൗസ് പ്രെസ് സെക്രട്ടറി പറഞ്ഞു. അതേസമയം ആക്രമണത്തിൽ പങ്കില്ലെന്നും അത്തരം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും വ്യക്തമാക്കി പാക്കിസ്ഥാൻ വാർത്താ കുറിപ്പ് ഇറക്കി. അതേസമയം ആക്രമണത്തിൽ പങ്കില്ലെന്ന പാക്കിസ്ഥാൻ നിലപാട് ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്ക് തള്ളി. ഭീകരാക്രമണത്തിൽ പങ്കില്ലെന്ന പാക്കിസ്ഥാൻ വാദം അസംബന്ധമാണ്.ആക്രമണം നടക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാനിൽ തീവ്രവാദികൾ തുറന്ന വെല്ലുവിളിയുമായി പ്രകടനം നടത്തിയിരുന്നു. പാക്കിസ്ഥാന്റെ നിരാശയിൽ നിന്നാണ് ഇത്തരമൊരു ഹീനമായ ആക്രമണമുണ്ടായിരിക്കുന്നതെന്നും സത്യപാൽ മാലിക് പറഞ്ഞു.

അതിനിടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വാഗാ അതിർത്തി വഴിയുള്ള വ്യാപാര ബന്ധം ഇന്ത്യ അവസാനിപ്പിച്ചു. പാക്കിസ്ഥാന് നൽകിയ സൗഹൃദ രാഷട്രപദവിയും ഇന്ത്യ പിൻവലിച്ചു. പുൽവാമ ഭീകരാക്രമണത്തിന്റെ പശചാത്തലത്തിൽ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ തീരുമാനം. വ്യാപാരരംഗത്ത പാകിസതാന് നൽകിയ സൗഹൃദ രാഷട്രപദവി ഇന്ത്യ പിൻവലിച്ചു. അക്രമികൾക്കും പിന്തുണച്ചവർക്കും ശകതമായ മറുപടി നൽകും.

കശ്മീരിലെ സുരക്ഷാ സഹചര്യമാണ് യോഗത്തിൽ ചർച്ചയായത്. ബീഹാറിലെ പൊതുറാലിയിൽ പങ്കെടുക്കേണ്ടിയിരുന്ന രാജ്നാഥ് സിങ് പരിപാടി റദ്ദാക്കിയാണ് ശ്രീനഗറിലേക്ക് പുറപ്പെട്ടത്. ഡൈറക്ടർ ജനറൽ രാജീവ് റായ് ഭട്നഗറാണ് ഒപ്പമുള്ളത്. സ്വീഡനിലായിരുന്ന നിർമ്മല സീതാരാമൻ യാത്രവെട്ടിച്ചുരുക്കിയാണ് തിരിച്ചെത്തിയത്. മിന്നൽ ആക്രമണ പദ്ധതികളുമായി ബന്ധപ്പെട്ടുള്ള നിർണ്ണായക തീരുമാനങ്ങളെടുക്കുന്നതിൽ പങ്കുവഹിക്കുന്നയാളാണ് അജിത്ത് ഡോവൽ. ഓരോ മിനുട്ടുകൾ കൂടുന്തോറുമുള്ള പുതിയ വിവരങ്ങൾ സിആർപിഎഫ് ഉദ്യോഗസ്ഥർ അജിത്ത് ഡോവലെ അറിയിക്കുന്നുണ്ട്. ഐബി ഡിഐബി ഡയറക്ടറെയും സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലുമായും രാജ്നാഥ് സിങ് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ പിടികൂടാനുള്ള നീക്കങ്ങൾ ഇന്ത്യ ഊർജ്ജിതമാക്കും. അതിനായി അമേരിക്ക വഴി സമ്മർദ്ദം ശക്തമാക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. ഇന്ത്യയ്ക്ക് പിന്നിൽ ഉറച്ചുനിൽക്കുമെന്നും ദാരുണമായ ആക്രമണത്തിനെതിരെ ഒന്നിച്ചുനിൽക്കുമെന്ന് ലോകസമൂഹം വ്യക്തമാക്കി. യു.എസ്, റഷ്യ, ഭൂട്ടാൻ, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളാണ് സിആർപിഎഫിനു നേർക്കുണ്ടായ ജെയ്ഷെ മുഹമ്മദിന്റെ ചാവേർ ആക്രമണത്തിൽ അപലപിച്ചത്. ഭീകരവാദത്തെ അതിന്റെ എല്ലാ വിധത്തിലും അപലപിക്കുന്നതായും ഇത്തരം മനുഷ്യത്വരഹിതമായ പ്രവർത്തിക്കെതിരെ ഒന്നിക്കണമെന്നും പ്രതികരിക്കണമെന്നും ലോകരാജ്യങ്ങൾ വ്യക്തമാക്കി. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരുക്കേറ്റവർ വേഗം സുഖംപ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നതായും റഷ്യൻ ഫെഡറേഷൻ എംബസി പ്രസ്താവനയിൽ വ്യക്തമാക്കി.

അമേരിക്കയുടെ ഇന്ത്യയിലെ പ്രതിനിധി കെന്നെത്ത് ജസ്റ്റലും ആക്രമണത്തെ ശക്തമായി അപലപിച്ചു. ആക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങളോട് അനുഭാവം പ്രകടിപ്പിക്കുന്നതായും ഭീകരവാദികളെ നേരിട്ട് തോൽപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിന് ഒപ്പംനിൽക്കുന്നതായും യു.എസ് വ്യക്തമാക്കി. കൊടുംഭീകരൻ മസൂദ് അസർ നയിക്കുന്ന ജെയ്ഷെ മുഹമ്മദ് എന്ന സംഘടനയ്ക്ക് 'പൂർണ്ണ സ്വാതന്ത്ര്യം' നൽകുന്ന പാക്കിസ്ഥാൻ സർക്കാരിന്റെ നടപടിയെ കഴിഞ്ഞ ദിവസം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിമർശിച്ചിരുന്നു.

പാക്കിസ്ഥാനിൽ സംഘടനയുടെ പ്രവർത്തനം വിപുലപ്പെടുത്താനും ഇന്ത്യയെ ലക്ഷ്യമിട്ട് ആക്രമണം നടത്താനും അവർക്ക് സർക്കാർ എല്ലാ സഹായവും നൽകുന്നുവെന്നായിരുന്നു വിമർശനം. പാക്കിസ്ഥാനെ സാമ്പത്തികമായും ആയുധം കൊണ്ടും നേരിടാനാണ് ഇന്ത്യയുടെ നീക്കം. ഇതിനായി സർജിക്കൽ സ്‌ട്രൈക്കും പിന്നാലെ വരുന്നുണ്ട്.

ഭീകരാക്രമണത്തിന് മറുപടിയായി വീണ്ടുമൊരു സർജിക്കൽ സ്‌ട്രൈക്കിനുള്ള സാദ്ധ്യത ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2016ൽ നടന്ന ഉറി ഭീകരാക്രമണത്തേക്കാൾ വലിയ ആക്രമണമാണ് ഇന്നലെ കാശ്മീരിൽ നടന്നത്.ഭീകരർക്ക് തിരിച്ചടിയുടെ സൂചന നൽകിയാണ് പ്രധാനമന്ത്രി അടക്കമുള്ള നേതാക്കൾ ഭീകരാക്രമണത്തോട് പ്രതികരിച്ചത്. ശക്തമായ തിരിച്ചടികൾ ഉണ്ടാകുമെന്ന സൂചനകൾ ഇതിനോടകംതന്നെ ഉന്നത കേന്ദ്രങ്ങളിൽ നിന്ന് വരുന്നുമുണ്ട്.

ജമ്മു കാശ്മീർ ഗവർണർ സത്യപാൽ മാലിക്കിന്റെ സുരക്ഷാ ഉപദേഷ്ടാവായ കെ.വിജയകുമാറാണ് പ്രാഥമിക അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. മാവോയിസ്റ്റ് ആക്രമണങ്ങൾ കൈകാര്യം ചെയ്ത് പരിചയമുള്ള സുരക്ഷാ ഉദ്യോഗസ്ഥനാണ് വിജയകുമാർ.350 കിലോയോളം സ്ഫോടകവസ്തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ഇത് എവിടെ നിന്ന് സംഘടിപ്പിച്ചു, ആക്രമണത്തിൽ പാക്കിസ്ഥാനുള്ള പങ്ക്, മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നാണോ ഇവ സംഭരിച്ചത്, എങ്ങനെ ഉപയോഗിച്ചു, ഏതുതരം ആസൂത്രണങ്ങളാണ് നടത്തിയത് തുടങ്ങിയ വിശദാംശങ്ങളിൽ അന്വേഷണം നടക്കും. കാശ്മീരിൽ നിന്ന് ഭീകർക്ക് ലഭിച്ച സഹായങ്ങളെക്കുറിച്ചും അന്വേഷിക്കും.

15 വർഷത്തിനിടെ ആദ്യമായാണ് ഭീകരർ ചാവേറാക്രമണത്തിന് കാർ ഉപയോഗിക്കുന്നത്.സുരക്ഷാ കാര്യങ്ങൾക്കായുള്ള കേന്ദ്രമന്ത്രിതല സമിതി യോഗം ഇന്ന് രാവിലെ 9.15 ന് ഡൽഹിയിൽ തുടങ്ങി. എൻ.ഐ.എ സംഘം സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ആക്രമണം നടന്ന സ്ഥലത്തുനിന്ന് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കേണ്ടതുണ്ട്. ഇതിനായി ഫോറൻസിക് വിദഗ്ദ്ധർ അടക്കമുള്ളവരുടെ സംഘമാണ് കാശ്മീരിലേക്ക് തിരിച്ചിരിക്കുന്നത്. ഇവർ ഇന്ന് രാവിലെ ഭീകരാക്രമണം നടന്ന സ്ഥലത്ത് എത്തിച്ചേരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP