Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'പാക്കിസ്ഥാന് ഇന്ത്യയെ ജയിക്കാനാവില്ല' പറയുന്നത് ബ്രിട്ടീഷ് മാധ്യമം; ചരിത്രം മാത്രമല്ല വർത്തമാനവും പാക്കിസ്ഥാന് എതിരാകുന്നത് എങ്ങനെ? ലോകം പാക്കിസ്ഥാനെ തള്ളുമ്പോഴും കോടിയേരിയെ പോലെ കുറച്ചു ഇന്ത്യക്കാർക്കു മാത്രം സ്വന്തം രാജ്യത്തെ വിശ്വസിക്കാൻ പ്രയാസം എന്തുകൊണ്ട്?

'പാക്കിസ്ഥാന് ഇന്ത്യയെ ജയിക്കാനാവില്ല' പറയുന്നത് ബ്രിട്ടീഷ് മാധ്യമം; ചരിത്രം മാത്രമല്ല വർത്തമാനവും പാക്കിസ്ഥാന് എതിരാകുന്നത് എങ്ങനെ? ലോകം പാക്കിസ്ഥാനെ തള്ളുമ്പോഴും കോടിയേരിയെ പോലെ കുറച്ചു ഇന്ത്യക്കാർക്കു മാത്രം സ്വന്തം രാജ്യത്തെ വിശ്വസിക്കാൻ പ്രയാസം എന്തുകൊണ്ട്?

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: പാക്കിസ്ഥാന് ഇന്ത്യയെ ജയിക്കാനാകില്ല. പറയുന്നത് ഇന്ത്യൻ പ്രധാനമന്ത്രി മോദിയോ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോ അല്ല. അവർ രണ്ടും ഇത്തരത്തിൽ പറഞ്ഞാൽ അതൊരു വാർത്തയുമല്ല. എന്നാൽ ലോക ജനതയും ലോക രാഷ്ട്രങ്ങളും തന്നെ ഇത്തരം അഭിപ്രായമുള്ളവരാണ്. അതിനു കഴിഞ്ഞ കാലം മാത്രമല്ല, നിലവിലെ ഇരു രാജ്യങ്ങളുടെ അവസ്ഥയും കാരണമാണ്. വർത്തമാന കാലത്തു ഇന്ത്യ എവിടെ, പാക്കിസ്ഥാൻ എവിടെ എന്നതിന്റെ നേർചിത്രമായി മാറുകയാണ് പുൽവാമ ആക്രമണവും തുടർന്നുള്ള സംഭവങ്ങളും.

പാക് തീവ്രവാദികളുടെ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ബാൽകോട്ടിലെ തീവ്രവാദി ക്യാംപ് തകർത്ത ശേഷം ബ്രിട്ടീഷ് മാധ്യമമായ ദി ഇൻഡിപെൻഡന്റ് ആണ് പാക്കിസ്ഥാന് ഒരിക്കലും ഇന്ത്യയെ ജയിക്കാനാവില്ലെന്ന നിരീക്ഷണം പുറത്തു വിട്ടിരിക്കുന്നത്. ഇടതു ചായ്വുള്ള പത്രം എന്ന നിലയിൽ വിലയിരുത്തപ്പെടുന്ന ദി ഇൻഡിപെൻഡന്റ് സ്വതന്ത്ര നിലപാടുകളും തികഞ്ഞ വിമർശക സ്വഭാവവുമുള്ള വാർത്തകൾ വഴിയാണ് ശ്രദ്ധ നേടുന്നത്.

എന്നാൽ ഒരു വിദേശ മാധ്യമം പോലും ഇന്ത്യൻ നിലപടിനോടു കൂറു പുലർത്തുമ്പോൾ കേരളത്തിലെ ഇടതുപക്ഷ നായകരിൽ പ്രധാനിയായ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പോലുള്ളവരുടെ ഇടംതിരിഞ്ഞ പ്രസ്താവനകൾ വെറും മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയുള്ളതല്ലെന്ന കാര്യം കൂടിയാണ് വ്യക്തമാകുന്നത്. ഇന്ത്യ പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ പുറം തിരിഞ്ഞു നിന്ന ചരിത്രം ആവർത്തിക്കുകയാണ് കോടിയേരി ചെയ്തത്.

ഇക്കാരണം കൊണ്ട് കൂടിയാണ് അര നൂറ്റാണ്ട് കഴിഞ്ഞിട്ടും ഇന്ത്യൻ കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ഇന്ത്യൻ ജനതയുടെ വിശ്വാസം നേടാൻ കഴിയാത്തതു എന്നതും ആ പാർട്ടി തിരിച്ചറിഞ്ഞിട്ടില്ല എന്ന് കൂടി തെളിയിക്കുകയാണ് കാശ്മീർ സംഭവത്തിൽ ഇന്ത്യൻ സർക്കാരിനെ കുറ്റപ്പെടുത്തിയുള്ള കമ്മ്യുണിസ്റ്റ് നേതാവിന്റെ പ്രസ്താവന. കേരള രക്ഷ യാത്രയുടെ ചെറുതോണി സ്വീകരണ ചടങ്ങിലാണ് കോടിയേരി കാശ്മീർ സംഭവത്തെ രാഷ്ട്രീയവുമായി കൂട്ടിയിണക്കിയത്.

എന്നാൽ കോടിയേരിക്ക് പാക്കിസ്ഥാന്റെ ശബ്ദമാണെന്നു ടൈംസ് ഓഫ് ഇന്ത്യയടക്കം ചുട്ട മറുപടി നൽകുകയും ചെയ്തു. രാജ്യ ദ്രോഹ കുറ്റം ചുമത്തി കേസെടുക്കണമെന്ന് ബിജെപി എംപിയായ വി മുരളീധരൻ ആവശ്യപ്പെട്ട വിവരവും പിന്നാലെ എത്തിയിട്ടുണ്ട്. അതേ സമയം തന്റെ കൈവിട്ട വാക്കുകൾ സോഷ്യൽ മീഡിയയിൽ അടക്കം ചുട്ട മറുപടിയോടെ തിരിച്ചെത്തുന്നു എന്ന് മനസിലാക്കിയ സിപിഎം സെക്രട്ടറി പിന്നീട് കാശ്മീർ സംഭവം കാര്യമായി പരാമർശിക്കാതെയാണ് ജാഥ നയിക്കുന്നത് എന്നതും ശ്രദ്ധേയമായി.

കോടിയേരിയുടെ പ്രസ്താവനയെ തുടർന്ന് സോഷ്യൽ മീഡിയ അടക്കം പല കോണുകളിലും ഇന്ത്യ വിരുദ്ധ ചുവയുള്ള പരാമർശങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ദി ഇൻഡിപെൻഡന്റ് പാക്കിസ്ഥാന് ഒരിക്കലും ഇന്ത്യയെ ജയിക്കാനാവില്ലെന്നു ലേഖനം എഴുതിയിരിക്കുന്നത്. പാക്കിസ്ഥാനിലെ ദാരിദ്ര്യം അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഒരു ഇന്ത്യൻ മാധ്യമം എഴുതുന്നതിനേക്കാൾ മനോഹരമായ ഭാഷയാണ് ഇൻഡിപെൻഡന്റ് ഉപയോഗിച്ചിരിക്കുന്നതും.

ഇന്ത്യയുമായുള്ള മുൻകാല യുദ്ധ അനുഭവങ്ങൾ മാത്രമല്ല, രാജ്യത്തിന്റെ നിലവിലെ മോശമായ സാമ്പത്തിക സ്ഥിതി തകർത്തു തരിപ്പണമാക്കാൻ ഒരു പൂർണ യുദ്ധം വഴി ഒരുക്കും എന്ന തിരിച്ചറിവാണ് പാക്കിസ്ഥാനെ കൂടുതലായി പിന്നോട്ട് വലിക്കുകയെന്നും ഇൻഡിപെൻഡന്റ് നിരീക്ഷിക്കുന്നു. കൂടാതെ ഇന്ത്യ വിവിധ തലങ്ങളിൽ നടത്തുന്ന അന്തരാഷ്ട്ര സമ്മർദ്ദം അതിജീവിക്കാനുള്ള കരുത്തും പാക്കിസ്ഥാനില്ല. ജനസംഖ്യയിൽ മുന്നിൽ ഒന്നും ദിവസ വേതനം വെറും 1.43 പൗണ്ട് (1.90 ഡോളർ) മാത്രം നേടുന്നവർ ആയ ഒരു രാജ്യത്തിന് മെച്ചപ്പെട്ട നിലയിൽ ഉള്ള മറ്റൊരു രാജ്യവുമായുള്ള യുദ്ധത്തിന്റെ കെടുതികൾ തരണം ചെയ്യാൻ വർഷങ്ങൾ തന്നെ വേണ്ടിവന്നേക്കും. ഭരണാധികാരി വിവേചന ബുദ്ധി ഉള്ള ആളാണെങ്കിൽ ഇത്തരം ഒരു അബദ്ധത്തിലേക്കു എത്തില്ലെന്നും പത്രം നിരീക്ഷിക്കുന്നു.

മാത്രമല്ല, അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താൻ ഉള്ള സകല ന്യായവും ഇന്ത്യൻ പക്ഷത്താണ്. തീവ്രവാദികൾ കശ്മീരിലെ പട്ടണമായ പുൽവാമയിലാണ് 40 പട്ടാളക്കാരെ ഇല്ലാതാക്കിയത്. അതിനു സ്ഫോടക വസ്തുക്കൾ അടക്കം എത്തിയത് പാക്കിസ്ഥാനിൽ നിന്നാണെന്നു ഇന്ത്യ ലോക രാജ്യങ്ങളെ ബോധ്യപ്പെടുത്തിക്കഴിഞ്ഞു. കൂടാതെ വെടി നിർത്തൽ ലംഘിച്ചു അതിർത്തിയായ അക്നൂർ, പൂഞ്ച്, നൗഷേര എന്നിവിടങ്ങളിൽ ആദ്യം പ്രകോപനം സൃഷ്ടിച്ചതും പാക്കിസ്ഥാനാണ്.

ഇന്ത്യ ഭീകര താവളം ആക്രമിച്ചപ്പോൾ പാക്കിസ്ഥാൻ ഇന്ത്യൻ സേന താവളം ആക്രമിക്കാൻ മുതിർന്നതും ഇന്ത്യൻ പിന്തുണ വർധിപ്പിക്കുന്ന കാര്യമായി. കൂടാതെ എഫ് 16 ഉപയോഗിക്കുന്നതിൽ അമേരിക്കയുമായുള്ള കരാർ ലംഘിക്കപ്പെട്ടതു അവരുമായുള്ള നീരസം കൂട്ടാനും കാരണമായി. ഇത്തരത്തിൽ അന്തരാഷ്ട്ര സമൂഹത്തിൽ നിന്നും പൂർണമായി ഒറ്റപ്പെട്ട ശേഷം ഒരു യുദ്ധത്തിന് ഇറങ്ങിയാൽ ഏറ്റവും വേഗത്തിൽ തോറ്റോടാനുള്ള അവസരം സ്വയം സൃഷ്ടിക്കുകയാകും പാക്കിസ്ഥാൻ എന്നും ഇൻഡിപെൻഡന്റ് വ്യക്തമാക്കുന്നു.

സമാധാനത്തിനു തയ്യാറാണെന്ന് പരസ്യമായി പറഞ്ഞ ശേഷം പ്രകോപനവുമായി മുന്നോട്ടു പോകാൻ പറ്റാത്ത കെണിയിൽ ഇമ്രാൻ ഖാൻ സ്വയം വീണതും ഇൻഡിപെൻഡന്റ് ലേഖനത്തിൽ എടുത്തു കാട്ടുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ താൻ രാജ്യാധികാരം ഏറ്റപ്പോൾ വാഗ്ദാനം ചെയ്ത ''പുതിയ പാക്കിസ്ഥാൻ ' എന്ന വാക്ക് പാലിക്കേണ്ടതും ഇമ്രാന്റെ ചുമതലയാണ്. ഇന്ത്യയിൽ നിന്നും വ്യത്യസ്തമായി പാക്കിസ്ഥാനിൽ രാഷ്ട്രീയ പാർട്ടികൾ പല തട്ടിൽ നിൽക്കുന്നതും ഇമ്രാന്റെ തലവേദനയാണ്.

രാജ്യത്തെ കടുത്ത അഴിമതിയും കടപ്പെരുപ്പവും വിദേശ നാണ്യ ശേഖരത്തിലെ കടുത്ത കുറവുകളും നേരിടുന്ന ഒരു രാജ്യം യുദ്ധത്തിന് ഇറങ്ങി പുറപ്പെട്ടാൽ അതിനെ ആത്മഹത്യപരം എന്നല്ലാതെ വിശേഷിപ്പിക്കാനാകില്ല. ഇന്ത്യക്കാകട്ടെ ഇത്തരം പ്രതിസന്ധികൾ ഒന്നും ഇല്ലാത്തതു മാനസിക മുൻതുക്കം നൽകാനും കാരണമാകും. ഐ എം എഫ് പാക്കിസ്ഥാനെ പാപ്പരായി പ്രഖ്യാപിക്കുന്നതു എപ്പോൾ എന്നത് കൂടാതെ ചൈനയ്ക്കു നൽകാൻ ഉള്ള വൻ കടത്തെ കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ട്രംപ് സൂചിപ്പിച്ചതും പാക്കിസ്ഥാനെ വിഷമിപ്പിക്കുന്ന സാഹചര്യങ്ങളാണ്.

എന്നാൽ ഇന്ത്യൻ ഭരണ നേതൃത്വം ജനത്തിന് മാനസികമായി ധൈര്യം നൽകാൻ ഉള്ള വാക്കുകൾ ഉപയോഗിച്ചതും ഈ ഘട്ടത്തിൽ നിർണയാകാമെന്നു ഇൻഡിപെന്റന്റ് കരുതുന്നു. തന്റെ ഭരണകാലം തീരാൻ മൂന്നു മാസം മാത്രം ബാക്കി നിൽക്കെ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ടി വന്നാൽ പോലും ഇപ്പോഴത്തെ പ്രതിസന്ധി തരണം ചെയ്യാനാകുമെന്ന വിധം ചർച്ചകൾ ഡൽഹിയിൽ നടക്കുന്നതായും ലേഖനം വിലയിരുത്തുന്നു. അതിനാൽ ബാഹ്യവും ആഭ്യന്തരവും ആയ കാരണങ്ങൾ വിലയിരുത്തുമ്പോൾ ഇന്ത്യക്കെതിരെ ഒരു വിജയം എന്നത് പാക്കിസ്ഥാന് സ്വപ്നങ്ങളിൽ മാത്രം എന്നതാണ് പത്രം പറഞ്ഞു വയ്ക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP