Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ; മോദി പുതിയ 'സുഹൃത്തിനെ' തേടുമ്പോൾ ബ്രെക്‌സിറ്റ് നഷ്ടം തീർക്കാൻ ബോറിസിനും പുതിയ കൂട്ടുകൾ കൂടിയേ തീരൂ; ഇരുകൂട്ടരും സാഹചര്യത്തിനൊത്തു കൈകൊടുക്കുമ്പോൾ പ്രതീക്ഷകളും ഉയരുന്നു; എതിർപ്പുയർന്നിട്ടും ഇന്ത്യൻ സഹായം നിർത്താത്തതും ബ്രിട്ടന്റെ തന്ത്രം തന്നെ

റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ; മോദി പുതിയ 'സുഹൃത്തിനെ' തേടുമ്പോൾ ബ്രെക്‌സിറ്റ് നഷ്ടം തീർക്കാൻ ബോറിസിനും പുതിയ കൂട്ടുകൾ കൂടിയേ തീരൂ; ഇരുകൂട്ടരും സാഹചര്യത്തിനൊത്തു കൈകൊടുക്കുമ്പോൾ പ്രതീക്ഷകളും ഉയരുന്നു; എതിർപ്പുയർന്നിട്ടും ഇന്ത്യൻ സഹായം നിർത്താത്തതും ബ്രിട്ടന്റെ തന്ത്രം തന്നെ

പ്രത്യേക ലേഖകൻ

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഇന്ത്യയിലേക്ക്. അടുത്ത റിപ്പബ്ലിക് ദിന ആഘോഷത്തിലെ പ്രധാന അതിഥിയായാണ് ഇത്തവണ അദ്ദേഹം ഇന്ത്യയിൽ എത്തുന്നത് എന്നത് വരവിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. മോദി തന്റെ സുഹൃത്ത് എന്ന് വിശേഷിപ്പിച്ച ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് പദത്തിൽ നിന്നും പടിയിറങ്ങുമ്പോൾ പകരം വരുന്ന ജോ ബൈഡനെ തന്റെ സുഹൃത്തായി അത്ര വേഗം മാറ്റാൻ സാധിക്കില്ല എന്ന മോദിയുടെ തിരിച്ചറിവ് കൂടിയാകാം ലോകത്തെ രണ്ടാം വമ്പനെ തന്നെ കൂട്ടുപിടിക്കാൻ കാരണമെന്നും കരുതപ്പെടുന്നു.

ലോകത്തെ ഏറ്റവും വലിയ ഒരു സമ്പദ് ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയിൽ നിന്നും ഇത്തരം ഒരു ക്ഷണം ലഭിക്കുമ്പോൾ കണ്ടില്ലെന്നു നടിക്കാൻ ബോറിസ് ജോൺസണും കഴിയില്ല. കാരണം ബ്രെക്‌സിറ്റിലൂടെ നഷ്ടമായ യൂറോപ്യൻ വിപണിക്കു പകരം സാദ്ധ്യതകൾ തേടി പരക്കം പായുന്ന ബ്രിട്ടന് വൻവിപണി രാജ്യമായ ഇന്ത്യയുടെ സൗഹൃദം ഒഴിവാക്കാൻ സാധിക്കാത്തതുമാണ്. ഇത്തരത്തിൽ സാഹചര്യങ്ങളിലൂടെ വളർന്നെത്തിയ സാധ്യതകളുടെ കൂട്ടുചേരലാണ് പുത്തൻ ഇന്ത്യ - ബ്രിട്ടീഷ് സൗഹൃദം എന്ന് നിസംശയം വിശേഷിപ്പിക്കാം.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയിൽ ആദ്യമായി ഇന്ത്യൻ റിപ്പബ്ലിക് വേദിയിൽ എത്തുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് ബോറിസ് ജോൺസൺ അടുത്ത ജനുവരി 26 നു ഇന്ത്യയിൽ എത്തുക. ഇതിനു മുൻപ് 1993 ൽ ജോണ് മേജറാണ് ഇന്ത്യൻ റിപ്പബ്ലിക് ആഘോഷത്തിൽ പങ്കെടുത്ത അവസാന ബ്രിട്ടീഷ് പ്രധാനമന്ത്രി ഇത്തവണ ബോറിസ് എത്തുമ്പോൾ യുകെയിൽ നിന്നും ഇന്ത്യൻ റിപ്പബ്ലിക് ആഘോഷത്തിൽ പങ്കെടുക്കാൻ എത്തുന്ന ആറാമത്തെ വിശിഷ്ട അതിഥി കൂടി ആയിരിക്കും എന്ന പ്രത്യേകതയുമുണ്ട്. ഇക്കഴിഞ്ഞ നവംബർ 27 നു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബോറീസും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണത്തിനിടയിലാണ് ക്ഷണം ഉണ്ടായതെന്ന് ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു .

ഇക്കാര്യത്തിൽ ഡൽഹിയിൽ ബ്രിട്ടീഷ് ഹൈ കമ്മീഷൻ ഓഫീസോ ലണ്ടനിൽ ഇന്ത്യൻ ഹൈ കമ്മീഷനോ ഇതുവരെ സ്ഥിരീകരണം നല്കാൻ തയാറായിട്ടില്ല . പക്ഷെ ഇന്ത്യയിലും ബ്രിട്ടനിലും ബോറിസിന്റെ വരവുണ്ടാകും എന്നുറപ്പിക്കും വിധം വാർത്ത കോലാഹലം തുടങ്ങിക്കഴിഞ്ഞു . അടുത്തവർഷം ബ്രിട്ടനിൽ നടക്കുന്ന ജി സെവൻ രാഷ്ട്രങ്ങളുടെ ഉച്ചകോടിയിൽ മോദി പങ്കെടുക്കും എന്നുറപ്പിക്കാൻ കൂടിയാണ് ഇരു നേതാക്കളും കഴിഞ്ഞ ആഴ്ച ടെലിഫോൺ സംഭാഷണം നടത്തിയത് . അടുത്തവർഷം ഇരു രാജ്യങ്ങളെയും സംബന്ധിച്ച് ഏറെ നിർണായകം ആയിരിക്കണം എന്ന സൂചന നൽകി ബോറിസ് സംസാരിക്കാൻ തയ്യാറായതും അദ്ദേഹത്തിന്റെ ഇന്ത്യയിലേക്കുള്ള വരവിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്നതാണ് .

ഇരു നേതാക്കളും പോസ്റ്റ് കോവിഡ് , പോസ്റ്റ് ബ്രെക്‌സിറ്റ് എന്ന അജണ്ടയിലാണ് ടെലിഫോൺ സംഭാഷണം നടത്തിയത് എന്ന് സൂചനയുണ്ട് . ഇതോടൊപ്പം വ്യാപാര വാണിജ്യ കാര്യങ്ങൾ , വിദ്യാർത്ഥി വിസ , ശാസ്ത്ര ഗവേഷണ സഹകരണം , പ്രതിരോധവും സുരക്ഷയും അടക്കം ഒട്ടേറെ കാര്യങ്ങളും ചർച്ചയായി . ഇക്കാര്യം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ട്വിറ്റര് വഴി വെളിപ്പെടുത്തിയിട്ടുമുണ്ട് . മോദിയുടെ ട്വീറ്റിന് കയ്യോടെ ബോറിസ് മറുപടി നൽകിയതോടെയാണ് വാർത്ത മാധ്യമങ്ങൾ ഏറ്റെടുത്തതു.

ഇന്ത്യയെ ജി 7 ൽ എത്തിക്കണമെന്നത് സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രെസിഡന്റ്‌റ് ട്രംപിന്റെ പ്രത്യേക താല്പര്യവും ആയിരുന്നു . ഇതിനോട് മറ്റു അംഗ രാജ്യങ്ങൾ അതേ ആവേശത്തിൽ പ്രതികരിച്ചിരുന്നില്ല എന്നതും ശ്രെധേയമാണ്. കോവിഡ് പടർന്ന ശേഷം ഇന്ത്യൻ പ്രധാനമന്ത്രി മോദി പ്രധാനമായും അഞ്ചു രാജ്യങ്ങളുടെ തലവന്മാരുമായാണ് വിർച്വൽ കൂടിക്കാഴ്ച നടത്തിയത്. ഓസ്ട്രേലിയൻ, ശ്രീലങ്കൻ , ഡെന്മാർക്ക് പ്രധാനമന്ത്രിമാർ, യൂറോപ്യൻ രാജ്യ നേതൃവതം എന്നിവരുമായാണ് ബോറിസിനെ കൂടാതെ ഈ ചർച്ചകൾ നടന്നത് . ,

കഴിഞ്ഞ മാസം ആദ്യം ആക്ടിങ് ബ്രിട്ടീഷ് ഹൈ കമ്മീഷണർ ജെയ്ൻ തോംസൺ ബോറിസ് ജോൺസൺ വൈകാതെ ഇന്ത്യയിൽ എത്തുമെന്ന് സൂചന നൽകിയിരുന്നു. ബോറിസിനെ കൂടാതെ വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബും ഇന്ത്യൻ സന്ദർശനം പ്ലാൻ ചെയ്യുന്നുണ്ട് . ഇരുവരും ഒന്നിച്ചെത്താൻ സാധ്യത കുറവുമാണ് . കോവിഡ് വ്യാപന ശേഷം ലോക രാജ്യങ്ങൾ തമ്മിൽ ഉന്നത തല സന്ദർശനത്തിന് അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയിരിക്കുകയാണ് . ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ അമേരിക്കൻ പ്രസിഡന്റ് ആണ് അവസാനമായി ഇന്ത്യയിൽ എത്തിയ വിശിഷ്ട അതിഥി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP