Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയുടെ കൈവശമുള്ള കാശ്മീരിൽ നിയന്ത്രണം ഉറപ്പിച്ചാൽ അടുത്ത ലക്ഷ്യം പാക് അധീന കാശ്മീരും ചൈനീസ് അധിനിവേശ കാശ്മീരും; ലഡാക്കിനെ കേന്ദ്രഭരണപ്രദേശം ആക്കിയത് ചൈനീസ് നുഴഞ്ഞു കയറ്റത്തിനുള്ള കൃത്യമായ മറുപടി സന്ദേശവും; ജമ്മു കാശ്മീർ ഇന്ത്യൻ നിയമങ്ങൾ ബാധകമായ ത്രിവർണ്ണക്കൊടി പാറുന്ന പ്രദേശമായതോടെ അന്താരാഷ്ട്ര ശ്രദ്ധ അതിർക്കപ്പുറത്തെ കാശ്മീരിലേക്ക് മാറ്റാൻ തന്ത്രങ്ങളുമായി ഇന്ത്യ

ഇന്ത്യയുടെ കൈവശമുള്ള കാശ്മീരിൽ നിയന്ത്രണം ഉറപ്പിച്ചാൽ അടുത്ത ലക്ഷ്യം പാക് അധീന കാശ്മീരും ചൈനീസ് അധിനിവേശ കാശ്മീരും; ലഡാക്കിനെ കേന്ദ്രഭരണപ്രദേശം ആക്കിയത് ചൈനീസ് നുഴഞ്ഞു കയറ്റത്തിനുള്ള കൃത്യമായ മറുപടി സന്ദേശവും; ജമ്മു കാശ്മീർ ഇന്ത്യൻ നിയമങ്ങൾ ബാധകമായ ത്രിവർണ്ണക്കൊടി പാറുന്ന പ്രദേശമായതോടെ അന്താരാഷ്ട്ര ശ്രദ്ധ അതിർക്കപ്പുറത്തെ കാശ്മീരിലേക്ക് മാറ്റാൻ തന്ത്രങ്ങളുമായി ഇന്ത്യ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ജമ്മു കാശ്മീരിന് പ്രത്യേകപദവി നൽകിയത് റദ്ദാക്കുകയും കാശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത ഇന്ത്യ അടുത്തതായി എന്താണ് ലക്ഷ്യമിന്നത്? ജമ്മു കാശ്മീരിൽ ഡൽഹി മോഡൽ ഭരണം നടത്താനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. കേന്ദ്ര തീരുമാനത്തോടെ കാശ്മീർ പൂർണമായും ഇന്ത്യൻ നിയമങ്ങൾ ഉള്ള പ്രദേശമായി മാറിക്കഴിഞ്ഞു. ലക്ഷദ്വീപ്, ചണ്ഡീഗഡ്, ആൻഡമാൻ, നിക്കോബാർ, ദാമൻ ദിയു തുടങ്ങിയവയ്ക്കു സമാനമായിരിക്കും ഇനി ലഡാക്കിലെ കേന്ദ്ര ഭരണം. ജമ്മു കശ്മീരിലാകട്ടെ ഡൽഹി, പുതുച്ചേരി എന്നിവിടങ്ങളിലുള്ളതു പോലെയും. പുതിയ നടപടിയോടെ കശ്മീരിലെ സ്ഥിരതാമസക്കാർ, പുറത്തു നിന്നുള്ളവർ എന്നീ വേർതിരിവും ഇനി അപ്രത്യക്ഷമാകും.

 ഏറെ തന്ത്രപ്രധാനമായ ലഡാക്ക് മേഖലയിലെ ഇടപെടലിലൂടെ ഇന്ത്യ ചൈനയെയുമാണ് വരുതിയിൽ നിർത്തുന്നത്. ലേ, കാർഗിൽ ജില്ലകൾ ഉൾപ്പെടുന്ന ലഡാക്ക് അതിശൈത്യം മൂലം ഇതരപ്രദേശങ്ങളുമായി വർഷത്തിൽ ആറു മാസത്തോളം ഒറ്റപ്പെടുന്ന വിശാല മേഖലയാണ്. ജനസംഖ്യ വളരെ കുറവ്. ഇക്കഴിഞ്ഞ സെൻസസ് പ്രകാരം 2.74 ലക്ഷമാണ് ലഡാക്കിലെ ജനസംഖ്യ. മലനിരകൾ നിറഞ്ഞ് സഞ്ചാരത്തിനുൾപ്പെടെ ഏറെ ബുദ്ധിമുട്ടുള്ള മേഖലയുമാണിത്. ഈ മേഖലയിൽ സംസ്ഥാന ഭരണത്തേക്കേൾ ഒരുപക്ഷേ ഗുണകരമാകുക കേന്ദ്രഭരണം തന്നെയാകും.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഫെബ്രുവരിയിൽ ലഡാക്കിനു പ്രത്യേക റവന്യു ഡിവിഷൻ രൂപീകരിച്ചിരുന്നു. ഇതുവരെ കശ്മീർ ഡിവിഷന്റെ ഭാഗമായിരുന്നു. ഫെബ്രുവരി മുതൽ ജമ്മു, കശ്മീർ, ലഡാക്ക് എന്നിങ്ങനെ സംസ്ഥാനത്തു 3 ഡിവിഷനുകളായി. ലേയും കാർഗിലും ഉൾപ്പെടുന്ന തന്ത്രപ്രധാന മേഖലകൾ ലഡാക്കിനു കീഴിലാണ്. ലഡാക്ക് അതിർത്തിയിൽ പാൻഗോങ് തടാകത്തിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ചൈന പലപ്പോഴും ശ്രമിച്ചിട്ടുമുണ്ട്. ഏറ്റവുമൊടുവിൽ പാൻഗോങ് തടാകക്കരയിൽ ഇന്ത്യചൈന സൈനികർ വാക്കേറ്റത്തിലേർപ്പെടുന്നതിന്റെ വിഡിയോ വൈറലായിരുന്നു. ലഡാക്കിൽ സ്ഥിതിചെയ്യുന്ന പാൻഗോങ് തടാകത്തിന്റെ 45 കിലോമീറ്റർ ഇന്ത്യൻ അതിർത്തിക്കുള്ളിലും 90 കിലോമീറ്റർ ചൈനീസ് പക്ഷത്തുമാണ്. 2014ൽ കിഴക്കൻ ലഡാക്കും തടാകത്തിന്റെ വടക്കേ തീരവും കേന്ദ്രീകരിച്ചും ചൈനയുടെ കടന്നുകയറ്റ ശ്രമവുമുണ്ടായിരുന്നു.

ലേ, കാർഗിൽ ജില്ലകൾക്ക് 1993 ഒക്ടോബറിൽ കേന്ദ്രസംസ്ഥാന സർക്കാരുകൾ സ്വയംഭരണ പർവതമേഖലാ കൗൺസിൽ (എൽഎഎച്ച്ഡിസി) പദവി നൽകിയിരുന്നു. ലേയിലെ കൗൺസിലിലേക്കുള്ള ആദ്യത്തെ തിരഞ്ഞെടുപ്പ് 1995 ൽ നടന്നു. കാർഗിൽ 2003 ജൂലൈയിലാണ് കൗൺസിൽ പദവി ഏറ്റെടുത്തത്. ജില്ലയുടെ വികസനം, ആരോഗ്യം, വിദ്യാഭ്യാസം, ഭൂവിനിയോഗം, നികുതി തുടങ്ങിയ കാര്യങ്ങളിൽ വിവിധ ഗ്രാമപഞ്ചായത്തുകളുമായി ചേർന്നായിരുന്നു കൗൺസിലിന്റെ പ്രവർത്തനം. മേഖലയിലെ നിയമവാഴ്ചയും സുരക്ഷയും വാർത്താവിനിമയവും ഉന്നതവിദ്യാഭ്യാസവും ജമ്മു കശ്മീർ സർക്കാരിനു കീഴിലായിരുന്നു. ഇതെല്ലാം ഇനി കേന്ദ്ര സർക്കാരിന്റെ അധികാരപരിധിയിലാകും. ബിജെപിയിലെ ജമ്യാങ് സെറിങ് നംഗ്യാൽ ആണ് നിലവിലെ ലഡാക്ക് എംപി.

അതേസമയം ലഡാക്കിലെ ഇടപെടലോടെ ഇന്ത്യ അടുത്തതായി ലക്ഷ്യം വെക്കുന്നത് ചൈനീസ് അധിനിവേശ കാശ്മീരാണ്. ഒരുകാലത്ത് ഇന്ത്യൻ പ്രദേശമായിരുന്ന ഇവിടെ ചൈനീസ് കടന്നുകയറ്റം വലിയ തോതിൽ നടക്കുന്നുണ്ട്. ഇതിനെ ചെറുക്കുന്നതിന് കൂടിയാണ് കേന്ദ്രഭരണ പ്രദേശമായി ഇതിനെ മാറ്റിയതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. അതേസമയം കാശ്മീർ ഇന്ത്യയുടെ സ്വന്തമാക്കിയ സാഹചര്യത്തിൽ പാക് അധിനിവേശ കാശ്മീരിലേക്ക് ശ്രദ്ധ തിരിക്കാനാണ് ഇന്ത്യൻ ശ്രമം. ഇന്ത്യ ഭൂപടത്തിലുള്ള രണ്ട് പ്രദേശമാണ് പാക് അധീന കാശ്മീരും ചൈനീസ് അധീന കാശ്മീരും. എന്നാൽ ലൈൻ ഓഫ് കൺട്രോളിന് ഉള്ളിലുള്ള ഭാഗമാണ് ഇന്ത്യ കൈവശം വെച്ചു പോന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അന്താരാഷ്ട്ര ശ്രദ്ധ പാക് അധീന കാശ്മീരിലേക്ക് തിരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

കാശ്മീരിൽ അതിർത്തി കടന്നുള്ള ഭീകരവാദവും ഇതോടൊപ്പം ശക്തമാണ്. അതിനാലാണ് നിയമസഭയോടു കൂടിയ കേന്ദ്രഭരണ പ്രദേശം ജമ്മു കശ്മീരിൽ രൂപീകരിക്കുന്നതെന്നും അമിത് ഷാ രാജ്യസഭയെ അഭിസംബോധന ചെയ്തു വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന നിയമസഭയുടെ കാലാവധി ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും അഞ്ചുവർഷമാണ്, 370ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിൽ ആറുവർഷവും. ഇത്തരത്തിൽ മറ്റു സംസ്ഥാനങ്ങൾക്കു ബാധകമായ ഭരണഘടനാപരമായ പല കാര്യങ്ങളും ജമ്മു കശ്മീരിന് ഇതുവരെ ബാധകമായിരുന്നില്ല. ഇതിനെല്ലാം മാറ്റം വരികയാണ്. അഞ്ചു വർഷമായിരിക്കും ഇനി ജമ്മു കശ്മീർ നിയമസഭയുടെയും കാലാവധി. സംസ്ഥാനത്ത് ഏതെങ്കിലും നിയമനിർമ്മാണത്തിന് കേന്ദ്രത്തിനു സംസ്ഥാന നിയമസഭയുടെ അനുമതി വേണമെന്ന രീതിയും ഇനി മാറും. എന്നാൽ ബദൽ സംവിധാനമില്ലാതെ 370ാം വകുപ്പ് എടുത്തു കളയുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ നിയമവിദഗ്ദ്ധർ മുന്നോട്ടുവയ്ക്കുന്നുണ്ട്.

ജമ്മു, കശ്മീർ, ലഡാക് എന്നീ സംസ്ഥാനമേഖലകളിലെ സ്ഥിരതാമസക്കാർക്ക് പ്രത്യേക അവകാശം നൽകുന്ന ഭരണഘടനയിലെ 35എ വകുപ്പ് പോകുന്നതോടെയും വൻ മാറ്റങ്ങളാണുണ്ടാവുക. സംസ്ഥാനത്തെ ഭൂമിയുടെ അവകാശവും സർക്കാർ സർവീസുകളിൽ തൊഴിലവകാശവും സംസ്ഥാന നിവാസികളുടെ മാത്രം അവകാശമാക്കുന്നതായിരുന്നു വകുപ്പ്. ഇതെല്ലാം മാറും. മറ്റു സംസ്ഥാനക്കാർക്ക് ജമ്മു കശ്മീരിലെ സ്‌കോളർഷിപ്പിനു പോലും അപേക്ഷിക്കാൻ സാധിക്കാത്ത സാഹചര്യത്തിനും ഇതോടെ മാറ്റമുണ്ടാകും.

പ്രതിരോധം, വിദേശകാര്യം, ധനകാര്യം, വാർത്താവിനിമയം തുടങ്ങിയവയുമായി ബന്ധപ്പെട്ടല്ലാതെ ഏതു നിയമം ജമ്മു കശ്മീരിൽ കൊണ്ടുവന്നാലും കേന്ദ്രത്തിന് സംസ്ഥാന നിയമസഭയുടെ കൂടി അംഗീകാരം വേണമായിരുന്നു. അതിനാൽത്തന്നെ കശ്മീർ ജനത ഇന്ത്യയിൽ മറ്റെങ്ങുമില്ലാത്ത തരം നിയമങ്ങൾക്കു വിധേയമായിട്ടായിരുന്നു ജീവിച്ചിരുന്നത്. രാജ്യത്തെ മറ്റു പൗരന്മാരെ അപേക്ഷിച്ച് പൗരത്വത്തിലും ഭൂമിയുടെ മേലുള്ള അവകാശത്തിലും മൗലിക അവകാശങ്ങളിൽ പോലും ജമ്മു കശ്മീരിലുള്ളവർ വ്യത്യസ്തരായിരുന്നു. ഇത്തരത്തിൽ പ്രത്യേക നിയമ പ്രകാരം സംരക്ഷിക്കപ്പെട്ടിരുന്ന കാര്യങ്ങളെല്ലാം ഇനി മാറും. കേന്ദ്രത്തിന്റെ സംവരണ നിയമങ്ങൾ പ്രകാരം ഇനി സ്‌കൂൾകോളജ് പ്രവേശനം ജമ്മു കശ്മീരിൽ ആർക്കും സാധ്യമാകും. സംസ്ഥാന സർക്കാർ ജോലികൾക്ക് അപേക്ഷ നൽകുന്നതിലും ഈ മാറ്റം പ്രതിഫലിക്കും.

നിയമപ്രകാരം മറ്റു സംസ്ഥാനങ്ങളിലുള്ളവർക്ക് ജമ്മു കശ്മീരിൽ ഭൂമിയോ കെട്ടിടങ്ങളോ വാങ്ങാനാകുമായിരുന്നില്ല. 360ാം വകുപ്പ് പ്രകാരമുള്ള സാമ്പത്തിക അടിയന്തരാവസ്ഥ കശ്മീരിൽ പ്രഖ്യാപിക്കാനും ഇത്രയും നാൾ കേന്ദ്രത്തിന് അധികാരമുണ്ടായിരുന്നില്ല. യുദ്ധമുണ്ടായാലോ സുരക്ഷയ്ക്കു ഭീഷണിയുണ്ടാകും വിധം പുറത്തു നിന്ന് അതിതീവ്രമായ പ്രകോപനപരമായ നീക്കമുണ്ടായാലോ മാത്രമേ ജമ്മു കശ്മീരിൽ കേന്ദ്രത്തിന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ സാധിച്ചിരുന്നുള്ളൂ. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ മാത്രമേ പലപ്പോഴും അടിയന്തരാവസ്ഥ പോലും ഇവിടെ പ്രഖ്യാപിക്കാറുള്ളൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP