Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202430Saturday

ലഡാക്കിൽ സർവ്വസജ്ജമായി ഇന്ത്യൻ സേന ഇറങ്ങുന്നു; ചൈനീസ് പ്രകോപനം ഉണ്ടായാൽ മിനിട്ടുകൾക്കകം തിരിച്ചടിക്കാൻ സൈന്യം സജ്ജം; മലമുകളിലേയ്ക്ക് പീരങ്കിയും വിന്യസിച്ചു; ചുമാർ ഡെംചോക് മേഖലയിൽ ഇന്ത്യൻ സേന എത്തിച്ചത് ടി 90 ടാങ്കുകളും ടി 72 ഹെവിവെയ്റ്റ് ടാങ്കറുകൾ അടക്കമുള്ള ആയുധങ്ങൾ; തയ്യാറെടുപ്പ് മഞ്ഞുകാലം ലക്ഷ്യമാക്കി മുഴുവൻ സമയവും പ്രശ്നബാധിതമായ ലഡാക്ക് മേഖലയിൽ തുടരാൻ വേണ്ടി; മൈനസ് 35 ഡിഗ്രിയിലേക്കെത്തുന്ന താപനില വെല്ലുവിളി

ലഡാക്കിൽ സർവ്വസജ്ജമായി ഇന്ത്യൻ സേന ഇറങ്ങുന്നു; ചൈനീസ് പ്രകോപനം ഉണ്ടായാൽ മിനിട്ടുകൾക്കകം തിരിച്ചടിക്കാൻ സൈന്യം സജ്ജം; മലമുകളിലേയ്ക്ക് പീരങ്കിയും വിന്യസിച്ചു; ചുമാർ ഡെംചോക് മേഖലയിൽ ഇന്ത്യൻ സേന എത്തിച്ചത് ടി 90 ടാങ്കുകളും ടി 72 ഹെവിവെയ്റ്റ് ടാങ്കറുകൾ അടക്കമുള്ള ആയുധങ്ങൾ; തയ്യാറെടുപ്പ് മഞ്ഞുകാലം ലക്ഷ്യമാക്കി മുഴുവൻ സമയവും പ്രശ്നബാധിതമായ ലഡാക്ക് മേഖലയിൽ തുടരാൻ വേണ്ടി; മൈനസ് 35 ഡിഗ്രിയിലേക്കെത്തുന്ന താപനില വെല്ലുവിളി

മറുനാടൻ ഡെസ്‌ക്‌

ലേ: ലഡാക്കിൽ സംഘർഷം തുടരുന്നതിനിടെ ചൈനയും ഇന്ത്യയും വിട്ടുവീഴ്‌ച്ചക്ക് തയ്യാറാകാതെ നിലയുറപ്പിച്ചിരിക്കയാണ്. ഇരു സൈന്യവും മുഖാമുഖം നിൽക്കുന്ന യഥാർത്ഥ നിയന്ത്രണരേഖയോടു ചേർന്നുള്ള ചുമാർ ഡെംചോക് മേഖലയിൽ പുതിയ സൈനികവിന്യാസം നടത്തിയാണ് ഇന്ത്യ രണ്ടും കൽപ്പിച്ചു തന്നെയാണെന്ന് വ്യക്തമാക്കുന്നത്. ടി 90 ടാങ്കുകൾ, ടി 72 ഹെവിവെയ്റ്റ് ടാങ്കറുകൾ, ബി.എംപി 2 ഇൻഫാൻട്രി കോംപാക്ട് വാഹനങ്ങൾ തുടങ്ങിയവയെയാണ് സൈന്യം ഇവിടേയ്ക്ക് എത്തിച്ചത്.

മൈനസ് 40 ഡിഗ്രി വരെ തണുപ്പിൽ പ്രവർത്തിക്കാൻ ശേഷിയുള്ളവയാണ് ഈ ഉപകരണങ്ങൾ. അതേസമയം, ചൈനീസ് സൈന്യം മറുവശത്ത് ടൈപ്പ് 15 ലൈറ്റ് വെയ്റ്റ് ടാങ്കുകളും വിന്യസിച്ചിട്ടുണ്ട്. മഞ്ഞുകാലത്ത് സൈന്യം തുടരും വരുന്ന മഞ്ഞുകാലത്ത് മുഴുവൻ സമയവും പ്രശ്ന ബാധിതമായ ലഡാക്ക് മേഖലയിൽ തുടരാനാണ് ഇന്ത്യൻ സൈന്യത്തിന്റെ നീക്കം. 14,500 അടി ഉയരത്തിലുള്ള ഹിമാലയൻ പ്രദേശത്ത് കഴിഞ്ഞ അഞ്ച് മാസമായി ഇരുസൈന്യങ്ങളും മുഖാമുഖം തുടരുകയാണ്.

സായുധ സൈനികർക്ക് പുറമെ ഹെലികോപ്റ്ററുകളും ട്രാൻസ്പോർട്ട് വിമാനങ്ങളും ഇന്ത്യ ലഡാക്ക് മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. 'രാത്രിയിലോ പകലോ ചൈനയുടെയോ പാക്കിസ്ഥാന്റെയോ ഭാഗത്തു നിന്ന് പ്രകോപനമുണ്ടായാൽ' നേരിടാൻ തയ്യാറാണെന്നാണ് വ്യോമസേനയും അറിയിച്ചിരിക്കുന്നത്. ചൈനയ്ക്കെതിരെ ലഡാക്ക് പോലുള്ള ദുർഘട പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന 'ഫയർ ആൻഡ് ഫ്യൂരി കോർപ്സ്' ലോകത്തു തന്നെ മറ്റൊരിടത്തുമില്ലെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. ഉപകരണങ്ങളുടെ പരിപാലനത്തിനായി എല്ലാ സജ്ജീകരണങ്ങളും നടത്തിയിട്ടുണ്ടെന്നും മേജർ ജനറൽ അരവിന്ദ് കപൂർ വ്യക്തമാക്കി.

ചൈനയുടെ പ്രകോപനമുണ്ടായാൽ മിനിട്ടുകൾക്കകം യഥാർഥ നിയന്ത്രണരേഖയിൽ എത്താൻ സാധിക്കുമെന്നാണ് ഇന്ത്യൻ സൈന്യം അവകാശപ്പെടുന്നത്. ഓഗസ്റ്റ് 29, 30 ദിവസങ്ങളിൽ പാംഗോംഗ് തടാകമേഖലയിൽ പ്രശ്നമുണ്ടായപ്പോൾ ഇന്ത്യ മുഴുവൻ ശക്തിയും പുറത്തെടുത്തെന്നും പ്രദേശത്തെ കാലാവസ്ഥയെ ചെറുക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും ഫയർ ആൻഡ് ഫ്യൂറി കോർപ്സ് തലവൻ വ്യക്തമാക്കി.

നേരത്തെ ആറാംവട്ടവും ചർച്ച നടത്തിയിട്ടും ലഡാക്ക് അതിർത്തിയിൽ നിലവിൽ പിടിച്ചടക്കിയ പ്രദേശത്തു നിന്ന് പിന്മാറണമെന്ന ഇന്ത്യയുടെ ആവശ്യം ചൈന നിരാകരിച്ചിരിച്ചു. തന്ത്രപ്രധാന മേഖലകൾ തങ്ങളുടേതാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ചൈന. എങ്കിലും സംഘർഷത്തിന് അയവര് വരുത്തുന്നതിനുള്ള ആദ്യ ചുവട് എന്ന നിലയിൽ മുൻനിരയിലേക്ക് കൂടുതൽ സൈനിക വിന്യാസം ഇനി വേണ്ടെന്ന് ഇന്ത്യാ-ചൈന സൈനിക തല ചർച്ചയിൽ ധാരണയായി.

ഇരുരാജ്യങ്ങളും ആശയ വിനിമയം ശക്തമാക്കാൻ ചർച്ചയിൽ ധാരണയിലെത്തിയിട്ടുണ്ട്. തെറ്റിദ്ധാരണകൾ മാറ്റാനും സമവായത്തിലെത്തിച്ചേരാനും രണ്ട് രാജ്യങ്ങളിലെയും നേതാക്കൾ തമ്മിൽ ചർച്ചകൾ തുടരണം എന്നാണ് മറ്റൊരു ധാരണ. ഇരുരാജ്യങ്ങളും സംഘർഷം ലഘൂകരിക്കുന്നതിനുള്ള പ്രായോഗിക മാർഗങ്ങൾ സ്വീകരിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു. അതിർത്തിയിൽ സമാധാനം നിലനിർത്തുന്നതിനും അതിർത്തികൾ പരസ്പരം സംരക്ഷിക്കുന്നതിനുള്ള സംയുക്തമായ നീക്കം നടത്തുമെന്നും പ്രസ്താവനയിൽ പറയുന്നു. ഏറ്റവും വേഗം ഏഴാം വട്ട സൈനികതല ചർച്ച നടത്താനും ധാരണയിൽ എത്തിയിട്ടുണ്ട്.

അടുത്തിടെ പാംഗോംഗ് തടാകത്തിന്റെ തെക്കൻ ഭാഗങ്ങളായ റെചിൻ ല, റെസാൻ ലാ, മുക്പരി തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ ഇന്ത്യൻ സൈന്യം ആധിപത്യം നേടിയിരുന്നു. ചൈനീസ് നിയന്ത്രണത്തിലുള്ള സ്പാൻഗുർ ഗ്യാപ്പിലുൾപ്പെടെ ഇന്ത്യയ്ക്ക് ഇതുവഴി ആധിപത്യം ലഭിച്ചിരുന്നു. മാത്രമല്ല ഇന്ത്യൻ മേഖലകളിലേക്ക് പ്രകോപനങ്ങളും നിയമവിരുദ്ധ കടന്നു കയറ്റവും നടത്തുന്നതിൽ നിന്നും ചൈനയെ പിന്തിരിപ്പിക്കാനും ഈ നീക്കം സഹായിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP