Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കരഞ്ഞുപറഞ്ഞപ്പോഴും ആശുപത്രിയിൽ കയറാൻ നൂറുഫോർമാലിറ്റികൾ; മണിക്കൂറുകൾ കാത്തിരുന്ന് മടുത്തപ്പോൾ 28 കാരൻ മുകുളിന്റെ അമ്മയുടെ മരണം കൊണ്ടുവന്ന ഓട്ടോയിൽ; ഭാര്യയുടെ കൈയും പിടിച്ച് ആശുപത്രിക്ക് വെളിയിൽ ശ്വാസം കഴിക്കാൻ വിഷമിക്കുന്ന സുരീന്ദർ; ഡൽഹിയിലെ കാഴ്ചകൾ ഇതെങ്കിൽ അമ്മയുടെ മൃതദേഹം ബൈക്കിൽ കൊണ്ടുപോകുന്ന മകനും മരുമകനും ആന്ധ്രയിൽ; രണ്ടാംതരംഗം താറുമാറാക്കുന്ന ഇന്ത്യൻ ജീവിതങ്ങൾ

കരഞ്ഞുപറഞ്ഞപ്പോഴും ആശുപത്രിയിൽ കയറാൻ നൂറുഫോർമാലിറ്റികൾ; മണിക്കൂറുകൾ കാത്തിരുന്ന് മടുത്തപ്പോൾ 28 കാരൻ മുകുളിന്റെ അമ്മയുടെ മരണം കൊണ്ടുവന്ന ഓട്ടോയിൽ;  ഭാര്യയുടെ കൈയും പിടിച്ച് ആശുപത്രിക്ക് വെളിയിൽ ശ്വാസം കഴിക്കാൻ വിഷമിക്കുന്ന സുരീന്ദർ; ഡൽഹിയിലെ കാഴ്ചകൾ ഇതെങ്കിൽ അമ്മയുടെ മൃതദേഹം ബൈക്കിൽ കൊണ്ടുപോകുന്ന മകനും മരുമകനും ആന്ധ്രയിൽ; രണ്ടാംതരംഗം താറുമാറാക്കുന്ന ഇന്ത്യൻ ജീവിതങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: രണ്ടാം കോവിഡ് തരംഗത്തിൽ രാജ്യതലസ്ഥാനത്ത് ഞെട്ടിക്കുന്ന കാഴ്ചകളാണ് ഓരോ ദിവസവും. അടിയന്തര ചികിത്സ കിട്ടാതെ ഒരു 28 കാരന്റെ അമ്മ ഓട്ടോയിൽ കിടന്ന് മരിച്ചത് ഹൃദയഭേദകമായ കാഴ്ചയായി. ഇന്തോ-ടിബറ്റൻ അതിർത്തി പൊലീസ് കൈകാര്യം ചെയ്യുന്ന ദക്ഷിണ ഡൽഹിയിലെ സർദാർ വല്ലഭായ് പട്ടേൽ കോവിഡ് സെന്ററിൽ പ്രവേശിപ്പിക്കാനാണ് മുകുൾ വ്യാസ് അമ്മയെ ഓട്ടോയിൽ കൊണ്ടുവന്നത്. എന്നാൽ, ഗേറ്റുകൾ തുറന്നില്ല. മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ അമ്മ ഓട്ടോയിൽ വച്ച് തന്നെ മരണമടഞ്ഞപ്പോൾ അയാൾ ഫുട്പാത്തിലിരുന്ന് വിതുമ്പി. അതല്ലാതെ എന്തുചെയ്യാൻ. 52 കാരിയായ കിരൺ വ്യാസാണ് മരണമടഞ്ഞത്. മുകുളിന്റെ സഹോദരൻ അമ്മയുടെ നെഞ്ചിൽ ഇടിച്ച് ഹൃദയമിടിപ്പ് പുനരുജ്ജീവിപ്പിക്കാൻ നോക്കി. എല്ലാം വൈകിയിരുന്നു.

' അവരാണ് എന്റെ അമ്മയെ കൊന്നത്. ഇനി ഞാൻ അമ്മയെ എവിടേക്ക് കൊണ്ടുപോകും. ഞാൻ ഇവിടെ മണിക്കൂറുകൾ കാത്തിരുന്നു. അവർ ഓരോ ഫോർമാലിറ്റികൾ പൂർത്തീകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. മെസേജ്, വാട്‌സാപ്പ്...ഞാൻ അലറിവളിച്ചു...സഹായത്തിനായി..ആരും വിളികേട്ടില്ല. ഇപ്പോൾ എന്റെ അമ്മ വിട്ടുപോയി'-മുകുൾ കരഞ്ഞുകൊണ്ട് പറഞ്ഞു.

എന്താണ് മുകുളിന്റെ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ തടസ്സമായത്. പല കാര്യങ്ങളുടെ കൂട്ടത്തിൽ ജില്ലാ നിരീക്ഷണ ഓഫീസറുടെ റഫറൻസ് വേണമായിരുന്നുവത്രേ. ഒരാൾ മരിച്ചുകൊണ്ടിരിക്കുമ്പോൾ ഇത്തരം നൂറു ചിട്ടവട്ടങ്ങളിലൂടെ പോകാൻ കഴിയുമോ..മണിക്കൂറുകൾ അധികാരികളോട് സംസാരിച്ച് നിരാശനായതിന്റെ അനുഭവം അയാൾ പറഞ്ഞുകൊണ്ടേയിരുന്നു.

രാവിലെ 10 മണി മുതൽ രണ്ടുമണി വരെ സർദാർ വല്ലഭായ് പട്ടേൽ കോവിഡ് സെന്ററിൽ ആകെ താറുമാറായ അവസ്ഥയായിരുന്നു. 500 ബെഡ്ഡുള്ള ആശുപത്രിയിൽ, രോഗികളെ പ്രവേശിപ്പിക്കാനായി ബന്ധുക്കൾ കാത്തുകെട്ടിക്കിടന്നു. മറ്റൊരു രോഗി 40 കാരനായ സുരീന്ദർ സജ്വാൻ ശ്വാസം കഴിക്കാൻ നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. ഫുട്പാത്തിൽ ഭാര്യയുടെ കൈയും പിടിച്ച് അയാൾ ഇരുന്നു. സമീപത്തായി ബന്ധുക്കൾ ആരെയൊക്കെയോ ഫോണിൽ വിളിച്ചുകൊണ്ടിരുന്നു. സെന്ററിൽ ഐസിയുവോ, വെന്റിലേറ്ററോ ഇല്ലാത്തതുകൊണ്ട് ഓക്‌സിജൻ ലെവൽ 85 ൽ താഴെയുള്ളവരെ പ്രവേശിപ്പിക്കുന്നുണ്ടായിരുന്നില്ല. സുരീന്ദറിന്റെ ശ്വാസം മൂട്ടൽ കൂടിക്കൊണ്ടിരുന്നു.

ഡോക്ടർമാർക്ക് നേരേ ആക്രമണം

ഡൽഹി:യിൽ അപ്പോളോ ആശുപത്രിയുടെ പുറത്തായിരുന്നു സംഭവം. രാവിലെ എട്ടിനും പത്തിനും ഇടയ്ക്ക്. എമർജൻസി വാർഡിൽ 67 കാരി മരിച്ചതോടെയാണ് ബന്ധുക്കൾ ഡോക്ടർമാർക്കെതിരെ തിരിഞ്ഞത്. ആശുപത്രിയിൽ ഐസിയു ബെഡ്ഡുകൾ ഒന്നും ലഭ്യമായിരുന്നില്ല. പൊലീസ് ഒരുമണിക്കൂർ കഴിഞ്ഞാണ് എത്തിയത്. ആർക്കും കാര്യമായ പരിക്കൊന്നും ഏറ്റില്ല എന്നു പറഞ്ഞ് സംഭവം നിസ്സാരമാക്കുകയും ചെയ്തു.

അമ്മയുടെ മൃതദേഹം കൊണ്ടുപോയത് ബൈക്കിൽ

ആന്ധ്രയിലെ ശ്രീകാകുളത്ത്, കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചപ്പോൾ മകനും മരുമകനും ചേർന്ന് മൃതദേഹം സംസ്‌കരിക്കാൻ കൊണ്ടുപോയത് ബൈക്കിൽ. അൻപത് വയസുകാരിയായ വീട്ടമ്മയെ കോവിഡ് ലക്ഷണങ്ങളോടെ ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ വൈകാതെ നില ഗുരുതരമാകുകയും മരണമടയുകയുമായിരുന്നു.

ശ്രീകാകുളത്തെ മണ്ഡസ മണ്ഡൽ ഗ്രാമവാസിയായ വീട്ടമ്മയുടെ മൃതദേഹം കൊണ്ടുപോകാൻ മകനും മരുമകനും ആംബുലൻസോ മറ്റ് വലിയ വാഹനങ്ങളോ ലഭിക്കുമോയെന്ന് അന്വേഷിച്ചു. എന്നാൽ എത്ര ശ്രമിച്ചിട്ടും വണ്ടി ലഭിക്കാത്തതിനെ തുടർന്ന് ഇരുവരും മൃതദേഹം ശ്മശാനത്തിലേക്ക് ബൈക്കിൽ കയറ്റി പോകുകയായിരുന്നു.കഴിഞ്ഞ വർഷം കോവിഡ് രൂക്ഷമായ സമയത്ത് ആന്ധ്രാ പ്രദേശ് സർക്കാർ 104 മെഡിക്കൽ യൂണിറ്റുകളും 1088 ആംബുലൻസുകളും പുറത്തിറക്കിയിരുന്നു. എന്നിട്ടും ഇത്തരം ദാരുണ സംഭവങ്ങൾ സംസ്ഥാനത്ത് തുടരുകയാണ്.

ആശുപത്രികളിലെ ജനക്കൂട്ടം ഇന്ത്യക്ക് തിരിച്ചടിയെന്ന് ലോകാരോഗ്യ സംഘടന

ജനങ്ങൾ അനാവശ്യമായി ആശുപത്രിയിലേക്കെത്തുന്നത് ഇന്ത്യയിൽ കോവിഡ് വ്യാപനം വർധിക്കാൻ കാരണമാകുന്നുവെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് ബാധിച്ച 15 ശതമാനത്തിൽ താഴെ രോഗികൾക്ക് മാത്രമെ ആശുപത്രികളിലെ പരിചരണം ആവശ്യമുള്ളൂ. അതിനെക്കാൾ കുറച്ച് പേർക്കു മാത്രമേ ഓക്സിജൻ ആവശ്യമായി വരുന്നുള്ളുവെന്നും ഡബ്ല്യൂഎച്ച്ഒ വക്താവ് താരിക് ജസാറെവിക് പറഞ്ഞു.

നിലവിൽ ഇന്ത്യയിലെ പ്രധാന പ്രശ്നം ധാരാളം പേർ ആശുപത്രികളിലേക്ക് എത്തുന്നു എന്നതാണ്. വിദഗ്ധ ഉപദേശമോ കൃത്യമായ വിവരങ്ങളോ ലഭിക്കാത്തതു കൊണ്ടാണ് അവർ ആശുപത്രികളിലേക്ക് എത്തുന്നത്. ഗുരുതര രോഗമില്ലാത്തവരെ വീടുകളിൽതന്നെ ചികിത്സ നൽകുകയും നിരീക്ഷിക്കുകയും ചെയ്യാൻ കഴിയും.

താഴെത്തട്ടിലുള്ള ആരോഗ്യ പരിചരണ സംവിധാനങ്ങൾ തന്നെ രോഗികളെ കണ്ടെത്തുകയും അവർക്ക് വിദഗ്ധ ഉപദേശം നൽകി വീടുകളിൽതന്നെ കഴിഞ്ഞ് രോഗമുക്തി നേടാൻ പ്രേരിപ്പിക്കുകയുമാണ് വേണ്ടത്. ഹോട്ട്ലൈൻ സംവിധാനത്തിലൂടെയും ഡാഷ്ബോർഡുകൾ വഴിയും കൃത്യമായ വിവരങ്ങൾ ലഭ്യമാക്കണം.

വലിയ ജനക്കൂട്ടങ്ങൾ അനുവദിക്കുക, തീവ്രവ്യാപന ശേഷിയുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തുക, കുറച്ചു പേർക്കുമാത്രം വാക്സിൻ ലഭ്യമാക്കുക, വ്യക്തിസുരക്ഷയിൽ വീഴ്ച വരുത്തുക എന്നീ സാഹചര്യങ്ങൾ ഉണ്ടായാൽ ഏത് രാജ്യത്തും സ്ഥിതിഗതികൾ അതീവ ഗുരുതരമാകാം എന്നും ഡബ്ല്യൂഎച്ച്ഒ വക്താവ് മുന്നറിയിപ്പ് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP