Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു; ആകെ മരണം 75; 24 മണിക്കൂറിനിടെ 525 പോസിറ്റീവ് കേസുകൾ കൂടി; തമിഴ്‌നാട്ടിൽ ഇന്ന് മരിച്ച രണ്ടുപേരിൽ ഒരാൾ നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തയാൾ; തമിഴകത്തെ രോഗികളിൽ 75ൽ 73പേരും നിസാമുദ്ദീനിൽനിന്ന് മടങ്ങിയെത്തിയവർ; ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ ഇതുവരെ 26 മരണം; ധാരാവിയിൽ മരിച്ച 56കാരൻ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത മലയാളികളുമായി ഇടപഴകിയെന്ന് പൊലീസ്; കോവിഡിനോട് പൊരുതി ഇന്ത്യ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 525 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 3072 ആയി. ഇതിൽ 2,784 പേർ നിലവിൽ ചികിത്സയിലാണ്. 213 പേർ രോഗമുക്തി നേടി. 75 പേർക്ക് മരണത്തിനു കീഴടങ്ങിയെന്നും കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. കേരളത്തിൽ ശനിയാഴ്ച 11 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം വിദേശരാജ്യങ്ങളിലെ നിരക്ക് നോക്കുമ്പോൾ ഇന്ത്യയിൽ രോഗത്തിന്റെ വ്യാപനം താരതമ്യേന പതുക്കെയാണെന്നത് ആശ്വാസമാവുന്നുണ്ട്.

അതിനിടെ തമിഴ്‌നാട്ടിൽ കോവിഡ് മരണം മൂന്നായി. ഇന്നു മാത്രം രണ്ടുപേരാണ് മരിച്ചത്. ഡൽഹി നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്തിന്റെ പരിപാടിയിൽ പങ്കെടുത്തു തിരിച്ചെത്തിയ വില്ലുപുരം സ്വദേശിയായ അൻപത്തിയൊന്നുകാരൻ, തേനിയിൽ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ ഭാര്യ (54) എന്നിവരാണു മരിച്ചത്. സമ്മേളനത്തിൽ പങ്കെടുത്ത മറ്റൊരാൾ സേലത്ത് മരണപ്പെട്ടെങ്കിലും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. രോഗികളുടെ എണ്ണം നാനൂറ് കടന്നതോടെ വൈറസിന് ജനിത മാറ്റം സംഭവിച്ചോയെന്നു പഠിക്കാനായി തമിഴ്‌നാട് വിദഗ്ധ സമിതിയെ നിയോഗിച്ചു.

കഴിഞ്ഞയാഴ്ചയാണ് 51കാരൻ തബ്ലീഗ് സമ്മേളനം കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയത്. നാലുദിവസം മുമ്പ് രോഗലക്ഷണങ്ങളോടെ വില്ലുപുരം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. കടുത്ത ശ്വാസതടസത്തെ തുടർന്ന് രാവിലെ 7.40ന് മരണത്തിനു കീഴടങ്ങി. സേലത്ത് മരിച്ചയാൾ മാർച്ച് 18നാണ് ഡൽഹിയിൽനിന്നു തിരികെയെത്തിയത്. വൃക്ക സംബന്ധമായ അസുഖവും പ്രമേഹവും ശ്വാസതടസ്സവുമുണ്ടായിരുന്നു. ഇയാളുടെ പരിശോധന ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. നാലു ദിവസത്തിനിടെ 380 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
തമിഴ്‌നാട്ടിൽ 74 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

ഇതിൽ 73 പേരും നിസാമുദ്ദീനിൽ നിന്ന് മടങ്ങിയെത്തിവരാണ്. ഇതോടെ തമിഴ്‌നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം 485 ആയി. കൊവിഡ് പ്രതിരോധത്തിന് കടുത്ത വെല്ലുവിളി ആവുകയാണ് നിസ്സാമുദ്ദിനീൽ നിന്നെത്തിയവരുടെ നീണ്ട സമ്പർക്ക പട്ടിക. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ച 485 പേരിൽ 437 ഉം തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. കണ്ടെയ്ന്മെന്റ് പദ്ധതിയുടെ ഭാഗമായി തിരിച്ചറിയുന്നവരുടെ സമീപത്തെ എല്ലാ വീടുകളിലും പരിശോധന വിപുലപ്പെടുത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. ആവശ്യസാധനങ്ങളുടെ വിൽപ്പന സമയം വെട്ടിചുരുക്കി.അതേസമയം നിയന്ത്രണങ്ങൾ മറികടന്ന് തെങ്കാശിയിൽ പ്രാർത്ഥനാ ചടങ്ങിലെത്തിയ 300 ലധികം പേരെ പൊലീസ് ലാത്തിവീശി പിരിച്ചുവിട്ടു. നിയന്ത്രണങ്ങൾ മറികടന്ന് പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്തവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 300 പേർക്കെതിരെയാണ് കേസെടുത്തത്.

ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ ഇതുവരെ 26 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 537 കേസുകളാണ് സംസ്ഥാനത്ത് ഇതുവരേയും റിപ്പോർട്ട് ചെയ്തത്. അതിനിടെ മുംബൈയിലെ ധാരാവിയിൽ മരിച്ച 56കാരൻ തബ്ലീഗ് മത സമ്മേളനത്തിൽ പങ്കെടുത്ത മലയാളികളുമായി ഇടപഴകിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സമ്മേളനത്തിൽ പങ്കെടുത്ത് മുംബൈയിലെത്തിയ സംഘത്തിന് ഇദ്ദേഹം താമസസൗകര്യം ഒരുക്കിയെന്നാണ് കണ്ടെത്തിയത്. രാജ്യത്തെ കൊവിഡ് ബാധിതരിലധികവും യുവാക്കളും മധ്യവയസ്‌കരുമാണെന്ന കണക്കാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. 19 ശതമാനം രോഗികൾ 20 വയസ്സിൽ താഴെയുള്ളവർ.

21 നും നാല്പതിനും മധ്യേ പ്രായമുള്ളവർ നാല്പത് ശതമാനം. നാല്പത്തിയൊന്നിനും അറുപതിനും ഇടയിൽ പ്രായമുള്ളവർ 33 ശതമാനം. ലോക്ക് ഡൗണ് പിൻവലിക്കാൻ പത്ത് ദിവസം ശേഷിക്കേ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നത് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് കേന്ദ്ര സർക്കാർ. അടിയന്തര സാഹചര്യം നേരിടാൻ രൂപീകരിച്ച സമിതിയുമായി പ്രധാനമന്ത്രി ചർച്ച നടത്തി. പ്രതിരോധ സാമഗ്രികൾ ,വെന്റിലേറ്റർ എന്നിവയുടെ ലഭ്യത വിലയിരുത്തി. ചൊവ്വാഴ്ച മന്ത്രിതല ഉപസമിതി ചേരും. ബുധനാഴ്ചയാണ് പ്രധാനമന്ത്രി വിളിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗം. വീഡിയോ കോൺഫറൻസ് വഴിയാണ് ഇരു യോഗങ്ങളും.

കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർധൻ ഡൽഹി എൽജെപി ആശുപത്രിയിലെത്തി സൗകര്യങ്ങൾ വിലയിരുത്തി. എൽജെപി, ജെബി പന്ത് ആശുപത്രികൾ 2000 കിടക്കകളുള്ള കൊവിഡ് കേന്ദ്രങ്ങളാക്കിമാറ്റും. അതിനിടെ അടുത്ത 15 മുതൽ സർവ്വീസ് പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ റെയിൽവേ തുടങ്ങി. ഇൻഡിഗോ, സ്പെസ് ജറ്റ്, ഗോ എയർ എന്നീ വിമാനക്കമ്പനികളും ആഭ്യന്തര ബുക്കിങ് ആരംഭിച്ചു. എന്നാൽ ലോക്ഡൗണിൽ കേന്ദ്ര നിർദ്ദേശം ലഭിച്ചശേഷം മാത്രം ബുക്കിങ്ങെന്ന നിലപാടിലാണ് എയർ ഇന്ത്യ. ടിക്കറ്റ് വിൽപന നിർത്തിയത് ഈമാസം 30 വരെ നീട്ടുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP