Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തുറന്നു കാട്ടൽ കൂടുന്നുവെന്ന ആക്ഷേപത്തിനിടയിലും ഹണിമൂൺ ആഘോഷം വൈറലാക്കിയ മലയാളി ദമ്പതികളെ തേടി ബിബിസിയും എത്തി; ഹോട്ട് ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ മൂലം തങ്ങൾ സൈബർ ആക്രമണം നേരിടുകയാണെന്ന് യുവ ദമ്പതികൾ

തുറന്നു കാട്ടൽ കൂടുന്നുവെന്ന ആക്ഷേപത്തിനിടയിലും ഹണിമൂൺ ആഘോഷം വൈറലാക്കിയ മലയാളി ദമ്പതികളെ തേടി ബിബിസിയും എത്തി; ഹോട്ട് ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ മൂലം തങ്ങൾ സൈബർ ആക്രമണം നേരിടുകയാണെന്ന് യുവ ദമ്പതികൾ

പ്രത്യേക ലേഖകൻ

 ലണ്ടൻ: മറച്ചു വയ്ക്കേണ്ടത് ഒക്കെ തുറന്നു കാട്ടുന്നുവെന്ന ആക്ഷേപമാണ് കുറേക്കാലമായി മലയാളിയുടെ സദാചാര ബോധത്തെ ഇക്കിളിപ്പെടുത്തി കൊണ്ടിരിക്കുന്നത്. ഷക്കീല സിനിമക്കാലത്തെ ഓർമ്മിപ്പിക്കും വിധം സേവ് ദി ഡേറ്റ്, ഹണിമൂൺ ഫോട്ടോഷൂട്ടുകൾ വൈറലായി മാറിയ ഇക്കാലത്ത് അത്തരം ചിത്രങ്ങൾ വഴി ശ്രദ്ധ പിടിച്ചു പറ്റാൻ ശ്രമിക്കുന്ന മലയാളി യുവത്വത്തിന് ബ്രിട്ടൻ ഉൾപ്പെടെ വിദേശ രാജ്യങ്ങളിലും ശ്രദ്ധ കിട്ടി തുടങ്ങിയിരിക്കുന്നു.

ഇതോടെ കണ്ടതൊന്നുമല്ല, കാണാൻ ഇരിക്കുന്നതാകും ഇത്തരം കാഴ്ചകളുടെ സ്വർഗീയ ഭൂമിക മലയാളിക്ക് മുന്നിൽ തുറന്നിടുക എന്നോർമ്മപ്പെടുത്തി സെലിബ്രിറ്റി ഫോട്ടോഷൂട്ടുകൾ പൂർണ നഗ്നതയുടെ പ്രചാര ജോലികളും ഏറ്റെടുത്തിയിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് ചാലക്കുടിയിലെ വിവാഹ ഫോട്ടോഗ്രാഫർ ആയ അഖിൽ കാർത്തികേയൻ എടുത്ത ചിത്രങ്ങൾ വായനക്കാരുമായി പങ്കുവയ്ക്കാൻ ബിബിസി തയ്യാറായിരിക്കുന്നത്.

രണ്ടു വർഷം മുൻപ് വവ്വാൽ ഫോട്ടോഗ്രാഫി എന്ന പേരിൽ പ്രശസ്തനായ വിഷ്ണു എടുത്ത ചിത്രങ്ങളും ബിബിസി വലിയ പ്രാധാന്യത്തോടെയാണ് വാർത്തയാക്കി മാറ്റിയത്. അന്ന് ഫോട്ടോഗ്രാഫിയിൽ വിഷ്ണു കാണിച്ച ആത്മാർത്ഥയാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ നേടിയെടുത്തതെങ്കിൽ ഇപ്പോൾ വിവാഹ ഫോട്ടോ ഷൂട്ടുകളിൽ കടന്നു വരുന്ന പുത്തൻ ട്രെന്റുകളാണ് ബിബിസി അടക്കമുള്ള അന്താരഷ്ട്ര മാധ്യമങ്ങളുടെ കണ്ണ് കേരളത്തിലേക്ക് എത്താൻ കാരണം. ഒരു പാരമ്പര്യ ഹിന്ദു വിവാഹ കാഴ്ചകൾ എന്ന പേരിൽ അഖിൽ കാർത്തികേയൻ സാമൂഹ്യ മാധ്യമങ്ങളിൽ നൽകിയ നവവരനും വധുവും നഗ്നരെന്നു തോന്നിപ്പിക്കും വിധം വലിയ ടവൽ മറയ്ക്കുള്ളിൽ എടുത്ത ചിത്രങ്ങൾ ഹൈന്ദവ സമൂഹത്തിൽ നിന്നും വലിയ തരത്തിൽ പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരുന്നു.

ഇങ്ങനെയല്ല പാരമ്പര്യ വിവാഹ കാഴ്ചകൾ എന്നതായിരുന്നു വിമർശകരുടെ ആക്ഷേപം. ഏതായാലും വിവാദമായതോടെ ഫോട്ടോഷൂട്ടുകൾ വ്യാപകമായി ലോകമെമ്പാടും മലയാളികളുടെ ഫോണുകളിലും കാഴ്ചയുടെ വസന്തമായി പറന്നെത്തി. ഇതോടെ മാധ്യമങ്ങളും ഇതേക്കുറിച്ചു വിശദമായ വാർത്തകൾ നൽകി, ഈ സാഹചര്യത്തിലാണ് ഫോട്ടോഷൂട്ട് വിശേഷങ്ങളുമായി ബിബിസി കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയത്. ഫോട്ടോകൾ പുറത്തു വന്ന ശേഷം തങ്ങൾ കടുത്ത സൈബർ ആക്രമണം നേരിടുകയാണ് എന്ന ദമ്പതികളുടെ ഭാഗമാണ് ബിബിസി പ്രാധാന്യം നൽകി പ്രസിദ്ധീകരിച്ചത്.

ബിബിസിയിൽ അടുത്തകാലത്തായി ഇത്തരം വാർത്തകൾ പതിവായി വന്നു തുടങ്ങിയതോടെ കൂടുതൽ പ്രശസ്തി ആഗ്രഹിക്കുന്നവർ ഇനിയും ഇത്തരം കാഴ്ചകളുമായി എത്തും എന്ന് വിമർശകരും ആശങ്കപ്പെടുന്നു. ബ്രിട്ടീഷ് മലയാളിയിലും വിമർശക രൂപത്തിൽ ലണ്ടനിൽ നിന്നുള്ള സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ജോസ്‌ന ഇതേക്കുറിച്ചു എഴുതിയിരുന്നു.

എന്നാൽ ഓൺലൈൻ തെറിവിളികൾ കൊണ്ട് തങ്ങൾ ചിത്രങ്ങൾ പിൻവലിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നാണ് ദമ്പതികളായ ലക്ഷ്മിയും ഋഷി കാർത്തിക്കും ബിബിസി യോട് വെളിപ്പെടുത്തിയത്. തേയില തോട്ടത്തിന്റെ പാശ്ചാത്തലത്തിൽ വെളുത്ത തുണിയിൽ പൊതിഞ്ഞ നിലയിലാണ് ഇവർ ഫോട്ടോഷൂട്ട് നടത്തിയത്. എന്നാൽ ചില ഷോട്ടുകളിൽ നഗ്നതയുടെ അതിപ്രസരം ഉണ്ടായി എന്നാണ് വിമർശകരെ ചൊടിപ്പിച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ വിവാഹിതരായ ഇവരുടെ ഹണിമൂൺ പ്ലാനുകൾ ഒക്കെ കോവിഡ് നിയന്ത്രണം മൂലം നഷ്ടമായിരുന്നു. തുടർന്നാണ് ഇങ്ങനെയൊരു ഐഡിയ പിറന്നതെന്നും ഇവർ പറയുന്നു.

പ്രണയവും വീട്ടുകാരുടെ സമ്മതവും ചേർന്നുള്ള വിവാഹം ആയതിനാൽ ഫോട്ടോഷൂട്ടിലേക്ക് എത്തുമ്പോൾ തങ്ങൾ തികച്ചും സ്വതന്ത്ര വ്യക്തികൾ ആയിരുന്നു എന്നാണ് ലക്ഷ്മി ബിബിസിയോട് വെളിപ്പെടുത്തുന്നത്. ജീവിതത്തിൽ സ്വാതന്ത്ര്യം ആദ്യമായി തോന്നുമ്പോൾ ഇങ്ങനെ ഒക്കെ ചെയ്യാനാകുന്നത് രസകരമായ കാര്യം ആണെന്നും ലക്ഷ്മി തുടരുന്നു. ടെലികോം കമ്പനി ജീവനക്കാരനായ ഋഷിയും എൻജിനിയറിങ് പാസ് ഔട്ട് ആയ ലക്ഷ്മിയും ഫോട്ടോ ഷൂട്ട് വൈറൽ ആയതിനെ തുടർന്ന് ഒരേ തരത്തിൽ പ്രശസ്തിയും കുപ്രശസ്തിയും അനുഭവിക്കുകയാണ്.

''വളരെ നിയന്ത്രണത്തോടു കൂടി നടത്തിയ കോവിഡ് കാല കല്യാണം എന്ന നിലയിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംബന്ധിക്കാനായത്. തങ്ങൾ വിവാഹിതരായി എന്ന് ലോകത്തെ അറിയിക്കാൻ ഏറ്റവും നല്ല വാസി ഫോട്ടോ ഷൂട്ട് ആണെന്ന് തോന്നിയതിനാലാണ് ഇങ്ങനെ ഒന്ന് പ്ലാൻ ചെയ്തത്. വളരെ റൊമാന്റിക് ആയ ചിത്രീകരണത്തിന് പല ഐഡിയകൾ തപ്പിയ ശേഷമാണ് ഇങ്ങനെ ഒന്ന് തീരുമാനിച്ചത്.'' തങ്ങൾ വൈകാരികമായ ഫോട്ടോ ഷൂട്ടിലേക്കു നടനെത്തിയത് ഋഷി ബിബിസിയോട് വിവരിച്ചത് ഇപ്രകാരമാണ്. എന്നാൽ ചിത്രങ്ങൾ ഋഷി ഫേസ്‌ബുക്കിൽ അപ്ലോഡ് ചെയ്തതോടെ കാര്യങ്ങൾ കൈവിടുകയായിരുന്നു. തെറിവിളിയും ഭീക്ഷണിയും അന്നുമുതൽ തുടങ്ങിയതാണ്. എവിടെ ചെന്നാലും തുറിച്ചു നോട്ടങ്ങളും കുറവല്ല. എന്നാൽ ഇതുവഴി കൂടുതൽ ബോൾഡ് ആയി ജീവിതത്തെ സമീപിക്കാനും സാധിച്ചുവെന്നും ഇരുവരും പറയുന്നു.

തങ്ങൾ പ്രശസ്തിക്കും ശ്രദ്ധ പിടിച്ചു പറ്റാനും ചെയ്ത കാര്യം എന്ന വിമർശത്തെ ഇരുവരും പുച്ഛിച്ചു തള്ളുകയാണ്. തങ്ങളുടടെ സൊകര്യതയിൽ ഒളിഞ്ഞു നോക്കാൻ സമൂഹത്തിനു വലിയ പാരന്റിങ് റോൾ ഒന്നും ഇല്ലെന്നും ലക്ഷ്മി പറയുന്നു. ചീത്ത വിളികൾ ഊടുത്താൽ കേൾക്കേണ്ടി വന്നതും ലക്ഷ്മിയാണ്. പോൺ സിനിമയിൽ അഭിനയിച്ചു കൂടെ എന്നുവരെ കേൾക്കേണ്ടി വന്നെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു. ചീത്ത വിളിക്കാൻ വന്നവരിൽ കുറെ സ്ത്രീകളും ഉണ്ടായിരുന്നു.

അവർ എന്റെ പഴയ ചിത്രങ്ങൾ തപ്പിയെടുത്തു സൗന്ദര്യം ഇല്ലെന്ന കുറവും കണ്ടുപിടിച്ചു കളഞ്ഞു. എന്നാൽ ഏതാനും ദിവസം കഴിഞ്ഞപ്പോൾ പിന്തുണയ്ക്കുന്നവരുടെ എണ്ണമായി കൂടുതൽ. ചീത്ത വിളിച്ചവരെയും പിന്തുണയ്ക്കാൻ വന്നവരെയും ഞങ്ങൾക്കറിയില്ല. രണ്ടും ഒരേ സമൂഹത്തിൽ നിന്നും തന്നെയാണ്. അതിനാൽ ചുരുക്കത്തിൽ ഞങ്ങൾ സംതൃപ്തരാണ് - ലക്ഷ്മി വ്യക്തമാകുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP