Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗാൽവാൻ സംഘർഷത്തിൽ 35 ചൈനീസ് സൈനികരും കൊല്ലപ്പെട്ടെന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്; സംഘർഷത്തിൽ പരിക്കേറ്റ നാല് ഇന്ത്യൻ സൈനികരുടെ നില ഗുരുതരം; സൈനികരുടെ ധീരതയും ത്യാഗവും രാഷ്ട്രം ഒരിക്കലും മറക്കില്ലെന്ന് രാജ്‌നാഥ് സിങ്; അവരുടെ നഷ്ടം വേദനാജനകമെന്നും ഇന്ത്യൻ പ്രതിരോധമന്ത്രി; കര, വ്യോമ, നാവിക സേനാ മേധാവിമാരുടെ യോഗം ഡൽഹിയിൽ ചേരുന്നു; ആയുധ വിന്യാസം ആരംഭിച്ചു; അടിയന്തര നടപടി സ്വീകരിക്കാൻ സൈന്യത്തിന് സ്വാതന്ത്ര്യം; ഏകോപന ചുമതല ബിപിൻ റാവത്തിന്

ഗാൽവാൻ സംഘർഷത്തിൽ 35 ചൈനീസ് സൈനികരും കൊല്ലപ്പെട്ടെന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്; സംഘർഷത്തിൽ പരിക്കേറ്റ നാല് ഇന്ത്യൻ സൈനികരുടെ നില ഗുരുതരം; സൈനികരുടെ ധീരതയും ത്യാഗവും രാഷ്ട്രം ഒരിക്കലും മറക്കില്ലെന്ന് രാജ്‌നാഥ് സിങ്; അവരുടെ നഷ്ടം വേദനാജനകമെന്നും ഇന്ത്യൻ പ്രതിരോധമന്ത്രി; കര, വ്യോമ, നാവിക സേനാ മേധാവിമാരുടെ യോഗം ഡൽഹിയിൽ ചേരുന്നു; ആയുധ വിന്യാസം ആരംഭിച്ചു; അടിയന്തര നടപടി സ്വീകരിക്കാൻ സൈന്യത്തിന് സ്വാതന്ത്ര്യം; ഏകോപന ചുമതല ബിപിൻ റാവത്തിന്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഗാൽവാൻ സംഘർഷത്തിൽ 35 ചൈനീസ് സൈനികർ കൊല്ലപ്പെട്ടെന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. ഇക്കാര്യം ഫോക്‌സ് ന്യൂസ് റിപ്പോർട്ടു ചെയ്തു. ഇന്ത്യൻ പക്ഷത്തു നിന്നും 20 സൈനികർ വീരമൃത്യു വരിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഒരു ചൈനീസ് കമാൻഡറും കൊല്ലപ്പെട്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ അതിർത്തിയിൽ സ്ഥിതിഗതികൾ ഗുരുതരമായി തുടരുകയാണ്. അതേസമയം ഗൽവാൻ താഴ് വരയിൽ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കേണലടക്കം 20 ഇന്ത്യൻസൈനികർ വീരമൃത്യു വരിച്ചതിൽ പ്രതികരണവുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങും രംഗത്തെത്തി.

സൈനികരുടെ ധീരതയും ത്യാഗവും രാഷ്ട്രം ഒരിക്കലും മറക്കില്ലെന്നും അവരുടെ നഷ്ടം വേദനാജനകമാണെന്നും രാജ്നാഥ് പറഞ്ഞു. ട്വിറ്റിറിലൂടെയായിരുന്നു രാജ്നാഥിന്റെ പ്രതികരണം. 'ഗൽവാനിലെ സൈനികരുടെ നഷ്ടം അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതും വേദനാജനകവുമാണ്. നമ്മുടെ സൈനികർ മാതൃകാപരമായ ധൈര്യവും വീര്യവും അവരുടെ കർമത്തിൽ പ്രകടിപ്പിക്കുകയും ഇന്ത്യൻ സൈന്യത്തിന്റെ ഉയർന്ന പാരമ്പര്യമനുസരിച്ച് ജീവൻ ത്യജിക്കുകയും ചെയ്തു.

രാജ്യം അവരുടെ ധീരതയും ത്യാഗവും ഒരിക്കലും മറക്കില്ല. വീണുപോയ സൈനികരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ഈ പ്രയാസകരമായ ഘട്ടത്തിൽ രാജ്യം അവരോടൊപ്പം തോളോട് തോൾചേർന്ന് നിൽക്കുന്നു. സൈനികരുടെ ധീരതയിൽ രാജ്യം അഭിമാനം കൊള്ളുന്നു' രാജ്നാഥ് ട്വീറ്റ് ചെയ്തു. ലഡാക്കിലെ സംഘർഷത്തിന് ശേഷം രാഷ്ട്രീയ നേതൃത്വത്തിൽ നിന്ന് പ്രതികരണമുണ്ടാകുന്നത് ആദ്യമായാണ്. ഇന്ത്യ - ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് സേനാ മേധാവിമാരുടെ യോഗം വിളിച്ചു. കര, വ്യോമ, നാവിക സേനാ മേധാവിമാർക്കൊപ്പം സംയുക്ത സേനാ മേധാവിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

ചൈനീസ് ആക്രമണത്തിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ ചൈനീസ് കമാൻഡറും കൊല്ലപ്പെട്ടു. ചൈനീസ് ആക്രമണത്തിന് നേതൃത്വം നൽകിയ ആളാണ് കൊല്ലപ്പെട്ടതെന്ന് സർക്കാരിനെ ഉദ്ധരിച്ച് വാർത്താഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. സംഘർഷത്തിൽ ഐക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിൽ അമേരിക്ക അനുശോചനം രേഖപ്പെടുത്തി. സ്ഥിതി ഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് അമേരിക്കൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതേസമയം ഇന്ത്യ-ചൈന അതിർത്തിയിൽ ആയുധവിന്യാസം നടത്താൻ സൈന്യത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്. സംഭരണ കേന്ദ്രങ്ങളിൽ നിന്ന് സേന ആയുധനീക്കം ആരംഭിച്ചു. അതിർത്തിയിൽ ഇന്ത്യ സന്നാഹങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനാണ് കേന്ദ്രം ഏകോപന ചുമതല നൽകിയിരിക്കുന്നത്.അതിർത്തിയിൽ ചൈന പ്രകോപനം തുടരുകയാണെങ്കിൽ അടിയന്തര നടപടി സ്വീകരിക്കാൻ സൈന്യത്തിന് സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം സംഘർഷത്തിൽ പരിക്കേറ്റ നാല് സൈനികരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ 20 സൈനികരാണ് വീരമൃത്യു വരിച്ചത്. ഇരുവിഭാഗവും വെടിവെപ്പ് നടത്തിയിട്ടില്ല. ഇരുമ്പുദണ്ഡുകളും കല്ലുകളും തോക്കിന്റെ പാത്തിയും ഉപയോഗിച്ചാണ് ആക്രമിച്ചത്. പരിക്കേറ്റ സൈനികർ കൊടും തണുപ്പുള്ള ഗൽവാൻ നദിയിൽ വീണതാണ് മരണസംഖ്യ കൂടാൻ ഇടയാക്കിയത്. ആളപായമുണ്ടായതോടെ ഇരുസൈനികരും രാത്രി സ്വയം പിന്മാറുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് ഇന്ത്യൻ കേണലും രണ്ട് സൈനികരും വീരമൃത്യു വരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റ് 17പേർ അതിർത്തിയിലെ കൊടുംതണുപ്പ് മൂലമാണ് മരിച്ചതെന്നും കരസേന വാർത്തക്കുറിപ്പിൽ അറിയിച്ചു.

മരണസംഖ്യ ഉയർന്നേക്കാമെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ സൈനികരെ കാണാതായതായും വാർത്തകളുണ്ട്. ഇരു വിഭാഗവും തമ്മിൽ മണിക്കൂറുകൾ നീണ്ട ഏറ്റമുട്ടലാണ് ഉണ്ടായതെന്ന് സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഗൽവാനിൽ ഒരു മാസത്തിലേറെയായി തുടരുന്ന സംഘർഷം ലഘൂകരിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് തിങ്കളാഴ്ച രാത്രി ഏറ്റുമുട്ടലുണ്ടായത്.

കഴിഞ്ഞ മാസം ഗൽവാൻ താഴ്‌വരയിലെ ഇന്ത്യയുടെ 80 കിലോമീറ്റർ ഭൂപ്രദേശം ചൈന കൈയേറിയിരുന്നു. ഈ ഭാഗത്തുനിന്ന് ഇരു സൈന്യങ്ങളും പിന്മാറിയെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതിനു പിന്നാലെയാണ് ആക്രമണം. ഇരു സൈന്യങ്ങളുടേയും മേജർ ജനറൽ തല ചർച്ചയും സംഘർഷസ്ഥലത്ത് നടന്നു. പ്രതിരോധ സേന മേധാവി ജനറൽ ബിപിൻ റാവത്തും മറ്റ് സൈനിക മേധാവികളുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിഷയം ചർച്ച ചെയ്തു. 1975നു ശേഷം ഇതാദ്യമാണ് ഇന്ത്യ-ചൈന അതിർത്തിയിൽ സൈനികർ കൊല്ലപ്പെടുന്നത്. 1975ൽ അരുണാചൽപ്രദേശിലെ തുലുങ് ലായിൽ പട്രോളിങ് നടത്തുകയായിരുന്ന അസം റൈഫിൾസിലെ നാല് ഭടന്മാർ ചൈനീസ് ആക്രമണത്തിൽ കൊല്ലപ്പെട്ടതാണ് അവസാന സംഭവം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP