Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചൈനയെ നേരിടാൻ ആയുധശേഷി കൂട്ടാൻ ഒരുങ്ങി രാജ്യം; സൈന്യത്തിന് ആയുധങ്ങൾ വാങ്ങാൻ അനുമതി നൽകി കേന്ദ്രസർക്കാർ; അടിയന്തര ഇടപാടുകൾക്ക് 500 കോടി വരെ ചെലവിടാം; രണ്ടാം ലോകമഹായുദ്ധത്തിന്റെ 75ാം വാർഷികത്തിൽ പങ്കെടുക്കാൻ മോസ്‌കോയിലേക്ക് പ്രതിരോധ മന്ത്രി യാത്ര തിരിക്കുന്നത് സൈന്യത്തോട് അതിർത്തിയിൽ സർവ്വസജ്ജരായിരിക്കാൻ നിർദ്ദേശം നൽകിയ ശേഷം; ചൈന വിരുദ്ധ വികാരം രാജ്യത്ത് അണപൊട്ടുന്നതിനിടെ 500 കോടിയുടെ ചൈനീസ് കരാർ റദ്ദാക്കി മുംബൈ മെട്രോയും

ചൈനയെ നേരിടാൻ ആയുധശേഷി കൂട്ടാൻ ഒരുങ്ങി രാജ്യം; സൈന്യത്തിന് ആയുധങ്ങൾ വാങ്ങാൻ അനുമതി നൽകി കേന്ദ്രസർക്കാർ; അടിയന്തര ഇടപാടുകൾക്ക് 500 കോടി വരെ ചെലവിടാം; രണ്ടാം ലോകമഹായുദ്ധത്തിന്റെ 75ാം വാർഷികത്തിൽ പങ്കെടുക്കാൻ മോസ്‌കോയിലേക്ക് പ്രതിരോധ മന്ത്രി യാത്ര തിരിക്കുന്നത് സൈന്യത്തോട് അതിർത്തിയിൽ സർവ്വസജ്ജരായിരിക്കാൻ നിർദ്ദേശം നൽകിയ ശേഷം; ചൈന വിരുദ്ധ വികാരം രാജ്യത്ത് അണപൊട്ടുന്നതിനിടെ 500 കോടിയുടെ ചൈനീസ് കരാർ റദ്ദാക്കി മുംബൈ മെട്രോയും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ചൈന അതിർത്തിയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ സൈന്യത്തിന് കൂടുതൽ ആയുധം വാങ്ങാൻ കേന്ദ്രസർക്കാർ അനുമതി നൽകി. നിലവിലെ സംഘർഷസാധ്യത അടുത്തങ്ങും തീരാൻ സാധ്യത ഇല്ലെന്ന് കണ്ടാണ് ഇപ്പോൾ ആയുധശേഷി കൂട്ടാൻ കേന്ദ്രം സൈന്യത്തിന് അനുമതി നൽകിയത്. റഷ്യയുമായുള്ള വിമാന ഇടപാട് അടക്കം വിപുലപ്പെടാൻ സാധ്യത കൂടുതലാണ്. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളുന്ന ഘട്ടത്തിൽ തന്നെയാണ് സൈന്യത്തിനും സാമ്പത്തിക ഇടപാടുകൾക്ക് കൂടുതൽ അനുമതി നൽകിയത്.

നേരത്തെ ചൈനയുടെ പ്രകോപനങ്ങൾക്ക് തിരിച്ചടി നൽകാൻ സജ്ജരായിരിക്കാൻ സേനാമേധാവിമാർക്കു പ്രതിരോധമന്ത്രി നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് അടിയന്തര ആവശ്യങ്ങൾ മുൻനിർത്തി ആയുധങ്ങൾ വാങ്ങാൻ സൈന്യത്തിന് അനുമതി നൽകുകയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ 75ാം വാർഷികത്തിൽ പങ്കെടുക്കാൻ മോസ്‌കോയിലേക്ക് യാത്ര തിരിക്കുന്നതിനു മുന്നോടിയായാണു പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് മൂന്ന് സേനാമേധാവിമാരെയും സംയുക്ത മേധാവിയെയും കണ്ടത്. കിഴക്കൻ ലഡാക്കിലെ തുടർ പ്രതിരോധ നീക്കങ്ങൾ ചർച്ച ചെയ്തു. ചൈനയുടെ ഭാഗത്തു നിന്നും ഇനിയും പ്രകോപനം ഉണ്ടായാൽ തിരിച്ചടിക്കണം എന്ന നിർദേശമാണ് നൽകിയിരിക്കുന്നത്. മൂന്ന് സേനാവിഭാഗങ്ങളോടും സജ്ജരായിരിക്കാനും ചൈനയുടെ നീക്കങ്ങൾ ജാഗ്രതയോടെ നിരീക്ഷിക്കാനും നിർദേശിച്ചിട്ടുണ്ട്.

പ്രകോപനമുണ്ടായാൽ രാഷ്ട്രീയ നേതൃത്വത്തിന്റെ തീരുമാനങ്ങൾക്കു കാത്തിരിക്കേണ്ടെന്നാണ് ഇന്ന് സൈന്യത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം. 500 കോടി രൂപവരെയുള്ള ആയുധ ഇടപാടുകൾക്കാണു സൈന്യത്തിന് അധികാരം നൽകിയത്. അതേസമയം ചൈനയുടെ നാൽപതിലധികം സൈനികർ കൊല്ലപ്പെട്ടതായാണു കരസേന മുന്മേധാവിയും കേന്ദ്ര മന്ത്രിയുമായ വി.കെ. സിങ് വ്യക്തമാക്കിയിരുന്നു.

ചൈനയുടെ ഭാഗത്തുണ്ടായ ആൾ നാശത്തെക്കുറിച്ച് കേന്ദ്ര സർക്കാരിന്റെ ഭാഗമായൊരു വ്യക്തി ആദ്യമായാണു പ്രതികരിക്കുന്നത്. ചൈനീസ് സൈനികരെ ഇന്ത്യ പിടികൂടി വിട്ടയച്ചതായും വി.കെ. സിങ് പറയുന്നു. അതിർത്തിൽ വെടിവയ്പ് പാടില്ലെന്ന 1996ലെ ഇന്ത്യ- ചൈന കരാറിൽ നിന്ന് ഇന്ത്യ പിന്മാറി. പ്രകോപനമുണ്ടായാൽ യന്ത്രത്തോക്കുകൾ ഉൾപ്പെടെ കൈവശമുള്ള ഏത് ആയുധവും ഉപയോഗിക്കാൻ കമാൻഡർമാർക്ക് സൈന്യം അനുമതി നൽകി.

കിഴക്കൻ ലഡാക്കിൽ 45,000 സേനാംഗങ്ങളെയാണ് ഇന്ത്യ വിന്യസിച്ചിട്ടുള്ളത്. ഗൽവാൻ താഴ്‌വരയിൽ ചൈന ഉയർത്തിയ അവകാശവാദം പിൻവലിക്കുംവരെ സൈനിക നടപടികൾ തുടരാനാണ് ഇന്ത്യയുടെ തീരുമാനം. അതിർത്തി തർക്കം അടിപിടിയിലെത്തിയിരിക്കുന്നുവെന്നും ഇരുരാജ്യങ്ങളുമായി സംസാരിച്ചുവരികയാണെന്നും യുഎസ് പ്രസിസന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. കിഴക്കൻ ലഡാക്കിലെ സംഘർഷത്തിനു കാരണം ചൈനീസ് സൈന്യമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോ കുറ്റപ്പെടുത്തി.

അതേസമയം ഇന്ത്യയിൽ ചൈനാ വിരുദ്ധ വികാരം ആളിക്കത്തുകയാണ്. ചൈനീസ് കരാറുകളെ കുറിച്ചും സർക്കാറുകളും സ്ഥാപനങ്ങളും പുനപ്പരിശോധിച്ചു തുടങ്ങി. 500 കോടിയുടെ ചൈനീസ് കരാർ റദ്ദാക്കി മുംബൈ മെട്രോയും രംഗത്തുവന്നു. മുംബൈയിലെ ഗതാഗത ഇൻഫ്രാസ്ട്രക്ച്ചർ വികസന അഥോറിറ്റിയാണ് ചൈനയുമായുള്ള കരാർ റദ്ദ് ചെയ്തത്. പത്ത് മോണോ റെയിൽ റേക്കുകളുടെ നിർമ്മാണം, വിതരണം എന്നിവ നിർമ്മാണത്തനുള്ള ചൈനീസ് കരാറാണ് ഇതോടുകൂടി ഇല്ലാതാവുന്നത്. ഇതിനുപകരമായി ഒരു ഇന്ത്യൻ നിർമ്മാതാവിന് കരാർ നൽകാൻ അഥോറിറ്റി പദ്ധതിയിടുന്നുണ്ട്.

ചൈന റെയിൽ റോഡ് കോർപ്പറേഷൻ,? ബിൽഡ് യുവർ ഡ്രീം, എന്നീ രണ്ട് കമ്പനികളോട് പ്രതികരണങ്ങൾ ലഭിച്ചതായി മുംബയ് മെട്രോപൊളിറ്റൻ റീജിയൻ ഡവലപ്‌മെന്റ് അഥോറിറ്റി പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. രണ്ട് ചൈനീസ് നിർമ്മാതാക്കളും നിബന്ധനകളും വ്യവസ്ഥകളും യോഗ്യതാ മാനദണ്ഡങ്ങളും പുനരവലോകനം ചെയ്യാൻ എം.എം.ആർ.ഡി.എ ആവശ്യപ്പെടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP