Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

ദലൈലാമയുടെ സാന്നിധ്യം ചൈനയ്ക്ക് പിടിക്കുന്നില്ല; പാക് ചങ്ങാത്തത്തിലേക്കുള്ള ചൈനീസ് നയതന്ത്രം ഇന്ത്യയ്ക്കും പ്രകോപനം; നേപ്പാളിലെ മാപ്പും സങ്കീർണ്ണമാക്കി; പാക്ക് അധിനിവേശ കശ്മീരും ചൈനയുടെ ഭാഗത്തുള്ള അക്സായ് ചീനും തിരികെ വേണമെന്ന അമിത് ഷായുടെ പ്രസ്താവനയോടെ ചൈന രണ്ടും കൽപ്പിച്ചിറങ്ങി; സൈനിക പോരാട്ടത്തിന് തയ്യാറെന്ന ഭീഷണിയുമായി ചൈനീസ് പത്രവും; പ്രകോപനം ഒഴിവാക്കണമെന്ന് യുഎന്നും അമേരിക്കയും; പ്രതികരണങ്ങളിൽ കരുതലെടുക്കാൻ ഇന്ത്യയും

ദലൈലാമയുടെ സാന്നിധ്യം ചൈനയ്ക്ക് പിടിക്കുന്നില്ല; പാക് ചങ്ങാത്തത്തിലേക്കുള്ള ചൈനീസ് നയതന്ത്രം ഇന്ത്യയ്ക്കും പ്രകോപനം; നേപ്പാളിലെ മാപ്പും സങ്കീർണ്ണമാക്കി; പാക്ക് അധിനിവേശ കശ്മീരും ചൈനയുടെ ഭാഗത്തുള്ള അക്സായ് ചീനും തിരികെ വേണമെന്ന അമിത് ഷായുടെ പ്രസ്താവനയോടെ ചൈന രണ്ടും കൽപ്പിച്ചിറങ്ങി; സൈനിക പോരാട്ടത്തിന് തയ്യാറെന്ന ഭീഷണിയുമായി ചൈനീസ് പത്രവും; പ്രകോപനം ഒഴിവാക്കണമെന്ന് യുഎന്നും അമേരിക്കയും; പ്രതികരണങ്ങളിൽ കരുതലെടുക്കാൻ ഇന്ത്യയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലഡാക് അതിർത്തിയിലെ സംഘർഷത്തിൽ ഇന്ത്യയുടെ അടുത്ത നടപടികൾ അതിനിർണ്ണായകം. അതിനിടെ സൈനിക പോരാട്ടത്തിന് തയ്യാറാണെന്ന് ചൈനീസ് മുഖപത്രം വെല്ലുവിളി ഉയർത്തുകയും ചെയ്തു. ഗ്ലോബൽ ടൈംസ് എന്ന ചൈനീസ് പത്രമാണ് പ്രകോപനവുമായി എത്തുന്നത്. അതിനിടെ ഇന്ത്യയും ചൈനയും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. അമേരിക്കയും സംയമനം പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംഘർഷം രൂക്ഷമാകുന്നതിന്റെ സൂചനകളാണ് ചൈനീസ് പത്രത്തിന്റെ വെല്ലുവിളിയിലുള്ളത്.

അടുത്തിടെ ഇന്ത്യയുടേയും ചൈനയുടേയും പ്രധാനമന്ത്രിമാർ വുഹാനിലും മാമല്ലപുരത്തും ഉച്ചകോടികൾ നടത്തി പ്രധാനപ്പെട്ട പല കരാറുകളിലും ഒപ്പുവച്ചുവെങ്കിലും അതിർത്തിവിഷയം ഉൾപ്പെടെയുള്ള മുഖ്യവിഷയങ്ങളിൽ ധാരണയിലെത്താൻ കഴിഞ്ഞിരുന്നില്ല. മോദിയും ചൈനീസ് പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചകൾ ഒരു ഫലം ചെയ്തില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. വിദേശകാര്യ തലത്തിൽ ഈ വിഷയം ഗൗരവത്തോടെ ഇന്ത്യ എടുക്കുന്നുണ്ട്. ചൈനീസ് വിഷയത്തിൽ വിദഗ്ധനാണ് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ചർച്ച പുരോഗമിക്കുകയാണ്.

അസാധാരണവും അതിസങ്കീണർവുമായ ബന്ധം എന്നാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തെ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ വിശേഷിപ്പിക്കുന്നത്. അതിർത്തി തർക്കത്തിനപ്പുറം ദലൈലാമയുടെ സാന്നിധ്യവും ചൈനയെ പ്രകോപിപ്പിക്കുന്നതാണ്. പാക്കിസ്ഥാൻ ചൈനയുമായി കൂടുതൽ അടുക്കുന്നതും ഇന്ത്യക്കും താൽപ്പര്യമില്ല. ചൈനയുടെ പ്രധാന എതിരാളികളായ അമേരിക്കയും ജപ്പാനും ഇന്ത്യയുടെ അടുത്ത സുഹൃത്തുക്കളാണ്. ചൈനയുടെ കൂട്ട് റഷ്യയുമായും. ഇന്ത്യയ്ക്ക് പാക്കിസ്ഥാനും ചൈനയും നേപ്പാളും ആണ് നിലവിൽ നയതന്ത്രപരമായി ശത്രു പക്ഷത്തുള്ളത്. അതുകൊണ്ട് തന്നെ വെല്ലുവിളികൾ ആ ഘട്ടത്തിൽ ഏറെയുമാണ്.

ഒറ്റ ശത്രുരാജ്യവുമായി പോലും അതിർത്തി പങ്കിടേണ്ടിവരുന്നില്ല എന്നതാണ് അമേരിക്കയുടെ ഭാഗ്യമെന്നു പറയപ്പെടുന്നുണ്ട്. എന്നാൽ ഇന്ത്യയുടെ ഏറ്റവും വലിയ ദൗർഭാഗ്യം മുൻപ് യുദ്ധമുണ്ടായ രാജ്യങ്ങളുമായി ഏറെ ദൂരത്തിൽ അതിർത്തി പങ്കിടേണ്ടിവരുന്നു എന്നതു തന്നെയാണ്. അതുകൊണ്ട് തന്നെ ഈ സാഹചര്യം ഗൗരവമുള്ളതാണ്. കശ്മീരിൽ 370-ാം വകുപ്പ് റദ്ദാക്കിയതിനു പിന്നാലെയുണ്ടായ സംഭവങ്ങളാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണം. നേപ്പാളിലെ പുതിയ മാപ്പും കാര്യങ്ങൾ സങ്കീർണ്ണമായി. ഏതായാലും കരുതലോടെ മാത്രമേ ഇനി വിഷയങ്ങളിൽ ഇന്ത്യ പ്രതികരിക്കൂ. കൂടുതൽ സൈന്യത്തെ സജ്ജമാക്കി നിർത്തുകയും ചെയ്യും. എന്തുവന്നാലും നേരിടാനാണ് തീരുമാനം.

ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവനയിൽ പാക്ക് അധിനിവേശ കശ്മീരും ചൈനയുടെ ഭാഗത്തുള്ള അക്സായ് ചീനും തിരികെ അവകാശപ്പെടുന്നതിനെക്കുറിച്ചു പരാമർശിച്ചിരുന്നു. പാക്കിസ്ഥാനെ മാത്രമല്ല ചൈനയെയും ഇതു ചൊടിപ്പിച്ചിരുന്നു. യുഎന്നിൽ ചൈന ഈ വിഷയം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയുടെ ലഡാക്കിലേക്കുള്ള സൈനിക നീക്കം തുടങ്ങുന്നത്. അമിത് ഷായുടെ പ്രസ്താവനയെ ചൈനയെ കൊണ്ട് ഏറ്റെടുപ്പിച്ചതിന് പിന്നിൽ പാക് സൈനിക നേതൃത്വത്തിന്റെ ബുദ്ധിയുമുണ്ട്. ഈ നീക്കത്തിന്റെ അനന്തര ഫലമാണ് ഇപ്പോൾ ഉണ്ടായ സംഘർഷത്തിന് കാരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

ഗാൽവൻ താഴ്‌വരയിലെ സംഘർഷമേഖലയിൽ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈനികർ പിന്മാറിയതിനെ പ്രതീക്ഷയോടെയാണ് ഐക്യരാഷ്ട്ര സഭയും മറ്റും കാണുന്നത്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തിനു തടസമായി. ഇതാണ് കൂടുതൽ ജീവൻ നഷ്ടമാകാൻ കാരണമെന്നാണു പ്രാഥമിക വിലയിരുത്തൽ. ഇതിനിടെ, ഇന്ത്യൻ അതിർത്തി സംരക്ഷിക്കുന്നതിൽ പ്രതിജ്ഞാബദ്ധമെന്ന് സൈന്യം വ്യക്തമാക്കി. ഇത്ര പേർ മരിച്ചിട്ടും വെടിയുതിർത്തില്ലെന്ന പരോക്ഷ സൂചനകളാണ് സൈന്യം നൽകുന്നത്. വിഷയത്തിൽ ചൈന ഒന്നും പ്രതികരിക്കുന്നുമില്ല.

അതിർത്തിയിൽ ചൈന ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുന്നതായി റിപ്പോർട്ടുണ്ട്. ഗാൽവാൻ താഴ്‌വരയിലുണ്ടായ സംഘർഷത്തിൽ 43 ചൈനീസ് സൈനികർ കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേൽക്കുകയോ ചെയ്‌തെന്നാണു വാർത്താഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തത്. കൊല്ലപ്പെട്ടവരേയും പരുക്കേറ്റവരേയും സംഭവ സ്ഥലത്തുനിന്ന് കൊണ്ടുപോകാൻ ചൈനീസ് ഹെലികോപ്റ്ററുകൾ എത്തിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചവെന്ന് ഇന്ത്യൻ സേന വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞദിവസം രാത്രിയിലാണു ഗാൽവൻ താഴ്‌വരയിൽ സംഘർഷമുണ്ടായത്. സംഘർഷം മൂന്നുമണിക്കൂറിലേറെ നീണ്ടു. കമാൻഡിങ് ഓഫിസർ കേണൽ സന്തോഷ് ബാബു, തമിഴ്‌നാട് സ്വദേശിയായ ഹവിൽദാർ പഴനി, ജാർഖണ്ഡ് സ്വദേശിയായ സിപോയ് ഓജ എന്നീ മൂന്ന് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച വിവരമാണ് ആദ്യം പുറത്തുവന്നത്. അതിർത്തി കടന്ന് ഇന്ത്യ ഒരു പ്രവർത്തനവും നടത്തിയിട്ടില്ലെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ചൈനയുടേത് അതിർത്തിയിലെ തൽസ്ഥിതി മാറ്റാനുള്ള ഏകപക്ഷീയ ശ്രമമാണ്. ഇതാണ് ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിന് കാരണം. ഉന്നതതല ധാരണ ചൈന പാലിച്ചിരുന്നെങ്കിൽ ഏറ്റുമുട്ടൽ ഒഴിവാക്കാമായിരുന്നു. ഇരുഭാഗത്തും ആൾനാശം ഉണ്ടായെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP