Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വാതന്ത്ര്യ ദിനത്തിൽ നുഴഞ്ഞു കയറ്റക്കാരെ കടത്തി വിടാൻ കരാർ ലംഘിച്ച് വെടിയുതിർക്കൽ; പ്രതിരോധം തീർത്ത ഇന്ത്യൻ തിരിച്ചടിയിൽ കൊല്ലപ്പെട്ടത് മൂന്ന് പാക് സൈനികർ; അഞ്ച് ഇന്ത്യാക്കാരെ കൊന്നുവെന്ന അവകാശ വാദവുമായി പാക്കിസ്ഥാനും; മൂന്ന് പാക് സൈനികർ കൊല്ലപ്പെട്ടതിന് സ്ഥിരീകരണം; ഇന്ത്യയ്ക്ക് സൈനികരെ നഷ്ടമായിട്ടില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ ആർമിയും; നിയന്ത്രണ രേഖയിൽ യുദ്ധസമാന സാഹചര്യം; ഇന്ത്യയും പാക്കിസ്ഥാനും യുദ്ധത്തിലേക്കെന്ന് ആശങ്കപ്പെട്ട് ലോക മാധ്യമങ്ങൾ

സ്വാതന്ത്ര്യ ദിനത്തിൽ നുഴഞ്ഞു കയറ്റക്കാരെ കടത്തി വിടാൻ കരാർ ലംഘിച്ച് വെടിയുതിർക്കൽ; പ്രതിരോധം തീർത്ത ഇന്ത്യൻ തിരിച്ചടിയിൽ കൊല്ലപ്പെട്ടത് മൂന്ന് പാക് സൈനികർ; അഞ്ച് ഇന്ത്യാക്കാരെ കൊന്നുവെന്ന അവകാശ വാദവുമായി പാക്കിസ്ഥാനും; മൂന്ന് പാക് സൈനികർ കൊല്ലപ്പെട്ടതിന് സ്ഥിരീകരണം; ഇന്ത്യയ്ക്ക് സൈനികരെ നഷ്ടമായിട്ടില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ ആർമിയും; നിയന്ത്രണ രേഖയിൽ യുദ്ധസമാന സാഹചര്യം; ഇന്ത്യയും പാക്കിസ്ഥാനും യുദ്ധത്തിലേക്കെന്ന് ആശങ്കപ്പെട്ട് ലോക മാധ്യമങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ജമ്മു കശ്മീർ: ഇന്ത്യാ-പാക് അതിർത്തിയിൽ സംഘർഷം രൂക്ഷം. കാശ്മീരിലെ ഇന്ത്യൻ ഇടപടെലും സ്വയം ഭരണാവകാശം റദ്ദാക്കലും പാക്കിസ്ഥാനെ പ്രകോപിപ്പിക്കുകയാണ്. ലോകരാഷ്ട്രങ്ങൾ ഒറ്റപ്പെടുത്തിയതോടെ പാക്കിസ്ഥാൻ അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിക്കുകയാണ്. ഉറി, രജൗരി സെക്ടറുകളിൽ പാക്കിസ്ഥാൻ നടത്തിയ വെടിനിർത്തൽ കരാർ ലംഘനത്തെ തുടർന്നു തിരിച്ചടിച്ച് ഇന്ത്യൻ സേനയും അതിർത്തി സംരക്ഷണത്തിന് മുൻ കരുതലെടുക്കുകയാണ്. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ മൂന്ന് പാക്കിസ്ഥാൻ സൈനികരെ വധിച്ചതായി ദേശീയ വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ അഞ്ച് ഇന്ത്യൻ സൈനികരെ കൊന്നുവെന്നാണ് പാക് അവകാശവാദം. എന്നാൽ ഇത് ശരിയല്ലെന്ന് ഇന്ത്യൻ സൈന്യവും അറിയിച്ചു.

കാശ്മീരിൽ യുദ്ധ സമാനമായ അന്തരീക്ഷം സൃഷ്ടിച്ച് ഐക്യരാഷ്ട്ര സഭയെ വിഷയത്തിൽ ഇടപെടീപ്പിക്കുകയാണ് പാക് ശ്രമം. അമേരിക്കയും റഷ്യയും അടക്കമുള്ള രാജ്യങ്ങളുടെ പിന്തുണ ഇന്ത്യയ്ക്കാണ്. പാക്കിസ്ഥാനെ പരോക്ഷമായി ചൈന പിന്തുണയ്ക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ ഇടപെടലിലൂടെ കാശ്മീരിലെ വികസനത്തെ അട്ടിമറിക്കാനാണ് പാക് ശ്രമം. പാക് അധിനിവേശ കാശ്മീരും ഇന്ത്യയുടേതാണെന്നും അത് പിടിച്ചെടുക്കുമെന്നുമുള്ള വാദവും സജീവമാണ്. ഇത്തരത്തിൽ ഏകപക്ഷീയ നീക്കത്തിലൂടെ പാക്കിസ്ഥാനെ തകർക്കാനുള്ള കരുത്ത് ഇന്ത്യയ്ക്കുണ്ട്. ഇത് അവർക്കും അറിയാം. അതുകൊണ്ടാണ് യുദ്ധസമാനമായ സാഹചര്യം പാക്കിസ്ഥാൻ സൃഷ്ടിക്കുന്നത്. എന്നാൽ ചെറിയ പ്രകോപനത്തിനും പാക്കിസ്ഥാൻ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഇന്ത്യയും പറയുന്നു. തറ്റം വരേയും ഇന്ത്യ കടക്കുമെന്നതിന്റെ തെളിവാണ് ബലാകോട്ട്. അതുകൊണ്ട് തന്നെ പാക് പ്രകോപനങ്ങൾ യുദ്ധത്തിലേക്ക് കാര്യങ്ങൾ എത്തിക്കുമെന്ന് ലോക രാഷ്ട്രങ്ങൾ കണക്കിലെടുക്കുന്നു. അതിനാൽ ഇന്ത്യാ-പാക് അതിർത്തിയിലെ സംഘർഷങ്ങൾ പതിവിൽ കവിഞ്ഞ പ്രാധാന്യം ലോക മാധ്യമങ്ങളും നൽകുന്നു. ഏത് നിമിഷവും നിയന്ത്രണ രേഖയിൽ യുദ്ധമെത്താമെന്നതാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ നിഗമനം. ലോകരാജ്യങ്ങളും ഉറ്റുനോക്കുന്നു.

പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷമുള്ള കശ്മീരിലെ ആദ്യ സ്വാതന്ത്ര്യദിനാഘോഷം സമാധാനപരമായിരുന്നു. അനിഷ്ട സംഭവങ്ങളൊന്നും താഴ്‌വരയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഭരണകൂടം വ്യക്തമാക്കി. ശ്രീനഗറിലെ ഷെർ ഇ കശ്മീർ സ്റ്റേഡിയത്തിലാണ് പ്രധാന ചടങ്ങുകൾ നടന്നത്. ഗവർണർ സത്യപാൽ മാലിക് പതാക ഉയർത്തി. എല്ലാ ജില്ലകളിലും സമാധാനപരമായി സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടന്നു. യാതൊരുവിധത്തിലുള്ള അനിഷ്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കശ്മീർ പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസാൽ വ്യക്തമാക്കി. ഇന്ത്യൻ പതാക കാശ്മീരിൽ ഉയർന്നതാണ് പാക്കിസ്ഥാനെ ചൊടിപ്പിക്കുന്നത്. നുഴഞ്ഞു കയറ്റത്തെ ഫലപ്രദമായി ചെറുത്തതോടെ തീവ്രവാദ ആക്രമണത്തിനും സാധ്യത കുറഞ്ഞു. ഇതോടെയാണ് പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചത്. എങ്ങനേയും നുഴഞ്ഞു കയറ്റം സജീവമാക്കാനാണ് ഇത്. എന്നാൽ രണ്ടും ഇന്ത്യൻ സേന ചെറുത്തു തോൽപ്പിച്ചു.

വ്യാഴാഴ്ച രാവിലെ ഏഴിന് കൃഷ്ണ ഘാട്ടി സെക്ടറിലും പാക്ക് പ്രകോപനമുണ്ടായി. വൈകിട്ട് 5.30 വരെ വെടിവയ്പ് തുടർന്നതായി ഇന്ത്യൻ സൈന്യം അറിയിച്ചു. ഇതിനിടെയാണ് ിയന്ത്രണ രേഖയിലെ വെടിവയ്പിൽ അഞ്ച് ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തിയതായി പാക്കിസ്ഥാൻ അവകാശപ്പെട്ടത്. എന്നാൽ പാക്കിസ്ഥാന്റെ വാദം ഇന്ത്യ തള്ളി. പാക്കിസ്ഥാന്റെ അവകാശവാദം വ്യാജമാണെന്ന് ഇന്ത്യ പ്രതികരിച്ചു. നിയന്ത്രണ രേഖയിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ഇന്ത്യൻ സൈനികരും പാക്കിസ്ഥാന്റെ മൂന്ന് സൈനികരും കൊല്ലപ്പെട്ടെന്നായിരുന്നു പാക്കിസ്ഥാൻ സൈന്യത്തിന്റെ വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ അവകാശപ്പെട്ടത്. ഏതായാലും പാക് സൈനികരുടെ മരണം പാക്കിസ്ഥാൻ തന്നെ സ്ഥിരീകരിച്ചു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു പിന്നാലെ പാക്കിസ്ഥാൻ അതിർത്തിയിൽ കൂടുതൽ സൈനികരെ വിന്യസിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ സമയങ്ങളിൽ അതിർത്തിയിൽ ഇന്ത്യൻ സൈന്യം അതീവ ജാഗ്രതയിലായിരുന്നെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ലഡാക് അതിർത്തിയോട് ചേർന്ന് പാക്കിസ്ഥാൻ യുദ്ധ വിമാനങ്ങൾ വിന്യസിച്ചിരുന്നു. ഇത് ഇന്ത്യ ഗൗരവത്തോടെ എടുക്കുകയും മുൻകരുതലെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ചുള്ള പാക് ഫയറിങ്.

പാക്ക് അധിനിവേശ കശ്മീരിൽ ആക്രമണം നടത്താൻ ഇന്ത്യയ്ക്ക് പദ്ധതി ഉണ്ടെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. അവസാനം വരെ ഇതിനെതിരെ പോരാടുമെന്നും പാക്കിസ്ഥാൻ പ്രധാനമന്ത്രി വ്യക്തമാക്കി. പാക്കിസ്ഥാന്റെ സ്വാതന്ത്രദിനമായ 14ന് മുസാഫറാബാദിൽ നടത്തിയ സംവാദത്തിലാണ് ഇമ്രാന്റെ പ്രസ്താവന. കശ്മീരിൽ ഇന്ത്യ ഇപ്പോൾ നടപ്പിലാക്കുന്ന നിയന്ത്രണങ്ങളിൽ നിന്ന് ലോകത്തിന്റെ ശ്രദ്ധ മാറ്റാനാണ് ആക്രമണം നടത്താൻ പദ്ധതിയിടുന്നത്. പാക്കിസ്ഥാൻ സൈന്യത്തിന് ഇതുമായി ബന്ധപ്പെട്ടു പൂർണവിവിരം ലഭിച്ചിട്ടുണ്ടെന്നും ഇമ്രാൻ അവകാശപ്പെട്ടു.

അതിനിടെ കശ്മീർ ഐക്യരാഷ്ട്രസഭ സുരക്ഷ സമിതിക്ക് മുൻപിൽ എത്തുന്നുവെന്നും സൂചനയുണ്ട് വെള്ളിയാഴ്‌ച്ച ജമ്മു കശ്മീരിലെ നിലവിലെ സാഹചര്യങ്ങൾ യുഎൻ സുരക്ഷ സമിതിയുടെ യോഗത്തിൽ ചർച്ചയാകും - വാർത്താ ഏജൻസി റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തു. അടഞ്ഞവാതിൽ ചർച്ചയാണ് വിഷയത്തിൽ ഉണ്ടാകുക. ചൈന, പാക്കിസ്ഥാൻ ആവശ്യപ്പെട്ടതുകൊണ്ടാണ് വിഷയം ഐക്യരാഷ്ട്രസഭ പരിഗണിക്കുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടന പദവി ഒഴിവാക്കിയത് പാക്കിസ്ഥാൻ ചർച്ച ചെയ്യാൻ അജണ്ടയായി അവതരിപ്പിക്കും. നാളത്തെ ചർച്ചയിൽ എന്തെങ്കിലും തീരുമാനം ഉണ്ടാകാൻ സാധ്യതകളില്ല. കാരണം പതിനഞ്ച് അംഗ സുരക്ഷ സമിതിയിൽ ചൈന പാക്കിസ്ഥാനെയും യുഎസ്എ ഇന്ത്യയെയും ആണ് പിന്തുണയ്ക്കുക എന്ന് ഏതാണ്ട് ഉറപ്പാണ്. അതുകൊണ്ട് തന്നെ കശ്മീർ വിഷയം അന്താരാഷ്ട്ര വേദിയിൽ അവതരിപ്പിക്കാൻ പാക്കിസ്ഥാന് കഴിയും എന്നതിനപ്പുറം പ്രത്യേകിച്ച് നടപടികൾക്ക് സാധ്യതയില്ല.

ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന് ഇന്ത്യൻ ഭരണഘടന അനുസരിച്ച് നൽകിയ പ്രത്യേക പദവിയും അവകാശങ്ങളും പിൻവലിക്കുന്നതായി കേന്ദ്രസർക്കാർ പാർലമെന്റിനെ അറിയിച്ചത്. ഇതോടെ സ്വയംഭരണ അധികാരവും ഇരട്ടപൗരത്വവും അടക്കമുള്ള ആനുകൂല്യങ്ങൾ കശ്മീരിന് നഷ്ടമായി. പ്രാദേശിക രാഷ്ട്രീയ കക്ഷികളുടെ എതിർപ്പ് അവഗണിച്ചാണ് കേന്ദ്രസർക്കാർ തീരുമാനം നടപ്പാക്കിയത്. കടുത്ത പ്രതിഷേധം ഉണ്ടാകുമെന്ന് ഉറപ്പായിരുന്നതുകൊണ്ട് ജമ്മു കശ്മീരിൽ ടെലഫോൺ, ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചും കർഫ്യൂ ഏർപ്പെടുത്തിയും പ്രാദേശിക നേതാക്കളെ വീട്ടുതടങ്കലിൽ ആക്കിയുമാണ് ഇന്ത്യ വിഷയം പാർലമെന്റിൽ ചർച്ച ചെയ്തത്.

ചൊവ്വാഴ്‌ച്ച പാക്കിസ്ഥാൻ വിദേശകാര്യവകുപ്പ് മന്ത്രി ഷാ മഹ്മൂദ് ഖുറേഷി സുരക്ഷ സമിതിക്ക് കത്ത് നൽകിയിരുന്നു. പാക്കിസ്ഥാൻ സംഘർഷം ആഗ്രഹിക്കുന്നില്ല. പക്ഷേ, ഇന്ത്യ പാക്കിസ്ഥാന്റെ ജാഗ്രതയെ ഇന്ത്യ ബലഹീനതയായി കാണരുത്. ഇന്ത്യ മേഖലയിൽ ബലംപ്രയോഗിച്ചാണ് തീരുമാനം എടുത്തത്. ഇന്ത്യ ഇനിയും ഇത്തരത്തിൽ പ്രകോപനം ഉണ്ടാക്കിയാൽ പാക്കിസ്ഥാൻ തിരിച്ചടിക്കും - ഖുറേഷി കത്തിൽ പറഞ്ഞു. യുദ്ധ പ്രഖ്യാപനമായാണ് ഇതിന് ലോക രാജ്യങ്ങൾ വിലയിരുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP