Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇടതു പാർട്ടിയായ ദ സ്ട്രഗിളിന്റെ കേന്ദ്ര കമ്മറ്റി അംഗവും പഷ്തൂൺ തഹാഫസ് പ്രസ്ഥാനത്തിന്റെ നേതാവുമായ അലി വാസിറിന്റെ വിജയം ചെമ്പടയുടെ ഉയർത്തെഴുന്നേൽപ്പോ ; പാക്കിസ്ഥാനിലെ ഇടത് വളർച്ച എപ്രകാരമായിരിക്കുമെന്ന സംശയത്തിൽ ഇതര പാർട്ടികൾ; അലി വസിറിന് സീറ്റ് വാഗ്ദാനം ചെയ്ത ഇമ്രാന്റെ ഇടത് അനുകൂല നീക്കങ്ങൾ നിർണ്ണായകമായേക്കും

ഇടതു പാർട്ടിയായ ദ സ്ട്രഗിളിന്റെ കേന്ദ്ര കമ്മറ്റി അംഗവും പഷ്തൂൺ തഹാഫസ് പ്രസ്ഥാനത്തിന്റെ നേതാവുമായ അലി വാസിറിന്റെ വിജയം ചെമ്പടയുടെ ഉയർത്തെഴുന്നേൽപ്പോ ; പാക്കിസ്ഥാനിലെ ഇടത് വളർച്ച എപ്രകാരമായിരിക്കുമെന്ന സംശയത്തിൽ ഇതര പാർട്ടികൾ; അലി വസിറിന് സീറ്റ് വാഗ്ദാനം ചെയ്ത ഇമ്രാന്റെ ഇടത് അനുകൂല നീക്കങ്ങൾ നിർണ്ണായകമായേക്കും

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമബാദ്: ഇമ്രാൻ ഖാന്റെ തെഹ്രീകെ ഇൻസാഫ് ഭരണത്തിലേറുമ്പോൾ പാക്കിസ്ഥാനിലെ ഇടതു പക്ഷത്തിന് കൂടി ഉണർവുണ്ടാകുമെന്നാണ് പ്രതീക്ഷ. പഷ്തൂൺ തഹാറസ് പ്രസ്ഥാനത്തിന്റെ നേതാവ് അലി വസിറിന്റെ വിജയവും സൂചിപ്പിക്കുന്നതും അതു തന്നെയാണ്. പാക്കിസ്ഥാൻ ദേശീയ അസംബ്ലിയിലേക്ക് ആദിവാസി മേഖലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടത് 'ദ സ്ട്രഗിളിന്റെ' കേന്ദ്ര കമ്മിറ്റി അംഗമായ അലി വസിറാണ്.

അലി വസിറിന് 23530 വോട്ട് ലഭിച്ചപ്പോൾ തൊട്ടടുത്ത മതപാർട്ടി സംഘടനകളുടെ സഖ്യ(എംഎംഎ) സ്ഥാനാർത്ഥിക്ക് 7515 വോട്ടാണ് ലഭിച്ചത്. അലി വസിറിന്റെ ഭൂരിപക്ഷം 16015. ഭീകരവാദത്തിനെതിരായ യുദ്ധത്തിന്റെ' ഇരകൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് അലി വാസിർ പാക്കിസ്ഥാനിൽ റാലികൾ സംഘടിപ്പിച്ചത്. പാക്കിസ്ഥാനിൽ ഇടത് തത്വ ചിന്തകൾക്കും ശക്തമായ ഇടമുണ്ടാകുമെന്നതിന്റെ തെളിവാണ് വാസിറിന്റെ വിജയം.

പ്രത്യേക വ്യക്തിത്വത്തിന്റെ ഉടമയാണ് അലി വസിർ. തെക്കൻ വസീറിസ്ഥാൻ എജൻസിയുടെ തലസ്ഥാനമായ വാനയാണ് ജന്മനഗരം. ആഗോള ഭീകരവാദത്തിന്റെ കേന്ദ്രഭൂമിയായി മാറുകയും താലിബാനും അവരെ അനുകൂലിക്കുന്ന ഗ്രൂപ്പുകളും താവളമാക്കി മാറ്റുകയും ചെയ്ത വേളയിലാണ് അലി വസിർ നിയമപഠനം തുടങ്ങിയത്. ഭീകരവാദം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടു. അഹമദസായ് ഗോത്രനേതാവായ അച്ഛനും മറ്റ് പ്രാദേശിക രാഷ്ട്രീയനേതാക്കളും ഭീകരവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ പ്രശ്‌നം ഉന്നയിച്ചവരെ നിശ്ശബ്ദരാക്കാനാണ് അധികൃതർ തയ്യാറായത്.

അഫ്ഗാൻ, അറബ്, മധ്യേഷ്യൻ ഭീകരവാദികൾ ഇവിടെയില്ലെന്ന് പറയാനാണ് വർഷങ്ങളായി ഇസ്ലാമാബാദിന് താൽപ്പര്യം 2003 ഓടെയാണ് തെക്കുവടക്ക് വസീറിസ്ഥാനിൽ ഭീകരവാദികൾ ആധിപത്യം ഉറപ്പിക്കുന്നതും പ്രാദേശിക എമിറേറ്റ് സ്ഥാപിക്കാൻ ശ്രമിച്ചതും. അലി വസിറിന്റെ മൂത്ത സഹോദരനും രാഷ്ട്രീയപ്രവർത്തകനുമായ ഫാറൂഖ് വസീറാണ് ഭീകരവാദികളുടെ ആദ്യ ഇര. തുടർന്ന് നിരവധി പസ്തുൺ നേതാക്കളും പ്രവർത്തകരും മതപുരോഹിതരും കൊല്ലപ്പെട്ടു. ഭീകരവാദികളെ എതിർത്തെന്ന കുറ്റം മാത്രമായിരുന്നു അവരുടേത്.

അലി വസിർ ജയിലിലായിരിക്കെ 2005ലാണ് ഭീകരാക്രമണത്തിൽ അച്ഛനും രണ്ട് സഹോദരന്മാരും ഒരമ്മാവനും കൊല്ലപ്പെട്ടത്. കൊളോണിയൽകാല നിയമമായ അതിർത്തി കുറ്റകൃത്യ നിയന്ത്രണ നിയമമനുസരിച്ചായിരുന്നു അലി വസിറിനെ ജയിലിലടച്ചത്. മേഖലയിൽ എന്ത് കുറ്റകൃത്യമുണ്ടായാലും ആ പ്രദേശത്തെ മുഴുവനാളുകളെയും ഗോത്രക്കാരെയും കുറ്റക്കാരായി കണ്ട് ജയിലിലടയ്ക്കാനാണ് ഈ നിയമം ഉപയോഗിച്ചിരുന്നത്.

അലി വസിർ ഒരു കുറ്റവും ചെയ്തിരുന്നില്ലെന്നാണ് വ്യാപക അഭിപ്രായം.തന്റെ കുടുംബാംഗങ്ങളുടെ ശവസംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻപോലും അലി വസിറിനെ അനുവദിച്ചില്ല. തുടർന്നുള്ള വർഷങ്ങളിൽ കുടംബത്തിലെ ആറുപേർകൂടി കൊല്ലപ്പെട്ടു. മൊത്തം 16 കുടുംബാംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഇതിലൊന്നിലും അന്വേഷണം നടത്തുകയോ ആരെയെങ്കിലും ശിക്ഷിക്കുകയോ ഉണ്ടായില്ല.

കുടുംബത്തിലെ പ്രധാന വ്യക്തികളെല്ലാം കൊല്ലപ്പെട്ടതോടെ അലി വസിർ കടുത്ത സാമ്പത്തികദുരിതത്തിലായി. കുടുംബത്തിന്റെ വകയായുള്ള ഗ്യാസ് സ്റ്റേഷൻ തകർക്കപ്പെട്ടു. കുടുംബവകയായുള്ള വനായിലെ ആപ്പിൾ, പീച്ചുമര തോട്ടങ്ങളിൽ താലിബാനികൾ വിഷം സ്പ്രേ ചെയ്തു. കുഴൽകിണറിൽ മാലിന്യം നിറച്ചു. 2016ൽ വാനയിലുള്ള കുടംബ മാർക്കറ്റ് ഡയനാമെറ്റ് വച്ച് തകർത്തു.

ജൂണിൽ സർക്കാർ അനുകൂല ഭീകരവാദികൾ അലി വസിറിനെ വധിക്കാൻ ശ്രമിച്ചു. പിടിഎം പ്രവർത്തകർ തിരിച്ചടിച്ചപ്പോൾ ഭീകരവാദികൾ ഓടിരക്ഷപ്പെട്ടു. സംഘർഷത്തിനിടയിൽ 10 പിടിഎം പ്രവർത്തകർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. വിഷമം പിടിച്ച ഈ ഘട്ടങ്ങളിലൊന്നും ജനകീയ പ്രസ്ഥാനങ്ങളിലുള്ള വിശ്വാസം അലി വസിറിന് നഷ്ടമായിരുന്നില്ല.

ഇമ്രാൻ ഖാന്റെ തെഹ്രീകെ ഇൻസാഫ് അധികാരത്തിൽ വരുന്നതോടെ പാക് സമൂഹം കൂടുതൽ വലത്തോട്ടേക്ക് നയിക്കപ്പെടും. തെരഞ്ഞെടുപ്പിനു മുമ്പ് അലി വസിറുമായി ബന്ധപ്പെട്ട ഇമ്രാൻ ഖാൻ പാർട്ടി(പിടിഐ) ടിക്കറ്റ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, അലി വസീർ അത് നിരസിക്കുകയാണുണ്ടായത്. അലി വസിറിനെതിരെ സ്ഥാനാർത്ഥിയെ നിർത്തില്ലെന്നും ഇമ്രാൻ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ അലി വസീറിന് വിജയം ലഭിച്ചതോടെ പാക്ക് മണ്ണിൽ ഇടത് പക്ഷത്തിന് പ്രതീക്ഷയേറുകയാണ്. സമുഹ പ്രവർത്തകർക്കടക്കം ഏറെ തൽപരനായ അലി ജന നായകനായി എത്തുമ്പോൾ തൊഴിലാഴി വർഗത്തിനുൾപ്പടെ ഏറെ ആശ്വാസമാണ് ലഭിക്കുന്നത്. പാക്കിസ്ഥാനിൽ ഏറ്റവുമധികം ആദരിക്കപ്പെടുന്ന ഇടതു നേതാവ് കൂടിയാണ് അലി വാസിർ. സാധാരണക്കാരുമായി അദ്ദേഹം നടത്താറുള്ള സംവാദങ്ങൾ തന്നെയാണ് അദ്ദേഹത്തെ ജനങ്ങൾക്കിടയിൽ ഏറെ പ്രിയങ്കരനാക്കിയത്. പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം വീടുകൾതോറും കയറി നടത്തിയ പ്രചരണത്തിന് ഏറെ സ്വീകാര്യതയാണ് ലഭിച്ചത്. അത് തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുകയും ചെയ്തിരുന്നു. തീവ്ര വലതു പക്ഷ കക്ഷിയായ പിടിഐ അധികാരത്തിലെത്തുന്നതോടെ പാക്ക് മണ്ണിൽ ഇടത് പ്രസ്ഥാനത്തിനും അതിന്റെ ആശയങ്ങൾക്കും വേരിറങ്ങാൻ സാധിക്കുമെന്നതിൽ സംശയമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP