Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

ആഞ്ഞടിച്ച് ഉംപുൻ ചുഴലിക്കാറ്റ്; ഒഢീഷയിലും ബംഗാളിലും ഭീമൻ ചുഴലിക്കാറ്റിൽ മരണം 20 കടന്നു; നിലം പൊത്തി ആറായിരത്തിലധികം വീടുകൾ; വൈദ്യുതി ബന്ധവും വ്യോമ-കര-റെയിൽ ഗതാഗതവും തകരാറിലായി; വെള്ളത്തിനടിയിലായി കൊൽക്കത്ത വിമാനത്താവളം; ഇതുവരെ ഒഴിപ്പിച്ചത് 7ലക്ഷം ജനങ്ങളെ; കോവിഡിനേക്കാൾ വലിയ ദുരന്തമെന്ന് മമത; ഇരു സംസ്ഥാനത്തും മരണ സംഖ്യ ഉയരാൻ സാധ്യത'; ഇനിയുള്ള മണിക്കുറുകൾ നിർണായകമെന്ന് ദുരന്തനിവാരണ സേനയും  

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: ബംഗാളിനെയും ഒഡീഷയെയും തകർത്തെറിഞ്ഞ ഉംപുൻ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞു. കൊൽക്കത്തയുടെ വടക്ക് - വടക്ക് കിഴക്ക് ദിശയിൽ നീങ്ങി ബംഗ്ലാദേശിൽ വീശാൻ തുടങ്ങിയ ഉംപുൻ തീവ്ര ന്യൂനമർദമായി മാറി. ബംഗാളിലും ഒഡീഷയിലും ബംഗ്ലാദേശിലുമായി ഇരുപതിലധികം പേർ മരിച്ചു. നാളെ വൈകിട്ടോടെ ഉംപുന്റെ സ്വാധീനം പൂർണമായും ഇല്ലാതാകും.

ഇന്നലെ രാത്രി ഒഡീഷയുടെ വടക്കൻ മേഖലയിലും ബംഗാളിന്റെ തെക്കും ഉംപുൻ താണ്ഡവമാടി. ബംഗാളിൽ ചുരുങ്ങിയത് 12 പേരെങ്കിലും മരിച്ചതായി മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. കോവിഡിനേക്കാൾ ചുഴലിക്കാറ്റ് ദുരിതമുണ്ടാക്കിയതായി മമത പറഞ്ഞു. ഒഡീഷയിൽ മൂന്നുപേരും ബംഗ്ലാദേശിൽ 7 പേരും മരിച്ചു. കനത്തമഴയിലും കാറ്റിലും കെട്ടിടങ്ങൾ വ്യാപകമായി നശിച്ചു. ആറായിരത്തിലധികം വീടുകൾ നിലംപൊത്തി.

വാർത്താ വിനിമയ സംവിധാനങ്ങളും വൈദ്യുതി ബന്ധവും തകരാറിലായി. കൊൽക്കത്ത വിമാനത്താവളം വെള്ളത്തിലായി. റൺവേയും വിമാനങ്ങൾ സൂക്ഷിക്കുന്ന ഷെഡ്ഡും വെള്ളത്തിൽ മുങ്ങി. ബംഗാളിലും ഒഡീഷയിലുമായി ഏഴുലക്ഷത്തോളം പേരെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചത്.

ബംഗ്ലാദേശിൽ 24 ലക്ഷം പേരെ ഒഴിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് ഉംപുൻ കരതൊട്ടത്.ഉംപുൻ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം അടിയന്തരമായി സഹായങ്ങൾ ലഭ്യമാക്കണമെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ആവശ്യപ്പെട്ടു. ഉംപുൻ ശക്തി കുറഞ്ഞെങ്കിലും കേരളത്തിൽ ഇന്നും പരക്കെ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 വരെ മഴ തുടരും. മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും തീരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം ഉംപുൻ ഇരു സംസ്ഥാനങ്ങളിൽ നിന്നുള്ള ആഭ്യന്തര അന്താരഷ്ട്ര വ്യോമഗതാഗതത്തേയും ഇനിയുള്ള നാൾ ബാധിച്ചേക്കും.
ഉംപുൻ ചുഴലികാറ്റിന്റെ ആറുമണിക്കൂർ നീണ്ട സംഹാര താണ്ഡവത്തിൽ കോൽക്കത്ത വിമാനത്താവളത്തിൽ വെള്ളം കയറി. റൺവേയിൽ വെള്ളം നിറയുകയും വിമാനങ്ങൾ സൂക്ഷിക്കുന്ന സ്ഥലത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.വിമാനത്താവളത്തിലെ പ്രവർത്തനങ്ങളെല്ലാം താത്ക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്. നിലവിൽ കാർഗോ വിമാനങ്ങളും മറ്റു രാജ്യങ്ങളിലുള്ള പ്രവാസികളെ മടക്കി കൊണ്ടുവരുന്നതിനുള്ള വിമാനങ്ങളും മാത്രമാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്.മണിക്കൂറിൽ 190 കിലോമീറ്റർ വേഗത്തിലാണ് പശ്ചിമബംഗാളിൽ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്.

ഉംപുൻ അടങ്ങിയ ശേഷം പുലർച്ച ഒന്നരയോടെയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. കൊൽക്കത്ത നഗരം സാധാരണ രീതിയിലാകുന്നതിന് ദിവസങ്ങളെടുക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. വെള്ളംകയറിയത് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ജീവിതം കൂടുതൽ ദുഷ്‌കരമാക്കി. അവശ്യസേവനങ്ങളേയും സാരമായി ബാധിച്ചു. വൈദ്യുതി തടസ്സത്തെ തുടർന്ന് നെറ്റ് വർക്കും തകരാറിലായി. ആശയവിനിമയ സംവിധാനങ്ങളെ സാരമായി ബാധിച്ചത് രക്ഷാപ്രവർത്തനത്തിനടക്കം തടസ്സം നേരിട്ടു.നാശനഷ്ടം പൂർണ്ണമായും വിലയിരുത്താൻ ദിവസങ്ങളെടുക്കും. പ്രാഥമിക വിലയിരുത്തലിൽ ഒരു ലക്ഷം കോടിയുടെ നാശനഷ്ടമുണ്ടായതായും മമത അറിയിച്ചു. കോവിഡിനേക്കാൾ വലിയ നാശനഷ്ടമാണ് തങ്ങൾ അഭിമുഖീകരിക്കുന്നതെന്ന് അവർ പറഞ്ഞു.ഒഡിഷയിലെ ദക്ഷിണ, ദക്ഷിണ കിഴക്കൻ പാരദീപിൽ 106 കിലോമീറ്റർ വേഗത്തിൽ വീശിയ കാറ്റ് നാശമുണ്ടാക്കി. പുരി, കുദ്ര, ജഗത് സിങ്പുർ, കട്ടക്, കേന്ദ്രാപഡ, ഗൻജം, ബദ്രക്, ബാലാസോർ ജില്ലകളിൽ ചൊവ്വാഴ്ചതന്നെ അതിശക്തമായ മഴയുണ്ടായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP