Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാർഷിക സർവകലാശാലയിലെ സ്ത്രീപീഡനക്കേസ്: ലൈബ്രറിയിലെ താൽകാലിക ജീവനക്കാരിയെ വിരമിച്ച ഉദ്യോഗസ്ഥൻ പീഡിപ്പിച്ച കേസിൽ അടിയന്തര നടപടി; റിപ്പോർട്ട് വിസിക്ക് സമർപ്പിച്ചതോടെ കേസിൽ പൊലീസ് അന്വേഷണം; സർവകലാശാലയുടെ നടപടി മറുനാടൻ മലയാളി റിപ്പോർട്ടിനെ തുടർന്ന്

കാർഷിക സർവകലാശാലയിലെ സ്ത്രീപീഡനക്കേസ്: ലൈബ്രറിയിലെ താൽകാലിക ജീവനക്കാരിയെ വിരമിച്ച ഉദ്യോഗസ്ഥൻ പീഡിപ്പിച്ച കേസിൽ അടിയന്തര നടപടി; റിപ്പോർട്ട് വിസിക്ക് സമർപ്പിച്ചതോടെ കേസിൽ പൊലീസ് അന്വേഷണം; സർവകലാശാലയുടെ നടപടി മറുനാടൻ മലയാളി റിപ്പോർട്ടിനെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

ൃശൂർ: കേരള കാർഷിക സർവ്വകലാശാലയിൽ സ്ത്രീപീഡകർക്ക് ഇനി രക്ഷയില്ല. വൈസ് ചാൻസിലർ ഡോ. ചന്ദ്രബാബുവും സ്ത്രീപീഡകരായ ശാസ്ത്രജ്ഞന്മാരെ കയ്യൊഴിയുന്നു. സർവ്വകലാശാലയുടെ ലൈബ്രറിയിൽ താൽക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച സർവ്വീസിൽ നിന്ന് ഒന്നരക്കൊല്ലം മുമ്പ് വിരമിച്ച സർവ്വകലാശാല ലൈബ്രേറിയനെതിരെ ഇന്നലെ അന്വേഷണം നടന്നു. മറുനാടൻ വാർത്ത പുറത്തുവിട്ട് മണിക്കൂറുകൾക്കുള്ളിൽ പെൺകുട്ടിയിൽ നിന്നും സാക്ഷികളിൽ നിന്നും മൊഴിയെടുത്തു. യുദ്ധകാലാടിസ്ഥാനത്തിൽ റിപ്പോർട്ട് തയ്യാർ ചെയ്ത് ഇന്നലെ തന്നെ സർവ്വകലാശാല രജിസ്റ്റ്രാർക്കും വീസിക്കും സമർപ്പിച്ചു. വിസി തിരുവനന്തപുരത്ത് സർവ്വകലാശാലയുടെ എക്‌സിക്യുട്ടീവ് കമ്മറ്റിയിൽ പങ്കെടുക്കവേ തന്നെ സത്വര നടപടിയെടുത്തു. കേസ് പൊലീസിന് കൈമാറി. പൊലീസ് ഇപ്പോൾ ബന്ധപ്പെട്ടവരെ ചോദ്യം ചെയ്തുവരുന്നു.

സർവ്വകലാശാലയിൽ ഇനിയുമൊരു സ്ത്രീയും പീഡിപ്പിക്കപ്പെടില്ലെന്നും സ്ത്രീപീഡനങ്ങൾ മുളയിലെ നുള്ളിക്കളയുമെന്നും പറഞ്ഞുകൊണ്ട് തികഞ്ഞ ആത്മവിശ്വാസത്തോടെ ഭരണം തുടങ്ങിയ സർവ്വകലാശാലയുടെ പുതിയ രജിസ്റ്റ്രാർ ഡോ. ഗീതക്കുട്ടിക്കും സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. ചന്ദ്രബാബുവിനും സർവ്വകലാശാലയിലെ മുഴുവൻ സ്ത്രീജീവനക്കാരുടെയും അഭിനന്ദനങ്ങളുടെ പ്രവാഹം. ചുരുങ്ങിയ കാലയളവിന്നുള്ളിൽ പതിനഞ്ചോളം സ്ത്രീപീഡനങ്ങൾ അരങ്ങേറിയ സർവ്വകലാശാലയിൽ ഇതാദ്യമായാണ് സ്ത്രീപീഡകർക്ക് ശിക്ഷ വിധിക്കുന്നത്.

സർവ്വകലാശാലയുടെ കോ ഓപ്പറേഷൻ ആൻഡ് ബാങ്കിങ് കോളജിലാണ് ഏറ്റവുമൊടുവിൽ സ്ത്രീപീഡനം നടന്നത്. ഈ കോളജിലെ ലൈബ്രറിയിലാണ് സ്ത്രീപീഡനം അരങ്ങേറിയത്. സർവ്വീസിൽ നിന്ന് ഒന്നര കൊല്ലം മുമ്പ് വിരമിച്ച ലൈബ്രേറിയനാണ് ലൈബ്രറിയിലെ താൽക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ചതെന്ന ആരോപണമുയർന്നത്.

ഏകദേശം രണ്ടാഴ്ച മുമ്പ് നടന്ന സംഭവം ഇന്നലെ മറുനാടൻ മലയാളി പുരത്തുവിടുമ്പോഴാണ് സർവ്വകലാശാലയിലെ ജീവനക്കാരും പൊതുജനങ്ങളും അറിയുന്നത്. സർവ്വകലാശാല അധികാരികളെ അറിയിക്കാതെയാണ് കോ ഓപ്പറേഷൻ ആൻഡ് ബാങ്കിങ് കോളജിലെ ഡീനും അഡ്‌മിനിസ്‌ട്രേട്ടീവ് ഓഫീസറും ഇരയും വേട്ടക്കാരനും കൂടി സമവായത്തിലെത്തി അവസാനിപ്പിച്ചതെന്ന ആരോപണം ശക്തമായിരുന്നു. ഇരയുടെ പരാതി കണക്കിലെടുത്ത് അവരെ ലൈബ്രറിയിൽ നിന്ന് കോളജ് ഓഫീസിലേക്ക് സ്ഥലം മാറ്റുകയും ഓഫീസിലെ മറ്റൊരു താൽക്കാലിക പുരുഷ ജീവനക്കാരനെ ലൈബ്രറിയിലേക്ക് സ്ഥലം മാറ്റിയും പ്രശ്‌നം ഒതുക്കിത്തീർക്കുകയായിരുന്നു.

എന്നാൽ ഇന്നലെ മറുനാടൻ വാർത്ത പുറത്തുവന്നതോടെ സ്ഥിതി മാറി. കോളജ് അധികൃതർ രാവിലെ തന്നെ ഇരയിൽ നിന്നും ബന്ധപ്പെട്ട സാക്ഷികളിൽ നിന്നും മൊഴി ശേഖരിച്ചുകൊണ്ട് തികച്ചും യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ റിപ്പോർട്ട് തയ്യാർ ചെയ്യുകയായിരുന്നു. ലൈബ്രേറിയനിൽ നിന്നും മൊഴിയെടുത്തെങ്കിലും ലൈബ്രേറിയൻ ആരോപണങ്ങൾ മുഴുവനും നിഷേധിച്ചതായാണ് അറിയാൻ കഴിയുന്നത്. ഇന്നലെ ഉച്ചതിരിഞ്ഞ് തന്നെ റിപ്പോർട്ട് സർവ്വകലാശാല രജിസ്റ്റ്രാർക്കും വിസിക്കും ഓഫീസ് മുഖേനെ കൈമാറിയിരുന്നു.

ലൈബ്രറിയിൽ ജോലി ചെയ്യുന്ന മറ്റൊരു ജീവനക്കാരിയെ മറ്റേതെങ്കിലും ജോലിക്കായി പുറത്തേയ്ക്ക് പറഞ്ഞയച്ചതിനുശേഷമാണത്രേ വിദ്വാൻ ഈ ജീവനക്കാരിയെ ലൈബ്രറിയിൽ റാക്കുകൾക്കിടയിൽ പീഡിപ്പിച്ചിരുന്നതെന്നാണ് പറയപ്പെടുന്നത്. ഈ ജീവനക്കാരി തിരിച്ചുവരുന്ന സമയത്ത് പലപ്പോഴും പീഡനത്തിന് ഇരയായ ജീവനക്കാരി കരയുന്നത് താൻ കണ്ടിട്ടുണ്ടെന്നും കൂടെ ജോലി ചെയ്യുന്ന ജീവനക്കാരിയുടെ മൊഴിയുണ്ട്. അതേസമയം സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും ലൈബ്രറിയിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ കണ്ടെടുത്ത് ബന്തവസ്സാക്കുന്നതിലും സർവ്വകലാശാല അധികൃതർക്ക് വീഴ്‌ച്ച സംഭവിച്ചെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. എന്നിരുന്നാലും ക്യാമറ ദൃശ്യങ്ങൾ കൂടി കണ്ടെടുക്കാനുള്ള നിർദ്ദേശവും വിസി കൊടുത്തതായാണ് അറിയാൻ കഴിയുനത്.

സർവ്വകലാശാലയുടെ എക്‌സിക്യുട്ടീവ് കമ്മറ്റി തിരുവനന്തപുരത്ത് കൂടുന്നതിനാൽ രജിസ്റ്റ്രാറും വിസിയും ഇന്നലെ സർവ്വകലാശാല ആസ്ഥാനത്ത് ഉണ്ടായിരുന്നില്ല. എന്നാൽ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് വൈസ് ചാൻസിലർ ഡോ. ചന്ദ്രബാബു ബന്ധപ്പെട്ടവരുമായി ഇന്നലെ തന്നെ ഫോണിൽ ബന്ധപ്പെടുകയും കേസ് പൊലീസിനു കൈമാറാൻ വിസിയുടെ ഓഫീസിന് അടിയന്തിര നിർദ്ദേശം കൊടുക്കുകയായിരുന്നു.

തൽഫലമായി ഇന്നലെ വൈകീട്ട് തന്നെ കേസ് മണ്ണുത്തി പൊലീസിനു കൈമാറി. ഇപ്പോൾ മണ്ണുത്തി പൊലീസ് സംഭവത്തിൽ ബന്ധപ്പെട്ടവരിൽ നിന്ന് മൊഴിയെടുക്കുന്നതായാണ് അറിയാൻ കഴിയുന്നത്.

സർവ്വകലാശാലയിൽ നിന്ന് വിരമിക്കുന്നവർ തന്നെ സ്ത്രീപീഡനങ്ങളിൽ പ്രതികളാവുന്നത് സർവ്വകലാശാലയിൽ പതിവായിരിക്കുന്നു. ഏകദേശം രണ്ടു മാസങ്ങൾക്ക് മുമ്പാണ് സർവ്വകലാശാലയുടെ തന്നെ കണ്ണാറ വാഴഗവേഷണ കേന്ദ്രത്തിൽ സമാനമായ സംഭവം അരങ്ങേറിയത്. രണ്ടിടത്തും ഇരകൾ കൊടുക്കുന്ന പരാതിയിന്മേൽ ഒത്തുതീർപ്പ് നടത്തി പരാതി ഇല്ലാതാക്കുന്ന തന്ത്രമാണ് സർവ്വകലാശാല സ്വീകരിച്ചത്.

സർവ്വകലാശാലയിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകരടക്കം പലരും ഇപ്പോഴും സർവ്വകലാശാലയിൽ ഇമ്മാതിരി വിലസുന്നുണ്ടെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. മാത്രമല്ല, സർവ്വകലാശാലയിലെ അഴിമതിയാരോപണങ്ങളിലും കോടികളുടെ സാമ്പത്തിക ക്രമക്കേടുകളിലും പ്രതികളായവരും ഇപ്പോഴും സർവ്വകലാശാലയുടെ ഭരണതലപ്പത്തുള്ളതായും ആരോപണം ശക്തമാണ്.

അതേസമയം ഇപ്പോൾ സ്ത്രീപീഡനം നടന്ന കോ ഓപ്പറേഷൻ ആൻഡ് ബാങ്കിങ് കോളജിലെ സ്ഥിതി വ്യത്യസ്ഥമാണ്. ഇവിടെ പ്രതിയെന്നു സംശയിക്കുന്ന സർവ്വകലാശാല ലൈബ്രേറിയൻ കേരള സർവ്വീസ് ചട്ടപ്രകാരം 2016 ഓഗസ്റ്റ് 31 ന് 56 വയസ്സ് പൂർത്തിയാക്കി സർവ്വീസിൽ നിന്ന് വിരമിച്ച ആളാണ്. എന്നാൽ യുജിസി അനുശാസിക്കുന്ന 60 വയസ്സുവരെ സർവ്വീസ് നീട്ടിക്കിട്ടുവാൻ വേണ്ടി ഇയാൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇയാൾക്ക് അന്തിമ വിധി വരുംവരേക്ക് സർവ്വീസിൽ ഉപാധികളോടെ തുടരാൻ കോടതി അനുവദിച്ചത്.

അതുകൊണ്ടുതന്നെ ഇയാൾക്കെതിരെ കേരള സർവ്വീസ് ചട്ടങ്ങൾ അനുസരിച്ച് നടപടിയെടുക്കാൻ സർവ്വകലാശാലക്ക് കഴിയില്ല. കേരള സർവ്വീസ് ചട്ടങ്ങൾ അനുസരിച്ച് ഇയാൾക്ക് സർവ്വകലാശാലയിൽ ഹാജർ രേഖപ്പെടുത്തുന്നതിനോ ശമ്പളം കൈപറ്റുന്നതിനോ സാധ്യമല്ലെന്നും അറിയുന്നു. അക്കാരണം കൊണ്ടുതന്നെ സർവ്വകലാശാലക്ക് ഇയാൾക്കെതിരെ സർവ്വീസ് ചട്ടങ്ങളനുസരിച്ച് യാതൊരുവിധ അച്ചടക്ക നടപടികളും സ്വീകരിക്കാനാവില്ല. അതു കൊണ്ടുകൂടിയാണ് കേസ് പൊലീസിനു വിടേണ്ടിവന്നത്.

ഇത്തരത്തിൽ മറ്റൊരു സർവ്വകലാശാല ലൈബ്രേറിയൻ കൂടി സർവ്വീസിൽ നിന്ന് വിരമിച്ചതിനുശേഷം സർവ്വകലാശാലയുടെ വെള്ളാനിക്കരയിലുള്ള ഹോർട്ടികൾച്ചറൽ കോളജിൽ കേരള സർവ്വീസ് ചട്ടങ്ങൾക്ക് പുറത്തുനിന്നുകൊണ്ട് ജോലി ചെയ്യുന്നുണ്ട്. നേരത്തെയും ഇമ്മാതിരി കോടതി നിർദ്ദേശാനുസരണം ജോലി ചെയ്ത സർവ്വകലാശാല ലൈബ്രേറിയന്മാരിൽ നിന്ന് പിന്നീട് അര കോടിയോളം രൂപ തിരിച്ചുപിടിക്കാൻ ഉത്തരവായിട്ടുണ്ടെന്നും അറിയാൻ കഴിയുന്നു.

അതേസമയം ഇല്ലാത്ത കസേരകളിൽ ഇരിക്കുന്നവരിൽ നിന്നാണ് കേരള കാർഷിക സർവ്വകലാശാലക്ക് ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാവുന്നതെന്നും പറയപ്പെടുന്നു. നേരത്തെ ഫാക്കൽറ്റി ഹോസ്റ്റലിൽ നിന്ന് സ്ത്രീപീഡന വിവാദത്തെ ചൊല്ലി സ്ഥലം മാറ്റിയ ഡോ. ബി. കൃഷ്ണകുമാറിന്റെയും ഇല്ലാത്ത കസേരയാണെന്നാണ് പറയപ്പെടുന്നത്. കാർഷിക സർവ്വകലാശാലയിൽ ഡയറക്ടർ (അക്കാദമിക് ആൻഡ് പി.ജി.സ്റ്റഡീസ്) എന്ന തസ്തികയുള്ളപ്പോൾ പരീക്ഷാ കണ്ട്രോളറുടെ തസ്തിക അനാവശ്യമാണെന്ന വാദവും നിലനിൽക്കുന്നുണ്ട്. മാത്രമല്ല, ഈ തസ്തികക്ക് സർക്കാരിന്റെ അംഗീകാരവുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP